തിയേറ്ററില്‍ 'കാണാതായ സ്ത്രീകളെ' ഹൃദയത്തിലേറ്റി ഒ.ടി.ടി; 'ലാപതാ ലേഡീസ്' പറയുന്നത് ശക്തമായ രാഷ്ട്രീയം

2024 മാര്‍ച്ച് ഒന്ന്, അതായത് അന്താരാഷ്ട്ര വനിതാ ദിനത്തിന് കൃത്യം ഒരാഴ്ച മുമ്പേ ബോളിവുഡില്‍ നിന്ന് ഇന്ത്യന്‍ തിയേറ്ററുകളിലേക്ക് അന്ന് എത്തിയത് ആറ് സിനിമകള്‍. അതില്‍ അമീര്‍ഖാന്‍ നിര്‍മിച്ച് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് (കാണാതായ പെണ്ണുങ്ങള്‍) എന്ന സിനിമയുമുണ്ടായിരുന്നു. ഒരുപിടി നവാഗത അഭിനേതാക്കളെ കേന്ദ്രപാത്രങ്ങളാക്കി ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു കൊച്ചുചിത്രം. ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആധാരമാക്കിയായിരുന്നു കിരണ്‍ റാവു ഈ സിനിമയൊരുക്കിയത്. ഒരു സര്‍പ്രൈസ് ഹിറ്റ് പ്രതീക്ഷിച്ച അണിയറക്കാര്‍ക്ക് എന്നാല്‍ നിരാശയായിരുന്നു ഫലം. തിയേറ്ററില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, സിനിമയൊരു പേര് പോലെ തന്നെ 'കാണാതായ പെണ്ണുങ്ങള്‍'' കാണാന്‍ തിയേറ്ററിലേക്കും ആരും എത്തിയില്ല. 'ആനിമല്‍' പോലെ പൂര്‍ണമായ സ്ത്രീ വിരുദ്ധത സമ്മാനിക്കുന്ന മാസ് മസാലകള്‍ കാണാന്‍ തിക്കിതിരക്കുന്ന തിയേറ്ററുകളില്‍ സ്ത്രീ പക്ഷം സംസാരിക്കുന്ന ലാപത ലേഡീസ് തേടി ആരും എത്തിയില്ല. ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പില്ലെന്ന് വിചാരിച്ച് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം അടുത്ത ദൂരങ്ങളിലേക്ക് യാത്രതുടങ്ങി.
മാര്‍ച്ച് കൊഴിഞ്ഞു, ഏപ്രിലും ആഘോഷങ്ങളും ആരവുങ്ങളുമായി തിരശീല താഴ്ത്താനൊരുങ്ങി. ഏപ്രില്‍ 26, തിയേറ്ററില്‍ പരാജയപ്പെട്ട സിനിമ ഒ.ടി.ടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇറങ്ങിവന്നു. പുഷ്ബാക്ക് സീറ്റുകളുടെയും ശീതികരിച്ച തിയേറ്റര്‍ തണുപ്പിന്റെയും ഡോള്‍ബി ശബ്ദസംവിധാനത്തിന്റെയുമൊന്നും മികവുകളില്ലാതെ ഇന്ത്യയിലെ വീട്ടകങ്ങളിലിരുന്നു മൊബൈലിന്റെ കുഞ്ഞുസ്‌ക്രീനിലും ടെലിവിഷനുകളിലും ലാപതാ ലേഡീസ് ആരംഭിച്ചു.
വീണിടത്ത് നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഇന്ത്യന്‍ സിനിമയുടെ ആകാശത്തില്‍ ലാപതാ ലേഡീസ് ഉയര്‍ന്നുപറക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. അതിവേഗം ഒ.ടി.ടി ഹിറ്റായി മാറിയ സിനിമ പ്രകീര്‍ത്തിച്ച് പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ലാപതാ ലേഡീസിന്റെ പേരും എഴുതിചേര്‍ക്കപ്പെട്ടു.
വിവാഹം കെടുത്തുന്ന സ്വപ്‌നങ്ങള്‍....
ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തിലേക്കാണ് ചിത്രം ക്യാമറ തുറക്കുന്നത്. വിവാഹിതയാകുന്ന രണ്ട് സ്ത്രീ ജീവിതങ്ങളെ ആസ്പദമാക്കി ഇന്ത്യന്‍ ഗ്രാമീണ യുവതികളുടെ ജീവിതത്തിന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്. ഉത്തരേന്ത്യന്‍ സാങ്കല്‍പ്പിക ഗ്രാമമായ നിര്‍മല്‍പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയായാണ് ഈ സിനിമയെ സംവിധായിക അവതരിപ്പിക്കുന്നത്. വിവാഹശേഷം ട്രെയിനില്‍ അതീവ ദൂരത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ടു നവവധുക്കളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.
മുഖം മറച്ചുകൊണ്ടുള്ള ആ യാത്രയില്‍ സംഭവിക്കുന്ന അബദ്ധമാണ് പിന്നീടുള്ള സിനിമയുടെ മുന്നോട്ട്‌പോക്കിനെ നിയന്ത്രിക്കുന്നത്. അര്‍ധരാത്രിയില്‍ സ്‌റ്റേഷനിലെത്തിയ തിരക്കില്‍ വധുവിന്റെ കൈപിടിച്ച ഇറങ്ങുന്ന വരന് ആള്‍മാറി പോകുന്നതാണ് സംഭവം. വീട്ടിലെത്തിയപ്പോള്‍ ഇത് തിരിച്ചറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അപരിചിതമായ സാഹചര്യങ്ങളില്‍ എത്തിപ്പെടുന്ന രണ്ടുസ്ത്രീകളെ പുതിയ പശ്ചാത്തലം എങ്ങനെ സ്വാധീനിക്കുന്നു എന്നും സിനിമ കാണിക്കുന്നു. ഫൂല്‍ കുമാരി, ജയ സിങ്, ദീപക് കുമാര്‍ എന്നീ കേന്ദ്രകഥാപാത്രങ്ങളെ യഥാക്രമം നിതാന്‍ഷി ഗോയല്‍, പ്രതിഭ രത്ന, സ്പര്‍ശ് ശ്രീവാസ്തവ് എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. സമൂഹം സൃഷ്ടിച്ചുവച്ച പൊതുബോധത്തില്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടുപോകുന്ന സ്ത്രീകള്‍. അവരുടെ തിരിച്ചറിവിന്റെ കഥ കൂടിയാണ് ലാപതാ ലേഡീസ്. ഉപരിപഠനവും ജോലിയുമടക്കമുള്ള വലിയ സ്വപ്‌നങ്ങളുള്ള ജയ, തീര്‍ത്തും പിന്‍തിരിപ്പന്‍ വിവാഹ ചിന്തകള്‍ മനസ്സിലുറച്ചുപോയ ഫൂല്‍.. ഇവര്‍ രണ്ടുപേരും അപരിചിതമായ സാഹചര്യങ്ങളെ മറികടക്കുന്നിടത്താണ് സിനിമ പൂര്‍ണമാകുന്നത്.
തച്ചുടയ്ക്കുന്ന പൊതുബോധങ്ങള്‍...
തനിക്ക് ലഭിച്ച അപരിചിത സാഹചര്യത്തെ ഉപയോഗപ്പെടുത്തി പാതിവഴിയില്‍ മുറിഞ്ഞുപോയ തന്റെ ഉപരിപഠന സ്വപ്‌നത്തെ സാക്ഷാത്കരിക്കാനാണ് ജയ ശ്രമിക്കുന്നത്. ഭര്‍ത്താവിന് പേര് പോലും ഉച്ചരിക്കാന്‍ മടിക്കുന്ന ദീപകിന്റെ വീട്ടിലെ സ്ത്രീകളില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ജയയുടെ ഇടപെടലിന് സാധിക്കുന്നുണ്ട്. അതുപോലെ റെയില്‍വേസ്‌റ്റേഷനില്‍ ഒറ്റപ്പെട്ടുപോകുന്ന ഫൂലിന് തുണയാക്കുന്നത് ചായക്കടക്കാരിയായ മഞ്ജുമായ് ആണ്. വീടിനുള്ളിലാണ് സ്ത്രീയുടെ ജീവിതം എന്ന് വിശ്വസിക്കുന്ന ഫൂലിന്റെ പഴഞ്ചന്‍ ധാരണകളെയെല്ലാം പൊളിച്ചെഴുതുന്നത് മഞ്ജുമായിയാണ്.
വിവാഹജീവിതം വേര്‍പ്പെടുത്തി സ്വതന്ത്ര്വയായി ജീവിക്കുന്ന മഞ്ജുമായി ഉള്‍ക്കരുത്തുള്ള കഥാപാത്രമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ഒറ്റയ്ക്ക് ഉശിരോടെ ജീവിക്കുന്ന മഞ്ജുമായി ഫൂലിനുള്ളില്‍ പുതിയൊരു സ്ത്രീയെ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ വിഷമമില്ലേ എന്ന ഫൂല്‍ ചോദിക്കുമ്പോള്‍ മഞ്ജു മായ് പറയുന്നതിങ്ങനെ ' ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നത് പ്രയാസമാണ്, എന്നാല്‍ അത് കണ്ടെത്തിയാല്‍ പിന്നെ ആരെയും പേടിക്കാനില്ല'.
ഏറെ രാഷ്ട്രീയമാനങ്ങളുള്ള ഈ ഡയലോഗ് മഞ്ജുമായിലൂടെ സംവിധായിക പ്രേക്ഷകരിലേക്ക് കൈമാറുന്നു. ലളിത സുന്ദരമായ ഭാഷയില്‍ കഥ പറയുമ്പോഴും ഇന്ത്യന്‍ ഗ്രാമീണ സ്ത്രീ ജീവിതത്തിന്റെ വിശാലമായ പ്രശ്‌നങ്ങളിലേക്ക് ലാപതാ ലേഡീസ് വെളിച്ചം വീശുന്നു.
കഥയാണ് സൂപ്പര്‍സ്റ്റാര്‍...
നെപ്പോട്ടിസം മാത്രം ഭരിക്കുന്ന ബോളിവുഡിന്റെ ഹൃദയഭൂമിയിലാണ് നവാഗതരായ ഒരുകൂട്ടം അഭിനേതാക്കള്‍ വന്ന്
ഞെട്ടിക്കുന്ന പ്രകടനം നടത്തുന്നത്. ഫൂല്‍ കുമാരിയെ അവതരിപ്പിച്ച നിതാന്‍ഷി ഗോയലിന് 16 വയസ്സ് മാത്രമാണ് പ്രായം. നിതാന്‍ഷിയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്നോട്ട് വന്നവര്‍ നിരവധിപേരാണ്. സ്പര്‍ശിന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞത് സാക്ഷാല്‍ അമീര്‍ ഖാനാണ്. ലാപതാ ലേഡീസ് സിനിമ വ്യവസായത്തിന് തന്നെ പുതിയൊരു കണ്ണാടിയാകുന്നുണ്ട്. മാസും മസാലയും പൊതുധാരണകളും മാത്രം കുത്തിനിറച്ച് സിനിമകള്‍ നിര്‍മിച്ചാല്‍ മാത്രമേ ജനം സ്വീകരിക്കൂ എന്ന മിഥ്യാധാരണയെ ഉടച്ചുകളയുന്നുണ്ട് ഈ കൊച്ചു വലിയ ചിത്രം.
അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ലാപതാ ലേഡീസിന് ലഭിച്ച സ്വീകാര്യത. ഇന്ന് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് വിവാഹമെന്ന ചങ്ങലയ്ക്ക് മുന്നില്‍ കഴുത്തുനീട്ടേണ്ടി വരുന്ന ഒരുപാട് ഇന്ത്യന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ തുറന്നുപറച്ചില്‍ കൂടിയായി ലാപതാ ലേഡീസ് മാറുന്നു. ഇനിയും ഇത്തരം സിനിമകള്‍ നിര്‍മിക്കാനും പുറത്തിറക്കാനും ധൈര്യം നല്‍കുന്ന വിജയമായി അതുകൊണ്ട് ലാപതാ ലേഡീസിനെ നമുക്ക് അടയാളപ്പെടുത്താം. ചില സിനിമകള്‍ വിജയിക്കേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണ്, അത്തരമൊരു ആവശ്യമായിരുന്നു ഈ സിനിമയുടെ വിജയവും.
Content Highlights: Review About Film Laapatha ladies