രവി മോഹൻ മാസത്തിൽ 40 ലക്ഷം തരണമെന്ന് ആരതി, മൂന്നു ലക്ഷം അനുവദിച്ച് കോടതി

രവി മോഹൻ | ഫോട്ടോ: ജെ.ജെൻസൺ
രവി മോഹൻ | ഫോട്ടോ: ജെ.ജെൻസൺ

തമിഴ് താരം രവി മോഹനും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചന (divorce) കേസിൽ പുതിയ വഴിത്തിരിവ്. വിവാഹമോചന കേസ് പുരോഗമിക്കുന്നതിനിടെ തനിക്കും കുട്ടികൾക്കും വേണ്ടിയുള്ള ചെലവുകൾക്കായി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ രവി മോഹനോട് ഉത്തരവിടണമെന്ന് ആരതി രവി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ചെലവുകൾക്കും വേണ്ടത്ര സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ലെന്നാണ് അവർ ഹർജിയിൽ പറഞ്ഞത്.

എന്നാൽ, പ്രതിമാസം 40 ലക്ഷം രൂപയെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം, വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം മൂന്ന് ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ രവി മോഹനോട് കോടതിയാവശ്യപ്പെട്ടു.

കുടുംബക്ഷേമ കോടതിയിലെ ജീവനാംശ ഹർജി വൈകുന്നുവെന്നാരോപിച്ച് ആരതി നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം വേഗത്തിൽ കേൾക്കാനും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കാനും ഹൈക്കോടതി അന്ന് കീഴ്ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.

നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് രവി മോഹൻ ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ ആവശ്യം തള്ളി. കേസ് കാലതാമസമില്ലാതെ തുടരണമെന്നും നിർദ്ദേശിച്ചു.

ഇപ്പോൾ, കുടുംബക്ഷേമ കോടതി പുറപ്പെടുവിച്ചിരിക്കുന്നത് ഇടക്കാല തീരുമാനമാണ്. കേസിന്റെ അന്തിമവിധി പുറപ്പെടുവിക്കുന്നതു വരെയാണ് ഇത് തുടരുക.

ഏതാനും വർഷത്തെ പ്രണയത്തിനുശേഷം 2009-ലാണ് ആരതിയും രവി മോഹനും വിവാഹിതരാവുന്നത്. ആരവ്, അയാൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട് ഇരുവർക്കും. 2024-ലാണ് ആരതിയുമായി പിരിയുകയാണെന്ന് രവി മോഹൻ പ്രഖ്യാപിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Family Welfare Court rejected the Rs 40 lakh maintenance plea., Court granted Rs 3 lakh monthly interim maintenance., Legal proceedings follow Madras High Court intervention., The divorce case between Ravi Mohan and Aarti Ravi remains ongoing.