വാരണാസിയിൽ പ്രതിഫലം എത്രയെന്ന് ചോദ്യം; ഉത്തരം പറയാതെ പ്രിയങ്ക

പ്രിയങ്ക ചോപ്ര / PTI
പ്രിയങ്ക ചോപ്ര / PTI

ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് 'വാരണാസി'. 'ആർആർആർ' എന്ന സിനിമയ്ക്കുശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം, ഒരുനീണ്ട ഇടവേളയ്ക്കുശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻസിനിമയിലേക്ക് തിരിച്ചെത്തുന്നു...അങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു ചിത്രത്തിന്. കൂടാതെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കഴിഞ്ഞ നവംബറിൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്.

ഇപ്പോൾ ചിത്രത്തിന്റെ നിർമാണച്ചെലവ് എത്രയെന്ന് പ്രിയങ്ക ചോപ്ര തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഈയിടെ 'ദ കപിൽ ശർമ ഷോ'യിൽ പ്രിയങ്ക അതിഥിയായെത്തിയിരുന്നു. അപ്പോഴാണ് 'വാരണാസി'യെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചത്. ''1300 കോടിയാണ് സിനിമയുടെ ബജറ്റ്'', കപിൽ ശർമയുടെ ചോദ്യത്തിനുത്തരമായി പ്രിയങ്ക പറഞ്ഞു.

''പ്രിയങ്ക സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടാണോ ഇത്ര വലിയ ബജറ്റ്?'' എന്ന ചോദ്യത്തെ പ്രിയങ്ക ചിരിയോടെ നേരിട്ടു. പ്രിയങ്കയുടെ പ്രതിഫലം എത്രയെന്ന ചോദ്യത്തിന് അവർ മറുപടി പറഞ്ഞതുമില്ല. സിനിമയ്ക്കായി താരത്തിന് ലഭിച്ചത് 30 കോടി കോടി രൂപയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അങ്ങനെയെങ്കിൽ രാജമൗലി ചിത്രത്തിലെ ഒരു അഭിനേത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമായിരിക്കുമിത്. നേരത്തെ 'ആർആർആർ' എന്ന സിനിമയിലെ അഭിനയത്തിന് ആലിയ ഭട്ടിന് ലഭിച്ചത് ഒമ്പതുകോടിയാണ്. 'ബാഹുബലി'ക്കായി അനുഷ്‌ക ഷെട്ടിക്ക് ലഭിച്ചത് അഞ്ചുകോടിയും.'വാരണാസി' രണ്ടുഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priyanka Chopra reveals the massive 1300 crore budget of her upcoming film `Varanasi` on The Kapil Sharma Show