പ്രിയങ്ക ചോപ്ര വരുമോ എന്ന് രാജമൗലി സംശയിച്ചിരുന്നു, വാരണാസിക്ക് രണ്ട് ഭാഗങ്ങളുണ്ടോ?

2019-ലെ 'ദ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിനുശേഷം, പ്രിയങ്കാ ചോപ്ര എസ്എസ് രാജമൗലി ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വിദേശ പ്രോജക്ടുകളുടെ തിരക്കിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്ക് പ്രിയങ്കയെ തിരിച്ചുകൊണ്ടുവരിക സംവിധായകനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യിലേക്ക് പ്രിയങ്കയെ ക്ഷണിക്കുമ്പോൾ, അവർക്കത് സാധിക്കുമോയെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് പറയുകയാണ് സംവിധായകനിപ്പോൾ.
"അവർ ഇന്ത്യൻ സിനിമ ചെയ്തിട്ട് കുറച്ചുകാലമായി. എട്ട് വർഷം മുൻപാണ് അവസാനമായി ചെയ്തതെന്നാണ് എന്റെ ഓർമ്മ. ഇടയിൽ അവർ ധാരാളം ഹോളിവുഡ് പ്രോജക്ടുകൾ ചെയ്തു. അവരുടെ സമീപനം പാശ്ചാത്യ പ്രേക്ഷകർക്ക് അനുസരിച്ച് മാറിയിട്ടുണ്ടോ എന്നും അവർ ഇന്ത്യൻ തട്ടകത്തിലേക്ക് മടങ്ങിവരാൻ തയ്യാറാകുമോ എന്നും എനിക്ക് ചെറിയ സംശയം തോന്നി..." സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. പ്രിയങ്ക ഈ സംശയങ്ങൾ എളുപ്പത്തിൽ ഇല്ലാതാക്കിയെന്നു പറഞ്ഞ രാജമൗലി, 'വെള്ളത്തിൽ ഒരു മീനിനെപ്പോലെ'യെന്നാണ് അതിനെ വിശേഷിപ്പിച്ചത്.
നിഷ്ഠൂരയും അതേസമയം, ദുർബലയുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള നടിയുടെ കഴിവുകണ്ടാണ് മന്ദാകിനി എന്ന കഥാപാത്രത്തിനായി അവരെ തിരഞ്ഞെടുത്തത്. താൻ നടിയുടെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാരണാസി സിനിമയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ച് ആദ്യം പരിഗണിച്ചിരുന്നുവെന്നും രാജമൗലി പറഞ്ഞു. എന്നാൽ 'വാരണാസി'യെ വിഭജിക്കാനുള്ള ആശയം വേഗത്തിൽ ഉപേക്ഷിച്ചു. പകരം ഏകദേശം 200 മിനിറ്റ് അല്ലെങ്കിൽ 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു വലിയ സിനിമയായി ഇറക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഹൈദരാബാദിലെ ഗംഭീരമായ പ്രിവ്യൂ ഇവന്റ് മുതൽ ഏപ്രിൽ 7, 2027 എന്ന റിലീസ് തീയതിയുടെ സ്ഥിരീകരണം വരെ, വാരണാസി ചിത്രം വലിയ ചർച്ചയാണ്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: SS Rajamouli reveals his initial doubts about Priyanka Chopra`s return to Indian cinema for `Varanasi` and confirms the film will be a single, 3-hour epic.