നടന് ചുറ്റുമിരിക്കുന്ന ആളുകളെ കാണുമ്പോൾ എനിക്ക് മടുപ്പ് തോന്നുന്നു- പ്രിയദർശൻ

പ്രിയദർശൻ | MBI
പ്രിയദർശൻ | MBI

നാല് പതിറ്റാണ്ടോളം നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങൾ ചെയ്ത ഇതിഹാസ സംവിധായകനാണ് പ്രിയദർശൻ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ബോളിവുഡ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ബോളിവുഡിലെ (bollywood) തനിക്കിഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് അദ്ദേഹമിപ്പോൾ. ഹോളിവുഡ് റിപ്പോർട്ടറുമായുള്ള സംഭാഷണത്തിലാണ്, ബോളിവുഡിലെ നിലവിലെ കൂട്ടുകെട്ട് സംസ്കാരമാണ് തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യമെന്ന് പ്രിയദർശൻ വെളിപ്പെടുത്തിയത്.

"നടന് ചുറ്റുമിരിക്കുന്ന ആളുകളെ കാണുമ്പോൾ എനിക്ക് മടുപ്പ് തോന്നുന്നു. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത്, ഞാൻ മൂന്ന് നടന്മാരോടൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ, ഒന്നും ചെയ്യാതെ വെറുതെ നിൽക്കുന്ന മുപ്പത് പേരെ ഞാൻ കാണും. ക്യാമറയിലൂടെ എന്റെ ദൃശ്യങ്ങൾ എനിക്ക് കാണാൻ കഴിയില്ല. ബോളിവുഡിലല്ലാതെ മറ്റെവിടെയും ഞാൻ ഇത് കണ്ടിട്ടില്ല."-പ്രിയദർശൻ പറഞ്ഞു.

"ഇത്രയധികം ആളുകൾ സെറ്റിൽ വരുന്നു, അവർ ഒന്നും ചെയ്യുന്നില്ല, പണമുണ്ടാക്കുന്നു. ഇതെന്നെ മടുപ്പിക്കുന്നു. എനിക്കത് വെറുപ്പാണ്. ബോളിവുഡിൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം അതാണ്."-അദ്ദേഹം പറഞ്ഞു. നേരത്തേ ഒട്ടേറെ സംവിധായകരും നിർമാതാക്കളും ബോളിവുഡിലെ നടൻമാർക്കൊപ്പം സെറ്റിലെത്തുന്ന പരിചാരകസംഘത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.

അക്ഷയ് കുമാറിനൊപ്പമാണ് പ്രിയദർശന്റെ അടുത്ത മൂന്ന് ചിത്രങ്ങളും. ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഭൂത് ബംഗ്ലാവാണ്, അക്ഷയ് കുമാർ, തബു, വാമിക, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഹൊറർ കോമഡിയാണിത്. ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ഹെവാൻ ആണ് അടുത്ത ചിത്രം. അക്ഷയ് കുമാർ, പരേഷ് റാവൽ, സുനിൽ ഷെട്ടി എന്നിവർ അഭിനയിക്കുന്ന ‘ഹേരാ ഫെരി 3’ 2027-ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priyadarshan expresses frustration over excessive entourage presence on film sets., Claims Bollywood's entourage culture obstructs directorial vision and workflow., Announced three upcoming collaborations with Akshay Kumar., Updates on Bhooth Bangla release date and Hera Pheri 3 status.