പുരുഷന്മാര്‍ക്ക് ആസ്വാദ്യകരമാകുന്ന ജീവിതത്തിന്റെ ഹതഭാഗ്യരായ ഇരകളാണ് ആ നാല് പെണ്ണുങ്ങള്‍

പാര്‍ച്ച്ഡ്‌/ The New York Times
പാര്‍ച്ച്ഡ്‌/ The New York Times

സിനിമയുടെ പേരുപോലെത്തന്നെ അവരുടെ ജീവിതവും വരണ്ടുണങ്ങിയിരുന്നു. അതിന്റെ പ്രതീകമാണ് വരള്‍ച്ച അനുഭവിക്കുന്ന അവരുടെ ഗ്രാമവും. മരുഭൂമിയിലെ നാല് പെണ്‍ ജീവിതങ്ങളുടെ കഥ പറയുന്ന സിനിമയാണ്‌ 'പാര്‍ച്ച്ഡ്'. ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. അത്രത്തോളം ആഴത്തില്‍ മനുഷ്യ ജീവിതങ്ങള്‍ സിനിമകളില്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്.

രാജസ്ഥാനിലെ ഒരു മരുഭൂമിയായ കുഗ്രാമത്തിലാണ് ആ നാലു പെണ്ണുങ്ങള്‍. സ്ത്രീകളെ നാലുചുവരിനുളളില്‍ കുടിയിരുത്തി അന്നാട്ടിലെ പുരുഷന്മാര്‍ വ്യഭിചാര കേന്ദ്രങ്ങളില്‍ കുടിച്ചുകൂത്താടാന്‍ പോകും. കുടുംബവും കുട്ടികളും എല്ലാം ജീവിച്ചുപോകുന്നത് അന്നാട്ടിലെ സ്ത്രീകളുടെ അധ്വാനത്തിലാണ്.

മണ്ണില്‍ പണിയെടുത്തും, തുണിത്തരങ്ങള്‍ തുന്നിയും അവര്‍ ജീവിതചക്രം ചവിട്ടി. വിധി പുരുഷ രൂപത്തിൽ വന്ന് അവരെ ഓരോരുത്തരെയായി കാര്‍ന്നു തിന്നുമ്പോള്‍ നിരാലംബരായ ആ സ്ത്രീകള്‍ അവരുടെതന്നെ ജീവിതം തുന്നിക്കെട്ടാന്‍ ഇറങ്ങി തിരിക്കുന്നു.

നാലു സ്ത്രീകള്‍, നാലു ലോകങ്ങള്‍

'ലജ്ജോ' എന്ന രാധികാ ആപ്‌തെ അവതരിപ്പിച്ച കഥാപാത്രം ഭര്‍ത്താവിന്റെ നിരന്തരമായ പീഡനം സഹിക്കേണ്ടി വരുന്നു. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്തവളെന്നു പറഞ്ഞ് സമൂഹവും, വന്ധ്യതയുളള ഭര്‍ത്താവും അവളെ കുറ്റപ്പെടുത്തുന്നു.

അവളുടെ സുഹൃത്തായ റാണി ആകട്ടെ,  കൗമാരത്തിലേ വിധവയാകേണ്ടി വന്ന, ഏക മകന്‍ ഗുലാബിന്റെ തോന്നിവാസങ്ങള്‍ക്കു മുഴുവന്‍ ഉത്തരം പറയേണ്ടി വരുന്ന നിസ്സഹായയായ ഒരമ്മ. ഭര്‍ത്താവിന്റെ കൊളളരുതായ്മകളും അക്രമങ്ങളും അയാളുടെ മരണത്തോടെ അവസാനിച്ചു എന്നു കരുതിയ റാണിക്ക് ഇടിത്തീയായി വന്നു ഭവിച്ച സന്താനം അവള്‍ക്ക് കണ്ണീരു മാത്രമാണ് സമ്മാനിച്ചത്.

ഭര്‍ത്താവിന്റെ കൂടെ പണ്ടൊരിക്കല്‍ അവരുടെ വീട്ടിലേക്കു വന്നിരുന്ന വേശ്യയായിരുന്നു ബിജ്‌ലി. ഒരു നാടിനെ മുഴുവന്‍ ത്രസിപ്പിച്ച നര്‍ത്തകി. ഇരുവരും ജീവിതത്തിന്റെ കയ്പുനീര് കുടിച്ച കാലം തൊട്ടേ പരസ്പരം താങ്ങായി. ഊരു ചുറ്റുന്നവളാണ് ബിജ്‌ലി. എന്നാല്‍ റാണിക്ക് വേണ്ടി മാത്രം ഗ്രാമത്തിലേക്ക് മടങ്ങി വരും.

ഗുലാബിന്റെ നവ വധുവായി 15 വയസ്സുളള ജാനകിയെ അവളുടെ എതിര്‍പ്പുകള്‍ ഗൗനിക്കാതെ വിവാഹം ചെയ്തയക്കുന്നു. പറക്കമുറ്റാത്ത അവളെ ഗുലാബ് ശാരീരികമായി ഉപദ്രവിക്കുന്നു. അക്രമണ സ്വഭാവമുളള ശാരീരികബന്ധം പല പുരുഷന്‍മാർക്കും ആസ്വാദ്യകരമായേക്കാം. എന്നാല്‍ സ്ത്രീകള്‍ അത്തരം ബന്ധങ്ങളുടെ ഹതഭാഗ്യരായ ഇരകളാണ്.

ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കുന്ന ലജ്ജോ/ IMDB

വിചിത്രമായ ഒരു നാട്, അവിടുത്തെ ആചാരങ്ങളും എന്നും സ്ത്രീകള്‍ക്കെതിരായിരുന്നു. സ്ത്രീധനം, ഗാര്‍ഹിക പീഡനം,ശൈശവ വിവാഹം എന്നീ സാമൂഹിക ഉച്ഛനീചത്വങ്ങളുടെ പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍ സിനിമയിലെ ഓരോ സ്ത്രീ ജീവിതങ്ങളിലും കാണാം.

'വരണ്ടുപോയത് അവരുടെ മണ്ണോ അതോ മനസ്സോ? വരണ്ടുപോയത് സ്വപ്നങ്ങളാണ്. അതിനവര്‍ക്ക് കൊടുക്കേണ്ടി വരുന്നത് ജീവന്റെ വിലയാണ്. ഗ്രാമം മഴകാത്തു നില്‍ക്കുന്നൊരു മരുഭൂമിയോളം വരണ്ടതാണ്. എന്നാല്‍ വരണ്ടുപോയത് ഭൂമി മാത്രമല്ല, സ്ത്രീകളുടെ സ്വാതന്ത്ര്യവും സന്തോഷവുമാണ്. ബാലവിവാഹങ്ങള്‍, ഗാര്‍ഹികപീഡനം, പുരുഷാധിപത്യ സംസ്‌കാരം, ആചാരങ്ങളുടെ ഭാരങ്ങള്‍ എല്ലാം കൂടി സ്ത്രീകളെ മണ്ണില്‍ തന്നെ പിടിച്ചുകെട്ടുന്നു.

കാലമെത്ര പുരോഗമിച്ചെന്നു പറഞ്ഞാലും മാറാത്ത കുറേയധികം ജീവിതങ്ങള്‍ ആ നാട്ടില്‍ കാണാം. ചെമ്പയെന്ന പെണ്‍കുട്ടി ഭര്‍തൃഗൃഹത്തിലെ പുരുഷന്മാരുടെ ശാരീരിക പീഡനം സഹിക്കവയ്യാതെ സ്വന്തം നാട്ടിലേക്ക് വരുമ്പോള്‍ ഗ്രാമത്തലവന്‍ അവളെ തിരികെ ആ വീട്ടിലേക്കയക്കുന്നു. അച്ഛനാരെന്നറിയാത്തതുകൊണ്ട് തന്റെ ഗര്‍ഭസ്ഥശിശുവിനെ വരെ ഇല്ലാതാക്കാന്‍ മാത്രം ഗതികെട്ടവളാണ് ആ പെണ്‍കുട്ടി. അവളെ വീണ്ടും അതേ പടുകുഴിയിലേക്ക് തളളിവിടുന്ന അവിടുത്തെ പുരുഷ സമൂഹത്തിന്റെ ചാപല്യം ചെറുതല്ല.

പ്രണയിച്ച് വിവാഹിതരായ കിഷനെയും മറുനാട്ടുകാരി ഭാര്യയെയും ആ സമൂഹത്തിന് എന്നും പരിഹാസമാണ്. ഭാര്യയെ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും പെണ്‍കോന്തന്‍മാരുടെ ലക്ഷണങ്ങളായി കാണുന്ന പ്രാകൃത മനോഭാവം. അധ്വാനിച്ച് ജീവിക്കുന്ന ആ ദമ്പതികളെ കളിയാക്കുകയും ദ്രോഹിക്കുകയുമാണ് അവർ ചെയ്യുന്നത്. ഒരു പക്ഷെ ഇന്ത്യയിലെ ചില ഉള്‍ഗ്രാമങ്ങളില്‍ ഈ ദുരവസ്ഥ ഇന്നും കാണാന്‍ സാധിച്ചേക്കാം.

വൈകാരികതയും സന്ദേശവും

പെണ്‍ജീവിതങ്ങളെക്കുറിച്ചോര്‍ത്ത് സഹതപിക്കാതെ സിനിമ കണ്ടു തീര്‍ക്കാനാവില്ല. സ്ത്രീ സൗഹൃദങ്ങള്‍ ആഘോഷമാക്കിയ സിനിമയായിരുന്നു 'പാര്‍ച്ച്ഡ്'. കഥയിലെ നാല് സ്ത്രീകളും പരസ്പരം സഹായിക്കുകയും അവരുടെ ദുരവസ്ഥകളില്‍ നിന്നും രക്ഷപ്പെടാന്‍ പരസ്പരം താങ്ങാകുകയും ചെയ്യുന്നു. അവിടെയാണ് സിനിമ വൃത്യസ്തമാവുന്നത്.

ലജ്ജുവിന്റെ ഭര്‍ത്താവില്‍ നിന്നും അവള്‍ രക്ഷ നേടുന്നു. റാണി മകന്റെ ദുഷ്‌ക്രിയകളില്‍ പൊറുതിമുട്ടി മരുമകളെ അവളുടെ സുഹൃത്തിനൊപ്പം പഠിത്തം തുടരാനായി പറഞ്ഞയക്കുന്നു. ഒടുവില്‍, ആ നാടുപേക്ഷിച്ച് പറന്നുയരാന്‍ അവര്‍ക്ക് ചിറകേകുന്നത്, അവരുടെ തന്നെ സ്വപനങ്ങളാണ്, ആത്മവിശ്വാസമാണ്.

പുരുഷന്മാരെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും, തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും പരസ്പരം വാചാലരാവുന്ന ഈ സ്ത്രീകള്‍ ശരിക്കും അവരെത്തന്നെ ഒതുക്കിവച്ചാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ അവര്‍ അവരെ സന്തോഷിപ്പിക്കുന്ന ജീവിത സുഖങ്ങളെയും, മനുഷ്യരെയും തിരിച്ചറിഞ്ഞ് അവിടേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു.

രാവണപ്രതിമയെ നിഗ്രഹിക്കുന്ന ദസ്സറ നാളില്‍ ലജ്ജോ കാണുന്നത് അസുരനായ ഭര്‍ത്താവ് തീയിലെരിഞ്ഞടങ്ങുന്നതാണ്. പ്രതീകാത്മകമായ ആ രംഗം മറക്കാന്‍ കഴിയില്ല. ശത്രുക്കളെ നിഗ്രഹിച്ച് അവര്‍ ദുര്‍ഗ്ഗാ ദേവിയെപ്പോലെ അജയ്യയായി.

സമൂഹം സ്ത്രീകളെ അടച്ചിടാന്‍ സൃഷ്ടിച്ച മതിലുകള്‍ തകര്‍ക്കാന്‍ സൗഹൃദവും ഐക്യവും മതിയെന്ന് സിനിമ പറയുന്നു. സ്ത്രീകളെ കുറിച്ച് മാത്രമല്ല, സ്ത്രീകളിലൂടെ മുഴുവന്‍ സമൂഹത്തെ കുറിച്ചും സംസാരിക്കുന്നു. പറയുന്നത് അടിച്ചമര്‍ത്തലിന്റെയും വേദനയുടെയും കഥ മാത്രമല്ല, പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥയാണ്. വരണ്ട മണലില്‍ പോലും പൂക്കള്‍ വിരിയാമെന്ന് ഈ നാലു സ്ത്രീകള്‍ നമ്മെ കാണിച്ചുതരുന്നു.

സ്ത്രീകളെന്നും പൊട്ടക്കിണറ്റിലെ തവളയായി തുടരണമെന്ന് ആണുങ്ങളാഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം, തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ തീര്‍ച്ചയായും പ്രതികരിക്കുമെന്നും കാര്യങ്ങള്‍ ചോദ്യം ചെയ്യുമെന്നും അറിയാവുന്നതു കൊണ്ടാണ്. ആ നിമിഷം മുതല്‍ അവര്‍ സ്വതന്ത്രമായി ചിന്തിച്ച് ജീവിച്ചു തുടങ്ങും.തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പാവകളായി സ്ത്രീകളെ നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു കൂട്ടം പുരിഷന്മാരെ സിനിമയില്‍ കാണാം.

ലജ്ജോ, ബീജ്‌ലീ, റാണി, സിനിമയിലെ രംഗം

ഈ നാല് സ്ത്രീകളും തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ ആത്മാവ്. പരസ്പര പിന്തുണ അവരെ കരുത്തുറ്റവരാക്കുന്നു,ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുന്നു. എന്നാല്‍ ഇത് വെറും നാലു പേരുടെ കഥയല്ല, ഇന്ത്യയിലെ അനവധി സ്ത്രീകളുടെ കഥയാണ്.

ലോകശ്രദ്ധ നേടിയ ഇന്ത്യന്‍ കഥ
2015 ല്‍ ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ നേടി. ആനുകാലിക പ്രസക്തികൊണ്ടും ചിത്രീകരണ മികവുകൊണ്ടും സിനിമ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയുടെ ചിത്രം കൂടി വരച്ചുകാട്ടുന്ന പാര്‍ച്ച്ഡ്, ആണധികാര സമൂഹത്തെ ഒന്നടങ്കം ചോദ്യം ചെയ്യുന്നു.

ഇന്ത്യന്‍ സിനിമയാണെങ്കില്‍പോലും ചിത്രം ലോകമെമ്പാടും വലിയ സ്വീകരണം നേടി. സ്ത്രീകളുടെ അവകാശങ്ങള്‍, സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. രാധികാ ആപ്‌തേ അവതരിപ്പിച്ച 'ലജ്ജോ' എന്ന കഥാപാത്രം, സിനിമയിലെ ചില സീനുകള്‍ക്ക്, പ്രേക്ഷക ശ്രദ്ധയോടൊപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 

വിധിയെ പഴിചാരാതെ നാലു പെണ്ണുങ്ങള്‍ സ്വന്തം വിധി മാറ്റിയെഴുതിയ കഥ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറക്കാനാവാത്ത അനുഭൂതിതന്നെയാണ്. അവര്‍ സൃഷ്ടിച്ച ചരിത്രം, അവരെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രചോദനമാകും. 'സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന, സ്വപ്‌നം കാണുന്ന സ്ത്രീകള്‍ക്ക് ‘ജീവിക്കാന്‍’ എത്രകാലം കൂടി കാത്തിരിക്കണം?' നമുക്ക് ചുറ്റുമുളള പലരുടെയും ജീവിതങ്ങളില്‍ ആ ചോദ്യം ഇന്നും പ്രസക്തമാണെന്നത് ഹതഭാഗ്യകരം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Parched explores the lives of four women in a drought-stricken Rajasthan village, challenging patriarchal norms & celebrating female friendship.