പ്രിയങ്ക ചോപ്ര ചിത്രത്തിൽ നിന്ന് ഒർലാൻഡോ ബ്ലൂം പിന്മാറി, അണിയറപ്രവർത്തകർ അമർഷത്തിൽ

ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രിയങ്കാ ചോപ്ര നായികയാവുന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് നടൻ ഒർലാൻഡോ ബ്ലൂം പിന്മാറി. സർവൈവൽ ത്രില്ലറായ 'റീസെറ്റ്' എന്ന സിനിമയിൽ നിന്നാണ് പിന്മാറ്റം. 2026 മേയിൽ പ്രഖ്യാപിച്ച ചിത്രത്തിൽ പ്രിയങ്കയാണ് പ്രധാന വേഷത്തിലെത്തുന്നത്. അവസാന നിമിഷമുണ്ടായ നടന്റെ പിന്മാറ്റം നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് പകരം മറ്റൊരു താരത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
'റീസെറ്റ്' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനൊപ്പം തന്റെ ബാനറായ Amazing Owl വഴി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാകാൻ ഒർലാൻഡോ തയ്യാറെടുത്തിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ഫണ്ടിങ്ങിലും അദ്ദേഹത്തിന്റെ പേര് നിർണ്ണായകമായിരുന്നു. കൂടാതെ, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര താരമൂല്യം സിനിമയ്ക്ക് വിതരണക്കാരെ കണ്ടെത്താനും കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാനും സഹായിക്കുമെന്നും പ്രതീക്ഷിച്ചു. 'പർപ്പിൾ പെബിൾ പിക്ചേഴ്സിന്റെ' ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയങ്കയ്ക്കൊപ്പം ഒൻലാൻഡോ സ്ക്രീൻ പങ്കിടുമെന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ, മാസങ്ങളോളം സിനിമയ്ക്കായി തയ്യാറെടുപ്പ് നടത്തിയശേഷം നടൻ പിന്മാറി. ഈ നീക്കം ചിത്രവുമായി ബന്ധപ്പെട്ടവരെ കടുത്ത നിരാശയിലാക്കുകയും ചെയ്തു.
ഒർലാൻഡോ ബ്ലൂമിന് പകരം ആ വേഷത്തിലേക്ക് പരിഗണിക്കാൻ മൂന്ന് പേരുകൾ ഇപ്പോൾ ചർച്ചയിലുണ്ടെന്നാണ് അറിയുന്നത്. നിർമ്മാതാക്കളിൽ ഒരാളായ പ്രിയങ്കയും ചർച്ചയിൽ സജീവ പങ്കാളിയാണ്.
2020-ൽ പുറത്തിറങ്ങിയ 'വൈൽഡ് ഫ്ലവർ' (Wildflower) നാടകത്തിലൂടെ ശ്രദ്ധേയനായ ജോർദാൻ റോളിൻസാണ് റീസെറ്റിന്റെ തിരക്കഥയൊരുക്കുന്നത്. മാറ്റ് സ്മുക്ലറാണ് സംവിധാനം. പ്രിയങ്കയും ബ്ലൂമും ഈ ചിത്രത്തിന് വളരെ അനുയോജ്യരാണെന്ന് മാറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2024-ൽ പുറത്തിറങ്ങിയ 'ദി കട്ട്' (The Cut) എന്ന സൈക്കോളജിക്കൽ ബോക്സിങ് ത്രില്ലറിലാണ് ഒർലാൻഡോ ബ്ലൂം അവസാനമായി അഭിനയിച്ചത്. വെർണർ ഹെർസോഗ് സംവിധാനം ചെയ്യുന്ന 'ബക്കിംഗ് ഫാസ്റ്റാർഡ്' (Bucking Fastard) ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. 2026 സെപ്റ്റംബർ 3-ന് നടക്കുന്ന 83-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Orlando Bloom abruptly exited the survival thriller Reset days before filming., His departure has left the crew frustrated as his star power was tied to the film's financing., Priyanka Chopra and the producers are actively searching for a replacement to avoid delaying the shoot., Reset is directed by Matt Smukler and stars Priyanka Chopra as a woman stranded in the wilderness.