തടി കൂടുതലായതിനാൽ മ്യൂസിക് വീഡിയോ പുറത്തുവിടാൻ പറ്റില്ലെന്ന് ചാനൽ അധികൃതർ; നേഹ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

നേഹാ ഭാസിൻ / ANI
നേഹാ ഭാസിൻ / ANI

ഗായികയും പാട്ടെഴുത്തുകാരിയുമാണ് നേഹാ ഭാസിൻ. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലായി കുറേ പാട്ടുകൾ പാടിയിട്ടുണ്ട്. വിവിധഭാഷകളിലായി ഫിലിംഫെയർ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഗായികയും കൂടിയാണവർ.

18 വയസ്സുള്ളപ്പോൾ, ഒരു ചാനൽ നടത്തിയ ടാലന്റ് ഹണ്ടിൽ നേഹ തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളുടെ പോപ്പ് ഗ്രൂപ്പായ വിവയുടെ ഭാഗമാകുകയും ചെയ്തു. അതോടെയാണ് അവരുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ബാൻഡ് പിരിച്ചുവിട്ടു. അതിനുശേഷം അവർ സിനിമാമേഖലയിലേക്ക് എത്തി.

''പോപ്പ് സ്റ്റാർ എന്ന നിലയിലാണ് കരിയർ തുടങ്ങിയത്. സിനിമാപിന്നണി എന്നത് ഒരിക്കലും എനിക്ക് താത്പര്യമുള്ള മേഖലയായിരുന്നില്ല''. നേഹ പലപ്പോഴും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഗാനശാഖയിൽ പ്രശസ്തമായ പേരുകളിലൊന്നാണ് നേഹയുടേത്. എന്നാൽ ഒരിക്കൽ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് നേഹ. ഭാർതി സിങ്ങിന്റെയും ഹർഷ് ലിംബാച്ചിയയുടെയും പോഡ്കാസ്റ്റിലാണ് നേഹ ഇക്കാര്യം പറഞ്ഞത്. 2002-ലാണ് സംഭവം. അന്ന് വിവ ഗ്രൂപ്പിലെ അംഗമായിരുന്നു നേഹ. ആ സമയത്ത് പലപ്പോഴും വളരെ ക്രൂരമായി നേഹ ബോഡി ഷെയ്മിങ്ങിനിരയായി. ശരീരഭാരം കൂടുതലാണെന്ന ധാരണ നേഹയിലുണ്ടാക്കാൻ പലപ്പോഴും ശ്രമമുണ്ടായി. ഇതൊക്കെ അവരെ മാനസികമായി വേദനിപ്പിക്കുകയും ചെയ്തു.

''ഗ്രൂപ്പിൽ അംഗമായപ്പോൾ തന്നെ എനിക്ക് തടി കൂടുതലാണെന്ന രീതിയിലുള്ള സംസാരം ഞാൻ നേരിടേണ്ടിവന്നിരുന്നു. അന്ന് കൊഴുപ്പ് കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കാനും തുടങ്ങി. അന്നതിന്റെ പാർശ്വഫലങ്ങളൊന്നും അറിയില്ലായിരുന്നു. ഒരു പ്രശ്‌നത്തിൽ ചാനൽ മേധാവിയുമായി സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആ സംസാരത്തിനിടയിൽ മറ്റൊരാൾ കൂടി എത്തി. എന്നിട്ട് എന്നെ പരസ്യമായി അപമാനിച്ചു. കോൺഫറൻസ് റൂമിൽ വലിയൊരു ടിവിയുണ്ടായിരുന്നു. അതിൽ ഞങ്ങളുടെ ഗ്രൂപ്പിന്റെ മ്യൂസിക് വീഡിയോ പ്രദർശിപ്പിച്ചു. എന്നിട്ട് അയാൾ എന്നോട് പറഞ്ഞു, 'നോക്കൂ, നിന്റെ വയറിന്റെ ഈ ഭാഗത്തുമുഴുവൻ കൊഴുപ്പാണ്. അതുകൊണ്ട് ഈ വീഡിയോ ഞങ്ങൾക്ക് റിലീസ് ചെയ്യാൻ പറ്റില്ല'. അന്നെനിക്ക് 50 കിലോ മാത്രമായിരുന്നു ശരീരഭാരം'', നേഹ ഓർക്കുന്നു.

ഈ പരസ്യമായ അഭിപ്രായപ്രകടനം അവരെ വല്ലാതെ തകർത്തു. ദേഷ്യവും സങ്കടവും എല്ലാം തോന്നി. വീട്ടിലെത്തിയയുടൻ തീരുമാനിച്ചത് ജീവിതം അവസാനിപ്പിക്കാനാണ്. ''എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. കൊഴുപ്പ് കുറയ്ക്കാനുള്ള മരുന്നിന്റെ ബോട്ടിലെടുത്ത് പകുതിയിലേറെ ഞാൻ കഴിച്ചു. മരിച്ചില്ലെങ്കിലും, രണ്ടുദിവസം മുഴുവൻ ഞാൻ അതിഭീകരമായി ഛർദിച്ചു''. പിന്നീടാണ് ശരീരഭാരത്തിലൊന്നും കാര്യമില്ലെന്നും ആരോഗ്യം മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും തിരിച്ചറിഞ്ഞതെന്നും നേഹ പറയുന്നു. ശരിയായ പോഷകങ്ങൾ ഉൾപ്പെടുത്തി, വ്യായാമങ്ങൾ ചെയ്തും ആരോഗ്യത്തോടെയിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നേഹ തുറന്നുപറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: singer neha bhasin opens up about body shaming and suicidal thoughts. read her inspiring story