നാലാം വയസ്സിൽ കുടുംബത്തിന്റെ അത്താണി, പത്താം വയസ്സിൽ രണ്ട് ആത്മഹത്യാശ്രമം- നടിയുടെ ദുരന്തകഥ

നാസ്
നാസ്

1950-ൽ നാലാം വയസ്സുതൊട്ട് കുടുംബത്തിനു വേണ്ടി അധ്വാനിച്ചുതുടങ്ങിയ വ്യക്തിയാണ് പഴയകാല ഹിന്ദിനടി നാസ്. സൽമ ബെയ്ഗ് എന്ന നാസ് നാലാം വയസ്സുതൊട്ട് നൃത്തം ചെയ്യുമായിരുന്നു. പതിയ അവർ കുടുംബത്തിന്റെ വരുമാന സ്രോതസ്സായി. കഥാകൃത്തായ അവരുടെ അച്ഛന് കുടുംബത്തെ പോറ്റാനുള്ള സമ്പാദ്യമുണ്ടായിരുന്നില്ല. അങ്ങനെ എട്ടാം വയസ്സിൽ നാസിന് സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നു. മാതാപിതാക്കൾ ആദ്യം മടിച്ചെങ്കിലും പണം അവരുടെ തീരുമാനം മാറ്റി. സ്കൂൾ പഠനത്തിന് മുതിരാതെ നാസ് സിനിമകളിൽ സജീവമായി, ചുരുങ്ങിയ കാലം കൊണ്ട് അറിയപ്പെടുന്നൊരു താരമാവുകയും ചെയ്തു. രാജ് കപൂറിനൊപ്പം അഭിനയിച്ച നാസ് അക്കാലത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളിൽ ഒരാളായിരുന്നു. 1955-ലെ കാൻ ചലച്ചിത്രമേളയിൽ 'ബൂട്ട് പോളിഷ്' എന്ന ചിത്രത്തിന് 'സ്പെഷ്യൽ മെൻഷനും' നേടി. എന്നാൽ ഈ കൈയടികൾക്കെല്ലാം പിന്നിൽ ചൂഷണത്തിന്റെ മറ്റൊരു വശം കൂടിയുണ്ടായിരുന്നു. ചുറ്റുപാടുകളെ സഹിക്കാനാവാതെ വന്നപ്പോൾ രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് നാസ്.

'സ്റ്റാർഡസ്റ്റ് മാഗസിന്' നൽകിയ പഴയ അഭിമുഖത്തിൽ അവർ ഓർത്തതിങ്ങനെ- "ഞാൻ പഠനം നിർത്തി, കാരണം എന്റെ അമ്മ എന്റെ പേരിൽ സിനിമകൾ സ്വീകരിക്കുന്നത് നിർത്തിയില്ല, എന്റെ അച്ഛൻ ജോലി നിർത്തി. എന്നെ വെച്ച് പണമുണ്ടാൻ അമ്മ ശീലിച്ചുപോയിരുന്നു. എതിർത്തു പറയാൻ മാത്രം പ്രായമെനിക്കില്ലായിരുന്നു, അവരെ പേടിയുമായിരുന്നു." സമ്പാദ്യത്തിൽ ഭൂരിഭാഗവും തനിക്ക് കിട്ടിയിയില്ലെന്നും അവർ പറഞ്ഞു. സിനിമാ സെറ്റുകളിൽ ദീർഘനേരം ജോലി ചെയ്യുമ്പോൾ, വീട്ടിൽ മാതാപിതാക്കൾ വഴക്കായിരുന്നു. പിതാവിനെ അവർ കുറ്റപ്പെടുത്തുന്നില്ല, അദ്ദേഹം ഗുരുതരമായ രോഗബാധിതനായിരുന്നു. പകരം അതിമോഹിയായ അമ്മയെയാണ് അവർ കുറ്റപ്പെടുത്തിയത്. വീട്ടിലെ പ്രശ്നങ്ങൾ കാരണം 10-ാം വയസ്സിൽ നാസ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു, അന്ന് ആയയാണ് അവരെ രക്ഷപ്പെടുത്തിയത്. രണ്ടാമത്തെ ആത്മഹത്യാശ്രമത്തിലും ആയ രക്ഷകയായി. അമ്മയിൽ നിന്ന് പീഡനമേൽക്കേണ്ടിയും വന്നു നാസിന്. ഇതവരെ കൂടുതൽ വിഷമത്തിലാക്കി.

രാജ് കപൂർ സഹായിക്കാമെന്ന് പറഞ്ഞു

നാസിന്‍റെ കഴിവ് കണ്ട രാജ് കപൂർ, സ്വിറ്റ്‌സർലൻഡിൽ പഠിക്കാൻ സ്പോൺസർ ചെയ്യാമെന്ന് നാസിന് വാഗ്ദാനം ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം അവളെ നായികയാക്കി സിനിമയിൽ ഇറക്കാമെന്നും. എന്നാൽ വരുമാനത്തിൽ ഇടവേള വരുന്നതിനോട് അമ്മയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. "എന്റെ അമ്മ ഇത്രയധികം സ്വാർഥയായിരുന്നില്ലെങ്കിൽ, ഞാനിന്ന് വലിയ നിലയിലെത്തുമായിരുന്നു," നാസ് ഒരിക്കൽ പറഞ്ഞു.

നാസിന് 12 വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് കാമറമാൻ രാജേന്ദ്ര മല്ലോണിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് അവർ മനസ്സിലാക്കിയത്. ഒടുവിൽ അച്ഛനെ അമ്മ വീട്ടിൽ നിന്ന് പുറത്താക്കി, രണ്ടുവർഷത്തോളം അവർ അച്ഛനെ കണ്ടില്ല. ഏകദേശം 120 ചിത്രങ്ങളിൽ അഭിനയിച്ചിട്ടും നാസിന് സാമ്പത്തിക സുരക്ഷിതത്വവുമുണ്ടായിരുന്നില്ല. അമ്മയാണ് പണമെല്ലാം കൈക്കലാക്കിയിരുന്നത്.

"എനിക്ക് ബാങ്ക് ബാലൻസില്ലായിരുന്നു. വീടും സ്വത്തും ആഭരണങ്ങളും പണവുമെല്ലാം അമ്മയുടെ പേരിലായിരുന്നു. അതിൽ നിന്നാണ് മല്ലോണിയുടെ മൂന്ന് പെൺമക്കളുടെ വിവാഹം നടത്തിയത്."

അമ്മ മല്ലോണിയെ വിവാഹം കഴിച്ചപ്പോൾ, ഒപ്പം ജീവിക്കാൻ നാസ് വിസമ്മതിച്ചു. പിന്നീടവൾ അകന്നു കഴിഞ്ഞിരുന്ന അച്ഛനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. അമ്മയ്ക്ക് നൽകിയ സാമ്പത്തിക സഹായവും നാസ് നിർത്തി. ദാമ്പത്യത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ട അമ്മ പിന്നീട് അവൾക്കൊപ്പം താമസിക്കാൻ ആഗ്രഹിച്ചെങ്കിലും നാസ് ഒപ്പം കൂട്ടിയില്ല.

1960-ൽ നാസ് നടൻ സുബിരാജിനെ കണ്ടുമുട്ടി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 1965-ൽ ഇരുവരും വിവാഹിതരായി. സുബിരാജ് കപൂർ കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ അമ്മ പൃഥ്വിരാജ് കപൂറിന്റെ സഹോദരിയായിരുന്നു. വിവാഹത്തിന് മുമ്പ് നാസ് ഹിന്ദുമതം സ്വീകരിച്ച് അനുരാധ എന്ന പേരുമാറ്റിയെന്ന് പറയപ്പെടുന്നു. ആർഭാട ജീവിതത്തിനല്ല, വിവാഹജീവിതത്തിൽ ലഭിച്ച സ്ഥിരതയ്ക്കും സ്നേഹത്തിനുമാണ് നാസ് പിന്നീട് വിലമതിച്ചത്. വിവാഹശേഷവും അഭിനയം തുടർന്നു. പക്ഷേ, കുട്ടിക്കാലത്ത് ലഭിച്ച പ്രശസ്തി ഒരിക്കലും തിരിച്ചുവന്നില്ല.

ഒടുവിൽ അവർ ഡബ്ബിംഗ് രംഗത്ത് ജോലി കണ്ടെത്തി. ശ്രീദേവി ഹിന്ദി സിനിമകളിൽ സജീവമായി തുടങ്ങിയപ്പോൾ അവർക്ക് ശബ്ദം നൽകിയത് നാസ് ആയിരുന്നു. 1995-ൽ 53-ാം വയസ്സിൽ നാസ് ക്യാൻസർ ബാധിച്ച് അന്തരിച്ചു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Baby Naaz started earning for her family at just 4 years old and starred in over 120 films., She earned a 'Special Mention' at the 1955 Cannes Film Festival for her role in Boot Polish., Suffered severe exploitation by her mother, leading to two suicide attempts at the age of 10., Raj Kapoor offered to sponsor her education in Switzerland, but her mother refused to lose her income., Died of cancer in 1995 at the age of 53 after transitioning to dubbing and smaller roles.