‘’വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തുപോയിരുന്നു, അയാള്‍ മാഞ്ഞുപോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താള്‍പോലെ കിടന്നു’’

കാലത്തിന് ചില നിശ്ചയങ്ങളുണ്ട്. അവയില്‍ ചിലതിനെ പിന്നീട് നിയോഗങ്ങളായി നമ്മള്‍ തിരിച്ചറിയുന്നു. അല്ലെങ്കില്‍, അരനൂറ്റാണ്ടിന് മുന്‍പ്, ആ തിരുവനന്തപുരത്തുകാരനും അന്തിക്കാട്ടുകാരനും മദിരാശിയില്‍വെച്ച് കണ്ടുമുട്ടേണ്ട ഒരു കാരണവുമില്ലായിരുന്നു. കള്ളും കൃഷിയും കമ്യൂണിസവും ഇടകലര്‍ന്ന അന്തിക്കാട്ടെ മരവട്ടിക്കല്‍ സത്യനും അരങ്ങൊഴിഞ്ഞ രാജകാലത്തിന്റെ നിഴലുകള്‍ പുത്തന്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ഇടകലരുന്ന തിരുവനന്തപുരത്തുനിന്നുള്ള മോഹന്‍ലാലും. അത്യന്തം ഭിന്നമായ രണ്ട്‌ലോകങ്ങള്‍, രണ്ട് രുചികള്‍, രണ്ട് ഭാഷാശൈലികള്‍. പക്ഷേ, അവരെ ഒന്നിപ്പിക്കുന്ന ഒന്നുണ്ടായിരുന്നു സിനിമ.
'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുഞ്ഞുണ്ണിമാഷിന്റെ ശിക്ഷണത്തില്‍ കവിതയെഴുതിയിട്ടുള്ളതിന്റെ ഒറ്റബലത്തില്‍ സിനിമാമോഹവുമായി മദിരാശിയിലേക്ക് വണ്ടികയറിപ്പോന്നയാളായിരുന്നു സത്യന്‍. അവിടെ, ചികിത്സകന്‍ കൂടിയായിരുന്ന ഡോ ബാലകൃഷ്ണന്റെ കീഴില്‍ സത്യന്‍ സംവിധാനകല പഠിക്കാന്‍ തുടങ്ങി. ഡോക്ടര്‍ പറയുന്ന തിരക്കഥകള്‍ എഴുതിയെടുത്തുകൊണ്ടായിരുന്നു പഠനത്തിന്റെ ആരംഭം. നല്ല കൈയക്ഷരവും സാമാന്യത്തില്‍ കവിഞ്ഞ ഭാഷാസാഹിത്യബോധവുമുള്ള യുവാവിനെ ഡോക്ടര്‍ക്കും ബോധിച്ചു.
Content Highlights: A heartwarming tale of the enduring friendship between Malayalam cinema legends Mohanlal and Sathyan Anthikad, spanning decades of creative collaboration and personal bonds.