എടാ കള്ളാ! നീ നേരത്തെ ഇവിടെ വന്ന് സ്ഥാനം പിടിച്ചുവല്ലേ ? ഞാനല്പം വൈകിപ്പോയി''

ഞങ്ങളുടെ വീട്ടില്‍ പൊട്ടിച്ചിരി മുഴങ്ങുന്ന ചില നേരങ്ങളുണ്ട്. ഒന്ന്, ശശിച്ചേട്ടന്‍ (നെടുമുടി വേണുവിന്റെ വിളിപ്പേര്) ഏതെങ്കിലും കൂട്ടുകാരുമായി പൂമുഖത്തിരുന്ന് സംസാരിക്കുമ്പോള്‍. അല്ലെങ്കില്‍ ആ ചിരിയുടെ ഉറവയും ഉടമകളുമായി ഫോണിന്റെ മറുതലയ്ക്കല്‍ പ്രതാപ് പോത്തനോ ഇന്നസെന്റോ ആയിരിക്കും. അത് ഉറപ്പാണ്. ആരേയും എടാ പോടാ എന്ന് വിളിച്ച് സംസാരിക്കുന്ന പ്രകൃതം ശശിച്ചേട്ടന് തീരെയില്ല. അധ്യാപികയായ അമ്മയുടെ നിഷ്ഠയാണ്. പരസ്പര ബഹുമാനമില്ലാതെ എത്ര അടുപ്പമുള്ളവരാണെങ്കിലും എന്തിന് സ്വന്തം കുഞ്ഞുങ്ങളെ പോലും അങ്ങനെ വിളിക്കരുതത്രേ. പ്രതാപുമായി സംസാരിക്കുമ്പോള്‍ പക്ഷേ, ഈ ചിട്ട പുള്ളിക്ക് ബാധകമല്ല. തികച്ചും ബാലിശമായി 'എടാ പോടാ' വിളികളോടെയാണ് പരസ്പരമുള്ള സംസാരം മുഴുവന്‍. എന്തൊക്കെയാണ് അവരുടെ സംസാരങ്ങള്‍ എന്നൊന്നും എനിക്കറിയില്ല. അന്വേഷിക്കാറുമില്ല. ചിരിയും പൊട്ടിച്ചിരിയുമൊക്കെ അടുക്കള വരെ കേള്‍ക്കാം. ഞാനപ്പോള്‍ വെറുതെ ഓര്‍ക്കും, വീട്ടില്‍ ഒപ്പമിരിക്കുന്ന സമയങ്ങളില്‍ എന്താണീ പൊട്ടിച്ചിരി മുഴക്കാത്തതെന്ന്.
അതൊരു ഓണക്കാലമായിരുന്നു... പ്രതാപ് തിരുവനന്തപുരത്ത് വന്ന സമയം. രാവിലെ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. കുറച്ചു കഴിഞ്ഞ് ശശിച്ചേട്ടന്‍ അടുക്കളയില്‍ വന്നുപറഞ്ഞു: ''ഉച്ചയ്ക്ക് പ്രതാപ് ഊണ് കഴിക്കാന്‍ വരും.'' ഒരു കാര്യവും മുന്‍കൂട്ടി പറയുന്ന പതിവേയില്ല. എനിക്കാകെ വെപ്രാളമായി. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണ് വീട്ടിലുള്ളത്. ഊണുമേശ എന്ന പേരേയുള്ളൂ. അതൊന്ന് വൃത്തിയാക്കിയെടുക്കണമെങ്കില്‍ നേരം കുറേ പിടിക്കും. നിറഞ്ഞു കവിഞ്ഞ പത്രമാസികകള്‍, പുസ്തകങ്ങള്‍, കത്തുകള്‍, കണ്ണട, മരുന്നുപെട്ടികള്‍, ഫ്‌ളാസ്‌ക്, ഗ്ലാസ് എന്നുവേണ്ട സകലമാന വസ്തുക്കളും അതിന്റെ പുറത്ത് കാണും. എല്ലാം മുന്നിലങ്ങനെ പരന്നു കിടക്കണം. എങ്കിലേ ആവശ്യത്തിന് വേണ്ട സാധനങ്ങള്‍ കിട്ടൂ എന്നാണ് പറച്ചില്‍. 'ഇപ്പോഴതിനൊന്നും മിനക്കെടേണ്ട. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം' എന്നു പറഞ്ഞ് ശശിച്ചേട്ടന്‍ എന്നെ അടുക്കളയിലേക്ക് പറഞ്ഞയച്ചു.
വര്‍ത്തമാനം പറഞ്ഞിരിക്കാനാകണം ആള്‍ നേരത്തേയെത്തി. നല്ല വിലയേറിയ ജീന്‍സും ഷര്‍ട്ടും ഷൂവും കണ്ണടയുമൊക്കെ ധരിച്ച സുമുഖന്‍. കടിച്ചുപിടിച്ച മലയാളവും ഇംഗ്ലീഷിലുള്ള ഉപചാര വാക്കുകളും... ഓണമായിട്ട് ഈ സായിപ്പ് ഒരു കസവുമുണ്ടും ജുബ്ബയും ഒക്കെയിട്ട് വന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നാണ് എനിക്ക് തോന്നിയത്. കുറേ നേരം ഉച്ചത്തില്‍ ചിരിച്ചും സംസാരിച്ചും ക്ഷീണിച്ചപ്പോള്‍ അദ്ദേഹത്തെയും കൂട്ടി ഗൃഹനായകനതാ നേരെ അടുക്കളയിലെത്തി. അവിടെ അത്യാവശ്യം വീട്ടിലുള്ളവര്‍ക്കിരുന്ന് ഉണ്ണാന്‍ ഒരു ചെറിയ മേശയും കസേരയും ഇട്ടിട്ടുണ്ട്. അവിടെ കൊണ്ടിരുത്തി തൂശനില വിരിച്ച് ആതിഥേയന്‍ തന്നെ എല്ലാ വിഭവങ്ങളും വിളമ്പി. പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍ തുടങ്ങി ഓരോ കറിയും എപ്പോള്‍ എങ്ങനെ ചോറിനൊപ്പം കഴിക്കണമെന്ന് പറഞ്ഞു കൊടുത്തുകൊണ്ടാണ് ഊട്ടുന്നത്. ഇഞ്ചിക്കറി തൊട്ട് നാവില്‍ വെച്ചുകൊണ്ട് എന്നോട് പറഞ്ഞു : ''ഈ സാധനം കുറച്ച് പാഴ്‌സല്‍ ആക്കി തരുമോ? എന്റെ ഭാര്യക്ക് (അമല) വലിയ ഇഷ്ടമാണ്. പ്ലീസ്... കൊണ്ടുപോയി കൊടുത്ത് സര്‍പ്രൈസ് ആക്കാനാണ്.'' ഊണ് കഴിഞ്ഞ് ഭക്ഷണം പൊതിഞ്ഞെടുത്ത് ചിരിച്ചുല്ലസിച്ച് യാത്ര പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി. അന്ന് മനസ്സില്‍ പതിഞ്ഞ കുട്ടിത്തമുള്ള ചിരിയും നിഷ്‌കളങ്കമായ വര്‍ത്തമാനവും ഇന്നും മനസ്സില്‍ നിഴലിക്കുകയാണ്.
മറ്റൊരു വേള, പ്രതാപ് ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് വന്നിരിക്കുകയാണ്. ഉടനെ പ്രതാപിന്റെ വിളിയെത്തി. ''എടാ, നാളെ ഞാന്‍ ഫ്രീ ആണ്. നീ എന്റെ റൂമിലേക്ക് വരണം. കുറെ സംസാരിക്കണം.'' പൊതുവേ വീട്ടില്‍ എത്തിയാല്‍ പുറത്തേക്ക് പോകാന്‍ മടിയനായ ശശിച്ചേട്ടന്‍ പ്രതാപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചെല്ലാമെന്ന് സമ്മതിച്ചു. പിറ്റേന്ന് മകന്‍ കണ്ണനൊപ്പം ശശിച്ചേട്ടന്‍ ഹോട്ടലില്‍ പോയി. റിസപ്ഷനില്‍ എത്തി പ്രതാപിന്റെ റൂം നമ്പര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം പുറത്തേക്ക് പോയെന്നറിഞ്ഞത്. ഫോണില്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം അദ്ദേഹത്തിന് ഓര്‍മ വന്നത്. ''നീ വരുന്ന കാര്യം ഞാന്‍ വിട്ടു പോയെടാ. ഏഷ്യാനെറ്റില്‍ ഒരു പരിപാടി നേരത്തെ ഏറ്റിരുന്നതാണ്. അവര്‍ വണ്ടി അയച്ചു, ഞാന്‍ സ്റ്റുഡിയോയിലേക്ക് പോന്നു. സോറി, പിന്നെ കാണാം.''ശരി എന്ന് പറഞ്ഞ് യാതൊന്നും സംഭവിക്കാത്തതുപോലെ ശശിച്ചേട്ടന്‍ തിരിച്ച് വീട്ടിലേക്കും.
ശശിച്ചേട്ടന് ഹാര്‍ട്ടിന്റെ ബൈപ്പാസ് ഓപ്പറേഷന്‍ നടന്ന ദിവസം. പ്രതാപ്, ശശിച്ചേട്ടന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിയാണ്. സംഭവം അറിഞ്ഞിട്ടില്ല. പതിവായുള്ള വിളിയാണ്. എന്തോ, ആ അവസരത്തില്‍ എനിക്ക് ഫോണെടുക്കാന്‍ തോന്നിയില്ല. ഞാന്‍ വീട്ടിലെത്തിയതും വീണ്ടും പ്രതാപിന്റെ ഫോണ്‍. ഫോണെടുത്ത് വിവരം പറഞ്ഞു. ഉടനെ പ്രതാപിന്റെ പൊട്ടിച്ചിരി. ''അതിനവന് ഹാര്‍ട്ട് ഉണ്ടായിട്ടു വേണ്ടേ ബൈപ്പാസ് ചെയ്യാന്‍.'' തമാശ ആസ്വദിക്കാനൊന്നും കഴിഞ്ഞില്ല. കുറച്ചുനേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല. തമാശ അനവസരത്തിലായി എന്ന് തിരിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ വിധം മാറി. ''അയ്യോ, അവനെന്തു പറ്റി? ഇപ്പോള്‍ എങ്ങനെയുണ്ട്?'' കൊച്ചുകുട്ടികളെപ്പോലെ നിര്‍ത്താതെ പൊട്ടിക്കരയാന്‍ തുടങ്ങി.
ആശുപത്രിവാസമൊക്കെക്കഴിഞ്ഞ് ഒരു ദിവസം രാവിലെതന്നെ വലിയ സന്തോഷത്തില്‍ പ്രതാപ്, ശശിച്ചേട്ടനെ വിളിച്ചു: ''എടാ, ഞാനിപ്പോള്‍ ലക്ഷപ്രഭുവല്ല കോടീശ്വരനാ. എന്റെ കേസിന് അനുകൂല വിധി വന്നിരിക്കുന്നു.'' ഇതുകേട്ട് പ്രത്യേകിച്ച് ഭാവപ്രകടനമൊന്നുമില്ലാതെ ശശിച്ചേട്ടന്‍ സംസാരിച്ചപ്പോള്‍ ''ഒരു സന്തോഷവും ഇല്ലാത്തതെന്താടാ?'' എന്ന് പ്രതാപ്. ഉടനെ മറുപടി: ''പണം നിന്റെ പക്കലല്ലേ എത്തിയിരിക്കുന്നത്. കൊള്ളാവുന്ന വല്ലവര്‍ക്കുമായിരുന്നു വെങ്കില്‍ സന്തോഷിക്കാമായിരുന്നു.'' ഇരുവരുടെയും പൊട്ടിച്ചിരിയുടെ മുഴക്കം വീടുവിട്ട് പുറത്തേക്കൊഴുകി.
അവസാനമായി വിളിച്ചത് ഓര്‍ക്കുന്നു. ''എടാ, എനിക്കിവിടെ പരമസുഖമാടാ. നല്ല ഒരു കുക്കിനെ കിട്ടി. വൃത്തിയായി ഭക്ഷണമുണ്ടാക്കിത്തരും. അതും കഴിച്ച് ഇഷ്ടത്തിന് വായിച്ചും സിനിമ കണ്ടും മകളുമായി കഴിയുന്നു.'' പിന്നീട് കൊറോണക്കാലമായി. വിളിയും മറ്റും കുറഞ്ഞു.
'22 ഫീമെയില്‍ കോട്ടയം' ഇറങ്ങിയപ്പോള്‍ നല്ല പടമാണെന്ന് കണ്ണന്‍ വന്ന് പറഞ്ഞു. പ്രതാപും റീമാ കല്ലിങ്കലും ഫഹദുമൊക്കെ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു. പോരാത്തതിന് കഥാസാരവും അവന്‍ പറഞ്ഞുതന്നു. ദുര്‍ബലവും ലോലവുമായ മാനസികനിലയുള്ള ആളായതിനാല്‍, ചിത്രത്തിലെ കഥാപാത്രങ്ങളുടെ അനുഭവങ്ങളോര്‍ത്ത് ഞാനാ സിനിമ കാണാന്‍ പോയില്ല. പ്രതാപിന്റെ പല ഭാഷകളിലുള്ള സിനിമകളിലെ അഭിനയം, സംവിധാനശൈലി എന്നിവയെക്കുറിച്ചൊന്നും ആധികാരികമായി വിശദീകരിക്കാന്‍ എനിക്കാവില്ല.
എങ്കിലും 'തകര', 'ആരവം', 'നവംബറിന്റെ നഷ്ടം', 'ഋതുഭേദം' എന്നിവയിലെ കഥാപാത്രങ്ങളെല്ലാം ഓര്‍മയിലേക്കെത്തുന്നു. ഒപ്പം 'അയാളും ഞാനും തമ്മില്‍' എന്ന സിനിമയിലെ ഡോ. സാമുവലും. ശിവാജി ഗണേശന്‍, മോഹന്‍ലാല്‍, നെടുമുടി വേണു, ജോണ്‍ പോള്‍(തിരക്കഥ), പ്രതാപ് പോത്തന്‍ (സംവിധാനം), പ്രിയദര്‍ശന്‍ (കഥ) എന്നീ പ്രഗത്ഭരുടെ കൂട്ടായ്മയില്‍ പിറന്ന നല്ല സിനിമയായിരുന്നു 'ഒരു യാത്രാമൊഴി'. നല്ല പാട്ടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട 'ഡെയ്‌സി'യും തമിഴില്‍ ചെയ്ത 'വെട്രിവിഴ'യും പ്രതാപിന്റെ സംവിധാനമികവ് തെളിയിക്കുന്നു.
ഒരേസമയം ആത്മാര്‍ത്ഥതയും കെട്ടുറപ്പുള്ളതുമായ സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുത്ത് അനസ്യൂതം ആസ്വദിച്ചിരുന്നു പ്രതാപ്. ഒപ്പംതന്നെ അനുകൂലമല്ലാത്തതോ അസഹനീയമായതോ ആയ ചുറ്റുപാടുകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുകയും ചെയ്തു.
സമയതീരത്തിനപ്പുറത്ത് വെച്ച് രണ്ട് ചങ്ങാതിമാര്‍ കണ്ടുമുട്ടുന്ന രംഗം ഞാന്‍ സങ്കല്‍പിക്കുകയാണ്. കുറെ നാള്‍ കാണാതിരുന്ന് കാണുമ്പോഴുള്ള സന്തോഷം മുഴുവന്‍ പ്രകടിപ്പിച്ച് കെട്ടിപ്പുണര്‍ന്നുകൊണ്ട് പറയും: ''എടാ കള്ളാ! നീ നേരത്തെ ഇവിടെ വന്ന് സ്ഥാനം പിടിച്ചുവല്ലേ ? ഞാനല്പം വൈകിപ്പോയി.''
''സാരമില്ലെടാ നമുക്കാഘോഷിക്കാം...'' പൊട്ടിച്ചിരിയുടെ ശബ്ദം വീണ്ടും മുഴങ്ങുകയാണ്.
Content Highlights: memories of pratha potha written by susheela nedumudi venu