“ആ കൈ എന്റേതല്ല”: 'ലോക' സിനിമയിൽ ഭാഗമായതിനെക്കുറിച്ച് മമ്മൂട്ടി

കഴിഞ്ഞ വർഷമിറങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 'ലോക ചാപ്റ്റർ 1: ചന്ദ്ര' (Lokah Chapter 1: Chandra). ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ, ഏറ്റവും കൂടുതൽ കളക്ട് ചെയ്യുന്ന മലയാളചിത്രവുമായി മാറി. ആഗോളതലത്തിൽ 300 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
സിനിമയിൽ മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. മൂത്തോൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് മമ്മൂട്ടിയാണ്. ആ കഥാപാത്രത്തിന്റെ കൈകളായി കാണിച്ചത് മമ്മൂട്ടിയുടേതാണെന്നും സിനിമ റിലീസായപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ സിനിമയുടെ ഭാഗമായതിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് മമ്മൂട്ടി.
'ലോക'യിൽ അഭിനയിക്കാൻ തന്നെയാരും ഔദ്യോഗികമായി സമീപിച്ചിരുന്നില്ലെന്ന് മമ്മൂട്ടി പറയുന്നു. 'ദ ഹോളിവുഡ് റിപ്പോർട്ടറു'മായുള്ള അഭിമുഖത്തിലാണ് അദ്ദേഹമിങ്ങനെ പറഞ്ഞത്. ദുൽഖറിന്റെ സുഹൃത്തും മാനേജരുമായ ആളാണ് തന്നോട് കഥാപാത്രത്തിന് ശബ്ദം നൽകാൻ ആവശ്യപ്പെട്ടതെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നു. യഥാർഥത്തിൽ അവർ തന്നെ ചതിക്കുകയായിരുന്നുവെന്നും മമ്മൂട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
''സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കൈ എന്റേതല്ല'', അദ്ദേഹം പറയുന്നു. സിനിമ റിലീസായപ്പോൾ സിനിമയുടെ ടീമാണ് ആ കൈയും ശബ്ദവും മമ്മൂട്ടിയുടേതാണെന്ന് പ്രചരിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
30 കോടി ബജറ്റിലാണ് സിനിമ നിർമിച്ചത്. നിർമിച്ചത് ദുൽഖർ സൽമാനും. തനി ലോക മുറക്കാരി, നീയേ പുഞ്ചിരി, പറഞ്ഞേ പറഞ്ഞേ...തുടങ്ങിയ സിനിമയിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. സെപ്റ്റംബർ 2025-ലാണ് സിനിമയുടെ സീക്വലായ 'ലോക: ചാപ്റ്റർ 2' അനൗൺസ് ചെയ്തത്. സിനിമയിൽ ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mammootty clarifies that the hands shown in Lokah Chapter 1 were not his. He provided the voice for the character 'Moothon' upon request from Dulquer Salmaan's manager.