കളരിപ്പയറ്റിൽ പരിശീലനം നേടി മഹേഷ് ബാബു, ഒരുക്കം 'വാരണാസി'ക്കു വേണ്ടി

മഹേഷ് ബാബു | PTI
മഹേഷ് ബാബു | PTI

ടോളിവുഡ് താരം മഹേഷ് ബാബു തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ എസ്എസ് രാജമൗലിയുടെ 'വാരണാസി'യുടെ ചിത്രീകരണ തിരക്കിലാണ്. നായക കഥാപാത്രമായ 'രുദ്ര'യ്ക്കു വേണ്ടി ആയോധനകലയായ കളരിപ്പയറ്റിൽ അദ്ദേഹം അടുത്തിടെ പരിശീലനം നേടിയിരുന്നു. ഹൈദരാബാദിൽ നിന്നുള്ള കളരിപ്പയറ്റ് പരിശീലകനായ ഹരി കൃഷ്ണയായിരുന്നു ആയോധനകലയിൽ അദ്ദേഹത്തിന്റെ മാസ്റ്റർ. ഇൻസ്റ്റാഗ്രാമിൽ മഹേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവം പറയുകയാണ് ഹരി ക‍ൃഷ്ണയിപ്പോൾ.

ഇന്ത്യൻ സിനിമയിലെ ഒരു ആഗോള താരത്തിന്, കളരിപ്പയറ്റിൽ പരിശീലനം നൽകേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, പിന്നാലെ ആ താരം മഹേഷാണെന്നും വെളിപ്പെടുത്തി.

"പുരാതന ആയോധനകലയായ കളരിപ്പയറ്റ് സാറിനെ പരിശീലിപ്പിച്ചതിൽ അഭിമാനവും, അനുഗ്രഹീതനായതുപോലെയും തോന്നുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലി, വ്യക്തിത്വം, ആതിഥ്യമര്യാദ എന്നിവ വളരെ പ്രചോദനം നൽകുന്നതാണ്." നടൻ നാസറിനെയും സംവിധായകൻ രാജമൗലിയെയും ടാഗ് ചെയ്തുകൊണ്ട് ഹരി എഴുതി. ഇതിന് അവസരം നൽകിയ നാസറിനോടും രാജമൗലിയോടുമുള്ള കൃതജ്ഞതയും അദ്ദേഹം പ്രകടിപ്പിച്ചു. 

2022-ലിറങ്ങിയ ആർആർആർ എന്ന ചിത്രത്തിന് ശേഷം രാജമൗലിയുടെ അടുത്ത പ്രോജക്റ്റാണ് 'വാരണസി'. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ അഭിനയിച്ച ആർആർആർ ജെയിംസ് കാമറൂൺ, സ്റ്റീവൻ സ്പീൽബർഗ് തുടങ്ങി അന്താരാഷ്ട്രതലത്തിലുള്ള സംവിധായകരുടെയും പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബും ഓസ്കാറുമെല്ലാം ലഭിക്കുകയും ചെയ്തു.

അതേസമയം, 2027 ലെ പൊങ്കലിന് റിലീസ് ചെയ്യാൻ പാകത്തിലാണ് വാരാണസി ഒരുങ്ങുന്നത്. ചിത്രത്തിൽ മഹേഷ് രുദ്രനായും, പ്രിയങ്ക ചോപ്ര മന്ദാകിനിയായും, പൃഥ്വിരാജ് സുകുമാരൻ കുംഭനായും വേഷമിടുന്നു. ഭൂഖണ്ഡങ്ങൾക്കപ്പുറം, കാലങ്ങൾക്കപ്പുറം സഞ്ചരിക്കുന്ന ഒരു സാഹസിക ചിത്രമായിരിക്കും ഇതെന്നാണ് ആദ്യസൂചനകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mahesh Babu learns ancient Kalaripayattu for SS Rajamouli`s `Varanasi`. Trainer calls him `inspiring`. Discover his dedication to the role!