എല്ലാ സിനിമകളിലും കൊല്ലപ്പെടാനാണല്ലോ വിധി, അമ്മയെ ഞങ്ങള്‍ കളിയാക്കും..

#പി.പ്രജിത്ത്
കല്യാണി പ്രിയദര്‍ശന്‍
കല്യാണി പ്രിയദര്‍ശന്‍

കുട്ടിക്കാലം മുതലേ കഥകള്‍ കണ്ടും കേട്ടും വളര്‍ന്ന കല്യാണി, സിനിമയിലേക്കുതന്നെ എത്തുമെന്ന്  ഒപ്പമുള്ളവര്‍ ഉറപ്പിച്ചിരുന്നു. അഭിനയമോ, സംവിധാനമോ  എന്നതിലേ സംശയമുണ്ടായിരുന്നുള്ളൂ.ന്യൂയോര്‍ക്കില്‍ ആര്‍ക്കിടെക്ചര്‍ ബിരുദപഠനം പൂര്‍ത്തിയാക്കി സാബുസിറിലിനൊപ്പം കലാസംവിധാനമേഖല തിരഞ്ഞ കല്യാണിപ്രിയദര്‍ശന്‍ ഇന്ന് അഭിനയത്തില്‍ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ നിന്നതിന്റെ അനുഭവവും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുകയാണ് കല്യാണി.

ക്യാമറക്കുമുന്നിലെ ആദ്യ അനുഭവം...?

ഹൈദരാബാദിലെ ഒരുവീട്ടിലായിരുന്നു ആദ്യ സിനിമയുടെ  ചിത്രീകരണം. ക്യാമറക്കുമുന്നില്‍ ആദ്യമായി അഭിനയിച്ചത് കോമഡി രംഗമാണ്. ചിരിപ്പിക്കുകയെന്ന വലിയ പ്രയാസമുള്ള കാര്യമാണെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. രമ്യചേച്ചിയും ജഗപതി ബാബു സാറുമെല്ലാമാണ് ഒപ്പം അഭിനയിച്ചത്. അഭിനയിക്കുന്നത് കാണാന്‍ ഒരുപാട് പേര്‍ ചുറ്റുമുണ്ടായിരുന്നു എന്നാല്‍ അച്ഛനും അമ്മയുമൊന്നും വന്നിരുന്നില്ല. വലിയ ബഹളത്തിനുനടുവില്‍ നിന്നാണ് രംഗം ചിത്രീകരിച്ചത്.സെറ്റിലുള്ളവരുടെ പ്രോത്സാഹനം കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സഹായിച്ചു. മൂന്നുമാസം ചിത്രീകരണം ഉണ്ടായിരുന്നു,35 ദിവസത്തോളം ഞാന്‍ അവര്‍ക്കൊപ്പം അഭിനയിച്ചു.
ആദ്യ ചിത്രമായതുകൊണ്ടുതന്നെ ഓരോ സീനും ഏറെ പ്രിയപ്പെട്ടതായിരുന്നു..,രണ്ടാം ദിവസം ചിത്രീകരിച്ച വൈകാരികമായ സീന്‍ ഏറെ പ്രിയപ്പെട്ടതാണ്.ക്യാമറക്കുമുന്നില്‍ നിന്ന്‌ ആദ്യമായി കരയുന്ന രംഗമായിരുന്നു അത്. അഭിനയിക്കാനെത്തിയ ഉടനെതന്നെ ഇത്തരം സീനുകള്‍ ചെയ്യേണ്ടിവരുമെന്ന കരുതിയിരുന്നില്ല. ഗ്ലിസറിനെകുറിച്ച് കേട്ടിട്ടുമാത്രമെ ഉണ്ടായിരുന്നുള്ളു ആദ്യമായാണ് അതുപയോഗിച്ച് അഭിനയിക്കുന്നത്. സംവിധായകന്‍ കട്ട് പറഞ്ഞ് പിന്നെയും ഏറെ കഴിഞ്ഞാണ് എന്റെ കരച്ചില്‍ അവസാനിച്ചത്.

മലയാളത്തില്‍ പ്രൊജക്റ്റുകള്‍ വന്നെങ്കിലും സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന്  തെലുങ്കാണ് തിരഞ്ഞെടുത്തത്.?

മലയാളത്തിലൂടെ ആകണമെന്നൊരു താല്‍പ്പര്യം ഉള്ളിലുണ്ടായിരുന്നു. എങ്കിലും വിക്രം കുമാറിനെ പോലെയൊരു സംവിധായകന്റെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഏതുഭാഷ എന്നില്ല, എവിടെനിന്നാണോ നല്ല പ്രോജക്റ്റും സംവിധായകരും എത്തുന്നത് അവര്‍ക്കൊപ്പം സഹകരിക്കുകയെന്നതായിരുന്നു തീരുമാനം.നല്ല ടീമിനൊപ്പം പ്രവര്‍ത്തിക്കാനായാല്‍ അഭിനയം തനേപഠിക്കും എന്നതായിരുന്നു അച്ഛന്റെ ഉപദേശം. അങ്ങിനെയാണ് ആദ്യചിത്രം തെലുങ്കിലൂടെ ആകുന്നത്.
സിനിമ കണ്ടും കേട്ടുമാണ് ചെറുപ്പം മുതല്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ കഥ കേള്‍ക്കുമ്പോഴും ക്യാമറക്കുമുന്നില്‍ പെരുമാറുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ച് സാമാന്യബോധം കൂടെയുണ്ടായിരുന്നു.

സംവിധായകനില്‍ വിശ്വസിക്കുക കഴിവുള്ളൊരു സംവിധായകന് അഭിനേതാക്കളില്‍ നിന്ന്  മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് അച്ഛന്‍ പറയാറുള്ളത്. തെലുങ്ക് അച്ഛന് അറിയില്ല ചിത്രീകരണംനടക്കുമ്പോള്‍ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല. ആദ്യടീസര്‍ ഇറങ്ങിയപ്പോഴാണ് സിനിമയിലെ എന്റെ ലുക്കുപോലും അച്ഛന്‍ ആദ്യമായി കാണുന്നത്.സിനിമപൂര്‍ത്തിയായ ശേഷം പ്രൈവറ്റ് ഷോയിലിലാണ് ചിത്രം കാണുന്നത്. സബ്‌ടൈറ്റില്‍ നോക്കിയാണ് സിനിമ മനസിലാക്കിയത്. അഭിനയത്തിലേക്കിറങ്ങുമ്പോള്‍ ഇങ്ങനെയാകണം അങ്ങിനെവേണം എന്നൊന്നും പറയുന്ന ആളായിരുന്നില്ല അമ്മയും

സിനിമ കണ്ടും കേട്ടും വളര്‍ന്ന കുട്ടിക്കാലമായിരുന്നു,എങ്കിലും അഭിനയിക്കാനിറങ്ങും മുന്‍പ് തയാറെടുപ്പുകള്‍ ഉണ്ടായിരുന്നോ...?

സിനിമക്കൊപ്പമായിരുന്നു വളര്‍ന്നത്.ഓരേസമയം ഒന്നിലധികം സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അച്ഛനായിരുന്നു മുന്നിലുള്ളത്. അമ്മയും അറിയപ്പെടുന്ന നടി. അഭിനയത്തോട് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു.
അഭിനയപരിശീലനത്തിനൊന്നും സമയമുണ്ടായിരുന്നില്ല.അഭിനയത്തിലേക്കിറങ്ങി ആദ്യമായി കഥകേട്ട് ഇഷ്ടപ്പെട്ട സിനിമയുടെ ചിത്രീകരണം പെട്ടെന്നുതന്നെ തുടങ്ങുകയായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ നാടകവുമായെല്ലാം സഹകരിച്ചുപ്രവര്‍ത്തിച്ചത് ക്യാമറക്കുമുന്നിലെ അഭിനയത്തിന് സഹായമായിട്ടുണ്ട്. അഭിനയം സ്വാഭാവികമാകണമെങ്കില്‍ കഥാപാത്രത്തെ നന്നായി മനസ്സിലാക്കണം എന്ന നിര്‍ദ്ദേശമാണ് ചുറ്റുമുള്ളവരില്‍ നിന്നെല്ലാം കേട്ടത്.അച്ഛനും അമ്മയും സ്വതന്ത്ര്യമായി എന്നെ അഭിനയിക്കാന്‍ വിടുകയായിരുന്നു.അഭിനയത്തിലെ പോരായ്മകളും തെറ്റുകളും സ്വയം കണ്ടെത്തി തിരുത്തുമ്പോഴാണ് ഒരു നടി പൂര്‍ണ്ണതയിലെത്തുകയെന്നതായിരുന്നു അച്ഛന്റെ വിശ്വാസം.

സിനിമക്കപ്പുറത്തെ വിനോദങ്ങള്‍,വിശേഷങ്ങള്‍..?

സിനിമ കാണുകയെന്നതുതന്നെയാണ് വലിയ വിനോദം. എല്ലാഭാഷയില്‍പ്പെട്ട സിനിമകളും കാണും. പ്രിയപ്പെട്ട സിനിമയിലെ രംഗങ്ങളെല്ലാം വീണ്ടും വീണ്ടും കാണും അവയെ കുറിച്ച് വീട്ടിലിരുന്ന് വിശദമായി ചര്‍ച്ചകള്‍ നടത്തും. അതെല്ലാമാണ് ഒഴിവുസമയത്തെ പ്രധാന പരിപാടികള്‍.ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധചെലുത്താറുണ്ട്.ബാഡ്മിന്റണ്‍ കളിക്കും.റോക്ക്‌ ക്ലൈബ്ബിങ്ങ് ഇഷ്ടമാണ്.ഞാനും അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ഒന്നിച്ചാണ് റോക്ക്‌ ക്ലൈബ്ബിങ്ങ് തുടങ്ങിയത്. അവനതില്‍ പിന്നെയുമേറെ മുന്നോട്ടുപോയി.

അമ്മഅഭിനയിച്ച സിനിമയില്‍ പ്രിയപ്പെട്ട വേഷങ്ങള്‍...?

അച്ഛന്റേയും അമ്മയുടേയും ഒട്ടുമിക്കസിനിമകളും കണ്ടിട്ടുണ്ട്. അമ്മയുടെ അഭിനയം കാണാന്‍ ഇഷ്ടമാണ് എന്നാല്‍ എനിക്കിഷ്ടപ്പെട്ട അമ്മയുടെ മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണ്. ചിത്രവും ഒരു സി.ബി.ഐ.ഡയറിക്കുറിപ്പുമെല്ലാം അതില്‍പ്പെടുന്നു. എല്ലാസിനിമയിലും അമ്മ കൊല്ലപ്പെടുകയാണല്ലോ പറഞ്ഞ് ഞാനും അനുജനും അമ്മയെ എത്രയോ തവണ കളിയാക്കിയിട്ടുണ്ട്. അമ്മ അഭിനയിച്ച അച്ഛന്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്.

Content Highlights: kalyani Priyadarshan interview