ഫഹദിന്റെ ആ വാക്ക് പ്രചോദനമായി, ആത്മവിശ്വാസം വർധിപ്പിച്ചു; കല്യാണി പ്രിയദർശൻ

ഒന്നിന് പുറകെ ഒന്നായി രണ്ട് സിനിമകളാണ് ഈ ഓണക്കാലത്ത് കല്യാണി പ്രിയദർശന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ലോക ചാപ്റ്റർ 1: ചന്ദ്ര, ഓടും കുതിര ചാടും കുതിര തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകർ കാത്തിരിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ. അടുത്തിടെ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിനിടെ പുതിയ സിനിമയുടെ വിശേഷങ്ങൾക്കൊപ്പം ഫഹദ് ഫാസിലിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചുള്ള അനുഭവവും പങ്കുവെച്ചിരിക്കുകയാണ് കല്യാണി.
സഹതാരം എന്ന നിലയിൽ പ്രചോദനം നൽകുന്ന വ്യക്തിയാണ് ഫഹദ് എന്ന് കല്യാണി പറയുകയുണ്ടായി. ഫഹദിനും സംവിധായകൻ അൽത്താഫ് സലിമിനുമൊപ്പം സെറ്റിലെത്തിയ ആദ്യ ദിവസത്തെക്കുറിച്ച് കല്യാണി ഓർത്തെടുത്തു.
“ഒരു വലിയ സീനായിരുന്നു അത്, ഒരു പരിശീലനവുമില്ലാതെ അൽത്താഫ് എന്നെ നേരിട്ട് അതിലേക്ക് ഇടുകയായിരുന്നു. ഞാൻ ടെൻഷനിലാണെന്ന് കണ്ട ഫഹദ് 'വിഷമിക്കേണ്ട, നമുക്ക് എന്തായാലും ഇത് റീഷൂട്ട് ചെയ്യേണ്ടി വരും'. എന്നു പറഞ്ഞു,ആദ്യം എനിക്കത് മനസ്സിലായില്ല, പക്ഷേ ഒരു കഥാപാത്രത്തെ ശരിക്കും കണ്ടെത്താൻ തനിക്ക് കുറച്ച് ദിവസങ്ങൾ എടുക്കുമെന്ന് പിന്നീട് ഫഹദ് വിശദീകരിച്ചു. കഥാപാത്രത്തിലേക്ക് എത്തിക്കഴിഞ്ഞാൽ, മുൻപെടുത്ത ടേക്കുകൾ തെറ്റായിരുന്നുവെന്ന് തനിക്ക് സാധാരണയായി തോന്നാറുണ്ടെന്നും റീഷൂട്ടുകൾ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.” ആ വാക്കുകൾ പിന്നീട് പ്രചോദനമായെന്നും സുരക്ഷിതത്വബോധം നൽകിയെന്നും കല്യാണി പറഞ്ഞു.
‘ഒരു അഭിനേതാവെന്ന നിലയിൽ, നിങ്ങൾക്ക് അങ്ങേയറ്റം ആത്മവിശ്വാസവും അതേസമയം അങ്ങേയറ്റം അരക്ഷിതാവസ്ഥയും അനുഭവപ്പെടാം എന്നും ഫഹദ് പറഞ്ഞു. ആ വാക്കുകളിലൂടെ അതൊരു ബലഹീനതയല്ല, മറിച്ച് ഈ പ്രക്രിയയുടെ ഭാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഫഹദിന് ആ ബാലൻസ് ഉണ്ട്. മറുവശത്ത്, എൻ്റെ കാര്യത്തിൽ അരക്ഷിതാവസ്ഥ എപ്പോഴുമുണ്ട്, പക്ഷേ ആത്മവിശ്വാസം ഇനിയും വന്നിട്ടില്ല. അദ്ദേഹത്തെ കണ്ടത് എന്റെ അഭിനയത്തെ കൂടുതൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചു.”
ചെറിയ കാര്യങ്ങളിൽ പോലും ഫഹദിൻ്റെ അർപ്പണബോധം കാണാമെന്നും അദ്ദേഹം വെറുതെ കിടക്കുന്ന ഒരു ഷോട്ടിൽ വിരൽ മാത്രം ഫ്രെയിമിലുണ്ടെങ്കിൽ പോലും ഇതിലും നന്നായി ചെയ്യാൻ കഴിയും എന്നദ്ദേഹം പറയറാറുണ്ട്. ഫഹദിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളൊക്കെയും മനസ്സിൽ തങ്ങിനിൽക്കുന്ന പാഠങ്ങളാണെന്നും കല്യാണി കൂട്ടിച്ചേർത്തു.
നസ്‌ലെൻ സഹതാരമായി എത്തുന്ന, ഡോമിനിക് അരുണിൻ്റെ 'ലോക ചാപ്റ്റർ 1: ചന്ദ്ര' ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തും. കല്യാണിപ്രിയദർശനും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഓണം റിലീസ് ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് 29 നാണ് തിയേറ്ററുകളിലെത്തുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalyani Priyadarshan shares her experience working with Fahadh Faasil, praising his dedication and inspiring approach to acting.