മമ്മൂട്ടിയുടെ സ്വവർഗാനുരാഗി കഥാപാത്രത്തെ പുകഴ്ത്തി ജോൺ അബ്രഹാം, ഒപ്പം മലയാളം സിനിമയേയും

ജോൺ അബ്രഹാം | AFP
ജോൺ അബ്രഹാം | AFP

താരമൂല്യത്തിനും ദൃശ്യങ്ങളുടെ പളപളപ്പിനും ഉപരിയായി ആഴത്തിലുള്ള ആശയങ്ങൾക്ക് പേരുകേട്ടതാണ് മലയാളം സിനിമാ ഇൻഡസ്ട്രി. മലയാളത്തിലിറങ്ങുന്ന സിനിമകളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജോൺ അബ്രഹാം ഇപ്പോൾ. നിർമ്മാതാവുകൂടിയായ അദ്ദേഹം എന്നും മലയാളം സിനിമകളുടെ ആരാധകനായിരുന്നു. സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും ആരാധിക്കുന്നുവെന്നും മലയാളത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോൺ പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച 'ഐഡിയ എക്സ്ചേഞ്ച്' എന്ന പരിപാടിയിലാണ് അദ്ദേഹം മനസ്സുതുറന്നത്.

"മലയാള സിനിമാ വ്യവസായം ധീരമായി പ്രവർത്തിക്കുന്നു. അതുകൊണ്ട്, ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സിനിമകൾ വരുന്നത് മലയാളത്തിൽ നിന്നാണെന്ന് ഞാൻ കരുതുന്നു. എന്റെ ഇഷ്ട നടൻ ആരാണെന്ന് ചോദിച്ചാൽ, ഒരു സംശയവുമില്ലാതെ ഞാൻ പറയും അത് മോഹൻലാൽ ആണെന്ന്. മെറിൽ സ്ട്രീപ്പിനെയും എനിക്ക് ഇഷ്ടമാണ്"-അദ്ദേഹം പറഞ്ഞു.

'കാതൽ' എന്ന സിനിമയിൽ സ്വവർഗാനുരാഗിയായ രാഷ്ട്രീയക്കാരനായി അഭിനയിച്ച മമ്മൂട്ടിയോടുള്ള ആരാധന ജോൺ പ്രത്യേകം എടുത്തുപറഞ്ഞു. "ഒരു രാഷ്ട്രീയക്കാരനായി മമ്മൂട്ടി അഭിനയിക്കുന്നു, ആ സിനിമയിൽ അദ്ദേഹം ഒരു സ്വവർഗാനുരാഗിയാണ്, അത്തരമൊരു സിനിമ ചെയ്യാൻ ആ മനുഷ്യൻ കാണിച്ച ധൈര്യം വലുതാണ്".

കൂടുതൽ മലയാള സിനിമകൾ നിർമിക്കാനായി കേരളത്തിൽ 'റൈറ്റേഴ്സ് റൂം' സ്ഥാപിച്ചിട്ടുണ്ട് ജോൺ. "കേരളത്തിൽ ഒരു റൈറ്റേഴ്സ് റൂം സ്ഥാപിച്ചിട്ടുണ്ട്. അവരുടെ ആശയങ്ങളിൽ നിന്ന് ചിലത് കടമെടുക്കാമെന്ന് കരുതി. ഇതിൽനിന്ന് ആശയങ്ങളുണ്ടാക്കി ദേശീയതലത്തിലോ മലയാളത്തിൽ മാത്രമായോ നിർമിക്കാവുന്ന സിനിമകളെപ്പറ്റി ആലോചിക്കാം. കൂടുതൽ മലയാള സിനിമകൾ നിർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് ശരിയായ സമയമാണ്, അവ മികച്ചതാണ്. അതോടൊപ്പം മറ്റ് സിനിമകൾ നിർമിക്കാനും ഞാൻ ആഗ്രഹിക്കുന്നു.-ജോൺ അബ്രഹാം പറഞ്ഞു.

'ദി ഡിപ്ലോമാറ്റ്' എന്ന പൊളിറ്റിക്കൽ ത്രില്ലറിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ 'ടെഹ്‌റാൻ' ഓഗസ്റ്റ് 14-ന് ZEE5-ൽ നേരിട്ട് റിലീസ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: John Abraham lauds Malayalam cinema as the `best in the country,` commends Mammootty for portraying a gay politician, and reveals plans to produce more Malayalam films.