ദൃശ്യമല്ല, ജീത്തു ജോസഫിന് ഏറ്റവും പ്രിയം ആ ചിത്രം..

ജീത്തു ജോസഫ്‌
ജീത്തു ജോസഫ്‌

ലയാള സിനിമയുടെ ആഗോള ഐഡന്റിറ്റിയായി മാറിയ സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം. ആദ്യ രണ്ടുഭാഗങ്ങളും വലിയ വിജയമായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി, അപര്‍ണാ ബാലമുരളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ത്രില്ലര്‍ ചിത്രം ' മിറാഷ്' റിലീസിന് തയ്യാറെടുക്കുകയാണ്. മിറാഷ് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയെ പറ്റി ജീത്തുജോസഫ് വെളിപ്പെടുത്തി. ദൃശ്യമാകും ജീത്തുജോസഫിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ ദൃശ്യത്തേക്കാള്‍ തനിക്ക് പ്രിയപ്പെട്ടത് 'മെമ്മറീസ്' ആണെന്ന് ജീത്തു ജോസഫ് പറഞ്ഞു. പൃഥ്വിരാജ് സുകുമാരന്‍ നായകനായി 2013 ല്‍ പുറത്തിറങ്ങിയ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍  മെമ്മറീസ് വലിയ വിജയമായിരുന്നു. മദ്യപാനിയായ പൊലീസ് ഉദ്യോഗസ്ഥനായ സാം അലക്‌സായി പൃഥ്വിരാജ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പോലീസിനെ വട്ടംചുറ്റിക്കുന്ന തുടര്‍കൊലപാതകങ്ങളും അത് അന്വേഷിക്കാന്‍ സാം അലക്‌സ് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായിരുന്നു ഇത്. ഈ സിനിമയുടെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി അതേ വര്‍ഷം തന്നെ 'ദൃശ്യം' എന്ന സിനിമ ചെയ്യുന്നത്. മലയാള സിനിമയിലെ എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത വിജയമായി ആ സിനിമ മാറി. ബോക്‌സോഫീസില്‍ ആദ്യമായി 50 കോടി കടന്ന മലയാള ചിത്രം കൂടിയായിരുന്നു ദൃശ്യം.

ചിത്രം പിന്നീട് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. ഒടിടി റീലിസായെത്തിയ ദൃശ്യം-2 വിജയം ആവര്‍ത്തിച്ചു. മിറാഷിന്റെ പ്രമോഷണല്‍ അഭിമുഖത്തിനിടെയാണ് ജീത്തുജോസഫിനോട് ഏറ്റവും പ്രിയപ്പെട്ട ചിത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞത്. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ പ്രധാന ചിത്രങ്ങളുടെയും പേരുകള്‍ ആവര്‍ത്തിച്ചപ്പോഴും 'മെമ്മറീസ്' എന്ന സിനിമ അവസാന വിജയം നേടി. ദൃശ്യത്തിനുള്ള പോലെ തന്നെ വലിയൊരു ഫാന്‍ബേസ് മെമ്മറീസിന് ഉണ്ടെന്ന് ജീത്തു ജോസഫിനൊപ്പം അഭിമുഖത്തിനുണ്ടായിരുന്ന ആസിഫ് അലിയും പറഞ്ഞു.

'കൂമന്‍' എന്ന ചിത്രം നേടിയ വലിയ വിജയത്തിന് ശേഷം ആസിഫ് അലി, ജീത്തുജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിറാഷ്. ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി മിറാഷിനുണ്ട്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ഗോപന്‍ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രധാന അഭിനേതാക്കള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ' കള്ളന്‍ എന്ന സിനിമയുടെയും ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

Content Highlights: Director Jeethu Joseph reveals `Memories` is his favorite film, surpassing even the blockbuster `Drishyam`.