ആദ്യ സിനിമ ഒപ്പുവെച്ച ശേഷം ആദ്യം വിളിച്ചത് ആരെ? തുറന്നുപറഞ്ഞ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്

വിജയ്, ജേസൺ സഞ്ജയ് / Facebook
വിജയ്, ജേസൺ സഞ്ജയ് / Facebook

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്, താൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' (Sigma) എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. സേലത്ത് നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ വെച്ച് തന്റെ സിനിമാ പ്രയാണത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും 26-കാരനായ ഈ നവാഗത സംവിധായകൻ മനസ്സ് തുറന്നു.

സെറ്റിൽ ആദ്യ ദിനം ഏറെ അസ്വസ്ഥതയോടെയാണ് നേരിട്ടതെന്ന് ജേസൺ വെളിപ്പെടുത്തി. ആദ്യ ഷോട്ടിൽ വലിയ ഭയമുണ്ടായിരുന്നെങ്കിലും ഒരു ടേക്ക് കഴിഞ്ഞതോടെ ജോലിയിൽ പൂർണ്ണമായും മുഴുകാൻ സാധിച്ചുവെന്ന് അദ്ദേഹം ഓർത്തെടുത്തു. എത്ര പേടിയുണ്ടായാലും ചെയ്യുന്ന ജോലി ആസ്വദിക്കാൻ കഴിയുമെന്നതാണ് സിനിമാമോഹികളായ തുടക്കക്കാരോട് തനിക്ക് പറയാനുള്ളതെന്ന് ജേസൺ വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയായപ്പോൾ വലിയ സംതൃപ്തി തോന്നിയെങ്കിലും ദിവസവും ഒപ്പം പ്രവർത്തിച്ച ടീമിനെ ഇനി കാണാൻ സാധിക്കില്ലല്ലോ എന്നൊരു ചെറിയ സങ്കടവും ഉള്ളിലുണ്ടായിരുന്നത്രെ.

സംവിധായകനാകാൻ ആഗ്രഹിക്കുന്നവർക്ക് ചില പ്രധാന ഉപദേശങ്ങളും ജേസൺ പങ്കുവെച്ചു. ധാരാളം ഷോർട്ട് ഫിലിമുകൾ എടുക്കുക, നിരന്തരം എഴുതുകയും പരിശീലിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഷൂട്ടിങ് വേളയിൽ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല, അതുകൊണ്ട് തന്നെ പ്രതികൂല സാഹചര്യങ്ങളിലും ഉദ്ദേശിച്ച രംഗങ്ങൾ പകർത്തിയെടുക്കാൻ വലിയ ക്ഷമ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റേത് വളരെ ശാന്തമായ വ്യക്തിത്വമാണെന്നും വികാരങ്ങൾ പുറത്തുകാണിക്കാറില്ലെന്നും ജേസൺ പറയുന്നു. മൂന്നാം വയസ്സിൽ തിയേറ്ററിൽ കണ്ട വിജയ് ചിത്രം 'തിരുമല'യാണ് താൻ കണ്ട ആദ്യ സിനിമ. എന്നാൽ ബ്രസീലിയൻ ക്രൈം ഡ്രാമയായ 'സിറ്റി ഓഫ് ഗോഡ്' ആണ് തന്നെ ഒരു സംവിധായകനാകാൻ പ്രേരിപ്പിച്ചത്. 2022-ൽ 'പുൾ ദി ട്രിഗർ' എന്ന ഷോർട്ട് ഫിലിം ചെയ്താണ് അദ്ദേഹം ഈ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.

ചിത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം ആദ്യം ആരെയാണ് വിളിച്ചതെന്ന ചോദ്യത്തിന് "എന്റെ അമ്മയെ" എന്നായിരുന്നു ജേസന്റെ ഉത്തരം. അമ്മ സംഗീത സ്വർണ്ണലിംഗവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിനും കുടുംബത്തിനും നന്ദി അറിയിച്ച ജേസൺ സഞ്ജയ് ഇനി അഭിനയരംഗത്തേക്ക് കടന്നുവരുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jason Sanjay shares experiences from directing his debut movie 'Sigma'., He revealed that he called his mother first after signing his debut film., Discusses his journey from short films like 'Pull the Trigger' to feature filmmaking., Acknowledged the support of Lyca Productions and his family.