മകള്‍ക്ക് ലക്ഷ്മി എന്ന് പേരിടുന്നതോടെ അവസാനിക്കേണ്ടതല്ല പുരോഗമനം

''ദേ ആ ഇടതുവശത്ത് രണ്ടാമതെഴുതിയിരിക്കുന്നത് എന്റെപേരാ..ആറ്റുനോറ്റ് പോസ്റ്ററില്‍ പേരുവന്നപ്പോ അതിന്റെ ക്രെഡിറ്റും അന്നക്കിളിക്ക്... മക്കളെ ഡിവോഴ്‌സ് ചെയ്യാന്‍ നിയമമുണ്ടോ രാജ്യത്ത്?'' അഭിനേത്രി ലാലി പി.എം. സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണ് ഇത്. 'മാംഗോ മുറി' എന്ന തന്റെ പുതിയ സിനിമയുടെ പോസ്റ്ററിലാണ് മകളും നടിയുമായ അനാര്‍ക്കലിയുടെ പേരുചേര്‍ത്ത് ലാലി അനാര്‍ക്കലി എന്ന പേര് അടിച്ചുവന്നത്. പോസ്റ്റിന്റെ അടിയില്‍ ചിരിപ്പിക്കുന്ന കമന്റുകളുടെ പെരുമഴ.
കലൂരിലെ ജോര്‍ജ് ഈഡന്‍ റോഡിലെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍, മനസ്സില്‍ ഒരാളുടെ പല മുഖങ്ങള്‍ മിന്നിമറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിലിടപെടുന്ന, സമാന്തര സമരങ്ങളുടെ പോരാളിയായ ലാലി പി.എമ്മിന്റെ ഒരു മുഖം. നര്‍മ്മത്തില്‍ ചാലിച്ച കുറിപ്പുകളുടെ മറ്റൊരു ലാലി മുഖം. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശാന്തയായ, ലൗകിക ജീവിതത്തോട് വിരക്തിയുള്ള അമ്മയുടെ വേറൊരു മുഖം. അങ്ങനെയങ്ങനെ... അഭിമുഖത്തിനു വേണ്ടി വിളിച്ചപ്പോള്‍ ആദ്യം വന്ന ചോദ്യം ഇങ്ങനെ... ''അനാര്‍ക്കലിയെ അല്ലേ. എന്നെയല്ലല്ലോ?''മകളെയല്ല, അമ്മയെത്തന്നെയെന്ന് മറുപടി പറഞ്ഞു.
കോളിങ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് സിനിമാരംഗത്തുതന്നെ പ്രവര്‍ത്തിക്കുന്ന മൂത്തമകള്‍ ലക്ഷ്മി. മുറ്റത്തും സ്വീകരണമുറിയിലും കോണിപ്പടിയിലുമെല്ലാം പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്നു. സ്വീകരണമുറിയിലെ ചെറിയ മേശയ്ക്കുമുകളില്‍ വായിക്കാനെടുത്ത പുസ്തകം അലസമായി കിടപ്പുണ്ട്. ചെറുചിരിയോടെ ഒരു ഗ്ലാസില്‍ നാരങ്ങാവെള്ളവുമായി ലാലിയെത്തി. ഔപചാരികതകള്‍ ഏതുമില്ലാത്ത സംസാരം.
സോഷ്യല്‍ ആക്റ്റിവിസ്റ്റ്, അഭിനേത്രി, പബ്ലിഷിങ് കമ്പനിയിലെ ജോലി... ഏതാണ് ഏറ്റവുമധികം ആസ്വദിക്കുന്ന റോള്‍ ?
സോഷ്യല്‍ ആക്ടിവിസ്റ്റ് എന്നുള്ള റോള്‍ തന്നെ. എം.എ. മലയാളം പഠിച്ചെങ്കിലും മുഴുമിപ്പിക്കാനാവാത്ത ആളാണ് ഞാന്‍. എന്നാല്‍ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് എഴുതുന്നത് ഇഷ്ടമുള്ള കാര്യമാണ്. വായനയാണ് പബ്ലിഷിങ് കമ്പനിയിലേക്കെത്തിച്ചത്. സിനിമ എന്നത് ഈ അടുത്തകാലത്ത്, വൈകിക്കിട്ടിയ അനുഭവമാണ്. എല്ലാ മേഖലയും ഒരുപോലെ സന്തോഷം തരുന്നതാണ്. എന്നാല്‍, സിനിമയും അതില്‍നിന്നുകിട്ടുന്ന തിരിച്ചറിയപ്പെടലുകളും ഞാന്‍ ഇപ്പോള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. സോഷ്യല്‍ ആക്ടിവിസ്‌റ്റെന്ന മുഖമാണ് എനിക്ക് ബാക്കിയെല്ലാം നേടിത്തന്നത്.
ആക്ടിവിസത്തില്‍നിന്ന് സിനിമയിലേക്ക് ?
'കുമ്പളങ്ങി നൈറ്റ്‌സി'ലേക്ക് മകള്‍ ലക്ഷ്മിയുടെ സുഹൃത്ത് രാജേഷ് മാധവനാണ് എന്നെ വിളിക്കുന്നത്. ലക്ഷ്മിയുടെ നിര്‍ബന്ധമാണ് എന്നെ അങ്ങോട്ടെത്തിച്ചത്. ഓഡിഷനുശേഷം അവസരം ലഭിച്ചപ്പോള്‍ എനിക്കുതന്നെ അത്ഭുതമായിരുന്നു. ആദ്യ സിനിമയില്‍ മുഖം കാണിച്ച ശേഷവും ഇതില്‍ തുടരുമെന്ന് കരുതിയതല്ല. പിന്നീട് ചെറിയ ചെറിയ വേഷങ്ങളില്‍ പല സിനിമകളിലേക്ക്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയില്‍ ഒറ്റ സീനിലേ ഞാനുള്ളു. 'വാങ്ക്', 'ഹെലന്‍', 'ഫോറന്‍സിക്', 'ഓറഞ്ചുമരങ്ങളുടെ വീട്', 'വരനെ ആവശ്യമുണ്ട്', 'ജിബൂട്ടി', 'തുറമുഖം', 'രണ്ട്' തുടങ്ങിയവയിലൊക്കെ അഭിനയിച്ചതും വേഷത്തിന്റെ വലുപ്പം നോക്കിയൊന്നുമല്ല. ആയിടയ്ക്ക് ഫെയ്‌സ്ബുക്കിലൊക്കെ 'പ്രമുഖ നടി' എന്നുപറഞ്ഞു കളിയാക്കലുകള്‍ കൂടുതലായിരുന്നു. അങ്ങനെയിരിക്കുമ്പാഴാണ് 'ഫ്രീഡം ഫൈറ്റ്' എന്ന സിനിമയിലേക്ക് ജിയോ ബേബി വിളിക്കുന്നത്. ആരോ കളിയാക്കാന്‍ വിളിക്കുന്നതെന്നതാണ് ആദ്യം കരുതിയത്.
സിനിമ സ്വപ്‌നങ്ങളിലുണ്ടായിരുന്നോ?
വിദൂര സ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. മൂത്തമകള്‍ ലക്ഷ്മിയ്ക്ക് മൂന്നരവയസ്സുള്ളപ്പോഴാണ് 'കഥ പറയുന്ന കണ്ണുകള്‍' എന്ന ദൂരദര്‍നിലെ പരമ്പരയില്‍ അഭിനയിക്കുന്നത്. അതുകഴിഞ്ഞാണ് ഫാസില്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന സിനിമയില്‍ അവള്‍ ബാലതാരമായെത്തുന്നത്. അന്ന് അവിടെ ചെല്ലുമ്പോള്‍ എന്നോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. 24 വയസ്സായിരുന്നു അന്നെനിക്ക്.
ഭര്‍ത്താവായിരുന്ന നിയാസ് മരയ്ക്കാര്‍ ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. വീട്ടില്‍ത്തന്നെയായിരുന്നു സ്റ്റുഡിയോ. ഒരുവിധം താരങ്ങളൊക്കെ അവിടെ വന്നിട്ടുണ്ട്. രണ്ടാമത്തെ മകള്‍ അനാര്‍ക്കലിയുടെ 'ആനന്ദം' എന്ന സിനിമയുടെ ലൊക്കേഷനിലും ഞാനുണ്ടായിരുന്നു.
സാധാരണ വീട്ടമ്മയില്‍നിന്ന് സമൂഹത്തിലേക്ക് ?
ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. 20-ാം വയസ്സില്‍ മകളുണ്ടായി. തിരക്കുകളിലേക്ക് ജീവിതം മാറി. അപ്പോഴും വായന മുറുകെപ്പിടിച്ചിരുന്നു. അക്കാലത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. അഭിപ്രായം പറയുമ്പോള്‍ ആളുകള്‍ പലതും പറഞ്ഞുതുടങ്ങി. 'വീട്ടിലെ സൗകര്യങ്ങളില്‍ ഇരുന്ന് ഇങ്ങനെ വിളിച്ചുപറയാന്‍ ആര്‍ക്കും പറ്റും. പുറത്തിറങ്ങി പ്രവര്‍ത്തിക്കാനാണ് സാധിക്കാത്തത്' എന്ന വിമര്‍ശനം ഉള്ളില്‍ക്കൊണ്ടു. അതുസത്യമാണെന്ന് എനിക്ക് വ്യക്തമായി. എഴുതുകയല്ലാതെ ഞാന്‍ വേറൊന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവ്. അതില്‍നിന്നും മാറ്റംവേണമെന്ന് ആഗ്രഹിച്ചു.
അങ്ങനെയാണ് പുറത്തിറങ്ങിത്തുടങ്ങിയത്. ശബ്ദം ഉയര്‍ത്തേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ഞാനത് ചെയ്യാന്‍ തുടങ്ങി. വേദിയില്‍ കയറാന്‍ അന്നുമിന്നും ചെറിയ പേടിയുണ്ട്.
വിവാഹത്തിനുമുമ്പ് സംഘടനാ പ്രവര്‍ത്തനം ഉണ്ടായിരുന്നോ?
വീട്ടുകാരൊക്കെ സര്‍വീസ് സംഘടനകളുമായി ബന്ധമുള്ളവരായിരുന്നു. പഠിക്കുന്ന കാലത്ത് യുവജന സംഘടനാ അനുഭാവിയായിരുന്നു. അത്രമാത്രം.
ലേബര്‍ ഓഫീസറായിരുന്ന വാപ്പ മുഹമ്മദ് ഇസ്മാഈല്‍ ലബ്ബ നക്‌സല്‍ അനുഭാവി ആയിരുന്നു എന്നുവേണമെങ്കില്‍ പറയാം. അദ്ദേഹത്തിന്റെ ചിന്തകള്‍ അത്തരത്തിലായിരുന്നു. എന്റെ പതിമൂന്നാം വയസ്സില്‍ വാപ്പ മരിച്ചു. ഉമ്മച്ചി റംലാബീവിയുടെ കുടുംബത്തിന്റെ തണലിലായി രണ്ടാണും രണ്ട് പെണ്ണുമടങ്ങുന്ന ഞങ്ങള്‍ മക്കളുടെ ജീവിതം.
അതുവരെയുണ്ടായിരുന്ന ലോകത്തുനിന്നു തീര്‍ത്തും വിരുദ്ധമായ ലോകമായിരുന്നു അത്. വായിക്കുന്ന പുസ്തകങ്ങള്‍പോലും മാറിപ്പോയി. അതുകൊണ്ടുതന്നെ ചെറുപ്പംമുതല്‍ മാനസിക സംഘര്‍ഷം എനിക്കൊപ്പമുണ്ടായിരുന്നു. അവിടെനിന്നാണ് വിവാഹജീവിതത്തിലേക്ക് എത്തുന്നത്.
കുടുംബത്തില്‍ ഇതു പ്രശ്‌നങ്ങളുണ്ടാക്കിയില്ലേ?
കേരളത്തിലെ സാഹചര്യങ്ങളില്‍ മുസ്ലിം കുടുംബത്തില്‍നിന്നുള്ള, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഒരു വീട്ടമ്മ ആക്ടിവിസ്റ്റാകുക വെല്ലുവിളി തന്നെയാണ്. എന്റെ പാരമ്പര്യമാവാം അതിനെയെല്ലാം മറികടക്കാനുള്ള ധൈര്യം തന്നത്. വാപ്പയില്‍നിന്ന് കിട്ടിയതാവണം അത്. തുറന്നുചിന്തിക്കാന്‍ വായനയും സഹായിച്ചിട്ടുണ്ട്. ആത്മവഞ്ചന ചെയ്യരുതെന്ന തീരുമാനമാണ് എന്നെ മുന്നോട്ടു നയിച്ചത്.
കുഞ്ഞുങ്ങളെ വളര്‍ത്താനായി വര്‍ഷങ്ങള്‍ പോയി എന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയോജനപ്പെട്ട വര്‍ഷങ്ങളായിരുന്നു അത്. ഏറ്റവുമധികം വായിച്ച വര്‍ഷങ്ങള്‍. കുഴിച്ചുകുഴിച്ചു ചെല്ലുമ്പോള്‍ ഉറവ വരും എന്നതുപോലെ വായനയുടെ ആഴമായിരിക്കാം ഓരോ വ്യക്തിക്കും സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന ബോധം എന്നിലുണ്ടാക്കിയത്. ഓരോ ചുവടും എന്നെ സംബന്ധിച്ച് വിപ്ലവം തന്നെയായിരുന്നു. സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ നല്ലവണ്ണം ചോര കൊടുത്തിട്ടുണ്ട് ഞാന്‍.
ലക്ഷ്മി എന്ന് മകള്‍ക്ക് പേരിടുമ്പോള്‍ കുടുംബത്തില്‍നിന്ന് എതിര്‍പ്പുകള്‍ വന്നിട്ടുണ്ടോ?
ലക്ഷ്മി എന്നു പേരിട്ടത് വളരെ വൈകിയാണ് വീട്ടുകാര്‍ അറിയുന്നത്. ഭര്‍ത്താവായിരുന്ന നിയാസും പുരോഗമനവാദി തന്നെയാണ്. ഞങ്ങള്‍ രണ്ടുപേരുടെയും ഒരുമിച്ചുള്ള തീരുമാനമായിരുന്നു ഈ പേര്. വീട്ടില്‍ നീലു എന്നാണ് അവളെ വിളിച്ചിരുന്നത്. എന്നാല്‍ ഒരിക്കല്‍ മോളുടെ സ്‌കൂളിലെ പുസ്തകത്തിലാണ് കുടുംബക്കാര്‍ പേരു കാണുന്നത്. അത്യാവശ്യംവേണ്ട ബഹളങ്ങളൊക്കെ അന്നുണ്ടായി. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അതുമായി ഇണങ്ങിക്കഴിഞ്ഞു.
വിവാഹശേഷമുള്ള ജീവിതത്തില്‍ സ്വാതന്ത്ര്യം പ്രശ്‌നമായിരുന്നോ?
എന്നെ അംഗീകരിച്ചിരുന്നു എന്നുതന്നെയാണ് ഞാന്‍ കരുതിയിരുന്നത്. വീടുവെച്ചപ്പോള്‍ പണം മുഴുവന്‍ അദ്ദേഹമാണ് ചെലവഴിച്ചത്. എന്നാല്‍ വീടിന്റെ ആശയത്തിന്റെ 80 ശതമാനവും എന്റേതായായിരുന്നു. എന്നാല്‍ പശു എത്രവരെ പോകാമെന്ന് തീരുമാനിക്കുന്നത് കുറ്റിയില്‍ അതിനെ കെട്ടിയിടുന്നയാളാണ്. കെട്ടഴിഞ്ഞുപോവാന്‍ സമ്മതിക്കില്ല. ചില സന്ദര്‍ഭങ്ങളില്‍ ചരട് മുറുകിത്തുടങ്ങുമ്പോഴാണ് നമ്മള്‍ സ്വയം തിരിച്ചറിഞ്ഞുതുടങ്ങുന്നത്. ഞാന്‍ ഇത്രയും നീരീക്ഷിക്കപ്പെടുന്നുണ്ടെന്ന തിരിച്ചറിവ് അതിശയപ്പെടുത്തി. എഴുതുമ്പോള്‍പ്പോലും എനിക്ക് സമ്മര്‍ദ്ദം വരുന്ന അവസ്ഥയിലെത്തി. ഒന്നുകില്‍ ഞാന്‍ എഴുത്തുനിര്‍ത്തണം. എനിക്കത് സാധിക്കുമായിരുന്നില്ല. അത്രയും കാലം വിട്ടുവീഴ്ചയില്ലാതെ വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം ചെയ്തിരുന്ന ഒരാള്‍ സ്വത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഒരു ആശയം പറയുമ്പോള്‍ മനസിലാക്കപ്പെടാതെ പോകുന്നത് എന്നെ അമ്പരപ്പിച്ചുകളഞ്ഞു.
സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്ക് ഇപ്പറയുന്ന പുരോഗമനത്തിലൊെക്ക അതിരുകള്‍ വെക്കും പലരും. ഇതേ ആളുകള്‍തന്നെ സ്ത്രീകളെ പ്രശംസിക്കുന്നത് വിരോധാഭാസമാണ്.
മകള്‍ക്ക് ലക്ഷ്മി എന്നു പേരിടുന്നതോടെ എന്റെ പുരോഗമനം അവസാനിക്കാന്‍ പാടില്ല എന്ന വിശ്വാസക്കാരിയാണ് ഞാന്‍. അവരെ ഇഷ്ടത്തിന് ജീവിക്കാന്‍ വിടുന്നതും അതിന്റെ ഭാഗമാണ്. അവരുടെ വേഷം, ജീവിതം, വിവാഹം അതിലൊന്നും കൈകടത്താന്‍ നമ്മളാരുമല്ല. ഓരോരുത്തരും ഓരോ വ്യക്തിയാണ്. സ്വന്തം കാര്യംവരുമ്പോള്‍, അല്ലെങ്കില്‍ അത് സ്വന്തം മകളെക്കുറിച്ചാവുമ്പോള്‍ വേറെ മുഖം കാണിക്കാന്‍ എനിക്ക് പറ്റാറില്ല. ഇതെല്ലാം പറയുമ്പോള്‍ എതിര്‍പ്പുകളാണ് എന്നെത്തേടി വരുന്നത്.
ഒരു മതത്തില്‍ ജനിച്ചു എന്നതോ അതോ സ്ത്രീ ആണെന്നതോ എതിര്‍പ്പുകളുണ്ടാവാന്‍ കൂടുതല്‍ കാരണം?
എന്നെ സംബന്ധിച്ച് മതം ഒരു വിഷയമായി തോന്നിയിട്ടില്ല. പുരുഷകേന്ദ്രീകൃത സമൂഹമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. പാട്രിയാര്‍ക്കി എല്ലാ മതങ്ങളിലും ഒരുപോലെ ശക്തമാണ്. കയറിന്റെ കെട്ടഴിക്കാന്‍ ഒരുമതത്തിലെയും പാട്രിയാര്‍ക്കി സമ്മതിക്കില്ല. കെട്ടുപാടുകള്‍ മുറുകുന്നതിനനുസരിച്ച് പലപ്പോഴും അത് പൊട്ടിച്ചുകളയാന്‍ സ്ത്രീകള്‍ തുനിഞ്ഞിറങ്ങുകയും ചെയ്യും.
സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം നേരിടാറുണ്ടല്ലോ?
ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നതിനുപോലും വിമര്‍ശനം. ആളുകള്‍ ചിലപ്പോള്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങളിലേക്കുപോലും ഊളിയിട്ടുനോക്കി വലുതാക്കി കാണിക്കും. ഉപയോഗിക്കുന്ന ചില വാക്കുകളോ വാചകങ്ങളോ അടര്‍ത്തിയെടുത്ത് വിമര്‍ശിക്കുന്നവരുണ്ട്. ഞാനൊരിക്കല്‍ യാത്രപോവുന്ന കാര്യം എഴുതിയിരുന്നു. 'പോയി വയറു വീര്‍പ്പിച്ചിട്ട് വരാനല്ലേ' എന്നാണ് ഒരു മഹാന്‍ അതിന് കമന്റു പറഞ്ഞത്. ഗര്‍ഭപാത്രവും യോനിയുമൊന്നുമില്ലെങ്കില്‍ യാത്ര പോകുന്നതിന് കുഴപ്പമില്ല അല്ലേ... എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അത് വലിയ വിവാദമായി. കമന്റുകളില്‍ മോശം വാക്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു അവയവത്തിന്റെ പേരുപോലും സ്ത്രീയാണ് പറഞ്ഞത് എന്നതിന്റെ പേരില്‍ തെറിയായി കാണുന്ന അവസ്ഥ.
വിവാഹമോചനമൊക്കെ കഴിഞ്ഞ് കുറച്ചുനാളായ ശേഷം, തലയില്‍ തട്ടമൊക്കെയിട്ട് 'ദീനിയായ യുവതി വരനെത്തേടുന്നു' എന്നൊരു പോസ്റ്റിട്ടു. അതൊരു തമാശ പോസ്റ്റാണെന്ന് എന്റെ കുടുംബത്തില്‍പോലും പലരും തിരിച്ചറിഞ്ഞില്ല. വലിയ പ്രശ്‌നമായി. അവര്‍ക്ക് ആക്ഷേപഹാസ്യം തിരിച്ചറിയാനാവില്ലെന്ന് എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ന്യായീകരിക്കാന്‍ പോവേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമക്കാര്‍ അതുപോലുള്ള വാര്‍ത്തകളെടുത്ത് ഗൗരവത്തോടെ കൊടുക്കുന്നതുകാണുമ്പോള്‍ 'അയ്യേ, ഇത്രയും വിവരദോഷികളാണോ'' എന്നൊക്കെ തോന്നിപ്പോയി.
അഭിനയം തുടരാന്‍ തന്നെയല്ലേ തീരുമാനം ?
എനിക്ക് എന്റേതായ പരിമിതികളുണ്ട്. അതിനുള്ളിലുള്ള കഥാപാത്രങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കും. കോട്ടയത്തെ എന്തയാര്‍ ആണ് സ്വദേശം. അവിടുത്തെ സംസാരരീതി മാറ്റാന്‍ എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പല സിനിമകളിലും ഡബ്ബ് ചെയ്യാന്‍ പറ്റുന്നില്ല. അതൊരു വലിയ ഡി മെറിറ്റ് ആണ്. ചിരിയാണ് മറ്റൊരു പ്രശ്‌നം. ചുണ്ടിന്റെ പ്രത്യേകത ആയിരിക്കണം, എപ്പോഴും മുഖത്തൊരു ചിരിയുണ്ട്. കരഞ്ഞുകൊണ്ട് അഭിനയിക്കുമ്പോഴും മുഖത്ത് ഒരു ചിരി വരുന്നതുപോലെ തോന്നും. അതുമാറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍.
'ആക്ട്‌ലാബ്' പോലുള്ള കേന്ദ്രങ്ങളില്‍പോയി അഭിനയം കൂടുതല്‍ പഠിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നൃത്ത പഠനവും തുടങ്ങിവെച്ചു. ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ എഴുത്തും വായനയുമാണ് കൂട്ട്.
ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണ് ?
കുറച്ച് നല്ല ചിത്രങ്ങള്‍ ഇറങ്ങാനിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സന്തോഷം. മുഴുനീള കഥാപാത്രങ്ങളാണ് മിക്കതും. ലക്ഷ്മി പുഷ്പ സംവിധാനം ചെയ്യുന്ന 'ഐസൊലേഷന്‍' എന്ന സിനിമയില്‍ നായികാ കഥാപാത്രമാണ്. ഫെസ്റ്റിവല്‍ മൂവി എന്നുവിശേഷിപ്പിക്കാവുന്ന സിനിമ. വിഷ്ണു ശക്തി സംവിധാനം ചെയ്യുന്ന 'മാംഗോമുറി' ആണ് മറ്റൊരു ചിത്രം. നായക കഥാപാത്രമായ ജാഫര്‍ ഇടുക്കിയുടെ ഭാര്യയായി മുഴുനീള റോളില്‍ത്തന്നെയാണ് അതില്‍. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന 'എബ്രഹാം ഓസ്‌ലര്‍' ആണ് മറ്റൊരു ചിത്രം. റഹ്മാനും ഭാവനയും ഒന്നിക്കുന്ന 'അനോമി', ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'ചൈന ട്രോഫി', ജിസ് ജോയുടെ പടം, 'ബിഗ് ബെന്‍', 'ഓളം' തുടങ്ങി കുറെ സിനിമകള്‍ ഇറങ്ങാനിരിക്കുന്നു.
അമ്മയും മോളും ഏതാണ്ട് ഒരുകാലത്താണല്ലോ സിനിമയിലെത്തുന്നത് ?
അനാര്‍ക്കലി 2016-ല്‍ സിനിമയിലെത്തി. മൂന്നുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ എത്തുന്നത്. ഞാന്‍ എപ്പോഴും കളിയാക്കും. നീ നേരത്തേ വന്നെങ്കിലും ഞാന്‍ നിന്നേക്കാള്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞെന്നു പറഞ്ഞ്.
സംസാരം അവസാനിപ്പിക്കുമ്പോള്‍ ലാലി വാച്ചിലേക്ക് നോക്കി. നൃത്തക്ലാസ്സിനു പോകാനുള്ള സമയമായിരിക്കുന്നു. ജീവിതം കഴിയുന്നത്ര സ്വാതന്ത്ര്യത്തില്‍ വിവേകത്തോടെ ആഘോഷിച്ചുതീര്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്ന് അവരുടെ ഓരോ ചുവടിലും വ്യക്തമാണ്. മകള്‍ അനാര്‍ക്കലി, അച്ഛന് സുഖമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൂട്ടിരിക്കാന്‍ പോയതാണ്. ലക്ഷ്മിയും സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി. വാതില്‍ പൂട്ടിയിറങ്ങി ലാലിയും താളത്തിന്റെയും ചുവടുകളുടേയും ലോകത്തേക്ക് നടന്നകന്നു.
Content Highlights: interview with actress and social activist lali pm