''ഹലോ, അന്ന മോളേ... ലാലു അങ്കിളാ..''
''എന്താ അങ്കിളേ..?''
''മോള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ.''
''ഇല്ല അങ്കിളേ.. ഇപ്പോ അങ്ങനൊരു താത്പര്യമില്ല..''
കുറച്ച് വര്‍ഷം മുന്‍പ് സംവിധായകന്‍ ലാല്‍ ജോസ് തന്റെ സുഹൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്നിന് ഇങ്ങനെയൊരു ഓഫര്‍ നല്‍കി. 'നോ' പറയാന്‍ അന്നയ്ക്ക് അധികം ആലോചന വേണ്ടിവന്നില്ല. കാലം കടന്നുപോയി. അന്ന മാറി. ഒപ്പം തീരുമാനവും. 'കുമ്പളങ്ങി നൈറ്റ്‌സി'ലൂടെ ബേബിമോളായി അവള്‍ സിനിമാലോകത്തേക്ക് ചുവടുവെച്ചു. പുരസ്‌കാരങ്ങള്‍ തേടിയെത്തി. 'ഹെലെന്' ജൂറിയുടെ പ്രത്യേക പരാമര്‍ശമായിരുന്നുവെങ്കില്‍ 'കപ്പേള'യിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 
മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയിലാണ് ഇപ്പോള്‍ അന്ന ബെന്നിന്റെ സ്ഥാനം. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന 'ത്രിശങ്കു' വാണ് ഏറ്റവുമൊടുവില്‍ റിലീസായ ചിത്രം. 'അഞ്ച് സെന്റും സെലീനയും', തമിഴ് ചിത്രം 'കൊട്ടുക്കാളി' എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. അന്ന ബെന്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

To advertise here,

ലാല്‍ ജോസിനോട് അന്ന് 'നോ' പറയാന്‍ കാരണം എന്തായിരുന്നു?
അച്ഛനോടാണ് ലാലു അങ്കിള്‍ (ലാല്‍ ജോസ്) ആദ്യം ചോദിച്ചത്. നിങ്ങള്‍ നേരിട്ട് ചോദിച്ചോളൂ എന്ന് അച്ഛന്‍ അങ്കിളിനോട് പറഞ്ഞു. അങ്ങനെ ലാലു അങ്കിള്‍ എന്നോട് സംസാരിച്ചു. 
പ്ലസ് ടു കഴിഞ്ഞ സമയമായിരുന്നു അത്. ഡിഗ്രി എന്ത് ചെയ്യും എവിടെ ചെയ്യുമെന്നൊക്കെയായിരുന്നു അപ്പോഴത്തെ ആലോചന. പൊതുവേ ഞാന്‍ നാണക്കാരിയാണ്. അതിന്റേതായ ചമ്മലുമുണ്ട്. അതുകൊണ്ട് ഒരുപാടൊന്നും ആലോചിച്ചില്ല. ലാലു അങ്കിളിനോട് വേണ്ടാ എന്നുപറഞ്ഞു.

പിന്നീട് എപ്പോഴാണ് ഈ തീരുമാനം മാറ്റിയത്?
സെയ്ന്റ് തെരേസാസിലായിരുന്നു ഡിഗ്രി. ഫാഷന്‍ ഡിസൈനിങ്ങായിരുന്നു വിഷയം. കോളേജില്‍നിന്ന് കൂടുതല്‍ എക്‌സ്‌പോഷര്‍ കിട്ടി. നാണക്കാരിയുടെ ചമ്മല്‍ വിട്ട് പല പരിപാടികളുടെയും ഭാഗമായി. ധൈര്യംവന്നു. ഓഡിഷനുകള്‍ക്ക് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ തുടങ്ങി. ഏത് സിനിമയുടെ ഓഡിഷനാണെന്നുപോലും അറിയാതെയായിരുന്നു യാത്ര. അത് എന്തായെന്ന് പിന്നീട് അന്വേഷിക്കുക പോലുമില്ല. 

ഇതുപോലൊരു ഓഡിഷനാണല്ലേ കുമ്പളങ്ങിയിലെ ബേബി മോളിലേക്കെത്തിച്ചത്?
ഫാഷന്‍ ഡിസൈനിങ് കഴിഞ്ഞ് ഒരു വര്‍ഷം ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്നു. ആ സമയം ഫാഷന് ഉപരിയായി പുതുതായി എന്തെങ്കിലും പഠിക്കണം, ചെയ്യണമെന്നൊക്കെ തോന്നലുണ്ടായി. ആ  കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. താരങ്ങളെ തേടിയുള്ള ഓഡിഷന്‍ പോസ്റ്ററായിരുന്നു അത്. ആ പോസ്റ്റര്‍ എനിക്ക് ഒറ്റനോട്ടത്തില്‍ത്തന്നെ ഇഷ്ടമായി. അതോടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ആദ്യം അവര്‍ക്ക് ഒരു വീഡിയോ അയച്ചുകൊടുത്തു. അത് ഇഷ്ടമായതോടെ അവര്‍ വിളിച്ചു. പിന്നീട് അവിടെ പോയി പെര്‍ഫോം ചെയ്തു. അന്ന് ചെയ്തത് അഭിനയം തന്നെയാണോ എന്ന് എനിക്കറിയില്ല. ഏതായാലും സംഭവം ഓക്കെയായി. 
സെലക്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ അവര്‍ കുടുംബ പശ്ചാത്തലമൊക്കെ ചോദിച്ചു. ബെന്നി പി. നായരമ്പലമാണ് അച്ഛനെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ലെന്നായി അവര്‍. 

കുമ്പളങ്ങി കഴിഞ്ഞപ്പോള്‍ അന്നയുടെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. ഫാഷനും സിനിമയും. സിനിമയാണ് വഴി എന്ന തീരുമാനത്തിലെത്തിയത് എപ്പോഴാണ്?ഓഡിഷന്‍ കഴിഞ്ഞതോടെ സിനിമയോട് കൂടുതല്‍ ഇഷ്ടം വന്നു. 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ആദ്യത്തെ ഷോട്ട് പൂര്‍ത്തിയായപ്പോള്‍ ഇനി സിനിമയാണ് വഴിയെന്ന് മനസ്സിലുറപ്പിച്ചു. പിന്നാലെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. 'ഹെലെനി'ലെ ഹെലെന്‍ പോളും 'കപ്പേള'യിലെ ജെസ്സിയുമെല്ലം ശ്രദ്ധ നേടി. അതോടെ സിനിമയെപ്പറ്റി മാത്രമായി ചിന്ത.

' ഹെലെന്‍', 'കപ്പേള'... പിന്നീട് വന്ന രണ്ട് ചിത്രങ്ങളും നായികാ പ്രാധാന്യമുള്ളതായിരുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എത്രത്തോളം ശ്രദ്ധിക്കാറുണ്ട്? 
നായികാ പ്രാധാന്യമുള്ള റോള്‍ തിരഞ്ഞെടുക്കുക എന്നൊന്നുമില്ല. ആദ്യം സിനിമയുടെ കഥ കേള്‍ക്കും. അതെനിക്ക് വര്‍ക്ക് ആകുമോ പ്രേക്ഷക എന്ന നിലയില്‍ ഇഷ്ടമാകുമോ എന്നൊക്കെ ആലോചിക്കും. അല്ലാതെ മറ്റ് മാനദണ്ഡങ്ങളൊന്നുമില്ല. ഞാന്‍ സിനിമയിലേക്ക് കടന്നുവന്ന സമയം മൊത്തത്തില്‍ നല്ലതായിരുന്നു. അക്കാലത്ത് മലയാളത്തില്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ വന്നു. മികച്ച വിഷയങ്ങളും കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ ഇടം തുറന്നു. നല്ല സിനിമകളുടെ ഭാഗമാകാനുള്ള അവസരം എനിക്കും കിട്ടി. 'ഹെലെന്‍'ആയിരുന്നു രണ്ടാമത്തെ സിനിമ. കഥാപരമായി സ്‌ട്രോങ്ങായിയിരുന്നു 'ഹെലെന്‍'. നമ്മുടെ അഭിനയ മികവൊക്കെ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുള്ള ചിത്രം. എപ്പോഴും രണ്ടാമത്തെ ചിത്രത്തില്‍ എങ്ങനെ പെര്‍ഫോം ചെയ്തുവെന്നാണ് ആളുകള്‍ നോക്കുക. നന്നായി ചെയ്യാനായി എന്ന് തോന്നുന്നു. ആ കഥാപാത്രം ഏത് താരം ചെയ്താലും ശ്രദ്ധിക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം.

placeholder
Anna Ben
അന്നാ ബെൻ

ഒരേപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് തോന്നിയിരുന്നോ?
ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമകളായിരുന്നു ആദ്യം ചെയ്തത്. 'ഹെലെനും' 'കപ്പേള'യും കഴിഞ്ഞപ്പോള്‍ അങ്ങനെയുള്ള കഥകള്‍ തുടര്‍ന്നും വന്നു. ഒരുപോലെയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്താല്‍ അങ്ങനെതന്നെ ചിത്രീകരിക്കപ്പെടും എന്ന് തോന്നി. അത് ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് വ്യത്യസ്ത സിനിമകള്‍ ചെയ്തു. 'സാറാസ്'ലൈറ്റ് മൂവിയായിരുന്നു. 'നാരദനി'ല്‍ പോരാളിയായ വക്കീലായിരുന്നു. 'കാപ്പ' മാസ് എന്റര്‍ടൈനറായിരുന്നു.  'ത്രിശങ്കു ' റൊമാന്റിക് കോമഡിയാണ്.  ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്.

അച്ഛന്റെ തിരക്കഥയിലാണല്ലോ അന്നയുടെ അടുത്ത സിനിമ. കഥ കേട്ടപ്പോള്‍ അച്ഛനോട് 'നോ' പറയേണ്ട സന്ദര്‍ഭമുണ്ടായോ?
'അഞ്ച് സെന്റും സെലീനയും' എന്നാണ് ചിത്രത്തിന്റെ പേര്. സ്വന്തമായി മണ്ണും വീടും വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ചുറ്റുമുണ്ട്. അവരുടെ പോരാട്ടമാണ് പ്രമേയം. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. അച്ഛനോട് വിയോജിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടായിട്ടുണ്ട്. അത് തുറന്നുപറയും, തിരുത്തും. മുന്‍പും അച്ഛന്റെ കഥകള്‍ കേള്‍ക്കാറുണ്ട്. ചില കോമഡികള്‍ അച്ഛന്‍ ഞങ്ങളോടാകും ആദ്യം പറയുന്നത്. ഞങ്ങള്‍ ചിരിച്ചാല്‍ 'ലോക്കല്‍സിന് വര്‍ക്കായി' എന്ന് പറഞ്ഞ് തമാശയാക്കും. 

അമ്മയാണ് വീട്ടിലെ സിനിമാപ്രേമി എന്ന് കേട്ടിട്ടുണ്ടല്ലോ?
അമ്മയാണ് ഞങ്ങളുടെ കരുത്ത്. എല്ലാവരുടെയും കാര്യത്തില്‍ അമ്മ ഇടപെടും. നല്ലൊരു സിനിമാ പ്രേമിയാണ്. റിലീസ് ദിവസംതന്നെ സിനിമ കാണുന്ന പ്രേക്ഷക. ഞങ്ങളുടെ സിനിമ കണ്ടാല്‍ ഫീഡ്ബാക്ക് തരും. അച്ഛനെ കടുപ്പത്തില്‍ വിമര്‍ശിക്കും. മോളായതുകൊണ്ട് എനിക്കുനേരേ വിമര്‍ശനം ലഘുവായിരിക്കും. അനിയത്തിയും സിനിമ വിലയിരുത്താറുണ്ട്. അവള്‍ അമ്മയേക്കാള്‍ വലിയ വിമര്‍ശകയാണ്.