സിംഗിള്‍ ഷോട്ടിലെ 'വഴക്ക്', ഐ ഫോണിലെടുത്ത 'കയറ്റം': രണ്ടാം വട്ടവും പുരസ്‌കാര തിളക്കത്തില്‍ ചന്ദ്രു..

എല്ലുപോലും വിറയ്ക്കുന്ന ഹിമാലയന്‍ മഞ്ഞുമലകള്‍ക്കിടയില്‍ നിന്ന് സിനിമ ഷൂട്ട് ചെയ്യുക അത്ര എളുപ്പമല്ല, അതും മുഴുവനായി ഐ ഫോണില്‍ ചിത്രീകരിക്കുന്ന സിനിമ, ആ ഛായാഗ്രഹക മികവിനാണ് 2020 ല്‍ കയറ്റം എന്ന സിനിമയിലൂടെ ചന്ദ്രു സെല്‍വരാജിനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആദ്യമെത്തിയത്. ആദ്യ സിനിമയില്‍ തന്നെ സംസ്ഥാനപുരസ്‌കാരം നേടിയ ഛായാഗ്രഹകന്‍, ആ പുരസ്‌കാരത്തിളക്കിന്റെ താരപ്രഭ മായുമുമ്പേ രണ്ടാമത്തെ ചിത്രത്തിലൂടെ വീണ്ടും പുരസ്‌കാര നിറവിലേക്കെത്തിയിരിക്കുകയാണ്. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വഴക്ക് എന്ന ചിത്രത്തിലൂടെ രണ്ടാം തവണയും ചന്ദ്രു മികച്ച ഛായാഗ്രഹകനായി. രണ്ടുസിനിമയും സംവിധാനം ചെയ്തത് സനല്‍ കുമാര്‍ ശശിധരനാണ്.
കോളിവുഡ് സിനിമയിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ ഛായാഗ്രഹകന്‍ തിരുവിന്റെ സഹായിയായി ക്യാമറ ചലിപ്പിച്ചാണ് ചന്ദ്രു ഛായാഗ്രഹണത്തിന്റെ വലിയ പാഠങ്ങള്‍ പഠിച്ചത്. സ്വതന്ത്ര്വ ഛായാഗ്രഹകാനാകാന്‍ തീരുമാനിക്കുമ്പോള്‍ ചന്ദ്രു ഒരിക്കലും മോളിവുഡാണ് തന്നെ കാത്തിരിക്കുന്നതെന്ന് ചിന്തിച്ചിരുന്നില്ല.
മൂന്ന് വര്‍ഷത്തിനിടെ രണ്ട് സംസ്ഥാന പുരസ്‌കാരങ്ങള്‍, ഛായാഗ്രഹകന്‍ ചന്ദ്രു സെല്‍വരാജ് സംസാരിക്കുന്നു.
ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, എത്രമാത്രം സന്തോഷമുണ്ട്...?
പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട്, നല്ല ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുന്നു എന്നത് മുന്നോട്ട് പോകാനുള്ള പ്രോത്സാഹനമാണ്. എനിക്ക് 2020 ലാണ് ആദ്യമായി മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് 'കയറ്റം' എന്ന സനല്‍കുമാര്‍ ശശിധരന്‍ ചെയ്ത സിനിമയ്ക്കായിരുന്നു. സ്വതന്ത്ര്വ ഛായാഗ്രഹകനെന്ന നിലയിലുള്ള എന്റെ ആദ്യ സിനിമയായിരുന്നു അത്. അദ്ദേഹത്തിനൊപ്പം ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു 'വഴക്ക്'. അതിനും പുരസ്‌കാരം തേടിയെത്തി എന്നത് യാദൃശ്ചികതയാകാം.
കയറ്റത്തില്‍ ഷൂട്ടിങ് ഐ ഫോണിലായിരുന്നു, വഴക്കിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്...?
സനല്‍ കുമാര്‍ ശശിധരന്റെ സിനിമകള്‍ എപ്പോഴും പുതിയ രീതിയിലുള്ള കഥകളും ഷൂട്ടിങ് രീതികളും പിന്തുടരുന്നവയാണ്. ഒരുഛായാഗ്രഹകന്‍ എന്ന നിലയില്‍ അത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യതകളുണ്ട്. കയറ്റത്തില്‍ പ്രധാനഭാഗങ്ങളെല്ലാം ഹിമാലത്തിലായിരുന്നു ചിത്രീകരിച്ചത്, അതും ഐ ഫോണ്‍ ക്യാമറ ഉപയോഗിച്ച്. അത് പുതിയൊരു അനുഭവമായിരുന്നു. അതിന് ശേഷം 'വഴക്ക്' എന്ന സിനിമ തുടങ്ങുമ്പോള്‍ സനലേട്ടന്‍ പറഞ്ഞത് ആദ്യാവസാനം സിംഗിള്‍ ഷോട്ടുപോലെ തോന്നിക്കുന്ന സിനിമയായിരിക്കണം എന്നതാണ്.
മുഴുവനായി ഡ്രോണില്‍ ഷൂട്ട് ചെയ്യാം എന്നായിരുന്നു പദ്ധതി. എന്നാല്‍ ഒരുപാട് പ്രതിസന്ധികള്‍ വന്നതിനാല്‍ ആ പരീക്ഷണം പൂര്‍ണാര്‍ഥത്തില്‍ നടത്താന്‍ സാധിച്ചില്ല. കൊവിഡ് സമയത്തായിരുന്നു 'വഴക്ക്' ചിത്രീകരിച്ചത്. സോണി a7 S3 എന്ന ക്യാമറയിലാണ് ചിത്രത്തിന്റെ 60 ശതമാനം ഭാഗവും ചിത്രീകരിച്ചത്. ബാക്കി 40 ശതമാനം ഡ്രോണുപയോഗിച്ച് ചിത്രീകരിച്ചു.
സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് മുഴുവനായി ഒരുസിംഗിള്‍ ഷോട്ട് സിനിമ കാണുന്ന രീതിയിലൊരു അനുഭവമാണ് ഉണ്ടാകുക. വഴക്കില്‍ ഡ്രോണ്‍ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്ന അജിത്ത് ആചാര്യയാണ്. അതുപോലെ ഇത്തരമൊരു പരീക്ഷണം നടത്താന്‍ എന്റെ കൂടെ നിന്ന അസിസ്റ്റന്റ്‌സ്. എല്ലാത്തിലുമുപരി കയറ്റത്തിലേക്കും വഴക്കിലേക്കും എന്നെ വിളിച്ച സനല്‍ കുമാര്‍ ശശിധരന് എല്ലാ നന്ദിയും അറിയിക്കുന്നു. ഈ പുരസ്‌കാരം എല്ലാവര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.
മുഴുവനായി സിംഗിള്‍ ഷോട്ട് പോലെ തോന്നിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല, ഷൂട്ടിങ്ങിലെ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു...?
കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് ഓരോ ഷോട്ടും ചിത്രീകരിച്ചത്. 15 മുതല്‍ 30 മിനുട്ടുകള്‍ വരെയുള്ള ഷോട്ടുകളായി വിഭജിച്ചാണ് ചിത്രീകരിച്ചത്. അത്രയും സമയം തുടര്‍ച്ചയായി ഷൂട്ട് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അഭിനേതാക്കള്‍ക്കും അതെത്ര എളുപ്പമായിരുന്നില്ല. കാരണം അത്ര ദീര്‍ഘമായ ഷോട്ട് അഭിനയിക്കുമ്പോള്‍ ഒരുചെറിയ പിഴവ് വന്നാല്‍ പോലും ആദ്യംമുതല്‍ വീണ്ടും തുടങ്ങണം. ഒരുപാട് തവണ റിഹേഴ്‌സലുകള്‍ ചെയ്ത ശേഷമാണ് ചിത്രീകരണം നടത്തിയത്. ഒരുദിവസം ഒരുഷോട്ട് എന്ന നിലയിലായിരുന്നു പ്ലാന്‍ ചെയ്തത്. ടൊവിനോ അടക്കമുള്ള എല്ലാ അഭിനേതാക്കളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വഴക്ക് ഇപ്പോള്‍ നിരവധി ഫെസ്റ്റിവലുകളില്‍ തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ തിയേറ്ററുകളിലേക്ക് സിനിമ എത്തുകയുള്ളൂ.
ചെന്നൈ സ്വദേശിയാണ്, സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്...?
ചെന്നൈ സ്വദേശിയാണെങ്കിലും ജനിച്ചത് ഊട്ടിയിലാണ്. അച്ഛന്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. ഇടയ്ക്ക് ട്രാന്‍സ്ഫര്‍ ഉണ്ടാകും. അങ്ങനെയാണ് ചെന്നൈയിലെത്തിയത്. വീട്ടുകാരുടെ ആഗ്രഹം ഞാനൊരു എഞ്ചിനീയര്‍ ആകണമെന്നതായിരുന്നു. അതിനാലാണ് എഞ്ചിനീയറിങ്ങിലായിരുന്നു ബിരുദം നേടിയത്. എന്നാല്‍ സിനിമയോടായിരുന്നു എനിക്കിഷ്ടം. സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ ഞാന്‍ ഉറച്ച തീരുമാനം എടുത്തു.
പ്രശസ്ത ഛായാഗ്രഹകനായ തിരുവിനൊപ്പമായിരുന്നു ഏറെക്കാലം. ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ചു. 24, ജനത ഗാരേജ്, മെര്‍ക്കുറി, പേട്ട തുടങ്ങി ഏഴ് സിനിമകളില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അതെല്ലാം ബിഗ് ബജറ്റ് കൊമേഴ്‌സ്യല്‍ സിനിമകളായിരുന്നു. പേട്ട കഴിഞ്ഞപ്പോഴാണ് ഞാന്‍ സ്വതന്ത്ര്വനാകാന്‍ തീരുമാനിച്ചത്. അതിനിടെ റാന്‍ എന്ന പേരിലൊരു ഹ്രസ്വചിത്രം ചെയ്തു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു സിനിമയ്ക്കുള്ള കാത്തിരിപ്പിനിടെയാണ് മലയാളത്തില്‍ നിന്ന് സനല്‍കുമാര്‍ ശശിധരന്‍ വിളിക്കുന്നത്. കഥയും അത് ചിത്രീകരിക്കുന്ന രീതിയും കേട്ടപ്പോള്‍ ഇതാണ് ഞാന്‍ ആഗ്രഹിച്ച തുടക്കം എന്ന് തോന്നി. അങ്ങനെയാണ് കയറ്റത്തിലേക്ക് എത്തുന്നത്. കയറ്റത്തിന് ശേഷം വഴക്ക്, മഹാവീര്യര്‍, മധുര മനോഹര മോഹം എന്നീ സിനിമകള്‍ ചെയ്തു. എല്ലാം വ്യത്യസ്തമായ സിനിമകളായിരുന്നു. മധുര മനോഹര മോഹം മികച്ച അഭിപ്രായം നേടി ഇപ്പോഴും തിയേറ്ററുകളിലുണ്ട്. വ്യത്യസ്ത ജോണറുകളിലുള്ള സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. അത് ഇപ്പോള്‍ സാധിക്കുന്ന എന്നതില്‍ സന്തോഷം.
തമിഴ്‌നാട് സ്വദേശിയാണ്, സിനിമ ഭാഗ്യങ്ങളെല്ലാം കാത്തിരുന്നത് മലയാളത്തിലും, എന്ത് തോന്നുന്നു..?
തമിഴ് നാട്ടുകാരനാണെങ്കിലും സ്വതന്ത്ര്വ ഛായാഗ്രഹനായപ്പോള്‍ എനിക്ക് സിനിമകളും അംഗീകാരങ്ങളും തേടിയെത്തിയത് മലയാളത്തില്‍ നിന്നാണ്. അത് ഏറെ സന്തോഷം നല്‍കുന്നു. മൂന്ന് വര്‍ഷത്തിനിടെ രണ്ട് സംസ്ഥാനപുരസ്‌കാരങ്ങള്‍ മലയാളം എനിക്ക് സമ്മാനിച്ചു. തുടക്കക്കാരനെന്ന നിലയില്‍ കരിയറില്‍ അതൊരു വലിയ അനുഗ്രഹവും ഭാഗ്യവുമായാണ് കാണുന്നത്. അടുത്ത് തന്നെ ഒരു തമിഴ് സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്.
Content Highlights: interview of state film award winning cinematographer chandru selvaraj