ഇവിടെ നീ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി. പക്ഷേ, വെളിയിലിറങ്ങുമ്പോള്‍ ആ ലോകത്ത് നീ സീറോ ആണ്

സിനിമയില്‍ അഴകുള്ള ഫ്രെയിമുകളുടെ മറുപേരാണ് അഴകപ്പന്‍. ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും പരിചയസമ്പന്നരായ ഛായാഗ്രാഹകര്‍ക്കിടയിലാണ് അഴകപ്പന് സ്ഥാനം. ടെലിവിഷന്‍ ക്യാമറാമാനായി കരിയര്‍ ആരംഭിച്ച അഴകപ്പന്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ പലതും സാഹസികമായി കവര്‍ ചെയ്ത് പ്രേക്ഷകരിലെത്തിച്ചു. പിന്നീട് സിനിമാ ഫോട്ടോഗ്രഫിയിലേക്ക് കൂടുമാറി. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി അറുപതിലധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. ദുല്‍ഖറിനെ നായകനാക്കി പട്ടംപോലെ എന്ന സിനിമ സംവിധാനം ചെയ്തു. സിനിമ തിയേറ്ററുകളില്‍ വിജയിച്ചുവെങ്കിലും അടിസ്ഥാനപരമായി താന്‍ ക്യാമറാമാനാണെന്നും സംവിധായകനല്ലെന്നും അഴകപ്പന്‍ പറയുന്നു. വിവിധ തലമുറയില്‍പ്പെട്ട മുന്നൂറിലധികം സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അഴകപ്പന്‍ ഇന്നും ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ്. ക്യാമറയ്ക്ക് പിന്നിലെ സുദീര്‍ഘമായ ജീവിതത്തെക്കുറിച്ച് അഴകപ്പന്‍ സംസാരിക്കുന്നു.
വിലയേറിയ ക്യാമറകളും ഉപകരണങ്ങളുമുള്ള ആളുകളുണ്ട്. എന്നാല്‍, ഫോട്ടോഗ്രഫി, ഛായാഗ്രഹണം ആത്യന്തികമായി ഒരു കലയാണല്ലോ?
കഠിനാധ്വാനം ആവശ്യമായ കലയാണ്. ഹിന്ദുപത്രത്തില്‍ എന്റെ ഒരു ഫോട്ടോയെക്കുറിച്ച് വന്ന കുറിപ്പ് മറക്കാന്‍ കഴിയില്ല. തിരുവിതാംകൂര്‍ മഹാരാജ തീപ്പെട്ട സമയം. അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുപോകുമ്പോള്‍ എന്തെങ്കിലും ഒരു പ്രത്യേക ഷോട്ട് കിട്ടുമോ എന്നു ചിന്തിച്ചിരിക്കുകയായിരുന്നു. അതിനായി തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ അസ്തമിക്കാനൊരുങ്ങുകയാണ്. അസിസ്റ്റന്റ്സിന്റെ അടുത്തുനിന്ന് ബാറ്ററി വാങ്ങി റോഡിലൂടെ ഒരു അരകിലോമീറ്റര്‍ ഓടി. വെള്ളയമ്പലത്ത് ഒരു സ്ഥലത്ത് ഓപ്പണ്‍ സ്പേസ് ഉണ്ട്, അവിടെ നിന്നാല്‍ സൂര്യന്‍ നന്നായി ക്യാമറയില്‍ പതിയുമെന്ന് അറിയാം. ഞാന്‍ അവിടെ കാത്തുനിന്നു. അദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള യാത്ര അതുവഴി കടന്നുപോകുകയാണ്. അസ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ശിരസ്സ് വരുന്ന ഒരു ഷോട്ട് കിട്ടി. ഭാഗ്യം, കിതപ്പുമാറാതെ എടുത്തതുകൊണ്ട് ഷേക്ക് ആകുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷേ, പടം കൃത്യമായി കിട്ടി. അന്നത്തെ ആ സണ്‍ഷോട്ടിനെപ്പറ്റിയാണ് ഹിന്ദുവില്‍ എഴുതിയത്.
എങ്ങനെയാണ് മൂവി ഫോട്ടോഗ്രഫിയിലേക്ക് എത്തിപ്പെട്ടത്, താങ്കളുടെ പൂര്‍വകാലത്തെപ്പറ്റി സംസാരിക്കാം? കുടുംബം. ബാല്യകാലം എല്ലാം?
ഞാനൊരു നല്ല ഫോട്ടോഗ്രാഫറോ ഛായാഗ്രാഹകനോ ആകുമെന്ന് സ്വപ്‌നം കണ്ടിട്ടില്ല. ഒരു നാട്ടിന്‍പുറത്താണ് ജനിച്ചത്. അച്ഛനും അമ്മയും നാഗര്‍കോവിലുകാരാണ്. അച്ഛന്‍ നാരായണപിള്ള അധ്യാപകനായിരുന്നു, വളരെ ഡിസിപ്ലിന്‍ഡ് ആയിരുന്നു എന്നു മാത്രമല്ല അദ്ദേഹം നല്ല ആശയങ്ങള്‍ മുറുകെപ്പിടിച്ച് ജീവിച്ച ആളായിരുന്നു. അമ്മയും വളരെ ചിട്ട പുലര്‍ത്തുന്ന വ്യക്തിയായിരുന്നു. പങ്കജം എന്നാണ് പേര്. ഫിസിക്സില്‍ ഏറ്റവും മികച്ച അധ്യാപകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരം അച്ഛന് കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷിലും പൊളിറ്റിക്കല്‍ സയന്‍സിലുമായി രണ്ട് എം.എ, എം.എഫില്‍, ബി.എഡ്, എം.എസ്സി. ഫിസിക്സ് ഇങ്ങനെ ഒരുപാട് ബിരുദങ്ങളും ബിരുദാനന്തര ബിരുദവുമൊക്കെയുള്ള ആളായിരുന്നു അദ്ദേഹം. അധ്യാപകനായിരിക്കുമ്പോഴും അദ്ദേഹം പഠിച്ചിരുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനമായിരുന്നില്ല എന്റേത്.
അടിസ്ഥാനപരമായി എന്നെയും പെങ്ങളെയും അനിയനെയും അദ്ദേഹം പഠിപ്പിച്ചത് സത്യസന്ധതയും ആത്മാര്‍ഥതയുമായിരുന്നു. പിന്നെ ബഹുമാനവും. അമ്മയും അങ്ങനെതന്നെയാണ്. അച്ഛനും അമ്മയും അനിയനൊപ്പം നാഗര്‍കോവിലിലാണ്.
നമ്പി നാരായണന്‍ സാറിന്റെ അധ്യാപകനായിരുന്നു അച്ഛന്‍. അടുത്തിടെ കണ്ടപ്പോഴും നമ്പി നാരായണന്‍ അച്ഛനെ അന്വേഷിച്ചു, കാണണം എന്നുപറഞ്ഞു. കേസ് വന്നപ്പോള്‍ അച്ഛന്‍ എന്നെ വിളിച്ചുപറഞ്ഞു, നമ്പി നാരായണന്‍ എന്നൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് നാഗര്‍കോവിലില്‍ പഠിച്ച ആളാണോ എന്ന് അന്വേഷിക്കണം എന്ന്. അന്വേഷിച്ചപ്പോള്‍ അദ്ദേഹം തന്നെയാണ്. അച്ഛന്‍ പറഞ്ഞു, അവനങ്ങനെ ചെയ്യില്ല. എനിക്ക് നല്ല വിശ്വാസമുണ്ട്. ഇപ്പോള്‍ അദ്ദേഹം കേസില്‍ ജയിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു, അന്ന് ഞാന്‍ പറഞ്ഞില്ലേ, അവന്‍ അങ്ങനെ ചെയ്യില്ലെന്ന്.
സിനിമയുമായി ബന്ധമുള്ളവര്‍ ആരെങ്കിലും കുടുംബത്തില്‍ ഉണ്ടായിരുന്നുവോ?
ഇല്ല. മുത്തച്ഛനൊക്കെ കര്‍ഷകരായിരുന്നു. അദ്ദേഹം ശുചീന്ദ്രം സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കൂടിയായിരുന്നു. പ്രകൃതിയുമായി വളരെ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന കുടുംബമാണ്. തേരൂര്‍ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. തേര് മുങ്ങിപ്പോയ ഇടമാണ് എന്നും അങ്ങനെയാണ് ഈ പേര് വന്നതെന്നുമാണ് വിശ്വാസം. ഈ ഗ്രാമത്തില്‍ എത്തിയപ്പോള്‍ തേര് മണ്ണില്‍ ഉറച്ചു പോയി. പിന്നീട് അവിടം കുളമായി. ഇപ്പോഴും അതിന്റെ അടിത്തട്ടില്‍ തേരിന്റെ മുകള്‍ഭാഗം തട്ടും എന്നൊക്കെ പറയാറുണ്ട്.
മനസ്സിനക്കരെയിലെ പാട്ട് ചെയ്യുന്ന സമയത്ത് സത്യേട്ടന്‍ ചോദിച്ചു. മനോഹരമായ ഒരു ഗ്രാമം വേണം എന്ന്. അങ്ങനെ ആ പാട്ട് തേരൂരാണ് ഷൂട്ട് ചെയ്തത്. എന്റെ മുത്തച്ഛന്‍ അന്ന് കാറുപോലെ കൊണ്ടുനടന്ന കാളവണ്ടിയാണ് ജയറാം ആ പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ നാഗര്‍കോവിലിലൊക്കെ പോയിരുന്നത് ആ വില്ലുവണ്ടിയിലാണ്. 'മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ല' എന്ന പാട്ടില്‍ ആദ്യം കാണിക്കുന്ന പാടം എന്റെ മുത്തച്ഛന്റേതാണ്. മുത്തച്ഛന്റെ കൂടെ പാടത്ത് നടക്കുന്നത് ഒരു വലിയ വിനോദമായിരുന്നു. അവിടെ മണിക്കൂറുകള്‍ ചെലവാക്കും. തമിഴ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. തിരുവിതാംകൂര്‍ റാണിയായിരുന്ന റാണി സേതുലക്ഷ്മിബായിയുടെ പേരിലുള്ള സ്‌കൂളായിരുന്നു അത്. അവിടെ മലയാളം മീഡിയവും ഉണ്ട്. അച്ഛന്റെ മൂത്ത സഹോദരന്‍ ആര്‍.എം.കെ.പിള്ള എയര്‍ഫോഴ്സിലായിരുന്നു. 1971-ലെ യുദ്ധത്തിനുശേഷം അദ്ദേഹം ലീവില്‍ വന്നപ്പോള്‍ ഒരു ചെറിയ ക്യാമറ കൊണ്ടുവന്നു. ആ ക്യാമറയുമായി അദ്ദേഹം എല്ലാവരെയും കന്യാകുമാരിയില്‍ കൊണ്ടുപോയി ഫോട്ടോ എടുത്തു. നീ ഒരു ഫോട്ടോ എടുക്കെടാ എന്ന് പറഞ്ഞ് എന്റെ കൈയില്‍ ക്യാമറ തന്നു. ടൗണിലൊക്കെ അന്ന് നാലോ അഞ്ചോ ഫോട്ടോഗ്രാഫര്‍മാരേ ഉണ്ടാകൂ. ഡോക്ടര്‍മാരെയും മറ്റ് വലിയ ആളുകളെയുമൊക്കെ കാണുന്നപോലെ ബഹുമാനത്തോടെയാണ് ദൂരെനിന്ന് അവരെ നോക്കുക. അവര്‍ എന്തോ മാജിക് ചെയ്യുന്നതുപോലെ തോന്നും.
അങ്ങനെ ക്യാമറ കിട്ടിയ സന്തോഷത്തില്‍ ഞാന്‍ സൂര്യാസ്തമയം ക്ലിക്ക് ചെയ്തു. ബോക്‌സ് ക്യാമറയാണ്. ഒന്നും അറിയില്ല. വെറുതെ ക്ലിക്ക് ചെയ്തു. പുള്ളി പുണെയില്‍ പോയി ആ ഫിലിം പ്രിന്റ് ചെയ്തപ്പോള്‍ മനോഹരമായ ഒരു ഫോട്ടോ കിട്ടി. അദ്ദേഹം എനിക്ക് കത്തെഴുതി. നീ നന്നായി ഫോട്ടോഗ്രഫി ചെയ്‌തെന്ന്് ഇവിടത്തെ ഫോട്ടോഗ്രാഫര്‍ പറഞ്ഞു. അദ്ദേഹം അതെന്നെ കൊണ്ടുകാണിക്കുകയും ചെയ്തു. അന്ന് ഫോട്ടോഗ്രഫിയെപ്പറ്റി ഒരറിവുമില്ല. പക്ഷേ, അത് മനോഹരമാണ് എന്ന് മനസ്സിലായി.
പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നല്ലേ ഫോട്ടോഗ്രഫി പഠിച്ചത് ?
അന്ന് പ്രീഡിഗ്രി മാര്‍ക്ക് വെച്ചിട്ടാണ് എന്‍ജിനീയറിങ്ങിന് സെലക്ഷന്‍ കിട്ടുക. എന്‍ട്രന്‍സ് ഇല്ല. അന്ന് ഞാനും ചില കൂട്ടുകാരും എന്‍ജിനീയറിങ്ങിന് അപേക്ഷിച്ചിരുന്നു. എന്നെക്കാള്‍ മാര്‍ക്ക് കുറവുള്ള ഒരു കൂട്ടുകാരന് അഡ്മിഷന്‍ കിട്ടി. എന്റെ ആപ്ലിക്കേഷനില്‍ എന്തോ തെറ്റുവന്നതു മൂലം തള്ളിപ്പോയി. അത് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ഒരു എന്‍ജിനീയറായി എവിടെങ്കിലും ജീവിക്കുന്ന ഒരാളാകുമായിരുന്നു. എന്തായാലും പ്രവേശനം കിട്ടാതെ വന്നപ്പോള്‍ സന്തോഷമായി. പക്ഷേ, അച്ഛന് വിഷമമായി. ആപ്ലിക്കേഷന്‍ പൂരിപ്പിച്ചപ്പോള്‍ അച്ഛന്‍ നോക്കിയിരുന്നില്ല. അദ്ദേഹം എപ്പോഴും പറയുമായിരുന്നു, ഞാന്‍ ഒരിക്കലും അദ്ദേഹത്തെ ആശ്രയിക്കരുത്, എന്റെതായ രീതിയില്‍ ജീവിക്കണമെന്ന്. അച്ഛനോട് ഞാന്‍ പറഞ്ഞു, എനിക്ക് എന്‍ജിനീയറിങ് പഠിക്കാന്‍ താത്പര്യമില്ല. ക്രിയേറ്റീവായ എന്തെങ്കിലും പഠിച്ചാല്‍ മതി. എന്ത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, ഒരുപാട് ടെക്നോളജിയുണ്ട്-ടെക്സ്‌റ്റൈല്‍ ടെക്നോളജി, കെമിക്കല്‍ ടെക്നോളജി, ഫിലിം ടെക്നോളജി... അതില്‍ ഏതെങ്കിലും പഠിച്ച് സ്വതന്ത്രമായി ജോലി ചെയ്യണം എന്നാണ് ആഗ്രഹം.
അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് അലിന്ദില്‍ എന്‍ജിനീയറായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഫസ്റ്റ് കസിനാണ് അദ്ദേഹം. അദ്ദേഹമാണ് ലീവിന് വന്നപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചത്. ചെന്നൈ അഡയാറിലാണെങ്കില്‍ ഒന്ന് ശ്രമിക്കാം എന്നുപറഞ്ഞു. കിട്ടും എന്നുറപ്പില്ല. ഫിലിംമേക്കിങ് എല്ലാവരെയുംപോലെ ഇഷ്ടമാണെങ്കിലും അതെപ്പറ്റി അറിയില്ല. എന്‍.എസ്.കൃഷ്ണന്‍ എന്നൊരു വലിയ നടനുണ്ടായിരുന്നു തമിഴില്‍. അച്ഛന്റെ വലിയച്ഛനായി വരും അദ്ദേഹം. സ്ഥാനംകൊണ്ട് എന്റെ മുത്തച്ഛന്‍തന്നെ. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അപേക്ഷയില്‍ സൗണ്ട് എന്‍ജിനീയറിങ് ഫസ്റ്റ് ചോയ്സും സിനിമാറ്റോഗ്രഫി സെക്കന്‍ഡ് ചോയ്സും വെച്ചു. പ്രിന്‍സിപ്പല്‍ പരിചയമുള്ള ആളായിരുന്നു. മെരിറ്റും ചിലപ്പോള്‍ രാഷ്ട്രീയക്കാരുടെയും മറ്റും റെക്കമെന്‍ഡേഷനും ഒക്കെ വെച്ചാണ് അഡ്മിഷന്‍ കിട്ടുക. ഉറപ്പ് തരാന്‍ പറ്റില്ല എന്നദ്ദേഹം പറഞ്ഞു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ എ.എസ്. പ്രകാശം സാര്‍, വിന്‍സെന്റ് മാഷ്, അങ്ങനെ വലിയ ആളുകളാണുണ്ടായിരുന്നത്. ഫിസിക്‌സും കണക്കും കെമിസ്ട്രിയുമൊക്കെ ചോദ്യത്തില്‍ വന്നു. എല്ലാ ഉത്തരങ്ങളും പറഞ്ഞപ്പോള്‍ അവരെന്നോട് ചോദിച്ചു, 'എന്തുകൊണ്ടാണ് സിനിമാറ്റോഗ്രഫി ആദ്യ ചോയ്സ് വെയ്ക്കാത്തത്?' സൗണ്ട് എന്‍ജിനീയറിങ്ങിന് അധികം ബുദ്ധിമുട്ടുണ്ടാകില്ല കിട്ടാന്‍, അത് കിട്ടിയാല്‍ ഒപ്പം ഛായാഗ്രഹണവും പഠിക്കാമല്ലോ എന്നാണ് കരുതിയത്. സിനിമാറ്റോഗ്രഫിയ്ക്ക് എന്നെ തിരഞ്ഞെടുത്താല്‍ ജോയിന്‍ ചെയ്യുമോ എന്നവര്‍ ചോദിച്ചു. പത്തുദിവസം കഴിഞ്ഞപ്പോള്‍ സിനിമാറ്റോഗ്രഫിയ്ക്ക് അഡ്മിഷന്‍ കിട്ടി.
ഇതോടൊപ്പം കേറ്ററിങ് ടെക്നോളജിക്കും അപേക്ഷിച്ചിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് തൊട്ടടുത്ത കാമ്പസാണത്. പക്ഷേ, ആദ്യം വിളിച്ചത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ആ അഭിമുഖം കഴിഞ്ഞപ്പോള്‍ നല്ല ആത്മവിശ്വാസം തോന്നിയതുകൊണ്ട് കേറ്ററിങ് ടെക്നോളജിക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്തില്ല. ഈ രണ്ടു കാര്യങ്ങളും ക്രിയേറ്റീവായി തന്നെയാണ് ഞാന്‍ കണ്ടത്. പാചകവും ഒരു ആര്‍ട്ടാണല്ലോ.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിട്ട് ആദ്യവര്‍ഷം പഠിപ്പിക്കുന്നതൊന്നും മനസ്സിലാകുന്നില്ല. അക്കാലത്ത് ഞാനൊരു മണ്ടന്‍ വിദ്യാര്‍ഥിയായിരുന്നു. രണ്ടാം വര്‍ഷം കാര്യങ്ങള്‍ മാറി. ഇവിടെ എത്തിയത് ജീവിതത്തിലെ വലിയ ഭാഗ്യമാണ് എന്ന തോന്നല്‍ വന്നു. ഗ്രാമത്തില്‍ നിന്നുവരുന്നത് കൊണ്ട് ഇംഗ്ലീഷ് എനിക്കത്ര വശമില്ല. ഇന്ന് അറിയപ്പെടുന്ന ഛായാഗ്രാഹകനായ പി.സി ശ്രീറാമും അക്കാലത്ത് ഒന്നാം വര്‍ഷം പഠിക്കാനെത്തി. അവരൊക്കെ ഇംഗ്ലീഷ് മീഡിയം പഠിച്ച് വന്ന് നല്ല സ്‌റ്റൈലായി നടക്കുന്നതും ഇംഗ്ലീഷ് പറയുന്നതുമൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ അദ്ഭുതമാണ്. അന്ന് അവിടെ ലൈബ്രറി റീഡിങ് നിര്‍ബന്ധമാണ്. ഏതെങ്കിലും ബുക്ക് വേണമെങ്കില്‍ ഒരു മാസം മുന്‍പേ ബുക്ക് ചെയ്യണം. അടുത്തമാസം ലൈബ്രേറിയന്‍ പറയുന്ന സമയത്തിന് ചെന്നില്ലെങ്കില്‍ ബുക്ക് കിട്ടില്ല. ക്യൂവില്‍ നിന്നൊക്കെ വായിക്കാന്‍ പോകും. ഇന്നത്തെ തലമുറ അക്കാര്യത്തില്‍ എത്ര ഭാഗ്യം ചെയ്തവരാണ്. രാവിലെ ഉണരുന്നതുതന്നെ ഇന്‍ഫര്‍മേഷനുമായാണ്.
അരശ് സാറാണ് എന്റെ ഭാഷയിലെ പിന്നാക്കാവസ്ഥ മനസ്സിലാക്കി സിനിമാറ്റോഗ്രഫി രൂപപ്പെടുത്തിയെടുത്തത്. ഉള്ളില്‍ നിനക്കൊരു വിഷ്വല്‍ ടേസ്റ്റ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനെ പുറത്തുകൊണ്ടുവന്നാല്‍ മതി. ഭാഷയൊക്കെ മറക്ക് എന്നും പറഞ്ഞു.
ഇംഗ്ലീഷ് അല്ല സുപ്പീരിയര്‍ ലാംഗ്വേജ്. അവരവരുടെ മാതൃഭാഷ പഠിച്ചാല്‍ മതി. എന്ത് വേണമെങ്കിലും എന്നോട് ചോദിക്ക്, ഞാന്‍ തമിഴിലോ ഇംഗ്ലീഷിലോ പറഞ്ഞുതരാം. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ രണ്ടാം വര്‍ഷം ഞാനൊരു പാട്ട് ചെയ്തു. അത് ഹിറ്റായി. അങ്ങനെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോപ്പുലറാകുന്നത്. അന്ന് വലിയ ഹിറ്റായ ബോബി എന്ന സിനിമയിലെ ജൂട്ട് കട്ടെ എന്ന പാട്ടാണ് എനിക്ക് പ്രാക്ടിക്കലിന് തന്നത്. അത് എന്റെ ഭാവനയ്ക്കനുസരിച്ച് ചെയ്യാം. അതില്‍ നായികയായത് ജമീല മാലിക്കാണ്. അവരും അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന ഒരു ആക്ടിങ് വിദ്യാര്‍ഥിയുമാണ് അതില്‍ അഭിനയിച്ചത്. ആ വിഷ്വല്‍സ് ഞാന്‍ അറിഞ്ഞെടുത്തതോ അറിയാതെടുത്തതോ എന്ന് എനിക്കിപ്പോഴുമറിയില്ല. അരശുസാര്‍ വിളിച്ചിട്ട് പറഞ്ഞു, ഈ വര്‍ഷത്തെ ഏറ്റവും നല്ല പാട്ട് നിന്റേതാണ്. ഞാനിത്രയും പ്രതീക്ഷിച്ചില്ല എന്ന്. സാര്‍ തന്ന എല്ലാ നിര്‍ദേശങ്ങളും മനസ്സില്‍ വെച്ച് ഞാനതിന് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിരുന്നു.
മൂന്നാം വര്‍ഷം പഠിച്ചിറങ്ങുമ്പോഴും സാര്‍ പറഞ്ഞു, അഴകപ്പന്‍, ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥികളില്‍ നിന്റെ പേരുണ്ട്. വിന്‍സെന്റ് മാഷെപ്പോലൊരാളുടെ അടുത്തുനിന്ന് പ്രാക്ടിക്കലിന് ഇത്രയും മാര്‍ക്ക് വാങ്ങിയ ഒരാളില്ല. എന്നുപറഞ്ഞിട്ട് ഇതുംകൂടി ചോദിച്ചു, നീ ഈ ഗേറ്റ് കടന്ന് എങ്ങനെയാണ് വന്നത്. ഞാന്‍ പറഞ്ഞു, 'സീറോ'. ശരി, എങ്കില്‍ ഇവിടെനിന്ന് ഇറങ്ങുമ്പോഴും സീറോ എന്ന് വിചാരിച്ചുതന്നെ ഇറങ്ങ്. അല്ലെങ്കില്‍ നീ ഒന്നുമാകില്ല! ഇവിടെ നീ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി. പക്ഷേ, വെളിയിലിറങ്ങുമ്പോള്‍ ആ ലോകത്ത് നീ സീറോ ആണ്.
ആദ്യമായി സിനിമയില്‍ പ്രവര്‍ത്തിച്ചത് എപ്പോഴാണ്?
അരശുസാറാണ് എന്റെ ഗോഡ്ഫാദര്‍. അല്ലാതെ സിനിമയിലെനിക്ക് യാതൊരു കുടുംബപശ്ചാത്തലവുമില്ല. പോരാത്തതിന് അന്തര്‍മുഖനായ ആളായിരുന്നു ഞാന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അന്താരാഷ്ട്ര പുരസ്‌കാരം നേടിയിട്ടുള്ള ഛായാഗ്രാഹകന്‍ ജെ. വില്യംസ് എന്നെ അസിസ്റ്റന്റ് ആയി സെലക്ട് ചെയ്തു. അങ്ങനെയാണ് ശശികുമാര്‍സാറിന്റെ ചൂള എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്.
സത്യന്‍ അന്തിക്കാട് ആ ചിത്രത്തില്‍ പാട്ടുകളെഴുതിയിട്ടുണ്ട്. രവീന്ദ്രന്‍ മാഷ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച പടമാണത്. പഠിച്ചിറങ്ങിയതിനുശേഷം രണ്ടു മൂന്നുമാസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍തന്നെയായിരുന്നു. ഒരുദിവസം ഭാവിയെപ്പറ്റി ഓരോന്നാലോചിച്ച് തലപുകച്ച് കിടക്കുമ്പോള്‍ അപ്പുറത്ത് ഒരാള്‍ വന്ന് പുകവലിച്ചുകൊണ്ടു നിന്നു. ഞാന്‍ ഇടയ്ക്കിടയ്ക്ക് ആളെ നോക്കും. ഏതോ വലിയ ആളാണ് എന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റ് തൊഴുതു. എന്താ ചെയ്യുന്നത് എന്നൊക്കെ എന്നോട് ചോദിച്ചു. വര്‍ക്ക് ഒന്നും ആയിട്ടില്ല, ഞാന്‍ ശ്രമിക്കുന്നുണ്ട് എന്നുപറഞ്ഞു. ശ്രമിച്ചാല്‍ പോരാ ശ്രമം മറ്റുള്ളവര്‍ കാണണം എന്നദ്ദേഹം. ധൈര്യമില്ല എന്നുപറഞ്ഞപ്പോള്‍ ധൈര്യം ഞാന്‍ തരാം എന്ന് മറുപടി. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇരുന്നില്ല. ഇരുന്നാല്‍ മാത്രം സംസാരിക്കാം എന്നായി അദ്ദേഹം. ഛായാഗ്രഹകന്‍ ജെ. വില്യംസ് ആയിരുന്നു അത്. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്നു. അന്ന് അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ചൂളയുടെ സെറ്റിലെത്തി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്് അദ്ദേഹം എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകളൊക്കെ ചെയ്ത ആളാണെന്നറിഞ്ഞത്. മലയാളത്തില്‍ സായൂജ്യം എന്ന ചിത്രം ചെയ്തിട്ടുണ്ട്. ശശികുമാര്‍ സാറാണ് പറഞ്ഞുതന്നത് അദ്ദേഹം വലിയ കലാകാരനാണെന്ന്്. അതേസമയംതന്നെ സീനിയേഴ്സായി പഠിച്ചിരുന്ന റോബര്‍ട്ട് -രാജശേഖറും എന്നെ വിളിച്ചു. അന്ന് വളരെ പ്രശസ്തരായിരുന്ന ഡയറക്ടര്‍- സിനിമാട്ടോഗ്രാഫര്‍മാരായിരുന്നു അവര്‍. അവരുടെ പടത്തില്‍ ഒരു പാട്ട് ചെയ്യണം എന്നുപറഞ്ഞു. അന്നൊക്കെ സ്വതന്ത്രമായി ഒരു സിനിമ ചെയ്യണമെങ്കില്‍ ഒരു പത്തുവര്‍ഷമെങ്കിലും കഴിയണം. കാരണം ഫിലിമിലാണ് അന്ന് ക്യാമറ വര്‍ക്ക് ചെയ്യുന്നത്. അപ്പോള്‍ അനുഭവവും അറിവും കുറവുള്ളവരെ വിളിക്കാന്‍ ധൈര്യമുണ്ടാകില്ല.
അങ്ങനെ മാരുതി റാവു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന് ഒരു അസോസിയേറ്റ് വേണം എന്നാവശ്യപ്പെട്ടു. ഡയറക്ടര്‍ എന്റെ പേര് പറഞ്ഞു. ഞാന്‍ അന്ന് അവിടുത്തെ ഏറ്റവും മെലിഞ്ഞുണങ്ങിയ പയ്യനാണ്. എന്നെ വിളിച്ചു. ഞാന്‍ ഈ പാട്ട് കാണിച്ചുകൊടുത്തു. അതേപോലെ ചട്ടക്കാരിയിലെ ജൂലി ഐ ലവ് യു എന്ന പാട്ട് റിക്രീയേറ്റ് ചെയ്തതും കാണിച്ചു. അതുകണ്ട് അദ്ദേഹം പറഞ്ഞു, നിനക്ക് ഭാവന കൂടുതലാണ്. അന്ന് അദ്ദേഹത്തിനൊപ്പം എഴുത്തുകാരനായ വാലിയുമുണ്ടായിരുന്നു. അവര്‍ രണ്ടാളുംകൂടി വടംമാലൈ എന്ന സിനിമയില്‍ അവസരം തന്നു. അതിനുശേഷം ടി.ആര്‍. രാമണ്ണ സംവിധാനം ചെയ്ത് സുമന്‍ ആദ്യമായി അഭിനയിച്ച 'നീച്ചല്‍കുളം' എന്ന സിനിമ.
അന്നൊക്കെ ഒരു ക്യാമറാമാന്‍ നാലുപടം ഒരേസമയം ചെയ്യും. ഒരു രണ്ടുദിവസം ഒക്കെ കഴിയുമ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക് വിശ്വാസമുള്ള ഒരു അസോസിയേറ്റിനെ ഏല്പിച്ച് അവര്‍ മറ്റ് വര്‍ക്കുകളിലേയ്ക്ക് പോകും. അങ്ങനെ എന്റെ സീനിയേഴ്സ് ഒക്കെ ഞാനറിയാതെതന്നെ എന്നെ സഹായിച്ചിട്ടുണ്ട്. ഒരു ശുപാര്‍ശയും ഇല്ലാതെ അവസരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. അങ്ങനെ 1983-ല്‍ സ്വതന്ത്രമായി ഒരു സിനിമ ചെയ്തു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നിച്ചുണ്ടായിരുന്ന ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്ന് ഒരു സിനിമ തമിഴില്‍ ചെയ്തു. അതില്‍ രവീന്ദ്രന്‍ അഭിനയിച്ചിരുന്നു. രവീന്ദ്രന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ ജൂനിയറായിരുന്നു. അവരുടെ കോഴ്സ് രണ്ട് വര്‍ഷമേയുള്ളൂ എന്നതുകൊണ്ട് എനിക്കൊപ്പമാണ് പുറത്തിറങ്ങിയത്.
സിനിമയിലെ ഞങ്ങളുടെ പക്വതയില്ലായ്മകൊണ്ട് ആ പടത്തില്‍ ഒരുപാട് പാളിച്ചകള്‍ വന്നു. അത് റിലീസ് ചെയ്തില്ല. അപ്പോള്‍ തോന്നി ഇനിയും അനുഭവസമ്പത്ത് വേണം. അങ്ങനെ വീണ്ടും മാരുതിറാവു സാറിനൊപ്പം ചേര്‍ന്നു. എം.ജി.ആറിന്റെ ഉന്നൈ വിടമാട്ടെ എന്ന ചിത്രമായിരുന്നു അത്. മാരുതി സാര്‍ എന്നെ എം.ജി.ആറിന് പരിചയപ്പെടുത്തി. ഷൂട്ട് തുടങ്ങി. ഞാന്‍ എടുത്ത ഷോട്ടുകളുടെ റഷസ് കണ്ടിട്ട് എം.ജി.ആര്‍. വന്ന് തോളത്തൊന്ന് തട്ടിയിട്ട് പോയി. മാരുതിസാര്‍ പറഞ്ഞിരുന്നു, അങ്ങനെ തോളത്ത് തട്ടുന്നതിന്റെ അര്‍ഥം നന്നായി എന്നാണെന്ന്. ഇല്ലെങ്കില്‍ നോക്കാതെ നേരെ നടന്നുപോകും.
വിന്‍സെന്റ് മാഷുടെ സഹായം ആ സമയത്ത് ലഭിച്ചിരുന്നു അല്ലേ?
വിന്‍സെന്റ് മാഷിന്റെ അസിസ്റ്റന്റാകാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞു, ചെങ്കല്‍പേട്ട് വാ, ഒരു പടം തുടങ്ങാം. ആദ്യത്തെ രണ്ടുദിവസം ഓക്കെയായിരുന്നു. മൂന്നാമത്തെ ദിവസം എന്നെ, അഭിനയിക്കാന്‍ എത്തിയ കുറെ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ശിവാജി ഗണേശന്റെ അടുത്തുകൊണ്ടുനിര്‍ത്തി. നാന്‍ പിറന്ത മണ്‍ എന്ന ചിത്രം. അതില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിക്കുന്ന ഒരു പയ്യനുണ്ട് ചിത്രത്തില്‍. ആളില്ലാതെ വന്നപ്പോള്‍ പെട്ടെന്ന് ആ രംഗത്തില്‍ എന്നെ പിടിച്ചുനിര്‍ത്തി. ശിവാജി ഗണേശന്റെ അടുത്തിരിക്കുക, അഭിനയിക്കുക എന്നൊക്കെ പറഞ്ഞപ്പോള്‍ പേടിയായി. പരസ്പരം ബഹുമാനമൊക്കെയുണ്ടെങ്കിലും അവരെപ്പോലുള്ള ആളുകളുമായി ഒരു അകലം ഉണ്ടായിരുന്നു അന്ന്. എന്തായാലും അടുത്തദിവസം രാത്രി ഞാന്‍ സ്ഥലം വിട്ടു. പിന്നീട് പല ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി. ജീവിതം വളരെ സിംപിളാണ്. പക്ഷേ, എങ്ങനെ ജീവിക്കണം എന്ന് പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
അച്ഛന് ഞാന്‍ സിനിമയില്‍ പോകുന്നത് ഇഷ്ടമായിരുന്നില്ല. സിനിമയില്‍ എത്തിയാല്‍ അച്ചടക്കവും നമ്മുടെ ക്യാരക്ടറും ഒക്കെ പോകും എന്ന ധാരണയായിരുന്നു. ചില ബന്ധുക്കള്‍ സിനിമയില്‍ പോയി സ്ഥലമൊക്കെ വിറ്റ് എല്ലാം നശിച്ചുപോയവരുണ്ട്. എന്‍.എസ്. കൃഷ്ണന്‍ അടക്കം. ഡോക്യുമെന്ററി ചെയ്യുന്നു, സംസ്ഥാന സര്‍ക്കാരിനുവേണ്ടി വര്‍ക്ക് ചെയ്യുന്നു എന്നൊക്കെ കള്ളം പറഞ്ഞിട്ടാണ് ഞാന്‍ സിനിമയില്‍ വര്‍ക്കിന് പോകുന്നത്.
പിന്നീട് ബുദ്ധിമുട്ടുകളുടെ ഒരു കാലത്ത് മദ്രാസില്‍ ജീവിക്കാന്‍ പറ്റില്ല എന്നുവന്നപ്പോള്‍ ഒരു സുഹൃത്ത് സഹായിച്ചു. ഗോവ ചലച്ചിത്രമേളയുടെ ഡയറക്ടറായിരുന്ന സന്താനം എനിക്ക് ദൂരദര്‍ശനില്‍ ക്യാമറാമാന്റെ താത്കാലിക പോസ്റ്റില്‍ നിയമനം വാങ്ങിത്തന്നു. കശ്മീരിലായിരുന്നു പോസ്റ്റിങ്. വീട്ടില്‍നിന്ന് പൈസ വാങ്ങാതെ ജീവിക്കണം എന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. കശ്മീര്‍ അതുവരെ കാണാത്ത ഒരു ലോകമായിരുന്നു. ഒക്ടോബര്‍ ഒടുവിലാണ് അവിടെയെത്തുന്നത്. അവിടെ ജോയിന്‍ ചെയ്യുമ്പോള്‍ മറ്റൊരു ക്യാമറാമാന്‍കൂടി വന്നു. അയാള്‍ക്ക് വലിയ കുടുംബപ്രശ്‌നങ്ങളുണ്ട്. അയാളുടെ അച്ഛന്‍ രോഗാവസ്ഥയിലാണ്. അയാള്‍ക്ക് ജോലി കിട്ടിയേ തീരൂ. സന്താനം പറഞ്ഞു, അഴകപ്പന്‍, നിങ്ങള്‍ ഇവിടെവരെ വന്നു. അയാള്‍ വിളിക്കാതെ വന്നതാണ്. പക്ഷേ, അയാളുടെ അവസ്ഥകണ്ട് കണ്ണടയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ ഒരുമാസംകൂടി കാത്തിരിക്കണം. അടുത്ത പോസ്റ്റ് ഒഴിവുവരും. നിര്‍ബന്ധിക്കില്ല. നിങ്ങള്‍ക്ക് തീരുമാനിക്കാം.
എനിക്ക് മറ്റെയാളുടെ അവസ്ഥകേട്ട് വല്ലാത്ത വിഷമം തോന്നി. അങ്ങനെ മൂന്നുമാസം കാത്തിരുന്നു. ജനുവരിയില്‍ തിരികെയെത്തി. ഇന്‍ഡസ്ട്രിയില്‍ ജോയിന്‍ ചെയ്തു. അപ്പോഴേയ്ക്കും ഒരുപാട് അവസരങ്ങള്‍ പോയിരുന്നു. ഞാന്‍ കശ്മീരില്‍ പോയത് ആരോടും പറയാതെയാണ്. അന്വേഷിച്ച് കിട്ടാതെയായപ്പോള്‍ അവര്‍ മറ്റുള്ളവരെ വര്‍ക്ക് ഏല്‍പിച്ചു. അപ്പോഴാണ് ജലന്ധര്‍ ടെലിവിഷനിലേയ്ക്ക് ഓഫര്‍ വരുന്നത്. അങ്ങനെ സിനിമ വിട്ട് അവിടെ ചേര്‍ന്നു. അഞ്ചുവര്‍ഷക്കാലം ഒരുപാട് അനുഭവങ്ങളുടെതായിരുന്നു. 1979-ലാണ് അവിടെയെത്തുന്നത്. 82 വരെ കാര്യങ്ങള്‍ സമാധാനപരമായിരുന്നു. പഞ്ചാബ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍നിന്നാണ് തുടക്കം. മുഖ്യമന്ത്രിയുടെ ഒരു ചടങ്ങിന് പോയപ്പോള്‍ അവിടെയുണ്ടായ സ്‌ഫോടനം ലൈവ് റിപ്പോര്‍ട്ടിങ് ചെയ്തു.
ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവം എങ്ങനെയായിരുന്നു?
ടെലിവിഷന്‍ ക്യാമറാമാന്‍ എന്ന നിലയില്‍ എന്റെ കരിയര്‍ വിജയകരമായിരുന്നു. എന്നാല്‍, മനുഷ്യന്‍ എന്ന നിലയില്‍ അതൊരു ദുരന്തവും. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ എന്നു കേട്ടതല്ലാതെ ഒന്നുമറിയില്ല. കേട്ടപാടെ ക്യാമറാമാന്‍മാര്‍ പോകില്ല എന്ന തീരുമാനമെടുത്തു. കാരണം തിരിച്ചുവരുമോ എന്നറിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒരു ചെറിയ തുക കിട്ടിയേക്കും എന്നല്ലാതെ ഇന്‍ഷുറന്‍സ് ഇല്ല. ഞാനാണെങ്കില്‍ അന്ന് ബാച്ചിലറാണ്. പേര് കിട്ടുന്ന ഒരു വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം.
അന്ന് മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ബോംബ് സ്ഫോടനമുണ്ടായപ്പോള്‍ എല്ലാവരും ഓടി. ഞാന്‍ ക്യാമറയുമായിനിന്ന് ഷൂട്ട് ചെയ്തു. ബോംബ് പൊട്ടിത്തെറിക്കുന്നതും ചുറ്റുപാടും ശരീരങ്ങള്‍ ചിതറുന്നതും രക്തവും ഒക്കെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഒരാളുടെ കണ്ണില്‍നിന്ന് കൃഷ്ണമണി പുറത്തേക്ക് ചാടി അയാള്‍ അത് ഉള്ളംകൈയില്‍ വെച്ചുകൊണ്ട് ഓടുന്ന കാഴ്ച! ബാലി എന്നൊരു വലിയ ഫോട്ടോഗ്രാഫറുണ്ടായിരുന്നു. പുള്ളിയുടെ നട്ടെല്ല് അടിവശം മുഴുവന്‍ തകര്‍ന്നുപോയി. പിന്നീട് നോക്കുമ്പോള്‍ ഈ വിഷ്വല്‍സ് എല്ലാം ട്രാജിക് ആണ്. പക്ഷേ, ആ നിമിഷം ഒരു സ്പിരിറ്റില്‍ അത് ചെയ്‌തേ ഒക്കൂ. അത് എനിക്ക് വലിയ പേര് നേടിത്തന്നു. ഈ ഷൂട്ട് ചെയ്തത് യഥാര്‍ഥമാണ് എന്നറിയാന്‍വേണ്ടി ഞാന്‍ ഒരു ബൈറ്റ് എടുത്തിരുന്നു. ആ സമയത്ത് തീവ്രവാദികളുടെ അടുത്തുനിന്നും എനിക്ക് നേരെ ഒരുപാട് ഭീഷണികള്‍ ഉണ്ടായിരുന്നു.
ബ്ലൂസ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ തെങ്കാശിയില്‍നിന്നുള്ള ചന്ദ്രശേഖര്‍ എന്നൊരു ക്യാമറാമാന്‍ തയ്യാറായി. ഒപ്പം ഞാനും. ചന്ദ്രശേഖര്‍ വിവാഹിതനാണ്. അതുകൊണ്ട് അദ്ദേഹം വേണ്ട ഞാന്‍ പൊയ്ക്കോളാം എന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല. ആദ്യദിവസം പോയി. അദ്ദേഹമാണ് ബിന്ദ്രന്‍വാലയുടെ മൃതദേഹം തിരിച്ചറിഞ്ഞ ക്യാമറാമാന്‍. ഈ സംഭവത്തിന് ഒരു പതിനഞ്ച് ദിവസം മുന്‍പ് ഞാന്‍ ബിന്ദ്രന്‍വാലയുടെ അഭിമുഖമെടുത്തിരുന്നു. അന്ന് അദ്ദേഹം എനിക്ക് സിഖുകാര്‍ കൈയ്യില്‍ ധരിക്കുന്ന ഒരു വള സമ്മാനിച്ചു. തന്നെ കാണാനെത്തുന്നവര്‍ക്ക് അദ്ദേഹം വള സമ്മാനിക്കാറുണ്ട്. അത് ചന്ദ്രശേഖറിനുമുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രശേഖറിന്റെ പക്കലുള്ളത് ബിന്ദ്രന്‍വാലയുടെ കൈയില്‍ മാത്രം കാണുന്ന പ്രത്യേകമായുള്ള വളയായിരുന്നു. അങ്ങനെയാണ് അദ്ദേഹം മൃതദേഹം തിരിച്ചറിയുന്നത്.
അടുത്തദിവസം എന്റെ ഊഴമായി. സമാധാന അന്തരീക്ഷമാണ് എന്നുപറഞ്ഞാണ് പോകുന്നത്. പക്ഷേ, ഹെലികോപ്റ്ററില്‍ ഇരിക്കുമ്പോള്‍ തന്നെ വെടിശബ്ദം കേള്‍ക്കാം. ഞാന്‍ മുകളില്‍നിന്നും വിഷ്വല്‍സ് എടുക്കുന്നുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ പെട്ടെന്ന് ട്വിസ്റ്റ് ചെയ്തപ്പോള്‍ ചിലരൊക്കെ മറിഞ്ഞുവീണു. എങ്ങനെയോ അകത്തെത്തി. വീഡിയോ വന്ന കാലഘട്ടമാണ്.
കൈയില്‍ വീഡിയോ ക്യാമറയും ഫിലിം ക്യാമറയുമുണ്ട്. സിഗ്‌നല്‍ കിട്ടിയാല്‍ മാത്രമേ ഉള്ളിലേക്ക് കടക്കാനാകൂ. മൂവ് എന്നുപറഞ്ഞപ്പോള്‍ ഞാന്‍ നടന്നു. അപ്പോഴേക്കും ഉള്ളില്‍നിന്ന് ഒരഞ്ചു പേര്‍ വെടി പൊട്ടിച്ചുകൊണ്ട് ഓടിവന്നു. ആ വിഷ്വല്‍ ഷൂട്ട് ചെയ്തു. ബോലോ സസേകാല്‍ എന്ന് കൂവിവിളിച്ച് ഇവര്‍ വെളിയില്‍ വരുമ്പോഴേക്കും സൈന്യം അവരെ വെടിവെച്ചു കൊന്നു. ഷൂട്ടിങ് നടക്കാന്‍ പോകുന്നു എന്നു എനിക്കറിയില്ലായിരുന്നു. ഞാന്‍ അവരുടെ അടുത്ത് പോയി മുഖങ്ങളുടെ വിഷ്വല്‍സ് എടുത്തു. അവരുടെ കൈവശം പാകിസ്താന്‍, കാനഡ, ഇന്ത്യ തുടങ്ങി പല രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളുണ്ടായിരുന്നു. അവരാരും നമ്മുടെ രാജ്യക്കാരായിരുന്നില്ല. ഉച്ചവരെ കാത്തിരുന്നു. ഒക്കെ നിശ്ശബ്ദമായി. ഉള്ളില്‍ കയറി ഒരു മണിക്കൂര്‍ നിശ്ശബ്ദത. ഞാന്‍ വിചാരിച്ചു എല്ലാം കഴിഞ്ഞു എന്ന്. പെട്ടെന്ന് തൊട്ടടുത്ത് ഒരു വെടി പൊട്ടി. ചില്ലുകള്‍ പൊട്ടി എന്റെ കൈ മുറിഞ്ഞ് ചോര ഒഴുകുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പോലെ വെടിവയ്പ് തുടങ്ങി. തൂണുകളുടെ മറവിലായിരുന്നു ഞങ്ങള്‍. കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് വിജയ് ഗോപിനാഥ് പേടിച്ചുനില്‍ക്കുകയാണ്. ഞാന്‍ പറഞ്ഞു, കോണ്‍ഫിഡന്‍സ്, ധൈര്യം ഇത് രണ്ടുമുണ്ടെങ്കില്‍ നമുക്ക് ഇവിടെനിന്ന് ഇത് ഷൂട്ട് ചെയ്ത് തിരിച്ചുപോകാം. നിന്റെ പേടി നിന്റെ വീക്നെസ്സാണ്. ഒരു ക്യാമറ അവന്റെ കൈയില്‍ കൊടുത്ത്, ഒന്നു നിശ്ശബ്ദമാകുമ്പോള്‍ അടുത്ത തൂണിന്റെ മറവിലെത്തി ഷൂട്ട് ചെയ്തു. അങ്ങനെ എട്ടുദിവസങ്ങള്‍. ഒന്നു നിശ്ശബ്ദമാകുമ്പോള്‍ ഓടി വെളിയില്‍ വരും. രണ്ട് ചപ്പാത്തി കിട്ടും. അത് തിന്നും. അവിടെത്തന്നെ കിടക്കും. ത്രില്ലിങ് ആണെങ്കിലും പലവട്ടം വിചാരിച്ചു, ഇതെന്തിനാണ് സംഭവിക്കുന്നതെന്ന്. കാരണം ഇവരെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ഗോള്‍ഡന്‍ ടെംപിളിന്റെ മൂന്നു നിലകളില്‍നിന്നും ബുള്ളറ്റ് വരുന്നുണ്ട്. എല്ലാ നിലകളിലും മുറികളുണ്ട്. സൈന്യത്തിന് ഉള്ളില്‍ കയറാന്‍ സ്റ്റെയര്‍കേസ് മാത്രമേയുള്ളൂ.
ഗോള്‍ഡന്‍ ടെംപിളിനുള്ളിലെ 'ടെംപിള്‍' അറ്റാക്ക് ചെയ്യരുതെന്ന് സൈന്യത്തിന് നിര്‍ദേശമുണ്ടായിരുന്നു. സൈന്യം കര്‍ശനമായി അത് പാലിച്ചു. എന്നാല്‍, ടെററിസ്റ്റുകള്‍ വെടിവയ്ക്കുമ്പോള്‍ അത് അവിടെ ചെന്നുപെടും. അപ്പോഴാണ് ഗാനി സെയില്‍സിങ്-പ്രസിഡന്റ് വരുന്നു എന്ന് അനൗണ്‍സ്മെന്റ് വന്നത്. അദ്ദേഹം അവിടെ പൂജാരിയായി-ജത്തേദാറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അപ്പോഴേക്കും തീവ്രവാദികള്‍ ഏറെക്കുറെ വെക്കേറ്റ് ചെയ്തിരുന്നു. പത്തോ ഇരുപതോ പേര്‍ വീണ്ടും അവശേഷിക്കുന്നുണ്ടാവാം. പക്ഷേ, അതിനുള്ളില്‍ ഒരുപാട് ഒളിയിടങ്ങളുണ്ട്. പ്രസിഡന്റ് വരുമ്പോഴേക്കും രക്തക്കറകളൊക്കെ മാറ്റി ക്ലീന്‍ ചെയ്തിരുന്നു. അദ്ദേഹം പടിയില്‍ തൊട്ട് തൊഴുത് അകത്തേക്ക് കടക്കുന്ന ഷോട്ട് എടുത്തു. അത് പിന്നീട് വലിയ ചര്‍ച്ചയായി. സൂര്യപ്രകാശത്തിന്റെ തിളക്കത്തില്‍ അദ്ദേഹത്തിന്റെ വെളുത്ത സോക്സ് കണ്ട ആളുകള്‍ വിചാരിച്ചത് ചെരുപ്പിട്ട് അകത്തു കയറിയെന്നാണ്. പിന്നീട് ഞാന്‍ തന്നെ അത് റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ എടുത്ത ഷോട്ടാണെന്നും സോക്സാണെന്നും പറഞ്ഞു.
സൗന്ദര്യാത്മകമായി എടുക്കുന്ന ദൃശ്യങ്ങള്‍ ചിലപ്പോള്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. പ്രസിഡന്റ് വന്ന ദിവസം ഫയറിങ് ഉണ്ടായി. ഇന്നും ടി.വിയില്‍ അന്നത്തെ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഞാനെടുത്ത വിഷ്വല്‍സുമുണ്ട്. അന്നത് വലിയ നേട്ടമായി തോന്നിയെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോള്‍ അത് വലിയ ട്രാജഡിയായി തോന്നും.
മലയാളസിനിമയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്തൊക്കെ മലയാളം സിനിമകള്‍ കാണുമായിരുന്നു. അവയ്ക്ക് എന്തോ ഒരു സ്വാഭാവികത ഫീല്‍ ചെയ്തിരുന്നു. ഉള്ളില്‍ തട്ടും. എന്റെ കൂടെയുണ്ടായിരുന്ന അജയന്‍, ജോര്‍ജ് കിത്തു തുടങ്ങിയവരൊക്കെ കൂടെയുണ്ടാകും. അങ്ങനെ ജീവിതത്തിലൊരിക്കലെങ്കിലും ഒരു മലയാള സിനിമ ചെയ്യണമെന്നും മലയാളത്തില്‍ നിന്ന് ഒരു സംസ്ഥാന അവാര്‍ഡ് വാങ്ങണമെന്നും വലിയ ആഗ്രഹമായിരുന്നു.
ജലന്ധറില്‍ ജോലി ചെയ്യുന്ന കാലത്തും മനസ്സില്‍ മലയാള സിനിമയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി വന്നു. അവിടെ വെച്ച് ശ്യാമപ്രസാദ്, സാജന്‍, സംവിധായകന്‍ രഞ്ജിത്ത് ഇവരെയൊക്കെ പരിചയപ്പെട്ടു. അപ്പോഴേക്കും ഒരു വിശ്വാസമുണ്ടായി, മലയാളസിനിമയില്‍ എത്തിപ്പെടാമെന്ന്. ടെലിവിഷന്‍ ക്യാമറാമാന്‍ എന്ന നിലയില്‍ എന്നെ എല്ലാവരും അറിയുമായിരുന്നു.
എന്നാല്‍, സിനിമയിലെ ബാക്ഗ്രൗണ്ട് ആര്‍ക്കും അറിയില്ലായിരുന്നു. ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ശ്യാമപ്രസാദിനൊപ്പം ചെയ്ത മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്ന ഷോര്‍ട്ട് ഫിലിമാണ്. എന്‍പ്രിയയും ഊര്‍ക്കുരുവിയും അപ്പോഴേയ്ക്കും ചെയ്തിരുന്നു. ഊര്‍ക്കുരുവി പക്ഷേ, വിജയിച്ചില്ല. ഉയിര്‍ത്തെഴുന്നേല്‍പിന് കേരള സംസ്ഥാന പുരസ്‌കാരം കിട്ടി. അത് വാങ്ങാന്‍ പാടില്ലെന്ന് ദൂരദര്‍ശന്‍ ഡയറക്ടര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പുരസ്‌കാരം കിട്ടുന്നത് അഭിമാനമല്ലേ എന്നു ചോദിച്ചു. അതൊരു സ്വകാര്യ അവാര്‍ഡല്ലല്ലോ. ഡയറക്ടര്‍ വളരെ എതിരായിരുന്നു. അങ്ങനെ ഞാനും ശ്യാമപ്രസാദും രാജിവെച്ചു, 95-ല്‍. സമ്മാനം ആണ് ആദ്യ മലയാളസിനിമ. ശേഷം എം.ടി സാറിന്റെ നാലുകെട്ട് ദൂരദര്‍ശന് വേണ്ടി ചെയ്തു. പിന്നീട് തോറ്റങ്ങള്‍... അങ്ങനെ കുറെ സീരിയലുകള്‍ ചെയ്തു. ആറുവര്‍ഷം എനിക്ക് അവയ്‌ക്കൊക്കെ സംസ്ഥാന അവാര്‍ഡ് കിട്ടി.
എന്താണ് സിനിമ ചെയ്യാത്തതെന്നു പലരും ചോദിക്കുമ്പോള്‍ നല്ല സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് എന്നു പറയും. അപ്പോള്‍ ഒരു അടുത്ത സുഹൃത്ത് ചോദിച്ചു അതിന് പകരം ഒരു സിനിമ കിട്ടിയിട്ട് അത് നല്ലതാക്കിയാല്‍ പോരെ എന്ന്. അങ്ങനെയാണ് സുന്ദര്‍ദാസിന്റെ സമ്മാനം എന്ന സിനിമ ചെയ്യുന്നത്.
മരണം ദുര്‍ബലം എന്ന വര്‍ക്ക് കണ്ടിട്ടാണ് കിരീടം ഉണ്ണിയുടെ ഭാര്യ എന്റെ പേര് നിര്‍ദേശിക്കുന്നത്. സമ്മാനത്തിന് ശേഷം വീണ്ടും ടെലിവിഷന്‍ സീരിയലുകളിലേക്കായി. മാതൃഭൂമി നിര്‍മിച്ച ശമനതാളത്തിന്റെ ക്യാമറ ചെയ്തത് ഞാനാണ്. ടെലിവിഷനും സിനിമയും ഞാന്‍ ഒരേ ബഹുമാനത്തോടെയാണ് കാണുന്നത്.
എന്തായിരുന്നു സിനിമാ ജീവിതത്തിലെ വഴിത്തിരിവ്?
അത് അഗ്‌നിസാക്ഷിയാണ്. ഇടയ്ക്ക് ചില സിനിമകള്‍ ചെയ്യും. അവ പരാജയപ്പെടും. തിരിച്ചുവരും. അങ്ങനെയിരിക്കെ ശ്യാമപ്രസാദും ഞാനും ഒരു സിനിമ ചെയ്യുന്ന കാര്യം ആലോചിച്ചു. ഏത് കഥവെച്ച് ചെയ്യണമെന്ന് കുറെയേറെ ചര്‍ച്ച ചെയ്തു. അഗ്‌നിസാക്ഷിയാവാമെന്ന് കരുതി ബാലാമണിയമ്മയുടെ മകന്‍ മോഹനന്‍ സാറിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു, നല്ല രീതിയിലുള്ള ഒരു സിനിമ ചെയ്യാനാണെങ്കില്‍ കഥ നല്‍കാമെന്ന്. അങ്ങനെ 16 എം.എം. ആയി സിനിമയെടുക്കാനും ഞാനും ശ്യാമപ്രസാദും ചേര്‍ന്ന് നിര്‍മിക്കാമെന്നും തീരുമാനമായി. അപ്പോഴാണ് ചേര്‍ത്തല ബാബു ചേട്ടന്‍ നിര്‍മിക്കാന്‍ തയ്യാറായി വരുന്നത്. അപ്പോള്‍ അതിന്റെ റൈറ്റെല്ലാം അദ്ദേഹത്തിന് കൊടുത്ത് വലിയ സിനിമയായിത്തന്നെ ചെയ്തു. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ എനിക്ക് ശരിയായ മേല്‍വിലാസം ഉണ്ടാക്കിത്തന്ന സിനിമയാണത്.
ശ്യാമപ്രസാദിന് ദേശീയ അവാര്‍ഡ് ലഭിച്ചു. എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടി. 35 രാജ്യങ്ങളിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിക്കപ്പെട്ടു. എന്നാല്‍ അവാര്‍ഡിനെക്കാളൊക്കെ ആഹ്ലാദം നല്‍കിയത് ബാലു മഹേന്ദ്രയുടെ വാക്കുകളായിരുന്നു. ഇതുപോലൊരു സിനിമ, ലൈറ്റിങ്, ഫ്രെയ്മിങ് എനിക്ക് കണ്ടിട്ട് കൊതിതോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെപ്പോലുള്ളൊരു ലജന്‍ഡ് പറഞ്ഞുവെന്നത് വലിയ അംഗീകാരമായാണ് തോന്നിയത്. സിനിമയില്‍ തുടരുന്നതിനുള്ള പ്രചോദനം നല്‍കിയത് ആ വാക്കുകളായിരുന്നു.
അതിനുശേഷം വന്ന ലോഹിതദാസിന്റെ സൂത്രധാരന്‍ ചെയ്തു. എനിക്ക് ആത്മവിശ്വാസം നല്‍കിയ നല്ല സിനിമയായിരുന്നു അത്. പക്ഷേ, പ്രതീക്ഷിച്ച പോലെ തിയേറ്ററില്‍ ഓടിയില്ല. ആ സമയത്താണ് സംവിധായകന്‍ വിനയന്‍ വിളിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു അത്. ക്യാമറ കൊണ്ട് വിസ്മയം കാണിക്കുന്നതിനായി കഥ തിരഞ്ഞെടുക്കരുതെന്നും ഇതിവൃത്തം ഏറ്റവും നന്നായി പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കുന്ന രീതിയില്‍ ക്യാമറ ചെയ്യണമെന്നുമാണ് എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരൊക്കെ പറഞ്ഞത്. അതുകൊണ്ടുതന്നെ ഞാന്‍ സംവിധായകരോട് കഥ ചോദിക്കുമായിരുന്നു.
പലര്‍ക്കും അത് ഇഷ്ടപ്പെടില്ല. പലരും നീരസം കാണിക്കും. അപ്പോള്‍ എനിക്ക് മനസ്സിലാവില്ല, എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന്. അത്തരം സംഭവങ്ങള്‍ കാരണം സിനിമയ്ക്കുവേണ്ടി ക്യാമറ ചെയ്യേണ്ടെന്ന ഒരു ചിന്തയില്‍ നില്‍ക്കുമ്പോഴായിരുന്നു വിനയന്റെ വിളി വന്നത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഞാന്‍ സിനിമയ്ക്കുവേണ്ടി ക്യാമറ ചെയ്യുന്നില്ലെന്ന്. പിന്നീട് എന്നെ വിളിച്ചത് എന്റെ ബന്ധുകൂടിയായ അഭിനേത്രി പൂര്‍ണിമാ ഇന്ദ്രജിത്തിന്റെ അമ്മയാണ്. അവര്‍ പറഞ്ഞു, നീയിങ്ങനെ മാറി നില്‍ക്കരുത്. വിനയനുമായി സംസാരിക്ക്. ഞാനന്ന് ഒറ്റപ്പാലത്ത് പി.എന്‍. മേനോന്‍സാറിനുവേണ്ടി വര്‍ക്ക് ചെയ്യുകയാണ്. അവിടത്തെ ഗസ്റ്റ് ഹൗസില്‍വെച്ച് വിനയനും നിര്‍മാതാവ് ലത്തീഫുമായി സംസാരിച്ചു. അങ്ങനെയാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. കഥകേട്ട്, ശരിയായി മനസ്സിലാക്കിയാണ് സെറ്റില്‍ ചെന്നത്. എന്റെ ഇഷ്ട ലൊക്കേഷനാണ് തൊടുപുഴ. അവിടെ മുമ്പും ചില ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. ലൊക്കേഷന് കഥയില്‍ വലിയ സ്ഥാനമുണ്ട്. പ്രധാന കഥാപാത്രത്തിന് തുല്യമായ പ്രാധാന്യം സിനിമയില്‍ ലൊക്കേഷനുമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് ബാക്ക്ഗ്രൗണ്ടിലാണ് കഥ സംഭവിക്കുന്നത് എന്നത് പ്രധാനമാണ്. ക്യാമറാമാനെ സംബന്ധിച്ചിടത്തോളവും അത് ഏറെ പ്രധാനമാണ്.
വാസന്തിയുടെ ലൊക്കേഷന്‍ തൊടുപുഴയാണെന്ന് അറിഞ്ഞപ്പോള്‍, അത് ഭാഗ്യമില്ലാത്ത ലൊക്കേഷനാണെന്ന് പലരും പറഞ്ഞു. കാവാലത്തേക്കോ പാലക്കാട്ടേക്കോ ലൊക്കേഷന്‍ മാറ്റാമെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍, കഥയ്ക്ക് ഏറ്റവും യോജിച്ച ലൊക്കേഷന്‍ ഇതാണെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. വിനയനും അക്കാര്യത്തില്‍ ഉറച്ചുനിന്നു. ആ സിനിമ വന്‍ഹിറ്റായി. എനിക്കും നല്ല മൈലേജ് കിട്ടിയ സിനിമയാണത്.
അതിനുശേഷം ആ സിനിമ തമിഴില്‍ എടുത്തപ്പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം നേരില്‍ വിളിച്ച് ക്യാമറ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴത്തെ തിരക്കുകള്‍ കാരണം എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല.
വിക്രം വിളിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യമായി, എന്റെ വര്‍ക്ക് പലരും ശ്രദ്ധിക്കുന്നുണ്ട്. ഇനി മുന്നോട്ടേക്കുള്ള യാത്ര ശ്രദ്ധാപൂര്‍വം വേണമെന്നും തീരുമാനിച്ചു. കാരണം അഗ്‌നിസാക്ഷിയിലും വാസന്തിയിലും നിന്ന് കിട്ടിയ പേര് കളയാനാവില്ല. പിന്നീട് ചെയ്തത് രഞ്ജിത്തിന്റെ നന്ദനം, ശ്യാമപ്രസാദിന്റെ ഒരേകടല്‍, മധുപാലിന്റെ തലപ്പാവ്, ചന്ദ്രോത്സവം തുടങ്ങിയ കഥകളാണ്. എല്ലാം നല്ല സിനിമകളായിരുന്നു.
ഓരോ സിനിമയും എന്നെ സംബന്ധിച്ചിടത്തോളം ഓരോ അനുഭവങ്ങളാണ്. ഓരോ സംവിധായകരുടെ മനസ്സാണ് ഓരോ സിനിമയും. അപ്പോള്‍ ആ സംവിധായകന്റെ മനസ്സ് മനസ്സിലാക്കിയുള്ള യാത്രയാണത്. എന്റെ ഗുരുനാഥന്മാര്‍ പറഞ്ഞുതന്നത്, സിനിമയ്ക്ക് ക്യാമറ ചെയ്യുമ്പോള്‍ നാല് കണ്ണുവേണമെന്നാണ്. രണ്ട് വിഷ്വലിന്റെ കണ്ണ്, രണ്ട് മനസ്സിന്റെ കണ്ണ്. മനസ്സിന്റെ കണ്ണ് എന്നത് സംവിധായകന്റെ മനസ്സറിഞ്ഞ് വിഷ്വല്‍ ആക്കി മാറ്റുന്നതിനാണ്. എന്നാല്‍, എന്റെ ഒരു വിഷ്വല്‍ പാറ്റേണ്‍വെച്ചിട്ട് ഓരോ സിനിമയും എന്റെകൂടി സിനിമയാക്കി മാറ്റും.
പിന്നീട് ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ ആത്മസംതൃപ്തി തോന്നിയ സിനിമകള്‍ ഏതൊക്കെയാണ്?
മനസ്സിനക്കരെ അങ്ങനെ ആസ്വദിച്ച് ചെയ്ത സിനിമയാണ്. കാരണം ഗ്രാമങ്ങളും ഇടവഴികളും പച്ചപ്പുമെല്ലാം എനിക്ക് ചെറുപ്പം തൊട്ടേ ഇഷ്ടമാണ്. മാത്രമല്ല വളരെ സ്വാഭാവികമായ, ഗ്രാമീണത്തനിമയുള്ള കഥാപാത്രങ്ങളാണ് ആ സിനിമയില്‍. സത്യേട്ടന്‍ മനസ്സിനക്കരെയെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം അല്പം ഭയം തോന്നി. കാരണം, അദ്ദേഹത്തിന്റെ സിനിമകളുടെ കഥയും കഥാപാത്രങ്ങളും ശക്തമാണ്. അതിനിടയില്‍ വിഷ്വല്‍ അനുഭവപ്പെടുത്തുക എന്നത് ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയായിരുന്നു. പച്ച നിറം, പശ്ചാത്തലം ആ സിനിമയ്ക്ക് നല്‍കാമെന്ന് ഞാന്‍ ആലോചിച്ചു. തെളിമയ്ക്കുവേണ്ടി വെളുപ്പും ഐശ്വര്യത്തിനുവേണ്ടി പച്ചയും ഉപയോഗിക്കാമെന്ന് പറഞ്ഞപ്പോള്‍ സത്യേട്ടന്‍ പ്രോത്സാഹിപ്പിച്ചു. ആ ഒരു ആശയം ആര്‍ട്ട് ഡയറക്ടറുമായി ചര്‍ച്ച ചെയ്താണ് ലൊക്കേഷനും പശ്ചാത്തലവും ഒരുക്കിയത്. ഓരോ സീന്‍ കഴിയുമ്പോഴും സത്യേട്ടന്‍ പറയും അഴകപ്പാ, നന്നായി. അങ്ങനെ പേടിയെല്ലാം പെട്ടെന്ന് മാറി. പടം നന്നായി വന്നു. തിയേറ്ററില്‍ ഹിറ്റായി.
പിന്നെ കാഴ്ച, ചോക്ലേറ്റ്, ഒഴിമുറി, ഛോട്ടാ മുംബൈ അങ്ങനെ. ഈ പടങ്ങളെല്ലാം ഇതിവൃത്തത്തിലും സമീപനത്തിലും വ്യത്യസ്തമായവയാണ്. ഛോട്ടാ മുംബൈയിലൊക്കെ വിഷ്വല്‍സ് വ്യത്യസ്ത പാറ്റേണിലാണ്. അറുപതോളം സിനിമകള്‍ ഞാന്‍ ചെയ്തുകാണും. എത്ര അധികം സിനിമകള്‍ ചെയ്തു എന്നതിനല്ല, എത്ര നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞു എന്നതിനാണ് വിലമതിക്കുന്നത്.
ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. എങ്ങനെയാണ് പട്ടം പോലെയില്‍ എത്തിയത്?
സിനിമയുടെ അകത്ത് കയറിക്കഴിഞ്ഞാല്‍ അതൊരു അഡിക്ഷനായി മാറും ഒരു പാഷന്‍കൊണ്ടാണ് സിനിമയിലെത്തുന്നത്. പക്ഷേ, അത് പിന്നീട് അഡിക്ഷനായി മാറി. സിനിമയിലെ ഓരോ ജോലിയും പ്രധാനമാണ്. രാത്രി തണുപ്പത്ത് ജോലി ചെയ്യുമ്പോള്‍ ഒരു ചായ കിട്ടിയില്ലെങ്കില്‍ പിന്നെ ഒന്നും ശരിയാവില്ല. അതേപോലെ ക്യാമറയുടെ മുന്നില്‍ ക്ലാപ്പടിക്കുന്നത്.
പട്ടം പോലെയില്‍ സംവിധാനവും ക്യാമറയും ഞാനായിരുന്നു. ക്യാമറയില്‍ മാസ്റ്റര്‍ ഡിഗ്രിയും സംവിധാനത്തില്‍ എല്‍.കെ.ജി.യുമായാണ് ആ സിനിമയ്ക്കിറങ്ങിയത്. സംവിധാനത്തില്‍ മുമ്പുണ്ടായിരുന്ന പരിചയം അന്ന എന്ന പേരില്‍ ഒരു സീരിയല്‍ സംവിധാനം ചെയ്തതാണ്. അന്ന കരെനിന എന്ന ടോള്‍സ്റ്റോയ് നോവലിനെ അധികരിച്ച് എടുത്ത ആ സീരിയലിന് ഒന്‍പത് സംസ്ഥാന അവാര്‍ഡ് കിട്ടി. പിന്നെ സല്യൂട്ട് എന്ന പേരില്‍ രണ്ടുപേരെവെച്ച് ഒരു സിനിമ ചെയ്തു. തിയേറ്ററില്‍ റിലീസായില്ല. ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു.
സിനിമയില്‍ വന്ന എല്ലാവര്‍ക്കും സംവിധാനം ചെയ്യണമെന്ന് ഒരാഗ്രഹം ഉണ്ടാവും. എനിക്കും അങ്ങനെ തോന്നി. വലിയ പാഷനല്ല, മോഹമായിരുന്നു അത്. ആ സിനിമയുടെ നിര്‍മാതാവ് കരുണാകരന്‍ ചേട്ടന്റെ അടുത്ത് ലോഹിയേട്ടനാണ് (ലോഹിതദാസ്) എന്നെക്കൊണ്ട് പടം സംവിധാനം ചെയ്യിക്കാന്‍ പറഞ്ഞത്. പട്ടം പോലെയിലെ കഥ തിരുവനന്തപുരത്ത് നടന്ന ഒരു സംഭവത്തെ അധികരിച്ച് എടുത്തതാണ്. കഥ കേട്ട ഉടന്‍തന്നെ ദുല്‍ഖര്‍ സമ്മതിച്ചു.
യുവാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴൊരു സുഖമുണ്ട്. അവര്‍ക്ക് ഒരുപാട് പുതിയ ഐഡിയകള്‍ ഉണ്ടാവും. അവര്‍ക്കൊപ്പം ചേരുമ്പോള്‍ നമ്മളും സ്വയം അപ്ഡേറ്റഡാവും.
പിന്നെ വലിയൊരു ഭാഗ്യം ഉള്ളത്, വിവിധ ഭാഷകളിലായി മുന്നൂറിന് മുകളില്‍ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞു എന്നതാണ്. ഫീച്ചര്‍ ഫിലിമും ഷോര്‍ട്ട് ഫിലിമും ആഡ് ഫിലിമുമായി ഇങ്ങനെ ഒരുപാട് സംവിധായകര്‍ക്കൊപ്പം അടുത്തു പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്താണ് എന്റെ കരുത്ത്. 21-ാം വയസ്സിലാണ് ഞാന്‍ തുടങ്ങിയത്. അന്ന് എന്റെ സംവിധായകന്‍ രാമണ്ണ സാറിന് 55 വയസ്സ്. പേടിയോടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്. ഇപ്പോള്‍ ഈ 58-ാം വയസ്സില്‍ 21 വയസ്സുള്ള സംവിധായികയ്‌ക്കൊപ്പം ജോലി ചെയ്തു. മുകേഷിന്റെ അനിയത്തിയുടെ മകള്‍ നതാലിയയ്‌ക്കൊപ്പം ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. പിന്നെ ഊര്‍മിളാ ഉണ്ണിയുടെ മകള്‍ ഉത്തരയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തു.
Content Highlights: Indian cinematographer Alagappan interview