ഉറക്കമുണര്‍ന്നപ്പോള്‍ മുന്നില്‍ നടി ശോഭയെക്കണ്ടു ഞെട്ടി, സ്വപ്‌നമാണോ എന്ന് സംശയിച്ചു....

#തയ്യാറാക്കിയത്: കെ. സുരേഷ് കുമാര്‍
ഐ.വി. ശശി
ഐ.വി. ശശി

എന്തെങ്കിലും നേടണമെന്ന് പൂര്‍ണമനസ്സോടെ ആഗ്രഹിച്ചാല്‍ അതു സഫലമാക്കാനായി ഈ പ്രപഞ്ചംതന്നെ ഒപ്പമുണ്ടാകുമെന്ന് ആല്‍ക്കെമിസ്റ്റ് എന്ന പ്രശസ്ത നോവലില്‍ പൗലോ കൊയ്ലോ എഴുതിയത്, കോഴിക്കോട്ട് വെസ്റ്റ്ഹില്ലിലെ ഇരുപ്പംവീട്ടില്‍ ശശിയുടെ ജീവിതത്തെക്കുറിച്ചുകൂടി അറിഞ്ഞിട്ടായിരിക്കുമെന്ന് ഒരു ചിരിയോടെ അമൃതനാഥന്‍ പറയുന്നു. അമൃതനാഥനെന്നാല്‍ ഇരുപ്പം വീട്ടില്‍നിന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തുള്ള മാത്രാടിക്കല്‍ തറവാട്ടുകാരന്‍... ഇരുപ്പം വീട്ടില്‍ ശശിയുടെ ബാല്യകാലസുഹൃത്തും സഹപാഠിയും. എന്തായാലും പൗലോ കൊയ്ലോ പറഞ്ഞതുപോലെ വെസ്റ്റ്ഹില്‍ ചുങ്കത്തെ ശശി എന്ന കുട്ടിയുടെ കടുകടുത്ത ആഗ്രഹം ഫലവത്താകുന്നതിനായി പ്രപഞ്ചം വലിയൊരു ഗൂഢാലോചനതന്നെ നടത്തി എന്നുറപ്പാണ്. അതുകൊണ്ടല്ലേ,  ഉത്സവം, അനുഭവം, ആലിംഗനം, അയല്‍ക്കാരി, ഇതാ ഇവിടെവരെ, ഈനാട്, അങ്ങാടി, അഹിംസ, വാര്‍ത്ത.....തുടങ്ങി ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കാണാമറയത്ത്, ദേവാസുരം...എന്നിങ്ങനെ നമ്മള്‍ മലയാളികള്‍  ആഘോഷിച്ചാര്‍മ്മാദിച്ച നൂറില്‍പ്പരം വിസ്മയസിനിമകള്‍ ഉണ്ടായത്! അതുകൊണ്ടല്ലേ, സ്‌ക്രീനില്‍ ഐ.വി. ശശി എന്നു കാണുമ്പോഴേക്കും ആഹ്ലാദാരവത്തോടെ നമ്മളൊക്കെ കയ്യടിച്ചുതിമിര്‍ത്തത്!
'എല്ലാ വഴികളും റോമിലേക്ക്' എന്നുള്ള ചൊല്ലുപോലെ, ജീവിതത്തില്‍ സഞ്ചരിച്ച വഴികളൊക്കെ ശശിക്ക് സിനിമയിലേക്കുള്ളതായിരുന്നു. അമൃതനാഥന്‍ പറയുന്നു: ''കുട്ടിക്കാലംതൊട്ടേ അവന്‍ എന്തുപറഞ്ഞാലും അതൊടുവില്‍ എത്തിച്ചേരുക സിനിമയിലായിരിക്കും...''

എം. അമൃതനാഥന്‍

വായനയുടെ ഊഞ്ഞാലുകാലം
പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന അത്താണിക്കല്‍ പ്രോഗ്രസീവ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ അമൃതനാഥനും ഐ.വി.ശശിയും വായനയില്‍ സജീവമാകുന്നത് ഹൈസ്‌കൂള്‍ കാലത്തിനുശേഷമാണ്. വല്ലപ്പോഴുമൊക്കെ ഒരുമിച്ചാണ് ലൈബ്രറിയില്‍ എത്താറുള്ളതെങ്കിലും രണ്ടുപേരുടേയും വായനാലൈന്‍ വ്യത്യസ്തമായിരുന്നു. ബഷീര്‍, തകഴി, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്ട്, വിലാസിനി തുടങ്ങിയവരായിരുന്നു ഐ.വി. ശശിയുടെ ഇഷ്ട എഴുത്തുകാരെങ്കില്‍ നീലകണ്ഠന്‍ പരമാരയുടെയും ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെയുമൊക്കെ തട്ടുപൊളിപ്പന്‍ കുറ്റാന്വേഷണ നോവലുകളില്‍ തുടങ്ങി ദസ്തയേവ്സ്‌കി, ടോള്‍സ്റ്റോയി, തുര്‍ഗ്ഗനേവ്, ബോറിസ് പാസ്റ്റര്‍നാക്ക് എന്നിങ്ങനെയുള്ളലോകോത്തരന്‍മാരെയായിരുന്നു അമൃതനാഥന്‍ വായിച്ചിരുന്നത്. എന്‍.കെ. ദാമോദരന്‍, ഓമന, ഗോപാലകൃഷ്ണന്‍ എന്നിവരുടെയൊക്കെ പരിഭാഷാനോവലുകള്‍. അതില്‍ പാസ്റ്റര്‍നാക്കിന്റെ ഡോക്ടര്‍ ഷിവാഗോയ്ക്ക് മുട്ടത്തുവര്‍ക്കി നല്‍കിയ പരിഭാഷ ഒരു വിസ്മയംതന്നെയായിരുന്നു എന്ന് അമൃതന്‍ ഉറപ്പിച്ചുപറയുന്നു. അമൃതനാഥനെ ലോകസാഹിത്യത്തിലേക്ക് തിരിച്ചുവിട്ടത് പാര്‍ത്ഥേട്ടന്‍ എന്ന് അമൃതന്‍ വിളിക്കുന്ന പൊറോളി പാര്‍ത്ഥസാരഥിയാണ്.
ഐ.വി. ശശിയുടെ വായനാരീതിയില്‍ അമൃതനാഥനെ അത്ഭുതപ്പെടുത്തിയത് ഊഞ്ഞാലാണ്. അത് ഐ.വി. ശശി എത്രതവണ വായിച്ചിട്ടുണ്ടെന്ന് അമൃതനാഥന് പോയിട്ട്, ഐ.വി. ശശിക്കുപോലും അറിയുമായിരുന്നില്ല. പലപ്പോഴും ശശിയുടെ കയ്യില്‍ കാണുന്ന പുസ്തകം വിലാസിനി എന്ന എം.കെ. മേനോന്‍ എഴുതിയ ഊഞ്ഞാലായിരുന്നു. സിനിമയില്‍ പച്ചപിടിച്ചു തുടങ്ങിയ കാലത്തും ഈ നോവല്‍ ശശി നിരന്തരം വായിച്ചിരുന്നു എന്ന് അമൃതന് ഓര്‍മ്മയുണ്ട്. ശശിയുടെ ഈ ഊഞ്ഞാല്‍പ്രേമം കണ്ട് ഒന്നുവായിച്ചുനോക്കാമെന്നു കരുതി ലൈബ്രറിയില്‍ ഒന്നോ രണ്ടോ തവണ അമൃതന്‍ ഊഞ്ഞാല്‍ ചോദിച്ചപ്പോള്‍ അതവിടെയില്ലായിരുന്നു. കൊണ്ടുപോയതാരെന്നു നോക്കുമ്പോള്‍ ഐ.വി.ശശി. മറ്റൊരിക്കല്‍ ലൈബ്രറിയിലിരുന്ന് വായിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി 'വിലാസിനിയുടെ ഊഞ്ഞാല് തിരിച്ചെത്തിയോ?'എന്നു ചോദിക്കുന്നത് അമൃതന്‍ കേട്ടു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി ദേഷ്യത്തോടെ എന്തോ പിറുപിറുത്തു. ആ പിറുപിറുക്കല്‍ ശശിക്കുനേരേയായിരിക്കുമെന്ന് അമൃതനന്നേരം ഊഹിച്ചെടുത്തു. 
''ഇത്ര പ്രാവശ്യമൊക്കെ വായിക്കാന്‍ ഊഞ്ഞാലില്‍ അതിനുമാത്രമെന്താ ഉള്ളതെന്ന് ഒരിക്കല്‍ ഞാന്‍ ശശിയോടു ചോദിച്ചു.'' അമൃതന്‍ അക്കാലം ഓര്‍ത്തെടുത്തു. ''വിലാസിനി ഈസ് എ ഗ്രേറ്റ് റൈറ്റര്‍ അമൃതാ, ഊഞ്ഞാല്‍ മുഴുവന്‍ വിഷ്വല്‍സാ....കൊതിപ്പിക്കുന്ന വിഷ്വല്‍സുകള്‍ക്കൊണ്ടാ വിലാസിനി ഈ നോവലുണ്ടാക്കിയത് 'എന്നാണ് ശശി അതിന് മറുപടി പറഞ്ഞത്. ശശിയുടെ ഈ പ്രേരണകൊണ്ട് താനും രണ്ടുതവണ ഊഞ്ഞാല്‍ വായിച്ചിട്ടുണ്ടെന്ന് അമൃതനാഥന്‍ പറഞ്ഞു. 
''ഊഞ്ഞാലായിരിക്കും ശശി ചെയ്യുന്ന ആദ്യസിനിമ എന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആലപ്പി ഷെരീഫിന്റെ രചനയില്‍ കെ.പി. ഉമ്മറും രാഘവനും റാണി ചന്ദ്രയുമൊക്കെ അഭിനയിച്ച 'ഉത്സവ'മായിരുന്നു ശശിയുടെ ആദ്യ സിനിമ.'' അതു പറഞ്ഞ് പതുക്കെ അമൃതന്‍ ഒരു വരി മൂളി: 'ആദ്യ സമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോള്‍...'ഉത്സവത്തിലുള്ള എ.ടി. ഉമ്മര്‍ സംഗീതം ചെയ്ത പാട്ടാ...പൂവ്വച്ചലിന്റെതാ രചന.....ഏതായാലും  പത്തുപതിനഞ്ചു സിനിമകള്‍ക്കുശേഷം ശശി ഊഞ്ഞാല്‍ ചെയ്തു...അതിഗംഭീരമായിത്തന്നെ...'' 
ഐ.വി. ശശിയുടെ മിക്കവാറും എല്ലാ സിനിമകളിലും ഒരു പാട്ടുസീനിലെങ്കിലും ഊഞ്ഞാല്‍ കടന്നുവരാറുണ്ടെന്ന ഒരു കണ്ടെത്തലും അമൃതനാഥന്‍ നടത്തി.

‘ഇതാ ഇവിടെവരെ’ സിനിമാചിത്രീകരണത്തിനിടയിൽ ഐ.വി.ശശിയും രാമചന്ദ്രബാബുവും

ജീവിതം വരച്ചുതുടങ്ങിയപ്പോള്‍...
ഐ. വി. ശശിക്ക് ആദ്യകാലത്ത് സിനിമയോടല്ല, ചിത്രകലയോടായിരുന്നു കമ്പമെന്ന് എവിടെയോ വായിച്ചത് സൂചിപ്പിച്ചപ്പോള്‍ അതങ്ങനെയല്ലെന്ന് കൈകൊണ്ട് ആംഗ്യംകാണിച്ച അമൃതനാഥന്‍  ഒരു നിമിഷം ഏന്തോ ആലോചിച്ച്  നിന്നു. പിന്നെ പെട്ടെന്ന് ഓര്‍മ്മകിട്ടിയതുപോലെ പറഞ്ഞു: ''ങാ, ആന്റണി മാസ്റ്റര്‍, അങ്ങോരുടെ യൂണിവേഴ്സല്‍ ആര്‍ട്സില്‍ ശശി ചേര്‍ന്നതുപോലും സിനിമാ ലക്ഷ്യത്തിലായിരുന്നെന്നാണ് ഞാന്‍ പറയുക. സ്വാമിയേട്ടന്‍ എന്ന് ശശി വിളിക്കുന്ന, അകന്ന ബന്ധുവും സിനിമയിലെ കലാസംവിധായകനുമായിരുന്ന എസ്. കൊെന്നനാട്ടിനെ പ്രീതിപ്പെടുത്തി സിനിമയിലേക്കെത്താന്‍ യൂണിവേഴ്സലിന്റെ സര്‍ട്ടിഫിക്കറ്റ് ഗുണംചെയ്യുമെന്ന് അവനു തോന്നിയിരിക്കണം. 
പിന്നെ, കോഴിക്കോട്ടെ പ്രശസ്ത കലാകാരനും നാടകകൃത്തും സംവിധായകനും നടനുമൊക്കെയായിരുന്ന വാസുപ്രദീപിനെപ്പോലുള്ളവരുമായൊക്കെ ശശി ബന്ധമുണ്ടാക്കിയതും സിനിമാലക്ഷ്യത്തിലായിരുന്നെന്നാണ് ഞാന്‍ കരുതുന്നത്. ശശിയുടെ അനുജന്‍ ഐ.വി. ശശാങ്കന്റെ സ്ഥിരം താവളമായിരുന്ന കോഴിക്കോട് എസ്. എം. സ്ട്രീറ്റിലെ വാസുപ്രദീപിന്റെ 'പ്രദീപ് ആര്‍ട്‌സി'ല്‍ എന്നെയും ഒരിക്കല്‍ ശശി കൊണ്ടുപോയിട്ടുണ്ട്....''ആ അനുഭവം ഓര്‍ത്തായിരിക്കണം അമതൃതനാഥന്‍ ഒന്നു നിര്‍ത്തി.  
''സ്‌കൂള്‍ പഠനകാലത്തേ ശശി നന്നായി വരയ്ക്കുമായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍  ഞങ്ങളുടെ ഹെഡ്മാസ്റ്ററായിരുന്ന അഡോണാ സാറിന്റെ ചിത്രം ശശി മനോഹരമായി വരച്ചത് അവിടുത്തെ ഓഫീസില്‍ ഏറെകാലമുണ്ടായിരുന്നു. ഒരുപക്ഷേ ഇപ്പോഴും അതവിടെ ഉണ്ടായിരിക്കണം... ഒരു ചിത്രകാരന്റെ മനസ്സ് ശശിയുടെ  സിനിമകളിലെ  ഓരോ ഫ്രെയിമിലും നമുക്ക് കാണാനാവും, ഇല്ലേ?'' നല്ല വായനക്കാരനും സിനിമാ ആസ്വാദകനുമായ അമൃതനാഥന്‍ ചോദിക്കുന്നു. ഐ.വി. ശശിയുടെ സിനിമകളില്‍ ഒരെണ്ണമെങ്കിലും കണ്ടിട്ടുള്ള ആര്‍ക്കെങ്കിലും ആ ചോദ്യത്തെ നിഷേധിക്കാനാവുമോ?

ഐ.വി. ശശി

ഓര്‍മ്മകളുടെ ഭാര്‍ഗവീനിലയം
 ''കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് പണ്ടത്തെ വിശാലമായ വയലിനും പറമ്പുകള്‍ക്കും ഗ്രാമീണസൗന്ദര്യത്തിനും പകരം കൊയെന്‍ കോയുടെ കെട്ടിടങ്ങളും പാസ്പോര്‍ട്ട് സേവാകേന്ദ്രവും കാര്‍ യാര്‍ഡും മറ്റുചില കെട്ടിടങ്ങളും വലിയ റോഡുമൊക്കെവന്ന് ആകെ മുഖഛായ മാറിയെങ്കിലും ശശിയുടെയും ശശാങ്കന്റെയും അമൃതന്റെയുമെല്ലാം കളിസ്ഥലമായിരുന്ന, ഭാര്‍ഗവീനിലയമെന്ന് അമൃതനാഥനുള്‍പ്പെടെയുള്ള കുട്ടികളൊക്കെ  വിളിക്കാറുള്ള, ആ പഴയ മൂന്നുനില ഇരുപ്പം തറവാടും വിശാലമായ പറമ്പുമെല്ലാം ഇപ്പോഴും കൃത്യമായി അമൃതനാഥന്റെ മനസ്സിലുണ്ട്. 
അമൃതനാഥന്റെ അമ്മ പ്രിയംവദയായിരുന്നു ആ പ്രദേശത്തെ ഏറ്റവും വലിയ സുന്ദരിയെന്ന് പലപ്പോഴും പറയാറുണ്ടായിരുന്ന, പൊതുവേ കൂടുതല്‍ സംസാരിക്കാത്ത പ്രകൃതമുള്ള കൗസുവമ്മയ്ക്ക്  (ശശിയുടെ അമ്മ കൗസല്യ) പൊളിഞ്ഞുവീഴാറായ ആ വലിയവീട്ടില്‍ കുട്ടികള്‍ കയറുന്നത് ഭയമായിരുന്നു. കൗസുവമ്മ വഴക്കുപറയുമെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് ശശിയും അമൃതനും കൂട്ടരും അവിടെത്തന്നെയായിരുന്നു കളി. അതിനടുത്തുതന്നെ വലിയൊരു വീടിനുള്ള തറയിട്ട് അതില്‍ രണ്ടുമുറിമാത്രം പണിത് അവിടെയായിരുന്നു ശശിയുടെയും കുടുംബത്തിന്റെയും താമസം. അച്ഛന്‍ ചന്തുച്ചന്‍ (ഇരുപ്പം വീട്ടില്‍ ചന്തു) കോഴിക്കോട്ടെ പ്രശസ്തമായ ബസ് സര്‍വ്വീസുകാരായ സി.സി. ട്രാന്‍സ്പോര്‍ട്ട്സ് എന്ന സ്ഥാപനത്തില്‍ പേരുകേട്ട മെക്കാനിക്കായിരുന്നു. ഭാര്‍ഗവീനിലയത്തില്‍ കുട്ടികള്‍ കളിക്കുന്നതുകണ്ടാലും അദ്ദേഹം ഒന്നും പറയില്ല. 
 ദൂരെ കണ്ണൂര്‍ റോഡിന്റെ ഒരു ഓരത്തേക്ക് ചൂണ്ടിക്കാണിച്ച,് പണ്ട് ശശിയോടൊത്ത് വെടിപറഞ്ഞിരിക്കാറുള്ള അരമതിലുണ്ടായിരുന്നത് അവിടെയായിരുന്നെന്ന് പറഞ്ഞ അമൃതനാഥന്റെ കണ്ണുകളില്‍ ഓര്‍മ്മകളുടെ തിളക്കം. അവിടെ പണ്ടുണ്ടായിരുന്ന ആ പഴയ വയലിലായിരുന്നുവത്രേ, സ്‌കൂളിലെ സ്പോര്‍ട്സ് ഡേ കഴിഞ്ഞാല്‍ അതിന്റെ ആവേശത്തില്‍ ആ പ്രദേശത്തെ കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി ശശി ഒറ്റയ്ക്കു സംഘടിപ്പിക്കാറുള്ള സ്പോര്‍ട്സ് ഡേ അരങ്ങേറിയിരുന്നത്. അതില്‍ പലപ്പോഴും അമൃതനാഥനും പങ്കെടുത്തിട്ടുണ്ട്. 
''ഇരുപ്പം വീട് കഴിഞ്ഞാലുള്ള എന്റെ വല്യച്ചന്റെ വീടിനടുത്തുകൂടെയുള്ള പോക്കറ്റ് റോഡു ചെന്നുചേരുന്നിടത്തായിരുന്നു വീനസ് ടാക്കീസ്. ശശിയുടെ അച്ഛന്റെ ഒരു ബന്ധുവിന്റെ ആ ഓലമേഞ്ഞ ടാക്കീസില്‍പോയി നിരന്തരം സിനിമ കാണലായിരുന്നു (ചിലപ്പോള്‍ കണ്ടതുതന്നെ വീണ്ടുംവീണ്ടും കാണല്‍) അക്കാലങ്ങളിലെ ശശിയുടെ പ്രധാന ഹോബി. തസ്‌കരവീരനുള്‍പ്പെടെ കുറേ സിനിമകള്‍ ഞാനും അവിടന്ന് കണ്ടിട്ടുണ്ട്...'' നടക്കുന്നതിനിടയില്‍ അമൃതനാഥന്‍ പറഞ്ഞു.
അമൃതനാഥന്റെ മൂത്ത ജ്യേഷ്ഠന്‍ സോമസുന്ദരന്റെയും സുഹൃത്തായിരുന്നു ശശി. ഒരു തിരുവാതിരയ്ക്ക്  സോമസുന്ദരനും സംഘവും വീടുവീടാന്തരം ചെന്നു കളിച്ച  ചെറിയ നാടകത്തില്‍ ശശിയും അഭിനയിച്ചിരുന്നത് അമൃതനാഥന്‍ ഓര്‍ക്കുന്നു. 

ശശിയുടെ കഥപറച്ചില്‍
ഒന്‍പതാം ക്ലാസ്സില്‍  സഹപാഠിയായതിനുശേഷമാണ് ശശിയുമായി അമൃതനാഥന്‍ കൂടുതല്‍ അടുക്കുന്നത്. രണ്ടുപേരും ഒരുമിച്ചാണ് സ്‌കൂളില്‍നിന്ന് തിരിച്ചുവരിക. ബസ്സിനുപോകാന്‍ വീട്ടില്‍നിന്നു കൊടുക്കുന്ന പൈസ ലാഭിക്കാന്‍ അവര്‍ പലപ്പോഴും നടന്നാണ് പോകുക. ഒപ്പം ചിലപ്പോള്‍ അമൃതന്റെ കസിന്‍ മോഹന്‍ദാസുമുണ്ടാകും. വീനസ് ടാക്കീസില്‍നിന്നു കണ്ട സിനിമകളുടെ കഥ ശശി വഴിനീളെ പറയും. സ്‌കൂളില്‍നിന്നു വീട്ടിലേക്കു നടക്കാന്‍ അമൃതന് ഇഷ്ടമായിരുന്നതിന്റെ കാരണം ബസ്സുകൂലിമിച്ചത്തേക്കാള്‍ ശശിയുടെ കഥകള്‍തന്നെയായിരുന്നു. 
അന്നൊക്കെ വെള്ളിയാഴ്ചകളിലാണ് തിയേറ്ററുകളില്‍ സിനിമ മാറുക. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമൊക്കെ ശശിക്ക് വലിയ ഉത്സാഹമാണ്. ആ ദിവസങ്ങളില്‍ നടന്നുപോകണമെന്നത് അവന് നിര്‍ബന്ധമാണ്. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജുമുതല്‍ വെസ്റ്റ്ഹില്‍ ചുങ്കം വരെയുള്ള അഞ്ചെട്ടു ബസ് സ്റ്റോപ്പുകള്‍ക്കെല്ലാമരികിലുണ്ടായിരുന്ന വലിയ മരങ്ങളില്‍ പുതിയ സിനിമകളുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടായിരിക്കും. അതെല്ലാം കാണുക എന്ന ആവേശത്തിലായിരിക്കും ശശി. (ഏതൊക്കെ തിയേറ്ററില്‍ ഏതൊക്കെ സിനിമ കളിക്കുന്നുവെന്നും അതില്‍ ആരൊക്കെ അഭിനയിക്കുന്നെന്നും സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം ആരാണെന്നുമൊക്കെ എപ്പോഴും ശശിക്ക് കാണാപ്പാഠമായിരുന്നു). ബോര്‍ഡുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന നേരത്താണ് ഞങ്ങള്‍ അവിടെ എത്തുന്നതെങ്കില്‍ ഒട്ടിക്കുന്ന ഓരോ പോസ്റ്റര്‍ കഷണത്തിലും (ആറോ എട്ടോ കഷണങ്ങള്‍ ചേര്‍ത്തൊട്ടിച്ചാണ് ഒരു വലിയ പോസ്റ്റര്‍ രൂപപ്പെടുത്തുന്നത്). കാണുന്ന മുടിയോ മൂക്കോ ചെവിയോ മാത്രമുള്ള ചിത്രഭാഗങ്ങള്‍ കണ്ട് അതാരാണെന്ന് പ്രവചിക്കുകയാണ് ശശിയുടെ ആദ്യപണി. അത് മിക്കവാറും കിറുകൃത്യമായിരിക്കും. പൂര്‍ണമായി ഒട്ടിച്ചുകഴിഞ്ഞ സിനിമാ പോസ്റ്റര്‍ നോക്കി അതിശയത്തോടെ വാ പൊളിച്ചുനില്‍ക്കുന്ന ശശിയുടെ കൊച്ചുരൂപം അമൃതനാഥന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഈ ബോര്‍ഡുകള്‍ നോക്കിനില്‍ക്കുമ്പോഴാണ് ശശിയുടെ ഭാവന ചിറകുമുളച്ചു തുടങ്ങുക. പോസ്റ്ററിലെ ഓരോ കഥാപാത്രങ്ങളെ നോക്കി, അവര്‍ ഇന്നയിന്ന ആളുകളായിരിക്കുമെന്നും, വില്ലനാരായിരിക്കുമെന്നുമൊക്കെ വിവരിച്ച് ശശിതന്നെ ആ സിനിമയ്ക്ക് ഒരു കഥയുണ്ടാക്കിപ്പറയും.
''ശശിയുടെ വിവരണം കേള്‍ക്കാന്‍ ബഹുരസമായിരുന്നു.'' അമൃതനാഥന്‍ പറയുന്നു: ''വണ്ടിപ്പേട്ട ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ബോര്‍ഡിലെ 'മണവാട്ടി' സിനിമയുടെ പോസ്റ്റര്‍ നോക്കി അവന്‍ കഥ പറഞ്ഞതൊക്കെ നല്ലയോര്‍മ്മയുണ്ട്. കുട്ടിക്കുപ്പായം, പഴശ്ശിരാജ, ഭാര്‍ഗവീനിലയം... ഇങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് ശശിയുടേതായ കഥ കേട്ടിട്ടുണ്ട്. അവയില്‍ ചിലതെല്ലാം പിന്നീടു കണ്ടപ്പോള്‍ ശശിയുടെ കഥയുമായി ഏകദേശമൊരു സാമ്യം തോന്നിയിട്ടുണ്ട്. ചിലതാകട്ടെ, ശശി പറഞ്ഞ കഥയായിരുന്നു കൂടുതല്‍ മെച്ചമെന്നു തോന്നിയിട്ടുമുണ്ട്...ഈ ദിവസങ്ങളില്‍ ഞങ്ങള്‍ വീട്ടിലെത്താന്‍ മിക്കവാറും സന്ധ്യകഴിയും.''
സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഐ. വി. ശശി ഒരു പാവത്താനായിരുന്നോ എന്നു ചോദിച്ചപ്പോള്‍ ''അല്ലേയല്ല,'' എന്ന അമൃതനാഥന്റെ മറുപടി ഉടനെ വന്നു. പിന്നെ കൂടുതല്‍ പറയാതെ ഒരു ചിരിയോടെ എന്തെല്ലാമോ ആലോചിച്ചു. ''ആള്‍ക്ക് കുസൃതിഅല്പം കൂടുതലായിരുന്നു. നമ്മള്‍ കോഴിക്കോട്ടുകാര്‍ 'വെളവന്‍' എന്നൊക്കെ പറയില്ലേ, ആ ടൈപ്പ്.  അഡോണാ സാറിനുശേഷം എച്ച്. എം. ആയിവന്ന നിക്കളാസ് സാറിന്റെ ഇരട്ടപ്പേര് വിളിച്ച ഒരു പ്രശ്നത്തില്‍ ശശിയും പെട്ടുപോയിട്ടുണ്ടായിരുന്നു. പിന്നെ കോളേജിലായപ്പോള്‍ ഒരു അടിപിടിയിലും ചീമുട്ടയേറിലും പ്രതിപ്പട്ടികയിലെ ഒരാള്‍ ശശിയായിരുന്നു. രക്ഷിതാവിനെ വിളിച്ചുവരാന്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതോടെയാണ്, ഒരു കാരണം കിട്ടിയമട്ടില്‍ ശശി മദ്രാസിലേക്ക് നാടുവിട്ടത്...''

മദിരാശിയിലെ സിനിമാക്കാലം
അവിടെനിന്നു തുടങ്ങുന്നു ഐ.വി. ശശിയുടെ സിനിമാക്കാലം. എസ്. കൊന്നെനാട്ടിനെ കാണാന്‍പോയെങ്കിലും അദ്ദേഹവുമായി കണ്ടുമുട്ടുന്നത് കുറച്ചുദിവസത്തെ കഷ്ടപ്പാടുകള്‍ക്കു ശേഷമാണ്. അങ്ങനെ കലാസംവിധാനത്തില്‍ കൊന്നെനാട്ടിന്റെ സഹായിയായി കൂടി. 
''നാടുവിട്ടതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ കണ്ടത്. അതിനിടയ്ക്ക് ശശി നാട്ടില്‍ വന്നിട്ടുണ്ടാവണം. എന്തോ,കുറേകാലം തമ്മില്‍ കണ്ടിട്ടില്ല. അതും ശശിയുടെ പണ്ടുതൊട്ടേയുള്ള ഒരു സ്വഭാവമാണ്. ഇടയ്ക്ക് ചിലപ്പോള്‍ തമ്മില്‍ കണ്ടാലും വലിയ ചങ്ങാത്തമൊന്നുമുണ്ടാവില്ല. അല്ലാത്തപ്പോള്‍ ഭയങ്കര ലോഗ്യവും.'' അമൃതനാഥന്‍ പറഞ്ഞു: ''കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധാനം ചെയ്തുവന്ന കാലമാണത്. അന്ന് കണ്ണൂര്‍ റോഡരികിലുള്ള ഞങ്ങളുടെ സ്ഥിരം അരമതിലിലിരുന്ന് ആ മദ്രാസ് കഥകളൊക്കെ ശശി പറഞ്ഞു. കൊന്നെനാട്ടിന്റെ വീട്ടിലെ താമസവും ആലപ്പി അഷറഫും തിക്കുറിശ്ശി സുകുമാരന്‍ നായരുമായൊക്കെയായുള്ള അടുപ്പവും രസകരമായ ചില സംഭവങ്ങളുമൊക്കെ... അതിനേക്കാളൊക്കെ ആവേശത്തില്‍ പറഞ്ഞത് മദ്രാസില്‍ വെച്ച് ഹരിഹരനെ കണ്ടുമുട്ടിയതും എ.ബി. രാജിന്റെയും എം. കൃഷ്ണന്‍നായരുടെയുമൊക്കെ അസിസ്റ്റാന്റായിരുന്ന ഹരിഹരന്‍, ശശിയെ കൂടെ നിര്‍ത്തിയതുമൊക്കെയാണ്. അത് ശശിയ്ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്ന് ആ വാക്കുകളിലുണ്ടായിരുന്നു...''
ആ മദ്രാസ് വിശേഷങ്ങളില്‍ ചിലതൊക്കെ ശശിയുടെ ചെറിയ അനുജന്‍, അകാലത്തില്‍ പൊലിഞ്ഞുപോയ ശാരങ്ഗധരന്‍ അമൃതനാഥനോട് അപ്പോഴേക്കും പറഞ്ഞുകഴിഞ്ഞിട്ടുണ്ടായിരുന്നു. ഒരു ജീനിയസ് എന്ന് ശശിപോലും പറഞ്ഞിട്ടുള്ള, വായനയും ഹോളിവുഡ് സിനിമകളും തലയ്ക്കുപിടിച്ചു നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു ശാരങ്ഗന്‍. എസ്.കൊന്നെനാടിനോടൊപ്പമുള്ള ശശിയുടെ കലാസംവിധാനസഹായവും അദ്ദേഹത്തിന്റെ വീട്ടിലെ താമസവുമെല്ലാംചേര്‍ത്ത് ഐ.വി. ശശിയുടെ ആ മദ്രാസ് കാലത്തെക്കുറിച്ച് അമൃതനോട് ശാരങ്ഗന്‍ പറഞ്ഞത് ''സ്വാമിയേട്ടന്റെ വീട്ടില്‍ ശശിയേട്ടന്‍ ഗുരുകുലവിദ്യാഭ്യാസത്തിലാ'' എന്നാണ്... പിന്നീട് ഉര്‍വ്വശി അവാര്‍ഡ് നേടിയ അതുല്യനടി ശോഭയും അമ്മ പ്രേമയും ഒരിക്കല്‍ ഇരുപ്പംവീട്ടില്‍ വന്നതും രണ്ടുദിവസം താമസിച്ചതും, അവര്‍ വന്നതറിഞ്ഞിട്ടില്ലായിരുന്ന ശാരങ്ഗന്‍ കാലത്ത് ഉറക്കമുണര്‍ന്നപ്പോള്‍ മുന്നില്‍ ശോഭയെക്കണ്ടു ഞെട്ടി, താനത്  സ്വപ്നംകണ്ടതാണോ എന്നു സംശയിച്ചതൊക്കെ അവന്‍ അമൃതനോടു പറഞ്ഞിട്ടുണ്ട്.
 

Content Highlights: in memory of director i v sasi