‘ഇത് പൊറുക്കാനാവാത്തതാണ്’-ധർമേന്ദ്രയുടെ വ്യാജമരണവാർത്തകളിൽ ഹേമ മാലിനി

ഭർത്താവ് ധർമേന്ദ്രയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ മൗനം വെടിഞ്ഞ് മുതിർന്ന നടി ഹേമ മാലിനി. 89-കാരനായ താരം അന്തരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളിയ അവർ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ദേഷ്യവും നിരാശയും രേഖപ്പെടുത്തി.
"ഇപ്പോൾ നടക്കുന്നത് പൊറുക്കാനാവാത്തതാണ്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരാളെപ്പറ്റി ഉത്തരവാദിത്തപ്പെട്ട ചാനലുകൾക്ക് എങ്ങനെയാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കാനാവുന്നത്? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കും അർഹിക്കുന്ന ബഹുമാനം നൽകുക"- ഹേമ മാലിനി എക്സിൽ കുറിച്ചു.
ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ധർമേന്ദ്ര മരിച്ചുവെന്ന തരത്തിൽ വ്യാപകപ്രചാരണമുണ്ടായിരുന്നു. അഭ്യൂഹങ്ങൾ ആരാധകർക്കിടയിലും സിനിമാ ലോകത്തും ആശങ്കകൾക്കിടയാക്കി. ധർമേന്ദ്രയുടെ കുടുംബം തന്നെ നേരിട്ടെത്തി മരണവാർത്ത തള്ളേണ്ട സാഹചര്യം വന്നു. ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകൾ ഇഷ ഡിയോളും വ്യാജവാർത്തകളെ വിമർശിച്ച് ഇൻസ്റ്റാഗ്രാമിൽ പ്രസ്താവനയിറക്കിയിരുന്നു.
അവർ കുറിച്ചതിങ്ങനെ- "മാധ്യമങ്ങൾ അതിരുവിട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. എൻ്റെ അച്ഛൻ്റെ നില തൃപ്തികരമാണ്, അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. പപ്പയുടെ രോഗമുക്തിക്കായുള്ള നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി."
ധർമേന്ദ്ര ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇഷ വെളിപ്പെടുത്തി. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ധർമേന്ദ്രയെ പ്രവേശിപ്പിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hema Malini slams false reports of Dharmendra`s death. Actor is recovering, and family requests privacy. Get the facts here.