‘സിനിമ വിജയിക്കാൻ എന്റെ താരപരിവേഷം മാത്രം പോരാ’; സൽമാൻ ഖാനുമായി താരതമ്യം ചെയ്ത് ദുൽഖർ സൽമാൻ

ഇന്ത്യൻ സിനിമയിലെ താരമൂല്യത്തെക്കുറിച്ചും ഒരു സിനിമയുടെ വിജയത്തിൽ നായകനുള്ള പങ്കിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. ഒരു സിനിമ ബോക്സ്ഓഫീസിൽ വിജയിക്കുമെന്ന് ഉറപ്പുനൽകാൻ തന്റെ താരസാന്നിധ്യം മാത്രം മതിയാകില്ലെന്നാണ് ദുൽഖറിന്റെ അഭിപ്രായം. വൻ ബജറ്റിലുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ നിർമാതാക്കളുടെ സാമ്പത്തിക സുരക്ഷിതത്വം കൂടി താൻ പരിഗണിക്കാറുണ്ടെന്നും താരം പറഞ്ഞു. അടുത്തിടെ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരപരിവേഷത്തെക്കുറിച്ചും സിനിമകളുടെ വാണിജ്യസാധ്യതയെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ ദുൽഖർ പങ്കുവെച്ചത്. തന്നെ ഒരു വലിയ വാണിജ്യനായകനായി കാണാനുള്ള ആത്മവിശ്വാസം ഇതുവരെ കൈവന്നിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. മമ്മൂട്ടിയുടെ സിനിമാജീവിതമാണ് ഇക്കാര്യത്തിൽ തനിക്ക് മുന്നിലുള്ള മാതൃകയെന്നും താരം ചൂണ്ടിക്കാട്ടി. മുഖ്യധാരാ സിനിമകൾക്കും ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന ചിത്രങ്ങൾക്കും ഒരുപോലെ ഇടംനൽകാൻ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്. ആ തരത്തിലുള്ള സ്വീകാര്യത നേടുക എന്നത് താൻ കീഴടക്കാൻ ആഗ്രഹിക്കുന്ന വലിയൊരു കടമ്പയാണെന്നും ദുൽഖർ പറഞ്ഞു.
“എന്നെ ഭയപ്പെടുത്തുന്ന കാര്യമാണത്. അതുകൊണ്ടുതന്നെ ഒരിക്കൽ അതിന് ശ്രമിക്കണമെന്ന് ആഗ്രഹമുണ്ട്. കീഴടക്കാൻ ആഗ്രഹിക്കുന്ന വലിയൊരു മലപോലെയാണത്,” എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.
ജനപ്രീതിയും യഥാർഥ താരമൂല്യവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുമ്പോഴാണ് ദുൽഖർ സൽമാൻഖാനെക്കുറിച്ച് സംസാരിച്ചത്. സൽമാൻഖാന്റെ താരപ്രഭാവത്തെ ആമിർ ഖാൻ വിശേഷിപ്പിച്ച 'ബ്രൂട്ട്' എന്ന പ്രയോഗവും ദുൽഖർ ഓർത്തെടുത്തു. ഒരു സിനിമയിൽ സൽമാൻഖാന്റെ സാന്നിധ്യം മാത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ പര്യാപ്തമാണെന്നാണ് ദുൽഖറിന്റെ നിരീക്ഷണം. “അദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയ ഓപ്പണിങ് ലഭിക്കും. ദീർഘകാലം തിയേറ്ററുകളിൽ പ്രദർശനം തുടരാനും സാധിക്കും. വർഷങ്ങളും പതിറ്റാണ്ടുകളും നീണ്ട പ്രവർത്തനത്തിലൂടെ നേടിയെടുത്ത അപൂർവമായൊരു ആരാധകപിന്തുണയാണത്. എന്നാൽ എന്റെ കാര്യത്തിൽ അത്തരമൊരു ഉറപ്പില്ല. ഒരു സിനിമയുടെ വിജയം എന്റെ താരസാന്നിധ്യം മാത്രംകൊണ്ട് ഉറപ്പിക്കാനാകില്ല. ഒരു വലിയ ബജറ്റിലുള്ള സിനിമ ചെയ്യാൻ ശ്രമിക്കുമ്പോൾ അത് നിർമാതാക്കൾക്ക് സുരക്ഷിതമായിരിക്കണം എന്ന ചിന്ത എനിക്കുണ്ടാകും. ഒരു സിനിമ വിജയിപ്പിക്കാൻ ഞാൻ മാത്രം മതിയാകുമെന്ന് കരുതുന്നില്ല. അതിനപ്പുറം എന്തെങ്കിലുമൊക്കെ വേണം. സിനിമയിൽ കാമ്പും സത്യസന്ധതയും ഉണ്ടായിരിക്കണം,” ദുൽഖർ വ്യക്തമാക്കി.
കഥകളിലെ വൈകാരികമായ അടുപ്പമാണ് തന്നെ കൂടുതൽ ആകർഷിക്കുന്നതെന്നും ദുൽഖർ പറഞ്ഞു. വാണിജ്യവിജയം പ്രധാനമാണെങ്കിലും പ്രേക്ഷകർക്ക് മനസ്സുകൊണ്ട് ചേർത്തുനിർത്താൻ കഴിയുന്ന എന്തെങ്കിലും ഒരു ഘടകം സിനിമയിലുണ്ടാകണം. 'ഉസ്താദ് ഹോട്ടൽ' എന്ന ചിത്രത്തിലെ 'സുലൈമാനി വിത്ത് മൊഹബത്ത്' എന്ന പ്രയോഗം ഓർമിപ്പിച്ചുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്.
ഒരു സിനിമയുടെ ആശയം രൂപപ്പെടുന്ന ഘട്ടത്തിൽ വിഭാവനം ചെയ്തതുപോലെയാകണമെന്നില്ല അത് തിയേറ്ററുകളിലെത്തുമ്പോൾ. സർഗാത്മകമായ തീരുമാനങ്ങളും നിർമാണത്തിലെ പ്രതിസന്ധികളും സംവിധായകന്റെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങളുമെല്ലാം സിനിമയുടെ അന്തിമരൂപത്തെ സ്വാധീനിക്കാം. അതുകൊണ്ടുതന്നെ ആദ്യത്തെ കാഴ്ചപ്പാടിൽനിന്ന് ഏറെ മാറിയേക്കാം പൂർത്തിയായ സിനിമയെന്നും ദുൽഖർ നിരീക്ഷിച്ചു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത മലയാള ചിത്രം 'ഐ ആം ഗെയിം' എന്ന സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും ദുൽഖർ സംസാരിച്ചു. ചിത്രത്തിന്റെ തിരക്കഥയിൽ ചില പരിമിതികളുണ്ടായിരുന്നുവെന്ന് താരം സമ്മതിച്ചു. എന്നാൽ തന്റെ കഥാപാത്രത്തോട് പൂർണമായും സത്യസന്ധത പുലർത്താനും പരമാവധി മികച്ച പ്രകടനം നൽകാനും ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ നിർമാണപ്രക്രിയ എത്രത്തോളം സങ്കീർണമാണെന്ന് ഇത്തരം അനുഭവങ്ങൾ തന്നെ കൂടുതൽ ബോധ്യപ്പെടുത്തിയെന്നും ദുൽഖർ പറഞ്ഞു. ഒരു സിനിമയിലെ പോരായ്മകൾ തിരിച്ചറിയുമ്പോഴും അതിനു പിന്നിലെ ആത്മാർഥമായ ശ്രമം പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയാറുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഈ പരിഗണനയെ സിനിമാപ്രവർത്തകർ ഒരിക്കലും നിസ്സാരമായി കാണരുത്. അവരുടെ വിശ്വാസം മുതലെടുക്കുന്നത് പ്രേക്ഷകരുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും താരം ഓർമിപ്പിച്ചു.
അതേസമയം, തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലാണ് ദുൽഖർ സൽമാൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi