ജോർജുകുട്ടിയുടെയും കുടുംബത്തിൻ്റെയും മടങ്ങിവരവിൽ ആരാധകർക്ക് നിരാശ; ദൃശ്യം 3 വൈകുന്നോ?

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദൃശ്യം 3’. ജോർജുകുട്ടിയുടെയും കുടുംബത്തിൻ്റെയും മടങ്ങിവരവും, അവരുടെ ജീവിതത്തിലെ അടുത്ത ട്വിസ്റ്റും പ്രതീക്ഷിച്ച് ഇരിക്കുന്ന ആരാധകർക്ക് നിരാശ. മടങ്ങിവരവ് അല്പം കൂടി വൈകുമെന്നതാണ് പുതിയ വാർത്ത. നേരത്തെ ഈ വർഷം ഏപ്രിൽ 2-നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഇപ്പോഴിതാ പുതിയ റീലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ.
താരത്തിന്റെ ജന്മദിനമായ മെയ് 21-ന് ദൃശ്യം 3 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു: "കഴിഞ്ഞകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല... അത് കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്. ജോർജുകുട്ടി എത്തുന്നു, 2026 മെയ് 21-ന്."
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷങ്ങൾ കാരണമാകാം റിലീസ് നീട്ടിവെച്ചതെന്ന് ഐ.എ.എൻ.എസ് (IANS) റിപ്പോർട്ട് ചെയ്യുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാൽ തന്റെ ജനപ്രിയകഥാപാത്രമായ ജോർജുകുട്ടിയായി വീണ്ടും എത്തും. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. അതേ സമയം റിലീസ് നീളുമ്പോൾ ലാലേട്ടന്റെ കരുത്തുറ്റ കഥാപാത്രത്തിനായുള്ള കാത്തിരിപ്പ് നീളുമെന്ന നിരാശയുമുണ്ട് ആരാധകർക്ക്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച അതേ ദിവസം തന്നെ അദ്ദേഹം ഈ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്.
മലയാളസിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ ഫ്രാഞ്ചൈസിയാണ് ‘ദൃശ്യം’. 2013-ൽ പുറത്തിറങ്ങിയ 'ദൃശ്യം' കഥ പറച്ചിലിൽ പുതിയൊരു മാതൃക സൃഷ്ടിച്ചു. തുടർന്ന് 2021-ൽ പുറത്തിറങ്ങിയ 'ദൃശ്യം 2'-ഉം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനശൈലി തുടർന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Drishyam 3 release officially pushed to May 21, 2026., Mohanlal reprises the iconic role of Georgekutty., Directed by Jeethu Joseph with a star-studded cast., The delay is reportedly linked to regional geopolitical factors.