കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് റിയാസ് നർമ്മകലയും കൂട്ടുകാരും. ഇടയ്ക്കെപ്പോഴോ വാഹനത്തിന്റെ വേഗം പരിധി കടന്നു. പോലീസ്, വണ്ടി നിർത്തിച്ചു. അമിതവേഗത്തിന് പിഴയടക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ പോലീസുകാരുടെ മുഖത്ത് സന്തോഷവും സങ്കടവും. 'മറിമായ'ത്തിലെ തങ്ങളുടെ പ്രിയ താരങ്ങളെ കണ്ട സന്തോഷമായിരുന്നു മുഖത്ത്. സങ്കടത്തിന് കാരണം മറ്റൊന്നായിരുന്നു, പിഴയടപ്പിച്ചതിന്റെ പേരിൽ ഇവരെങ്ങാനും 'മറിമായ'ത്തിൽ ഒരു എപ്പിസോഡ് ഇറക്കിയാലോ?

ഏതായാലും പോലീസ് വിചാരിച്ചതുപോലെ സംഭവിച്ചു. പോലീസ് ചെക്കിങ്ങും അവരുടെ ബുദ്ധിമുട്ടുമെല്ലാം വെച്ച് പിന്നാലെ 'മറിമായത്തി'ന്റെ എപ്പിസോഡ് പുറത്തിറങ്ങി. ആ എപ്പിസോഡിന് കഥയെഴുതിയത് അന്ന് വണ്ടി ഓടിച്ചിരുന്ന റിയാസ് നർമ്മകലയും. റിയാസ് നർമ്മകല എന്ന പേര് പലർക്കും തിരിച്ചറിയാനാവില്ല. പ്രേക്ഷകന് റിയാസെന്നാൽ മന്മഥനാണ്.

ആദ്യം കാണുമ്പോൾ അല്പം ഗൗരവക്കാരനാണെന്നാണ് തോന്നും. പക്ഷെ, സംസാരിച്ച് തുടങ്ങിയപ്പോൾ റിയാസ് തനി മന്മഥനായി. മിമിക്രിയിലൂടെ അഭിനയം തുടങ്ങിയ റിയാസ് ഇപ്പോൾ സിനിമയിലും സജീവം.

പിന്നീട് ആ പോലീസുകാരെ കണ്ടോ?
ഇല്ല. സത്യത്തിൽ ആ പിഴയടച്ചതുകൊണ്ട് എനിക്ക് ലാഭമുണ്ടായി. അഞ്ഞൂറ് രൂപയായിരുന്നു പിഴ. അവരുടെ പ്രശ്‌നങ്ങൾ വെച്ച് ചെയ്ത ആ എപ്പിസോഡിന്റെ തിരക്കഥയ്ക്ക് 5000 രൂപ പ്രതിഫലം കിട്ടി. 4500 രൂപ ലാഭം. ഇങ്ങനെ ജീവിതാനുഭവങ്ങളിൽനിന്നാണ് കഥകളും തമാശകളുമെല്ലാം രൂപപ്പെടുന്നത്.

ഇങ്ങനെയുള്ള അനുഭവങ്ങളാണോ റിയാസ് എന്ന കലാകാരനെയും രൂപപ്പെടുത്തിയത്?
അപ്രതീക്ഷിതമായാണ് ഈ മേഖലയിലേക്കുള്ള വരവ്. കുട്ടിക്കാലത്ത് ക്രിക്കറ്റിനോടായിരുന്നു കൂടുതൽ ഇഷ്ടം. എങ്കിലും സ്‌കൂളിലെ കലാപ്രവർത്തനങ്ങളിലെല്ലാം പങ്കെടുക്കും. പിതാവ് കെ.എസ്.ആർ.ടി.സി. ജീവനക്കാരനായിരുന്നു. അതിനുമുമ്പ് ഡിഫൻസിലും. മാതാവ് ആർ.ടി.ഒ. ഹെഡ് ഓഫീസിൽ ഉദ്യോഗസ്ഥയും.

പഠിച്ചത് വട്ടപ്പാറ ലൂർദ് മൗണ്ട് സ്‌കൂളിലാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് 100 കിലോയ്ക്ക് മുകളിൽ ഭാരമുണ്ട്. ഓണത്തിന് മാവേലിയാക്കുന്നതും ക്രിസ്മസിന് അപ്പൂപ്പനാക്കുന്നതും എന്നെ. എട്ടാം ക്ലാസിൽ വെച്ചായിരുന്നു ആദ്യമായി മിമിക്രി ചെയ്യുന്നത്. അതിന് പിന്നിലും രസകരമായ കഥയുണ്ട്. മൂന്ന് മത്സരാർഥികളെങ്കിലും ഇല്ലെങ്കിൽ മത്സരം കാൻസലാവും. മിമിക്രിക്ക് പേരുകൊടുത്ത മറ്റു രണ്ടുപേർ വന്ന് എന്നോട് പങ്കെടുക്കാൻ പറഞ്ഞു. മൂന്നാം സ്ഥാനം കിട്ടും എന്ന് പറഞ്ഞായിരുന്നു നിർബന്ധിച്ചത്. വേദിയിൽ ഞാൻ മൃഗങ്ങളുടെ ശബ്ദം അനുകരിച്ചു. മൂന്നാം സ്ഥാനം കിട്ടി. അടുത്ത വർഷം ആയപ്പോഴേക്കും കഥ മാറി. ഒന്നാം സ്ഥാനം എനിക്കു കിട്ടി.

പേരിനൊപ്പം നർമ്മകല എന്ന് ചേരുന്നത് എപ്പോഴാണ്?
പണ്ട് നെടുമങ്ങാട്ട് മുൻസിപ്പൽ കലോത്സവം നടക്കും. അതിൽ മിമിക്രി മത്സരം ഉണ്ടാവും. അവിടെ സമ്മാനം കിട്ടിയവരെല്ലാം ചേർന്ന് ചെറിയ ട്രൂപ്പ് ഉണ്ടാക്കി. സൂപ്പർ മിമിക്സ് എന്ന പേരിൽ. ഉത്സവപ്പറമ്പുകളിൽ സ്‌കിറ്റുകൾ ചെയ്യലായിരുന്നു ട്രൂപ്പിന്റെ പ്രധാന പരിപാടി. അന്ന് നാദിർഷിക്ക (നാദിർഷാ)യുടെയും അബീ (അബി)ക്കയുടെയും മറ്റും വീഡിയോ കാസറ്റുകൾ വീട്ടിലുണ്ട്. അതിൽനിന്നായിരുന്നു പരിപാടിക്കുള്ള സ്‌കിറ്റുകൾ ഉണ്ടാക്കുക. 150 രൂപയൊക്കെയാണ് എല്ലാവർക്കും കൂടി പ്രതിഫലമായി കിട്ടുക.

അതിനിടെ ഞങ്ങളുടെ പരിപാടി കണ്ട് നാട്ടിലെ ഒരാൾ അയാളുടെ പ്രൊഫഷണൽ ട്രൂപ്പിലേക്ക് ക്ഷണിച്ചു. നടൻ കൃഷ്ണൻകുട്ടിച്ചേട്ടന്റെ മേൽനോട്ടത്തിലുള്ള ട്രൂപ്പായിരുന്നു. തിരുവനന്തപുരം കലാസാഗർ. രണ്ട് വർഷം ആ ട്രൂപ്പിനൊപ്പം പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ഞാൻ സ്വന്തമായി ഒരു ട്രൂപ്പ് രൂപപ്പെടുത്തി. നർമ്മകല എന്ന പേരിൽ. അത് പിന്നീട് എന്റെ പേരിനൊപ്പം ചേർന്നു.

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ വരവും നർമ്മകലയിൽ നിന്നല്ലേ?
നർമ്മകല ട്രൂപ്പിൽ കുറേപേർ ഉണ്ടായിരുന്നു. ഗൂഗ്ലി പ്രദീപ്, കിഷോർ, ജോബി അങ്ങനെ കുറേപേർ. രണ്ട് മൂന്ന് വർഷം കഴിഞ്ഞാണ് സുരാജ് വെഞ്ഞാറമൂടിന്റെ വരവ്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഞങ്ങൾ പരിപാടികൾ ചെയ്തു. കുറേ സ്ഥിരം വേദികളുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരാളെ പരിചയപ്പെട്ടു. കൊല്ലത്തുള്ള ആളാണ്. അവിടെ ശക്തികുളങ്ങര ക്ഷേത്രത്തിൽ ഞങ്ങൾ പത്ത് വർഷത്തോളം പരിപാടി ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ പരിപാടി കാണാൻ വന്നിരുന്ന കുട്ടിയാണ് അദ്ദേഹം. ഇപ്പോൾ അവിടുത്തെ അമ്പലകമ്മിറ്റിയിലുണ്ട്. അന്ന് പരിപാടി കാണാൻ വന്ന കാര്യമെല്ലാം അദ്ദേഹം ഓർത്തുപറഞ്ഞു.

പിന്നീട് ട്രൂപ്പിന് എന്തുപറ്റി?
പതിനഞ്ച് വർഷത്തോളം ട്രൂപ്പ് കൊണ്ടുപോയി. തുടക്കത്തിലുണ്ടായിരുന്ന ഡെഡിക്കേഷൻ കുറഞ്ഞുവന്നു. ടെലിവിഷനുകളും മറ്റും സജീവമായതോടെ സ്റ്റേജ് പെർഫോമൻസിനോട് താത്പര്യമില്ലാതായി. കലാകാരൻമാരുടെ താത്പര്യവും കുറഞ്ഞു. റിഹേഴ്സലിന് പോലും വരാതെയായി. അപ്പോഴേക്കും ടെലിവിഷനിലും സജീവമായി.

ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത് എപ്പോഴാണ് ?
കൈരളി ടിവിയിലെ 'ജഗപൊക' എന്ന പരിപാടിയായിരുന്നു ആദ്യം. മധുസാറിന്റെ ഡ്യൂപ്പ് ആയിട്ട്. 'ജഗപൊക'യിലെ വേഷം നന്നായി ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജ് പ്രോഗ്രാം ചെയ്യാൻ പോകുമ്പോൾ ടെലിവിഷൻ താരം എന്ന പരിഗണന പലയിടത്തുനിന്നും കിട്ടി.

'മറിമായ'മാണോ ജീവിതം മാറ്റിമറിച്ചത് ?
തുടക്കത്തിൽ കുറച്ച് സീരിയലുകളിൽ അഭിനയിച്ചു. 'തട്ടീം മുട്ടീം' സീരിയലാണ് 'മറിമായ'ത്തിലേക്കുള്ള വഴി തുറന്നത്. അതിന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ തന്നെയാണ് 'മറിമായ'ത്തിന്റെയും സംവിധാനം. അദ്ദേഹം ഒരിക്കൽ ചോദിച്ചു, 'മറിമായ'ത്തിൽ അഭിനയിച്ചുകൂടേ എന്ന്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പരിപാടിയായിരുന്നു അത്. രണ്ടാമത്തെ വർഷത്തിലാണ് അതിന്റെ ഭാഗമാകുന്നത്. 'മറിമായ'ത്തിന്റെ 75- ാമത്തെ എപ്പിസോഡിലാണ് അരങ്ങേറ്റം. ഇപ്പോൾ 'മറിമായം' ജീവിതത്തിന്റെ പ്രധാന ഭാഗമാണ്.

മന്മഥൻ എന്ന പേര് തന്നെ വെറൈറ്റിയാണല്ലോ?
മന്മഥൻ എന്ന പേര് സംവിധായകൻ തന്നെ നിർദേശിച്ചതാണ്. ഇപ്പോൾ ആ പേരിലാണ് പലരും എന്നെ അറിയുക. 'അളിയൻസ്' എന്ന സീരിയലിലെ ക്ലീറ്റോയെയും അതുപോലെ ആളുകൾക്ക് അറിയാം. യഥാർഥ പേര് പലർക്കും അറിയില്ല. 'അളിയൻസി'ലെ അഭിനയത്തിന് 2017-ൽ സംസ്ഥാന ടെലിവിഷൻ അവാർഡ് കിട്ടി.

അഭിനയജീവിതത്തിലെ രസകരമായ അനുഭവങ്ങൾ ?
ഒരിക്കൽ ഒരു സീരിയലിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്നു. റോഡ്സൈഡിലാണ്. ആ വഴി പോകുന്നവർ വണ്ടി നിർത്തി എനിക്ക് ഹായ് എല്ലാം തരുന്നു. സന്തോഷം തോന്നി. സീരിയലിൽ അഡ്വക്കേറ്റിന്റെ റോളിലാണ്. അതുകൊണ്ട് തന്നെ വെള്ള ഷർട്ടും വെള്ള പാന്റും ആണ് വേഷം. ക്ലീൻ ഷേവുമാണ്. കുറച്ചുകഴിഞ്ഞ് ഒരു കാർ വന്ന് എന്റെയടുത്ത് നിർത്തി. എന്നിട്ട് എന്നോട്, 'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' എന്ന് പറഞ്ഞു. ഞാൻ പാസ്റ്റർ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. 'പാസ്റ്റർക്ക് എന്നെ മനസിലായില്ലേ..കഴിഞ്ഞ തവണ പ്രാർഥനക്ക് ഞാനവിടെ വന്നിരുന്നു' എന്ന് അദ്ദേഹം. സാറിന് ആള്മാറിപ്പോയി എന്ന് മറുപടി കൊടുത്തു. എന്നെ അറിയാത്തവരും ഉണ്ട് എന്ന് മനസിലാക്കിത്തന്ന അനുഭവമായിരുന്നു അത്.

സിനിമയിലും വന്നല്ലോ ?
ആദ്യം അഭിനയിച്ച സിനിമ 'തിരക്കഥ' ആണ്. പക്ഷേ എന്റെ സീൻ ഒഴിവാക്കപ്പെട്ടു. ഇപ്പോൾ അമ്പതോളം സിനിമകളുടെ ഭാഗമായി. 'സോമന്റെ കൃതാവ്', 'റോഷാക്ക്' എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മമ്മൂക്കയ്‌ക്കൊപ്പം 'റോഷാക്കി'ലും ലാലേട്ടനൊപ്പം 'ദൃശ്യം-3' ലും അഭിനയിക്കാൻ സാധിച്ചു. ലാലേട്ടൻ 'അളിയൻസ്' കാണാറുണ്ടെന്ന് പറഞ്ഞു. നല്ല അഭിപ്രായവും പങ്കുവെച്ചു. സംവിധായകൻ പ്രിയേട്ടനും (പ്രിയദർശൻ) 'അളിയൻസി'ന്റെ പ്രേക്ഷകനാണ്.

കുടുംബം ?
ഭാര്യ നൈന. ചെറിയ ഒരു പ്രണയകാലത്തിനുശേഷമാണ് ഞങ്ങൾ ഒന്നിച്ചത്. മൂന്ന് മക്കളുണ്ട്. മൂത്തയാൾ റിസ് വാൻ. രണ്ടാമത്തെയാൾ റിയാൻ. മൂന്നാമത്തെയാൾ റിഹാൻ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi