ഡീറ്റെയിലിങ് പാളിയോ? ധുരന്ധർ 2 സിനിമയ്ക്ക് നേരെ വിമർശനം

ഫോട്ടോ: IMDb
ഫോട്ടോ: IMDb

'ധുരന്ധർ: ദി റിവഞ്ച്' (Dhurandhar: The Revenge) തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിലെ ഒരു ചെറിയ പിഴവ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്. സൂക്ഷ്മ നിരീക്ഷണം നടത്തുന്ന പ്രേക്ഷകരാണ് സിനിമയിലെ ഈ പാളിച്ച കണ്ടെത്തിയിരിക്കുന്നത്.

വിശദാംശങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധർ. എന്നിരുന്നാലും ധുരന്ധർ 2 - ലെ ഒരു രംഗത്തിൽ ചെറിയൊരു അബദ്ധം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സീനിൽ ക്യാമറ പുറകിലേക്ക് മാറുമ്പോൾ കണ്ണാടിയിൽ ഒരു ക്രൂ മെമ്പറുടെ പ്രതിബിംബം തെളിയുന്നത് കാണാം. എഡിറ്റിങ് വേളയിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോയതാകാനാണ് സാധ്യത.

സോഷ്യൽ മീഡിയയിൽ ഈ രംഗം വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായി ആരാധകർ രംഗത്തെത്തി. ചില പ്രധാന കമന്റുകൾ ഇങ്ങനെ: "ഇതാണ് ഡീറ്റെയിലിങ് പാളിപ്പോകുക എന്ന് പറയുന്നത്. ആക്ഷൻ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാവാം ആദിത്യ ധറിന്റെ ടീം ആ പ്രതിബിംബം ശ്രദ്ധിക്കാതെ പോയത്," ഒരു യൂസർ കുറിച്ചു.

ക്രിസ്റ്റഫർ നോളനെയും അദ്ദേഹത്തിന്റെ 'ദി ഡാർക്ക് നൈറ്റ്' എന്ന ചിത്രത്തെയും പരാമർശിച്ച് മറ്റൊരാൾ തമാശ രൂപേണ എഴുതിയത് ഇങ്ങനെ: "അത് ക്രിസ്റ്റഫർ നോളന്റെ 'ദി ഡാർക്ക് നൈറ്റ്' സിനിമയിലെ ക്യാമറമാൻ ആണ്. താനും ഒരു മനുഷ്യനാണെന്ന് കാണിക്കാൻ നോളൻ നടത്തിയ മികച്ച ഡീറ്റെയിലിങ്!" 

എന്നാൽ ചിത്രത്തെ പിന്തുണച്ചുകൊണ്ടും കമന്റുകൾ വരുന്നുണ്ട്. "അതൊരു തെറ്റായിരിക്കാം, പക്ഷേ സിനിമ കോടികൾ വാരിക്കൂട്ടുകയാണ്. വെറും 50 ലൈക്കിന് വേണ്ടി ഇത്തരം കാര്യങ്ങൾ പറയുന്നവർ സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും." വൈറലായ ഈ സംഭവത്തോട് ആദിത്യ ധർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ 'ധുരന്ധർ: ദി റിവഞ്ച്' മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. രൺവീർ സിങ് നായകനായ ഈ ആക്ഷൻ-ത്രില്ലർ അതിന്റെ കഥാഗതി കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും പ്രശംസ പിടിച്ചുപറ്റുന്നു. ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം ഏകദേശം 96.50 കോടി രൂപ നേടിയ ചിത്രം, മൊത്തത്തിൽ 501.04 കോടി രൂപയാണ് ഇതുവരെ കളക്ട് ചെയ്തത്. ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, രാകേഷ് ബേദി, ഡാനിഷ് പണ്ടോർ, സാറ അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: A production error involving a crew member's reflection in a mirror was spotted in Dhurandhar: The Revenge., The film has achieved massive success, crossing the 500-crore mark globally., Social media reactions are divided between critical fans and those defending the film's success., The director, Aditya Dhar, has not yet commented on the viral scene.