ധനുഷ് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നോ? സിനിമയിൽ രാഷ്ട്രീയ സന്ദേശമില്ലെന്ന് സംവിധായകൻ

സിനിമയിൽ മമ്മൂട്ടിക്കൊപ്പം ധനുഷ്
സിനിമയിൽ മമ്മൂട്ടിക്കൊപ്പം ധനുഷ്

ധനുഷ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓം’ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന് പിന്നിൽ രാഷ്ട്രീയ സന്ദേശങ്ങളൊന്നുമില്ലെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി വ്യക്തമാക്കുകയാണിപ്പോൾ. എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഒരു സാധാരണ സ്പൈ ത്രില്ലർ എന്നതിലുപരി, രണ്ട് ജോണറുകൾ സമന്വയിക്കുന്ന ‘അണ്ടർകവർ ഇമോഷണൽ ഡ്രാമ’യാണ് ‘ഓം’ എന്നാണ് സംവിധായകൻ പറയുന്നത്."സിനിമയിൽ രാഷ്ട്രീയ സന്ദേശമില്ല, പക്ഷേ പൊതുസമൂഹത്തിന് ഒരു സന്ദേശമുണ്ട്. ‘ഓം’ ഒരു അണ്ടർകവർ ഇമോഷണൽ ഡ്രാമയാണ്; രണ്ട് ജോണറുകൾ ചേരുന്ന സിനിമയാണിത്," അദ്ദേഹം പറഞ്ഞു.

ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഥയ്ക്ക് കൂടുതൽ ആഴവും പുതിയ മാനങ്ങളും നൽകാനാണ് ഈ അഭിനേതാക്കൾ ഒത്തുചേർന്നതെന്നും വെറും താരപ്പൊലിമയ്ക്കല്ല ഇതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

രാജ്കുമാർ പെരിയസാമി സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രത്തിന് സായ് അഭ്യങ്കർ സംഗീതവും എഴിൽ അരശ് കെ ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നു. ‘രംഗൂൺ’ (2017), ‘അമരൻ’ (2024) എന്നിവയ്ക്ക് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രേക്ഷകർക്ക് എന്നും ഓർമ്മിക്കാവുന്ന രസകരമായ അനുഭവമായിരിക്കും ‘ഓം’ നൽകുക എന്നും അദ്ദേഹം പറഞ്ഞു.

ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സിനിമാ-രാഷ്ട്രീയ ലോകത്ത് സജീവമാണ്. ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി ധനുഷ് തുടർച്ചയായി കൂടിക്കാഴ്ചകൾ നടത്തുകയും പൊതുസേവന പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഹ്വാനം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഫാൻസ് അസോസിയേഷന്റെ പേര് ‘ധനുഷ് വെൽഫെയർ മൂവ്‌മെന്റ്’ എന്നാക്കി മാറ്റിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയിലെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് രാജ്കുമാർ പെരിയസാമി നിലപാട് വ്യക്തമാക്കിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director Rajkumar Periyasamy clarifies that the om movie has no political agenda., The film is described as an undercover emotional thriller., Features a star-studded cast including Mammootty, Sai Pallavi, and Nagarjuna., Addresses ongoing rumors about Dhanush's political entry.