'അയാളെന്റെ ദേഹത്ത് സ്പർശിച്ചു, മോശമായി പെരുമാറി'; ദുരനുഭവം തുറന്നുപറഞ്ഞ് ഡെയ്‌സി ഷാ

ഡെയ്‌സി ഷാ / PTI
ഡെയ്‌സി ഷാ / PTI

ഹിന്ദി-കന്നഡ സിനിമകളിൽ സജീവമായ താരമാണ് ഡെയ്‌സി ഷാ. 'ജയ് ഹോ' എന്ന സിനിമയിലൂടെ ഡെയ്‌സി സൽമാൻ ഖാന്റെ നായികയാവുകയും ചെയ്തു. അതിനുശേഷം ബോഡിഗാർഡ്, ജയ് ഹോ, ഹേറ്റ് സ്‌റ്റോറി 3 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു ഡെയ്‌സി. ഇപ്പോഴിതാ തനിക്കൊരു സംവിധായകനിൽനിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഡെയ്‌സി.

ഓഡിഷനിടയിൽ തനിക്കുണ്ടായ അസുഖകരമായ അനുഭവത്തെക്കുറിച്ച് ഫ്രീ പ്രസ് ജേർണലുമായുള്ള അഭിമുഖത്തിലാണ് അവർ സംസാരിച്ചത്. ''ദക്ഷിണേന്ത്യയിലെ ഒരു ഫിലിമേക്കറാണ് എന്നോട് മോശമായി പെരുമാറിയത്. അയാളെന്നെ മോശമായി സ്പർശിക്കുകയും ചെയ്തു. അയാൾ മുംബൈയിൽ കാസ്റ്റിങ്ങിനായി വന്നതായിരുന്നു. ഞങ്ങൾ 6-7 പെൺകുട്ടികളുണ്ടായിരുന്നു. അയാൾ ഞങ്ങളെ എല്ലാവരെയും വെവ്വേറെ ഓഡിഷൻ നടത്തുമെന്നാണ് പറഞ്ഞത്. എന്റെ ഊഴമെത്തിയപ്പോൾ എന്റെ കൈപിടിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഉടനെ തന്നെ അവിടെനിന്നും ഇറങ്ങിപ്പോരുകയായിരുന്നു''.

അതൊരു സ്ത്രീയാണെങ്കിൽ പോലും തന്നെ തൊടുന്നതിഷ്ടമല്ലെന്ന് ഡെയ്‌സി പറയുന്നു. ''ആളുകൾ എന്നെ തൊടുന്നതിൽ എപ്പോഴും ആശങ്കയുണ്ട്. ഒരു സ്ത്രീ തൊടുന്നതുപോലും എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് ഞാൻ മസാജ് ചെയ്യാൻ പോലും പോവാത്തത്. പിന്നെ പുരുഷൻ തൊടുന്നത് അതിലും എത്രയോ വ്യത്യസ്തമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ അനുഭവം എനിക്ക് വളരെയധികം നിരാശയുണ്ടാക്കി'', എന്നാൽ ആ ഫിലിംമേക്കറുടെ പേരുപറയാൻ ഡെയ്‌സി തയ്യാറായില്ല.

ഗണേഷ് ആചാര്യ എന്ന കൊറിയോഗ്രഫറുടെ സഹായിയായിട്ടാണ് ഡെയ്‌സി കരിയർ തുടങ്ങിയത്. പിന്നീടാണ് അഭിനയത്തിലേക്ക് കടക്കുന്നത്. പലാഷ് മുച്ഛൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഡെയ്‌സിയാണ് നായിക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Daisy Shah opens up about an incident of inappropriate physical contact during an audition. The incident involved a South Indian filmmaker visiting Mumbai for casting