വെഞ്ഞാറമ്മൂട്ടിലെ മരണവീടുകളെ ചിരിമയമാക്കിയെടുക്കുകയെന്നത് എന്റെ ജോലിയായി

സ്റ്റേജിലേക്ക് കയറുന്നതിനു മുന്‍പ് ചെറിയൊരു കാര്യം പറയാം. എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് മിമിക്രിയില്‍ പരിശീലനം തുടങ്ങുന്നത്. അതിനു കാരണം ചേട്ടനാണ്. മിമിക്രിക്കാരനായ ചേട്ടന്റെ നിഴലുപറ്റിയാണ് ഈ രംഗത്തേക്ക് വരുന്നത്. ചേട്ടനും കൂട്ടുകാരും ചേര്‍ന്ന് 'വെഞ്ഞാറമ്മൂട് സുഹൃദ്‌സംഘം' എന്ന പേരില്‍ മിമിക്രി ട്രൂപ്പുണ്ടാക്കിയപ്പോള്‍ ഒരു ഹെല്‍പ്പറായി അവരോടൊപ്പം കൂടി. മുഴുവന്‍സമയ ഹെല്‍പ്പറല്ല. എനിക്ക് സമയം കിട്ടുന്നതുപോലെയാണ്. ചേട്ടനും കൂട്ടുകാരും സ്റ്റേജില്‍ കയറി പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞാല്‍ ഏറ്റവും മുന്നില്‍ പോയിരുന്നു കാണും. ചേട്ടനില്‍നിന്ന് കണ്ടുപഠിച്ചും സ്വന്തമായി ക്രിയേറ്റ് ചെയ്തും ഞാനുമൊരു മിമിക്രിക്കാരനായി. ഇതൊരു ഉപജീവനമാര്‍ഗമാകുമെന്നു കരുതിയതല്ല.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെയൊരു അമ്മൂമ്മ മരിച്ചു. ഞങ്ങളുടെ വീടിന്റെ അടുത്തുതന്നെയാണ് അമ്മൂമ്മയുടെ വീട്. സാധാരണഗതിയില്‍ അമ്മൂമ്മയോ അപ്പൂപ്പനോ മരിച്ചുകഴിഞ്ഞാല്‍ ആചാരപ്രകാരം പതിനാറു ദിവസം അടുത്ത ബന്ധുക്കളൊക്കെ വീട്ടിലുണ്ടാകണം. മക്കളും മരുമക്കളും ബന്ധുക്കളുമൊക്കെ അമ്മൂമ്മയുടെ വീട്ടിലെത്തി. വീട് നിറയെ ആളും ബഹളവുമായി. പ്രായമായവര്‍ മരിച്ചുകഴിഞ്ഞാല്‍ ആദ്യദിവസം മാത്രമേ വലിയ വിഷമം കാണൂ. രണ്ടാംദിവസമാകുമ്പോഴേക്കും അതിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങും. പിന്നീട് ആഘോഷമായിരിക്കും. സ്‌കൂള്‍വിട്ടു വന്നുകഴിഞ്ഞാല്‍ പശുവിന് പുല്ല് അറുത്തുകൊടുത്തിട്ട് ഒറ്റവിടലാണ് അമ്മൂമ്മയുടെ വീട്ടിലേക്ക്. കഞ്ഞിയും പയറും കഴിച്ച് അത്യാവശ്യം മിമിക്രി പരിപാടികളൊക്കെ നടത്തി രാത്രി വീട്ടിലേക്ക് പോരും.
അമ്മൂമ്മയുടെ വീട്ടില്‍ പോയി അന്നു കാണിച്ചത് മിമിക്രിയാണോയെന്ന് ഇപ്പോഴും അറിയില്ല, പക്ഷേ, അവിടെ കൂടിയിരുന്ന സ്ത്രീകളും മുതിര്‍ന്ന ആളുകളുമൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞ് വീട്ടിലെ പണികളൊക്കെ ഒതുങ്ങിക്കഴിയുമ്പോള്‍ എല്ലാവരും മുറ്റത്ത് ഒത്തുകൂടും. അപ്പോഴാണ് കലാപരിപാടി തുടങ്ങുന്നത്. പരിചയമുള്ള ബന്ധുക്കളെയും അയല്‍ക്കാരെയും അനുകരിക്കലായിരുന്നു പ്രധാന ഇനം. ഇടയ്ക്ക് ചില ഡയലോഗും കാച്ചും. 'എടാ, നീ വല്യമ്മാവനെ ഒന്നു കാണിച്ചേയെന്നു പറയുമ്പോള്‍' ഞാന്‍ വല്യമ്മാവനെ അനുകരിക്കും. ചിറ്റപ്പനെ കാണിക്കാന്‍ പറയുമ്പോള്‍ ചിറ്റപ്പനെ കാണിക്കും. അമ്മായിമാരെ അനുകരിക്കും. ചിലതൊക്കെ ഞാന്‍ ഉണ്ടാക്കി പറയും. ചേട്ടനും സംഘവും സ്റ്റേജില്‍ അവതരിപ്പിക്കുന്ന ചെറിയ നമ്പറുകളൊക്കെ അടിച്ചുമാറ്റി അവതരിപ്പിക്കും. എല്ലാവരും ചിരിയാണ്. എന്തെങ്കിലും കാരണവശാല്‍ അമ്മൂമ്മയുടെ വീട്ടില്‍ ചെല്ലാന്‍ താമസിച്ചാല്‍ അവിടുന്ന് അന്വേഷിച്ചു വരും. മരണവീട്ടിലെ പതിനാറു ദിവസവും ഞാനാണ് താരം. ചിറ്റപ്പനും മറ്റു ബന്ധുക്കളുമൊക്കെ പറഞ്ഞു: 'സുരാജ് നീ നല്ലൊരു മിമിക്രിക്കാരനാണ്. സ്റ്റേജില്‍ പ്രോഗ്രാംചെയ്യണം.' ആ വാക്കുകള്‍ നല്കിയ പ്രചോദനം വളരെ വലുതാണ്. മരണവീട്ടില്‍നിന്ന് പോകുന്നവര്‍ക്ക് മരിച്ചതിലുള്ള വിഷമമല്ല എന്നെ പിരിഞ്ഞുപോകുന്നതിലായിരുന്നു വിഷമം. ഈ ചെറുക്കന്റെ തമാശകള്‍ ഇനി എപ്പ കേള്‍ക്കാന്‍ പറ്റ്വോ എന്തോ...?
പിന്നീട് അടുത്ത വീടുകളില്‍ മരണം നടന്നുകഴിഞ്ഞാല്‍ വീട്ടുകാര്‍ എന്നെ അന്വേഷിക്കും. 'എടേയ്, അവനെ വിളിച്ചിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു നേരമ്പോക്കായേനെ...' അപ്പോള്‍ മുതല്‍ വെഞ്ഞാറമ്മൂട്ടിലെ മരണവീടുകളെ ചിരിമയമാക്കിയെടുക്കുകയെന്നത് എന്റെ ജോലിയായി മാറി. മരിച്ചുപോയ അമ്മൂമ്മയുടെ മകനാണ് മുരളിമാമന്‍. ഒരു ദിവസം മാമന്‍ വിളിച്ചിട്ട് പറഞ്ഞു: 'എടേയ്, കരകുളം ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുകയാണ്. നിന്റെ മിമിക്രി പരിപാടി അവിടെ വെക്കാം.'
'അയ്യോ മാമാ എനിക്ക് ട്രൂപ്പൊന്നുമില്ല.'
'അതൊന്നും സാരമില്ല, വീട്ടില്‍ കാണിച്ചതൊക്കെ നീ അവിടെവന്നു സ്റ്റേജില്‍ അവതരിപ്പിച്ചാല്‍ മതി. സംഗതി കലക്കും, മാമനല്ലേ പറയുന്നത്...'
മാമന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കേണ്ടിവന്നു. സംഗതി വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമോയെന്ന ഭയവുമുണ്ട്. ചേട്ടന്‍ മിമിക്രിക്കു പോകുന്നു, പിന്നാലെ ഞാനും. മിമിക്രിയെന്നു പറഞ്ഞിറങ്ങിയാല്‍ അച്ഛനെടുത്തിട്ട് അടിക്കില്ലേ. ചേട്ടന്‍ പോകുന്നതുതന്നെ അച്ഛന് ഇഷ്ടമുള്ള കാര്യമല്ല. അങ്ങനെയൊരു ഭയം മനസ്സിലുള്ളതുകൊണ്ട് വീട്ടിലാരോടും പറഞ്ഞില്ല. സുഹൃത്തുക്കളായ സലിം, ജയന്‍, സുധീര്‍... ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് ഒരു ടീമായി. ജയറാമിന്റെ കലാഭവന്‍ മിമിക്രി പലവട്ടം കണ്ടു. പ്രോഗ്രാമിലെ ചില സംഭവങ്ങള്‍ അടിച്ചുമാറ്റിയും കുറച്ച് കൈയീന്നും ചേര്‍ത്തു. ഒന്നര മണിക്കൂര്‍ അവതരിപ്പിക്കാനുള്ള സംഗതികളുമായി കരകുളത്തേക്ക് ബസ്സ് കയറി.
അവിടെ എത്തിയിട്ട് മാമനെ വിളിച്ചാല്‍മതിയെന്നാണ് പറഞ്ഞത്. പക്ഷേ, ഞങ്ങള്‍ കരകുളത്തെത്തുമ്പോള്‍ കുറച്ചു വൈകി. അതുകൊണ്ട് മാമനെ വിളിച്ചില്ല. നേരേ ക്ഷേത്രത്തിലേക്ക് വിട്ടു. റോഡില്‍ കണ്ട ഒരാളോട് ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ പാട്ടു കേള്‍ക്കുന്നില്ലേ, ആ ക്ഷേത്രത്തില്‍നിന്നാണ്. അപ്പോഴാണ് ഞങ്ങള്‍ പാട്ട് ശ്രദ്ധിക്കുന്നത്. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലേക്ക് കൈ ചൂണ്ടിയിട്ട് നേരേ നടന്നോളാന്‍ പറഞ്ഞു. കാടുപിടിച്ച വഴിയിലൂടെ പാട്ട് കേള്‍ക്കുന്ന ദിക്കു നോക്കി ഞങ്ങള്‍ നടപ്പുതുടങ്ങി. മുന്നോട്ട് നടന്നുകയറുംതോറും കോളാമ്പിമൈക്കിലൂടെ ഒഴുകിവരുന്ന പാട്ട് വ്യക്തമായി കേള്‍ക്കാം. 'മകളെ... പാതിമലരേ...' ഇതാണ് അന്നു കേട്ട പാട്ട്. പാട്ടു കഴിഞ്ഞ് അടുത്തത് നമ്മുടെ പരിപാടിയാണെങ്കില്‍ കുഴഞ്ഞതുതന്നെ. നടപ്പുതുടങ്ങിയിട്ട് കുറച്ചുനേരമായി. അമ്പലത്തിലെത്താന്‍ ഇനിയെത്ര ദൂരമുണ്ടെന്നറിയില്ല. ആലോചിച്ചു നില്ക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഓടി. അഞ്ചു മിനിട്ടുകൊണ്ട് അവിടെയെത്തി. അപ്പോഴേക്കും പാട്ട് കഴിഞ്ഞിരുന്നു. ഞങ്ങള്‍ അവിടെ കാലുകുത്തുമ്പോള്‍ കേള്‍ക്കുന്നത് അനൗണ്‍സ്‌മെന്റാണ്, 'സുരാജ് വെഞ്ഞാറമ്മൂടും സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡ് ഉടനെ ആരംഭിക്കുന്നതാണ്.'
മാമന്‍ ഞങ്ങളെ കാത്തുനില്ക്കുകയാണ്. പരിപാടിയില്‍ ഒരു വള്ളിനിക്കര്‍ ഐറ്റമുണ്ട്. പ്രോഗ്രാം സെറ്റ് ചെയ്യുന്നതിന്റെ വെപ്രാളത്തില്‍ വള്ളിനിക്കര്‍ സംഘടിപ്പിക്കാന്‍ പറ്റിയില്ല. മാമനോട് ഒരു വള്ളിനിക്കര്‍ സംഘടിപ്പിച്ചുതരണമെന്ന് പറഞ്ഞു. 'എടേയ്, ഇവിടെയാരും വള്ളിനിക്കര്‍ ഉപയോഗിക്കില്ല. നീയൊന്ന് അന്വേഷിക്ക്. കിട്ടിയാല്‍ കിട്ടി,' മാമന്‍.
ആകപ്പാടെ ടെന്‍ഷനായി. വള്ളിനിക്കറിനെവിടെപ്പോകും? ഐറ്റം ഒഴിവാക്കാനും പറ്റില്ല. ഒരെണ്ണം മാറ്റിയാല്‍ എല്ലാം തെറ്റും. ആരെങ്കിലും വള്ളിനിക്കര്‍ ധരിച്ചിട്ടുണ്ടോയെന്നു നോക്കി ക്ഷേത്രപരിസരത്ത് കറങ്ങിനടക്കുമ്പോള്‍ ശ്രീകോവിലിനു മുന്നില്‍ ഒരമ്മാവന്‍ പ്രാര്‍ഥിക്കുന്നതു കണ്ടു. പ്രാര്‍ഥന കഴിഞ്ഞ് ശ്രീകോവിലില്‍നിന്ന് പുറത്തിറങ്ങിയ അമ്മാവന്‍ അഴിച്ചിട്ട മുണ്ട് മടക്കിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അടിയിലിട്ടിരിക്കുന്ന വള്ളിനിക്കര്‍ ഞാന്‍ കണ്ടു.
ഉടനെ മാമനെ വിളിച്ച് വിവരം പറഞ്ഞു. 'ഈ അമ്മാവനിട്ടിരിക്കുന്നത് വള്ളിനിക്കറാണ്. മാമന് പരിചയമുണ്ടെങ്കില്‍ ഒന്ന് ചോദിക്ക്.'
'എനിക്ക് പരിചയമില്ല, നീ ചോദിച്ചാല്‍ മതി. ചിലപ്പോള്‍ കിട്ടിയേക്കും.'നേരേ അമ്മാവന്റെ അടുത്തേക്കു ചെന്നു. ചോദിക്കാനൊരു ചമ്മലുണ്ട്, സാധനം കിട്ടിയില്ലെങ്കില്‍ പ്രോഗ്രാം അവതരിപ്പിക്കാനും പറ്റില്ല. അമ്മാവനെ ഒന്നു വലംവെച്ച് മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തി. 'അമ്മാവാ, ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. സ്റ്റേജില്‍ ഒരു ഐറ്റം കാണിക്കാനാണ്, അമ്മാവന്റെ നിക്കറൊന്ന് ഊരിത്തരാമോ?'
പ്ഫാ... നായിന്റെ മോനെ. ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന എന്റെ നിക്കറ് ഊരിയിട്ട് നിനക്ക് എന്തോന്ന് ഐറ്റം?' അമ്മാവനെ വട്ടംപിടിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ച് സ്റ്റേജിന്റെ പിന്നിലെത്തിച്ചു. ഇനി അതൊന്ന് ഊരിത്തരണം. നിക്കര്‍ ഊരിത്തരുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞ് അമ്മാവന്‍ വീണ്ടും ഉടക്കി. അപ്പോഴേക്കും മാമനും കമ്മിറ്റിക്കാരും വന്ന് ഇടപെട്ട് സംസാരിച്ചു, 'ചെറിയൊരു കോമഡി ഐറ്റം കാണിക്കാനല്ലേ, ഇത് കഴിയുമ്പോള്‍ അവര് തിരിച്ചുതരും. ഊരിക്കൊടുക്ക്.' എല്ലാവരുംകൂടി നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ അമ്മാവന്‍ നിക്കര്‍ ഊരിത്തന്നു. സ്റ്റേജില്‍ കയറി ഒന്നിനുപിന്നാലെ ഒന്നായി ഒട്ടും ഗ്യാപ്പില്ലാതെ ഐറ്റങ്ങള്‍ ചെയ്തു പോവുകയാണ്. വള്ളിനിക്കറിട്ട ഐറ്റം കഴിഞ്ഞ് നിക്കര്‍ ഊരി സൈഡിലേക്കിട്ട് വളരെ ഫാസ്റ്റായി അടുത്ത ഐറ്റത്തിലേക്ക് പോവുകയാണ്. നാല് കൊച്ചുപയ്യന്മാര്‍ മിമിക്രി അവതരിപ്പിക്കുന്നതു കാണാന്‍ വലിയ ആള്‍ക്കൂട്ടമുണ്ട്. എല്ലാവര്‍ക്കും പ്രോഗ്രാം ഇഷ്ടപ്പെട്ടു. നല്ല കൈയടിയായിരുന്നു. പ്രോഗ്രാം ഉദ്ദേശിച്ചതിലും ഭംഗിയായി അവതരിപ്പിക്കാന്‍ പറ്റി. അന്ന് ഏറ്റവും കൂടുതല്‍ കൈയടി കിട്ടിയത് നിക്കറിട്ട ഐറ്റത്തിനാണ്. അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടൊരു പരസ്യമുണ്ട്-തുള്ളിനീലം ഹൈയ്, റീഗല്‍ തുള്ളിനീലം ഹായ്. ഇതിന്റെ പാരഡിയാണ് ഞങ്ങള്‍ കളിച്ചത്, 'നിക്കറിട്ട് വാ, വള്ളിനിക്കറിട്ട് വാ...' ഒന്നര മണിക്കൂറിനുള്ളില്‍ കുറെയധികം ഐറ്റം ചെയ്തു.
പ്രോഗ്രാം കഴിഞ്ഞ് സ്റ്റേജില്‍നിന്നിറങ്ങുമ്പോള്‍ നിക്കറിന്റെ ഉടമയായ അമ്മാവന്‍ പുറത്തു ഞങ്ങളെയും കാത്തു നില്ക്കുകയാണ്. 'എടേയ്, എന്റെ നിക്കറെന്തിയേ?' ശരിയാണല്ലോ, അമ്മാവന്റെ നിക്കറെന്തിയേ... ഞങ്ങള്‍ അന്വേഷിച്ച് സ്റ്റേജിലും സ്റ്റേജിന്റെ പരിസരത്തും അരിച്ചുപെറുക്കി നോക്കി, നിക്കറ് കിട്ടിയില്ല. പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ധൃതിയില്‍ നിക്കര്‍ ഊരി സ്റ്റേജിന്റെ ഒരു ഭാഗത്തേക്കിട്ടു. അതാരോ അടിച്ചോണ്ടുപോയി. പുതിയത് വാങ്ങിക്കൊടുക്കാമെന്നുവെച്ചാല്‍ എവിടെപ്പോയി വാങ്ങും. നിക്കറ് കിട്ടാതെ ഒരുത്തനെയും വിടില്ലെന്നു പറഞ്ഞ് അമ്മാവന്‍ ബഹളംവെക്കുകയാണ്. 'നിക്കറില്ലാതെ എനിക്ക് വീട്ടില്‍ പോകാന്‍ പറ്റില്ല, നാളെ തടിവെട്ടാന്‍ പോകാനുള്ളതാണ്. മര്യാദയ്ക്ക് നിക്കറ് തന്നോ. അല്ലെങ്കില്‍ എന്റെ തനിസ്വഭാവം നിങ്ങളറിയും.'
സംഗതി പ്രശ്‌നമായി. നിക്കറിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അവന്മാര്‍ക്ക് പൈസ കൊടുക്കരുതെന്ന് അമ്മാവന്‍ ക്ഷേത്രകമ്മിറ്റി ഓഫീസില്‍ ചെന്നു പറഞ്ഞു. കമ്മിറ്റിക്കാര്‍ ഞങ്ങളെ വിളിച്ചു. പ്രോഗ്രാം അവതരിപ്പിച്ചതിന് പ്രതിഫലമായി നൂറുരൂപ തരും. നിക്കറിന്റെ പൈസ നിങ്ങളുതന്നെ കൊടുക്കണം. നിങ്ങള് സൂക്ഷിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നിക്കറിന്റെ പൈസ കൊടുക്കാമെന്നു സമ്മതിച്ചു. ഞങ്ങള്‍ നാലുപേരുണ്ട്. നാലുപേര്‍ക്കുംകൂടിയാണ് നൂറുരൂപ. മിമിക്രി കളിച്ച് കിട്ടുന്ന ആദ്യപ്രതിഫലമാണ്. ബസ്‌ഫെയര്‍ കഴിച്ച് ബാക്കി അറുപതുരൂപ. ഒരാള്‍ക്ക് പതിനഞ്ചുരൂപവീതമുണ്ട്. അതില്‍നിന്ന് നിക്കറിന്റെ പൈസയും കൊടുത്ത് ബാക്കി ഞങ്ങള്‍ വീതിച്ചെടുത്തു. പരിപാടി കഴിഞ്ഞ് നാട്ടുകാരുടെ വക സത്കാരവും പതിനഞ്ചു രൂപ പ്രതിഫലവും കിട്ടിയപ്പോള്‍ സംഗതി കൊള്ളാമെന്നു തോന്നി. ആദ്യസ്റ്റേജ് കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു ആത്മവിശ്വാസമൊക്കെ വന്നു. ഇതൊരു ട്രൂപ്പായി കൊണ്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ, വീട്ടിലെത്തിയപ്പോള്‍ എല്ലാ സന്തോഷവും കെട്ടടങ്ങി.
'ഇനി മേലാല്‍ ഈ പരിപാടിക്ക് പോകരുത്. ഒരുത്തന്‍ മിമിക്രിയെന്നു പറഞ്ഞു വഴിയാധാരമായിക്കൊണ്ടിരിക്കുകയാണ്. നിന്നിലെനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. നിന്നെ പട്ടാളത്തിലയയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. ഇതിനിടയില്‍ ഇതൊന്നും വേണ്ട, ശരിയാകില്ല.' അച്ഛന്‍ പോകരുതെന്നു പറഞ്ഞെങ്കിലും വീട്ടുകാരറിയാതെ പാത്തും പതുങ്ങിയും ട്രൂപ്പിനൊപ്പം മിമിക്രി കളിക്കാന്‍ പോയിരുന്നു. അച്ഛന്റെ ആഗ്രഹംപോലെ പട്ടാളത്തില്‍ ചേരാന്‍ എനിക്കും താത്പര്യമായിരുന്നു. പക്ഷേ, വിധി സമ്മതിച്ചില്ല. മിമിക്രി കളിച്ചു നടന്നിരുന്ന ചേട്ടന്‍ എന്റെ ഒഴിവില്‍ പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായി. പട്ടാളമെന്നു കേള്‍ക്കുമ്പോള്‍ അച്ഛന് വലിയ ആവേശമാണ്. അതുകൊണ്ടാണ് മക്കളെ പട്ടാളത്തിലയയ്ക്കാന്‍ തയ്യാറായത്. ഞാനന്ന് പട്ടാളത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു മേജറെങ്കിലുമായിട്ടുണ്ടാവും; മേജര്‍ സുരാജ്!
( മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച സുരാജ് വെഞ്ഞാറമ്മൂടിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'ചിരിമയം' എന്ന പുസ്തകത്തില്‍ നിന്ന്)
Content Highlights: Chirimayam book by Suraj Venjaramoodu