കോടീശ്വരിയായ ഭാര്യ, നായകനില്‍ നിന്ന് കൊടുംവില്ലനിലേക്ക്, തുടര്‍ഫ്‌ളോപ്പുകള്‍; ബോബി ഡിയോള്‍

തൊണ്ണൂറുകളിലെ യുവത്വത്തിന്റെ ഹരമായിരുന്നു ബോബി ഡിയോള്‍. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിജയ് സിങ് എന്നാണെന്ന് പലര്‍ക്കുമറിയില്ല. സൂപ്പര്‍താരം ധര്‍മേന്ദ്രയുടെയും പ്രകാശ് കൗറിന്റെയും മകനായ, സണ്ണി ഡിയോളിന്റെ അനിയനായ ബോബിയുടെ സിനിമാജീവിതം ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ കണ്ടതാണ്. എട്ടാം വയസ്സില്‍ ബാലതാരമായി അരങ്ങിലെത്തിയ ബോബി നായകനാകുന്നത് 'ബര്‍സാത്' എന്ന ചിത്രത്തിലൂടെയാണ്. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍. ഗുപ്ത്, ബാദല്‍, സോള്‍ഡിയര്‍, അജ്‌നബി, ബിച്ചൂ, ഹംറാസ്... എന്നിങ്ങനെ പല ഹിറ്റുകള്‍.
ബോബിയ്ക്കും സണ്ണിക്കും രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. തന്റെ പത്തൊന്‍പതാം വയസ്സിലാണ് ധര്‍മേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചത്. ബോബിയുടെ കൗമാരകാലത്താണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്. ഹേമമാലിനിയെ ധര്‍മേന്ദ്ര പിന്നീട് വിവാഹം കഴിച്ചു. വലിയ വിവാദമായിരുന്നു ആ വിവാഹം. ഇരുവരും മതപരിവര്‍ത്തനം നടത്തി എന്നൊക്കെ അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. അച്ഛനമ്മമാരുടെ വേര്‍പിരിയലിനെക്കുറിച്ച് ഡിയോള്‍ സഹോദരങ്ങള്‍ അധികം പരസ്യപ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. പക്ഷേ, കുട്ടിക്കാലത്ത് ആ സംഭവം അവരെ തീര്‍ച്ചയായും അലട്ടിയിട്ടുണ്ടാകണം.
ഒന്നൊന്നായി തോല്‍വികള്‍, തിരിച്ചുവരവ്
രണ്ടായിരമാണ്ട് ബോബിയുടെ കരിയറില്‍ കഷ്ടകാലമായി. തുടരെ പരാജയങ്ങള്‍. ആകെ വിജയിച്ചത് 'അപ്‌നേ' (2007)എന്ന സിനിമയാണ്. ധര്‍മേന്ദ്രയും സണ്ണി ഡിയോളും ബോബിക്കൊപ്പം സ്‌ക്രീനില്‍ നിറഞ്ഞു. അച്ഛനും മക്കളുമായി തന്നെയായിരുന്നു റോളുകള്‍. വലിയ സ്വീകാര്യത കിട്ടിയ കുടുംബചിത്രമായി 'അപ്‌നേ'. കരണ്‍ജോഹറുടെ 'ദോസ്താന' 2008-ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. അതില്‍ അതിഥിതാരമായി ബോബിയുണ്ടായിരുന്നു.
പരാജയങ്ങള്‍ തുടര്‍ക്കഥയായതോടെ ബോബിക്ക് അവസരങ്ങള്‍ കിട്ടാതായി. നിരാശയില്‍ അടിതെറ്റി മദ്യപാനത്തിലേക്ക് വീണ കാലത്തെക്കുറിച്ച് ബോബി പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. മകന്‍ ഭാര്യയോട് 'അമ്മ ദിവസവും ജോലി ചെയ്യുന്നു അച്ഛന്‍ വീട്ടിലിരിപ്പാണല്ലോ' എന്നു പറയുന്നത് കേട്ടെന്നും അത് മനസ്സിനെ പിടിച്ചുലച്ചെന്നും ബോബി പറഞ്ഞിരുന്നു.
ഏറെക്കാലത്തിനുശേഷം ബോബിയുടെ കരിയറില്‍ ഒരു ഹിറ്റ് ചിത്രം പിറന്നത് 2019-ലാണ്. ഏതാണ്ട് ഒരു പതിറ്റാണ്ടിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ വിജയിച്ച ആ ചിത്രം 'ഹൗസ്ഫുള്‍ 4' ആണ്.
ബോബിയുടെ സിനിമാജീവിതം തിരിച്ചുപിടിച്ചത് 'അനിമല്‍' സിനിമയാണ്. സിനിമയുടെ വയലന്‍സും സ്ത്രീ വിരുദ്ധതയും വിമര്‍ശിക്കപ്പെട്ടെങ്കിലും ക്രൂര വില്ലനായി ബോബി തകര്‍ത്തഭിനയിച്ചെന്ന കാര്യത്തില്‍ ഏവര്‍ക്കും ഒരേ അഭിപ്രായമാണ്.
2023-ലെ ഏറ്റവും വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി അനിമല്‍. ഇതോടെ ബോബി വില്ലന്‍ വേഷത്തിലേക്ക് മാറി. സൂര്യയുടെ 'കങ്കുവ'യില്‍ വില്ലനായി തമിഴിലെത്തി. പക്ഷേ, ചിത്രം പരാജയപ്പെട്ടു.
പ്രണയം താന്യയോട്
ബോബിയുടെയും ഭാര്യ താന്യയുടേതും പ്രണയവിവാഹമായിരുന്നു. ഏഴ് വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട് ഇരുവര്‍ക്കുമിടയില്‍. ആദ്യമൊക്കെ താന്യക്ക് ബോബിയുടെ പ്രണയാഭ്യര്‍ത്ഥന ശല്യമായിരുന്നു. വളരെ പതിയെയാണ് അവരുടെ മനസ്സുമാറ്റാന്‍ ബോബിക്ക് സാധിച്ചത്. 1996ലായിരുന്നു വിവാഹം. ദമ്പതികള്‍ക്ക് രണ്ട്
ആണ്മക്കളാണുള്ളത്. പ്രതീക്ഷയില്ലാതിരുന്ന പരാജയങ്ങളില്‍ തനിക്ക് കൂട്ടായത് താന്യയാണെന്ന് ബോബി എപ്പോഴും പറയാറുണ്ട്.
ശതകോടീശ്വരനായ ദേവേന്ദ്ര അഹൂജയുടെ മകളാണ് താന്യ. മുന്നൂറുകോടിയോളം സ്വത്തുക്കള്‍ മകള്‍ക്ക് നല്‍കിയാണ് അദ്ദേഹം അന്തരിച്ചത്. താന്യ സ്വന്തം അധ്വാനത്തിലൂടെയും പ്രാവീണ്യത്തിലൂടെയും ബിസിനസ് വളര്‍ത്തി. ഇന്റീരിയര്‍ ഫാഷന്‍ ഡിസൈനിങ് മേഖലയിലും താന്യ കഴിവ് തെളിയിച്ചിട്ടുണ്ട്.
'അജ്‌നബി' എന്ന സിനിമയുടെ കോസ്റ്റ്യൂം ഒരുക്കാന്‍ അണിയറയില്‍ താന്യയുമുണ്ടായിരുന്നു. കരീനയും അന്ന് തുടക്കക്കാരിയായിരുന്ന ബിപാഷ ബസുവുമായിരുന്നു നായികമാര്‍. സെറ്റില്‍ വെച്ച് കരീനയും താന്യയും തമ്മില്‍ വഴക്കുണ്ടായി. അരിശം പൂണ്ട താന്യ കരീനയെ അടിച്ചു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു.
Content Highlights: the career and personal life of bobby deol