‘വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിൽ ഇന്നും വിഷമം’; ആന്റണി വർഗീസ്

ആന്റണി വർഗീസ്/Instagram, സി.ജോസഫ് വിജയ്/PTI
ആന്റണി വർഗീസ്/Instagram, സി.ജോസഫ് വിജയ്/PTI

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ആന്റണി വർഗീസ് പെപ്പെ. 'അങ്കമാലി ഡയറീസ്' മുതൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം ഇപ്പോൾ തമിഴ് പ്രേക്ഷകരിലേക്കും കൂടുതൽ അടുക്കുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം'ന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയപ്പോഴാണ് ആന്റണി വർഗീസ് തന്റെ കരിയറിലെ നഷ്ടപ്പെട്ടുപോയ ഒരു അവസരത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

വിജയ്‌യുടെ വലിയ ആരാധകനാണ് താനെന്ന് പറഞ്ഞ ആന്റണി വർഗീസ്, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്റർ' എന്ന ചിത്രത്തിൽ അർജുൻ ദാസ് അവതരിപ്പിച്ച കഥാപാത്രം ആദ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും വെളിപ്പെടുത്തി.
വിജയ് സാറിന്റെ വലിയ ആരാധകനാണ് ഞാൻ. 'മാസ്റ്ററി'ൽ അർജുൻ ദാസ് ചെയ്ത കഥാപാത്രം ആദ്യം എനിക്ക് ഓഫർ ചെയ്തതായിരുന്നു. എന്നാൽ ആ സമയത്ത് മറ്റൊരു സിനിമയുമായി കമ്മിറ്റഡ് ആയിരുന്നതിനാൽ അത് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ആ അവസരം നഷ്ടമായതിൽ ഇന്നും എനിക്ക് വിഷമമുണ്ട്,” ആന്റണി പറഞ്ഞു. വിജയ് ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുന്നതിനാൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ഇനി ലഭിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വിഷമമുണ്ടെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു.

നിരവധി തവണ ചെന്നൈ സന്ദർശിച്ചിട്ടുണ്ടെങ്കിലും താൻ അഭിനയിച്ച സിനിമയുടെ പ്രമോഷനായി ആദ്യമായാണ് ഇവിടെയെത്തുന്നതെന്നും ആന്റണി പറഞ്ഞു. തമിഴ് പ്രേക്ഷകർ 'ഐ ആം ഗെയിം' സ്വീകരിക്കുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

'ആർഡിഎക്‌സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ നഹാസ് ഹിദായത്തുമായി അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നും ആന്റണി പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവും സഹതാരവുമായ ദുൽഖർ സൽമാനെയും താരം പ്രശംസിച്ചു. “ദുൽഖർ വളരെ നല്ല സുഹൃത്താണ്. അതിലുപരി വളരെ നല്ല മനുഷ്യനുമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും വലിയ സന്തോഷമാണ്. 'ഐ ആം ഗെയിം' ഒരു വലിയ വിജയമാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. തമിഴ് പ്രേക്ഷകരും ഈ സിനിമയെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.”

സ്‌ക്രീനിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പലപ്പോഴും കടുപ്പമേറിയവയാണെങ്കിലും യഥാർഥ ജീവിതത്തിൽ താൻ വളരെ നിഷ്‌കളങ്കനായ ആളാണെന്നും താരം തമാശയായി പറഞ്ഞു. ഭാവിയിൽ ഏത് തമിഴ് താരങ്ങൾക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിനും ആന്റണിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. അജിത്ത് കുമാറിന്റെ പേരാണ് ആദ്യം പറഞ്ഞത്. പിന്നാലെ രജനികാന്തിനും സൂര്യയ്ക്കുമൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും താരം പങ്കുവച്ചു.

അതേസമയം, ‘ഐ ആം ഗെയിം’ലെ ഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും ദുൽഖർ സൽമാൻ ചെന്നൈയിലെ ആരാധകരെ ആവേശത്തിലാക്കി. തമിഴ് പ്രേക്ഷകരെ കൂടി മുന്നിൽക്കണ്ടാണ് ‘ഐ ആം ഗെയിം’ ഒരുക്കിയിരിക്കുന്നതെന്നും തമിഴ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദുൽഖർ പറഞ്ഞു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ദുൽഖർ. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: antony-varghese-missed-role-vijay-master-i-am-game