ഒരു താരത്തിന് 7 വാനിറ്റിവാനുകളും 50 പേരും, ബഡ്ജറ്റ് കാർന്നുതിന്നുന്നവർ ഞങ്ങൾക്ക് ബാക്കിവെക്കുന്നില്ല

അനീത കൻവാൾ
അനീത കൻവാൾ

നാല് പതിറ്റാണ്ടിലേറെയായി വിനോദരംഗത്ത് സജീവമായ നടിയാണ് അനീത കൻവാൾ. 'സോൻ പരി', 'ചാണക്യ' തുടങ്ങിയ ടെലിവിഷൻ ഷോകളിലും 'കഭി ഹാൻ കഭി നാ', 'മുജ്‌സെ ദോസ്തി കരോഗി' തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു സംഭാഷണത്തിൽ, മുൻനിര താരങ്ങളുടെ വലിയ സംഘങ്ങൾ സിനിമയിലെ ക്യാരക്റ്റർ നടന്മാരുടെ പ്രതിഫലത്തെയും അവസരങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് അനീത തുറന്നുപറഞ്ഞു.

ശാന്തവും സമാധാനപരവുമായ ചുറ്റുപാടിലാണ് നടന്മാർ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് അനീത പറഞ്ഞു. താരങ്ങൾ വലിയ സംഘങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രവണതയെ അവർ വിമർശിച്ചു. ഇത് നിർമ്മാണത്തിന്റെ മൊത്തത്തിലുള്ള ബഡ്ജറ്റിനെ ബാധിക്കാനും സഹനടന്മാർക്ക് കാര്യമായൊന്നും ലഭിക്കാതെ വരാനും സാഹചര്യമൊരുക്കുന്നു. 

"ഒരു രംഗം എത്ര ശാന്തമായും സമാധാനപരമായും അവതരിപ്പിക്കുന്നുവോ അത്രയധികം മികച്ചതാവും. ഞാനൊരു character actor എന്ന നിലയിലാണ് പറയുന്നത്. അവർ (പ്രധാന താരങ്ങൾ) നിർമ്മാതാക്കളുടെ ബഡ്ജറ്റിന്റെ വലിയൊരു ഭാഗം ഉപയോഗിക്കുന്നു. ഈ ഏഴു വാനിറ്റി വാനുകളും അവരെ ചുറ്റിപ്പറ്റിയുള്ള 50 പേരും ഞങ്ങൾക്ക് ഒന്നും ബാക്കിവെക്കുന്നില്ല. അതാണ് യാഥാർത്ഥ്യം. 250 കോടി രൂപ ബഡ്ജറ്റുള്ള സിനിമയാണെങ്കിൽ പോലും, ഞങ്ങൾക്കുള്ള വിഹിതത്തിൽ കുറവു വരുത്തുന്നു." അവർ പറഞ്ഞു.

ടെലിവിഷൻ രംഗത്തെ പ്രധാന നടന്മാർ നേരിടുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അനീത സംസാരിച്ചു. അതിവേഗ ഷൂട്ടിംഗ് ഷെഡ്യൂളുകളെയും ടിആർപി റേറ്റിങ് കിട്ടാനുള്ള തിരക്കുകൂട്ടലുകളെയും അവർ വിമർശിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും നടന്മാർ ജോലി ചെയ്യുന്നത് തുടരേണ്ടി വരുന്നുണ്ട്. 

"പൂജ (അവരുടെ മകൾ) പ്രധാന വേഷം ചെയ്യുമ്പോൾ ഒരു ഡ്രിപ്പ് ഇട്ടുകൊണ്ട് സെറ്റിലിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? നിർമ്മാതാക്കൾ എപ്പിസോഡുകൾ മുൻകൂട്ടി ഷൂട്ട് ചെയ്യുന്നതിൽ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല. അവർ ഓരോ എപ്പിസോഡിനും പ്രേക്ഷക പ്രതികരണങ്ങളും ടിആർപികളും കാണാനാഗ്രഹിക്കുന്നു, എന്നിട്ട് അതനുസരിച്ച് കഥ മാറ്റിയെഴുതുന്നു. യാതൊരു അർത്ഥമോ യുക്തിയോ ബാക്കിയില്ല." അവർ കൂട്ടിച്ചേർത്തു.

ഇതേ അഭിമുഖത്തിൽ, വിനോദരംഗത്ത് നിരവധി വർഷത്തെ പരിചയമുണ്ടായിട്ടും ജോലി കണ്ടെത്താനുള്ള സ്വന്തം പോരാട്ടങ്ങളെക്കുറിച്ചും അനീത സംസാരിച്ചു. താൻ ഇപ്പോഴും ഓഡിഷനുകളിൽ പങ്കെടുക്കുന്നുണ്ട്, പലപ്പോഴും നിരസിക്കപ്പെടുകയാണ്. മുന്പ് ഒരേസമയം 13 ഷോകളിൽ അഭിനയിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ 'ഉപയോഗശൂന്യയായി' തോന്നുന്നുവെന്നും അവർ പറഞ്ഞു. 1990-കളിലും 2000-ത്തിലും ടെലിവിഷൻ ഷോകളിലെ മികച്ച പ്രകടനങ്ങൾക്ക് പേരുകേട്ട മുതിർന്ന നടിയാണ് അനീത. 2021-ൽ 'സസുരാൽ ഗെൻഡ ഫൂൽ 2' എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi