'ബോളിവുഡിൽ നിലനിൽക്കാൻ കാമുകനോ പങ്കാളിയോ വേണം; ഇല്ലെങ്കിൽ വിജയിക്കില്ല'

അമീഷ പട്ടേൽ / AFP
അമീഷ പട്ടേൽ / AFP

ഒറ്റരാത്രി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമെന്ന് പറയാം അമീഷ പട്ടേലിനെക്കുറിച്ച്. 'കഹോ നാ പ്യാർ ഹെ' എന്ന സിനിമയുടെ വിജയത്തോടെ നായികാപദവിയിലേക്ക് ഉയർന്നെങ്കിലും, പിന്നീടുള്ള സിനിമകളൊന്നും അത്ര വിജയിച്ചില്ല. അതിനൊപ്പം പല സിനിമകളും ചിത്രീകരണം പൂർത്തിയാക്കിയില്ല, ചിലത് റിലീസായതുമില്ല. അങ്ങനെ ഗംഭീരതുടക്കം ലഭിച്ചിട്ടും, അത് നിലനിർത്താൻ കഴിയാതെ പോയ താരമാണ് അവർ.

ഇപ്പോൾ ബോളിവുഡിലെ തന്റെ കരിയറിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് അമീഷ. ബോളിവുഡിൽ ഒറ്റയ്ക്ക് അതിജീവിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു. 'ബോളിവുഡിൽ നിങ്ങൾക്കൊരു കാമുകനോ ഭർത്താവോ ഇല്ലെങ്കിൽ, വളരെയധികം കഷ്ടപ്പെടേണ്ടിവരും. അവിടെ പിന്തുണയ്ക്കാനും സഹായിക്കാനും ആരുമുണ്ടാവില്ല. പ്രത്യേകിച്ച് യാതൊരു സിനിമാപശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽനിന്നാണെങ്കിൽ, ആരും ഒരിക്കലും പിന്തുണയ്ക്കില്ല''.

പ്രേക്ഷകരുടെ സ്‌നേഹമാണ് ഏറ്റവും പ്രധാനമെന്നാണ് അമീഷയുടെ അഭിപ്രായം. ''ബോളിവുഡിൽ ഒട്ടേറെ ക്യാമ്പുകളുണ്ട്. ഞാനൊരു ക്യാമ്പിന്റെയും ഭാഗമല്ല. മദ്യപിക്കാനോ, പുകവലിക്കാനോ ഞാനില്ല. നല്ല റോളിനുവേണ്ടി ആരുടെയും പുറകെ നടക്കാറില്ല. മുഖസ്തുതി പറഞ്ഞോ പുകഴ്ത്തിയോ റോൾ നേടിയെടുക്കാറുമില്ല. എന്നെത്തേടി വന്ന റോളുകളെല്ലാം, യോഗ്യതയുള്ളതുകൊണ്ട് മാത്രം കിട്ടിയതാണ്. അതുകൊണ്ടാവാം പലർക്കും എന്നെ ഇഷ്ടമല്ല''.

നേരത്തെ ചില അഭിമുഖങ്ങളിൽ പല താരങ്ങൾക്കും തന്നോട് അസൂയയായിരുന്നുവെന്ന് അമീഷ വെളിപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള തന്റെ വിജയത്തിൽ

കരീന കപൂർ, ഇഷ ഡിയോൾ, ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ തുടങ്ങിയവരാണ് ദേഷ്യം പ്രകടിപ്പിച്ചതെന്ന് അവർ പറഞ്ഞു. അതാണ് കരിയറിനെ ബാധിച്ചതെന്നാണ് അമീഷയുടെ അഭിപ്രായം. ''തുടർവിജയങ്ങൾ പലർക്കും ഇഷ്ടപ്പെട്ടില്ല. ഞാൻ കരാറൊപ്പിട്ട സിനിമകളിൽ നിന്നുപോലും ഒഴിവാക്കപ്പെട്ടു''.

2023-ൽ പുറത്തിറങ്ങിയ 'ഗദ്ദർ' ആണ് അമീഷയുടെ അവസാനത്തെ ഹിറ്റ്. 700 കോടിയോളം രൂപയാണ് സിനിമ കളക്ട് ചെയ്തത്. 2024-ൽ 'തോബാ തേരാ ജൽവ' എന്ന സിനിമയായിരുന്നു അവരുടെ അവസാനത്തെ റിലീസ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ameesha Patel opens up about the challenges of surviving in Bollywood without a partner, nepotism, and her career struggles