താരപ്രതിഫലം മാത്രം 200 കോടിയിലേറെ, വി.എഫ്.എക്സിന് 250 കോടി; ചരിത്രം സൃഷ്ടിക്കാൻ 'രാക്ക'

അല്ലു അർജുനും ദീപിക പദുകോണും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'രാക്ക' (Raaka). അറ്റ്ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 800 കോടി രൂപയ്ക്കാണ് സിനിമ നിർമിക്കുന്നത്. അതോടെ ഏറ്റവും ചെലവേറിയ ഇന്ത്യൻചിത്രങ്ങളിലൊന്നായി ഇതു മാറും. 700 കോടിയിൽ 250 കോടിയും സിനിമയുടെ വി.എഫ്.എക്സിനും സംഘട്ടനങ്ങൾക്കും മാത്രമായിട്ട് നീക്കിവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
അല്ലുവിനും ദീപികയ്ക്കുമൊപ്പം രശ്മിക മന്ദാനയും പ്രധാനവേഷത്തിലെത്തുന്നു. കൂടാതെ മൃണാൾ താക്കൂർ, ജാൻവി കപൂർ, രമ്യ കൃഷ്ണൻ എന്നിവരും സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുമെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ സിനിമയിലെ താരങ്ങളുടെ പ്രതിഫലമാണ് ചർച്ചയാവുന്നത്.
ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ പ്രതിഫലം 175 കോടി രൂപയാണ്. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ, പകുതി മനുഷ്യനും പകുതി രാക്ഷസനും (half human half monster), ഒരു പിതാവ് എന്നിവ ഉൾപ്പെടെ ഒന്നിലധികം വേഷങ്ങൾ താരം സിനിമയിൽ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവുമൊടുവിൽ അല്ലു അഭിനയിച്ച 'പുഷ്പ 2'-ൽ അദ്ദേഹത്തിന് ലഭിച്ചത് 300 കോടിയാണ്. പ്രതിഫലത്തിനൊപ്പം സിനിമയിൽനിന്നുള്ള ലാഭവിഹിതം കൂടി ചേർത്തുള്ളതാണ് ഈ തുക.
'രാക്ക'യിൽ ദീപികയ്ക്ക് 25 കോടിയാണ് പ്രതിഫലമായി ലഭിക്കുക. ദീപികയുടെ പ്രതിഫലത്തേക്കാൾ ഏഴിരട്ടിയാണ് അല്ലുവിന് ലഭിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ, രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്നത് 5 കോടിയാണ്. സൺ പിക്ചേഴ്സാണ് സിനിമ നിർമിക്കുന്നത്. ഈ വർഷം അവസാനമാകുമ്പോഴേക്കും ചിത്രീകരണം തീരുമെന്നാണ് അറിയുന്നത്.
അല്ലു അർജുന്റെ ജൻമദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതോടെ ആരാധകരുടെ ആവേശം വാനോളമുയരുകയും ചെയ്തു. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ പോസ്റ്ററിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സയൻസ് ഫിക്ഷൻ ജോണറിലുള്ള സിനിമയാണിത്. 2027-ലാണ് സിനിമ തിയേറ്ററുകളിലെത്തുക. ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിനുശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയാണ് 'രാക്ക'.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raaka is produced with a massive 800 crore budget, making it one of India's most expensive films. Allu Arjun reportedly charges 175 crore for his multifaceted role in the film.