'എആർ റഹ്മാന്റെ പേര് പറഞ്ഞ് എന്നെ അവർ കളിയാക്കി, മതംമാറ്റം വേദനിപ്പിച്ചു, കടുത്ത പ്രണയമായിരുന്നു'

90-കളിലെ തമിഴ്, മലയാളം സിനിമാ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു മോഹിനി. 1992-ൽ 'നാടോടി' സിനിമയിലൂടെയാണവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 'ഈറമനൈ റോജാവേ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. മഹാലക്ഷ്മി ശ്രീനിവാസൻ എന്നായിരുന്നു യഥാർഥപേരെങ്കിലും സിനിമയിൽ വന്നപ്പോൾ പേരുമാറ്റി. തെന്നിന്ത്യൻ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് മോഹിനിയെ സ്വീകരിച്ചത്. പിന്നീടവർക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വിവിധ ഭാഷകളിൽ കൈനിറയെ വേഷങ്ങൾ. എട്ട് വർഷത്തിനിടെ നൂറിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. പൂച്ചക്കണ്ണുള്ള സുന്ദരിയായ നടിയെ ഒട്ടേറെപ്പേർ ആരാധിച്ചിരുന്നെങ്കിലും നടിക്ക് മറ്റൊരാളോടായിരുന്നു താത്പര്യം.
സംഗീത സംവിധായകൻ എആർ റഹ്‌മാനോടായിരുന്നു തനിക്ക് ആരാധനയുണ്ടായിരുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മോഹിനിയിപ്പോൾ. വെറും സ്നേഹമായിരുന്നില്ല അത്, കടുത്ത പ്രണയം തന്നെയായിരുന്നു. എന്നാൽ എആർ റഹ്‌മാൻ ഇസ്ലാം സ്വീകരിച്ചെന്ന വാർത്ത തന്നെ വളരെ വേദനിപ്പിച്ചെന്നും മോഹിനി വെളിപ്പെടുത്തി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹിനിയുടെ (mohini) തുറന്നുപറച്ചിൽ.
"ആ കാലത്ത് ഞാൻ റഹ്‌മാനെ വളരെയധികം ആരാധിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചെന്ന വാർത്ത വന്നത്. ആ വാർത്ത കേട്ട് എന്നെക്കാൾ ദുഃഖിതയായ ആരുമുണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ദിലീപായിത്തന്നെ തുടർന്നാൽ മതിയായിരുന്നു. എങ്കിൽ, അദ്ദേഹത്തെ ഇഷ്ടമാണെന്ന് എന്റെ വീട്ടിൽ പറായാമായിരുന്നു എന്നു വരെ ഞാൻ ആലോചിച്ചിട്ടുണ്ട്. വലിയ വഴക്കുകളൊന്നുമില്ലാതെ അവർ സമ്മതിച്ചേനേ. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസവുമില്ല. തമിഴ് നടി ലക്ഷ്മി എന്നെ ഇടക്കിടയ്ക്ക് കളിയാക്കുമായിരുന്നു. നീ ബിരിയാണിയൊക്കെ ഉണ്ടാക്കാൻ പഠിച്ചോളൂ, റഹ്മാന് അതൊക്കെ ഇഷ്ടമാണ് എന്നൊക്കെ പറയുമായിരുന്നു. ഒരു തവണയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ മലേഷ്യയിലെ സംഗീത പരിപാടിക്ക് ഞാനായിരുന്നു ആങ്കർ. അന്നാണ് ആദ്യമായി നേരിൽ കാണുന്നത്. പരിപാടി കഴിഞ്ഞ് ഫ്ലൈറ്റിൽവച്ച് അദ്ദേഹം എന്നോട് ഹലോ പറഞ്ഞു. ഫ്ലൈറ്റിൽ ഒരുപാട് ആർട്ടിസ്റ്റുകൾ വേറെയും ഉണ്ടായിരുന്നെങ്കിലും എന്നോട് മാത്രമാണ് അദ്ദേഹം ഹലോ പറഞ്ഞത്."-അവർ പറഞ്ഞത്.
23-ാം വയസ്സിലാണ് അമേരിക്കൻ വ്യവസായി ഭരതിനെ മോഹിനി വിവാഹം ചെയ്യുന്നത്. പിന്നീട് താമസം അവിടേക്കുമാറ്റി. ഇടയ്ക്ക് വിഷാദരോഗം വന്ന് താൻ പലതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അടുത്തിടെ മോഹിനി തുറന്നുപറഞ്ഞിട്ടുണ്ട്. 2006-ൽ മോഹിനി ക്രിസ്തുമതവും സ്വീകരിച്ചു. ക്രിസ്തുമതത്തിലാണ് തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചതെന്നാണ് മോഹിനി എപ്പോഴും പറയാറുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Mohini had a deep admiration for music director A.R. Rahman in the 90s., She considered marrying him and believed her family would have agreed., Mohini was saddened by the news of A.R. Rahman's conversion to Islam., After marriage, she moved to the US and adopted evangelism.