ദുബായിലേക്ക് പോവാനൊരുങ്ങുമ്പോള്‍ ദിലീഷ് പോത്തന്‍ വിളിച്ചു, അതോടെ ജീവിതം മാറി...

'കൊച്ചി പുത്തന്‍ സിനിമാക്കാരുടെ കൊച്ചിയാകുന്ന കാലം, അമല്‍ നീരദും അന്‍വര്‍ റഷീദും ആഷിഖ് അബുവുമൊക്കെ വന്ന് കൊച്ചിയിലെ പിള്ളേരുടെ പവറ് മലയാള സിനിമയ്ക്ക് കാട്ടികൊണ്ടിരിക്കുന്ന കാലം, സിനിമയെയും സ്വപ്‌നം കണ്ട് കേരളത്തിന്റെ പലഭാഗത്ത് നിന്നും യുവത്വം കൊച്ചിയില്‍ കുറ്റിയടിക്കാന്‍ തുടങ്ങിയ കാലം, അത് വല്ലാത്തൊരു കാലമായിരുന്നു.....'
'ങ്ങള് എന്ത് വെറുപ്പിക്കലാണ് ചങ്ങായിയേ, വെറുതെ ബില്‍ഡപ്പ് കൊടുക്കാണ്ട് സംഭവം പറയെടോ...'
അതായത് ഉത്തമാ..., അത്തരമൊരു ദിവസം രാത്രി, കൊച്ചിയിലെ ഒരുവീട്ടുമുറിയിലിരുന്ന് നമ്മളെ ദിലീഷ് പോത്തനോടും ശ്യാം പുഷ്‌കരനോടുമൊക്കെ ഒരു കാസ്രോട്ട്ക്കാരന്‍ ചെക്കന്‍ ഒരു സിനിമ കഥ പറഞ്ഞു. ചെക്കന്റെ കഥ അങ്ങ് കേട്ട് കഴിഞ്ഞപ്പോ ഒരു നിമിഷത്തെ മൗനത്തിന് ശേഷം മ്മ്‌ളെ സാള്‍ട്ട് പെപ്പറില്‍ കാളിദാസന്‍ കുക്ക് ബാബുവിനോട് ചോദിക്കുന്നത് പോലൊരു ചോദ്യം ദിലീഷ് പോത്തന്‍ ചോദിച്ചു ' പോരുന്നോ, മഹേഷിന്റെ പ്രതികാരത്തില്‍ ഒരു റോളഭിനയിക്കാന്‍' . നെല്ലിക്ക ചാക്കുമായി വരുന്നയാളെ ഒരുസൈക്കിളുമായി വന്ന് ഇടിച്ചിട്ടാണ് രാജേഷ് മാധവന്‍ എന്ന കാസര്‍ഗോഡ് കുണ്ടംകുഴിക്കാരന്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായും കാസ്റ്റിങ് ഡയറക്ടറായും ക്രിയേറ്റീവ് ഡയറക്ടറുമായെല്ലാം അഭിനയത്തിനൊപ്പം പലവിധ റോളുകളില്‍ രാജേഷ് മികച്ച സിനിമകളുടെ ഭാഗമായി. മാറലഹ എന്ന കിടുക്കാച്ചി ഡയലോഗുമായി മിന്നല്‍ മുരളിയിലെ പി. സി . ടിറ്റോയായും കനകം കാമിനി കലഹത്തിലെ മനാഫ് ഖാനായും, ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ സുരേശനായുമെല്ലാം സമീപകാലത്ത് ശ്രദ്ധേയ പ്രകടനം നടത്തി. സിനിമയുടെ ജാഡകളേതുമില്ലാത്ത സാധാരണക്കാരനാണ് രാജേഷ്. പെണ്ണും പൊറാട്ടിലൂടെ സംവിധാന തൊപ്പി അണിയുകയാണ് ഈ കാസര്‍ഗോട്ടുകാരന്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്റെയും സുമലതയും ഹൃദയഹാരിയായ പ്രണയകഥയില്‍ നായകനായും രാജേഷ് എത്തുന്നു.മലയാളത്തിന് പുത്തന്‍ പ്രതീക്ഷയേകുന്ന സിനിമക്കാരനിലേക്കുള്ള തന്റെ യാത്രയുടെ കഥ രാജേഷ് പറയുന്നു.
സീന്‍ ഒന്ന്
കാസര്‍ഡോഗ് കുണ്ടംകുഴി
ബ്ലാക്ക് വൈറ്റ്, ഫ്‌ളാഷ് ബാക്ക്
സിനിമയില്‍ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്തൊരു ജില്ലയാണ് കാസര്‍ഗോഡ്. സിനിമ എന്ന മോഹവും കൊണ്ട് മലബാര്‍ എക്‌സ്പ്രസില്‍ തെക്കോട്ട് പുറപ്പെട്ടുപോയവരെല്ലാം ഒന്നും ആകാതെ തിരിച്ചുവന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ കരിച്ചേരി പുഴയ്ക്കപ്പുറം കുണ്ടംകുഴിയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച പയ്യനും സിനിമ എന്നത് കാതങ്ങള്‍ അകലെയുള്ള ഒരു സ്വപ്‌നമരീചിക മാത്രമായിരുന്നെന്ന് രാജേഷ് പറയുന്നു ' കലാപാരമ്പര്യമൊന്നുമില്ലാത്ത ഒരുകുടുംബത്തിലാണ് ജനനം. അച്ഛന്‍ മാധവന്‍ ചെറുപ്പത്തില്‍ പറഞ്ഞുതന്ന കുറച്ച് കഥകള്‍മാത്രമാണ് കല എന്ന നിലയില്‍ മനസ്സില്‍ പതിഞ്ഞത്. പക്ഷേ, ആഗ്രഹമുള്ളതെല്ലാം ചെയ്യാന്‍ അച്ഛനും അമ്മയും ഏറെ പ്രോത്സാഹനം നല്‍കിയിരുന്നു. കാരണം, ഞാന്‍ ഒറ്റ മകനാണ്, ബാക്കി രണ്ടും ചേച്ചിമാരാണ്. ചെറുപ്പത്തില്‍ തന്നെ ഡാന്‍സ്, നാടകം.. അങ്ങനെ പലതിനും ഇറങ്ങിപുറപ്പെട്ടു. സബ്ജില്ലയില്‍ നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇവന്‍ ആള് മോശല്ല എന്ന് വീട്ടുകാര്‍ക്ക് തോന്നി. ആ സമയത്ത് കുറ്റിക്കോലില്‍ സണ്‍ഡേ തിയേറ്റര്‍ എന്നൊരു സ്ഥാപനമുണ്ടായിരുന്നു. പ്രശസ്ത നാടകപ്രവര്‍ത്തകനായ ഗോപി കുറ്റിക്കോലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സണ്‍ഡേ തിയേറ്ററിന്റെ ഭാഗമായതോട് കൂടിയാണ് എന്റെ അതുവരെയുള്ള നാടക, സിനിമ സങ്കല്‍പ്പങ്ങളെല്ലാം മാറിയത്. അങ്ങനെ ഞായറാഴ്ചകള്‍ തോറും നാടകം കളിക്കലും ലോക ക്ലാസിക് സിനിമകള്‍ കാണലുമൊക്കെയായി സണ്‍ഡേ തിയേറ്റര്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കി. അവിടെ നിന്നാകാം എന്നിലെ സിനിമക്കാരന്‍ പിച്ചവെച്ചു തുടങ്ങിയതെന്ന് വിശ്വസിക്കുന്നു. ''
സീന്‍ രണ്ട്
കൊച്ചി, അമൃത ക്യാമ്പസ് , ക്ലാസ് മുറി
അമൃതയില്‍ നിന്ന് ലഭിച്ച ക്ലാസുകളാണ് രാജേഷിന് സിനിമയോടും പ്രേമം വര്‍ധിപ്പിച്ചത്. കെ.ജി.ജോര്‍ജും ജോണ്‍ പോളുമൊക്കെ സിനിമ എന്ന മാജികിന്റെ വര്‍ണലോകത്തേക്ക് കുറിച്ച് സംസാരിച്ചപ്പോള്‍ രാജേഷ് തന്റെ നാളെകളെ സിനിമയില്‍ സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. ' തീരുമാനിച്ച് പുറപ്പെട്ട് പോയി സിനിമയിലെത്തിയ ഒരാളല്ല ഞാന്‍. മറിച്ച് കൊച്ചിയില്‍ പഠനസംബന്ധമായി എത്തുകയും അവിടെ നിന്ന് സിനിമ സ്വപ്‌നം കാണുകയുമായിരുന്നു. പഠനശേഷം മാധ്യമമേഖലയില്‍ പല സ്ഥാപനങ്ങളില്‍ കൊച്ചിയില്‍ തന്നെ ജോലി ചെയ്തു. അതൊന്നും സന്തോഷം നല്‍കാതെ വന്നപ്പോള്‍ സിനിമയ്ക്ക് തന്നെ സമയം മാറ്റിവെക്കാം എന്ന് തീരുമാനിച്ചു. അതിനിടയ്ക്ക് സജിന്‍ ബാബുവിന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്തു.
ഈ കാലത്തൊക്കെ തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകളൊക്കെ നടത്തിയാണ് കൊച്ചിയില്‍ ജീവിക്കാനുള്ള കാശ് കണ്ടെത്തിയിരുന്നത്. അഭിനയിച്ച ആദ്യ സിനിമ റാണി പത്മിനിയാണെങ്കിലും ആ സീന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സമയം അമൃതയില്‍ എന്റെ സീനിയറായി പഠിച്ച തിരക്കഥാകൃത്ത് രവിശങ്കര്‍ ഒരുഷോര്‍ട്ട്ഫിലിം ചെയ്തപ്പോള്‍ എന്നെയും കൂടെ കൂട്ടി. അതില്‍ ഉണ്ണിമായ പ്രസാദ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ ശ്യാം പുഷ്‌കരനെത്തി. അങ്ങനെയാണ് ശ്യാമേട്ടനുമായുള്ള സൗഹൃദം തുടങ്ങുന്നത്. അതുവഴി പോത്തണ്ണനിലേക്കും ( ദിലീഷ് പോത്തന്‍), ആഷിക് അബുവിലേക്കുമൊക്കെ എത്താന്‍ സാധിച്ചു. ഷോര്‍ട്ട് ഫിലിമിന് കിട്ടിയ മികച്ച അഭിപ്രായം നമുക്ക് സിനിമ ചെയ്യാനുള്ള ധൈര്യം നല്‍കി. ഒരു കഥയെഴുതി ദിലീഷേട്ടന്റെയും ശ്യാമേട്ടന്റെയും അടുത്തേക്ക് പോയി. കഥ കേട്ട് കഴിഞ്ഞപ്പോള്‍ പോത്തണ്ണന്‍ എന്നെ നോക്കി പറഞ്ഞത് ' ശ്യാമേ, ഇവനെ നമുക്ക് സിനിമയില്‍ ഒരു റോള്‍ കൊടുത്താലോ' എന്നാണ്. എന്റെ കഥയെ കുറിച്ച് ഒന്നുംപറഞ്ഞില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ചെറിയൊരു വേഷമെനിക്ക് അങ്ങനെ കിട്ടി. '
സീന്‍ മൂന്ന്
കുണ്ടംകുഴി, വീട്ടുപറമ്പ്
പൂത്തു പരന്നുനില്‍ക്കുന്ന മഞ്ഞ കാല്‍വരി പൂവിന്റെ മരങ്ങള്‍, താഴെ മഞ്ഞ കമ്പളം നനച്ചിട്ട പോലെ പൂക്കള്‍ വീണു കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോര്‍ത്തപോലെ. മഞ്ഞ തേച്ച ഒരുകൊക്കൂണിനകത്ത് പെട്ടത് പോലെ രാജേഷ്. പൂക്കളെ നോവിക്കാതിരിക്കാന്‍ പൂക്കളേക്കാള്‍ മാര്‍ദവമേറിയ തന്റെ കാലുകള്‍ അവന്‍ മെല്ലെ മുന്നോട്ടെടുത്തുവച്ചു. പെട്ടെന്നാണ് ഉള്ളില്‍ ഫോണ്‍ ശബ്ദമുണ്ടാക്കിയ്, റ്ണീം, റ്ണീം.... '
"മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് ഒന്നും ശരിയാകാതെ വന്നപ്പോള്‍ മടുത്ത് ഞാന്‍ വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു. സാധാരണ ഏതൊരു കാസര്‍ഗോഡന്‍ യുവാവും നാട്ടില്‍ നല്ല ജോലിയൊന്നും ശരിയായില്ലെങ്കില്‍ നേരെ ദുബായിലേക്ക് പോകുക എന്നതാണ് പതിവ്. അച്ഛന് കൂലിപ്പണിയാണ്. അതിനാല്‍ ഞാന്‍ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അങ്ങനെ ഒരുസുഹൃത്ത് വഴി ദുബായില്‍ ഒരുജോലിയൊക്കെ ഏകദേശം വാക്കാല്‍ പറഞ്ഞുവച്ചു. ഒന്നും ശരിയായില്ലെങ്കില്‍ ഞാന്‍ വിമാനം കേറിവരുമെന്ന് അവനോട് പറഞ്ഞു. ദുബായിലേക്ക് പോകാം എന്ന തീരുമാനത്തിലേക്ക് എത്തുന്ന സമയത്താണ് ദീലിഷ് പോത്തന്റെ ഫോണ്‍ കോള്‍ വരുന്നത്. ' രാജേഷേ നീ ഒരുസിനിമയില്‍ അസിസ്റ്റ് ചെയ്യുന്നേ' എന്നാണ് ആദ്യം ദിലീഷേട്ടന്‍ ചോദിച്ചത്. ' അസിസ്‌റ്റോ..? ആരുടെ സിനിമയാണ് പോത്തണ്ണാ..?'. ഞാന്‍ സംശയത്തോടെ തിരിച്ച് ചോദിച്ചു. ' തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേരില്‍ ഞാന്‍ രണ്ടാമത്തെ സിനിമ ചെയ്യുകയാണ്. കാസര്‍ഗോട്ട് നിന്ന് ഷൂട്ട് ചെയ്യാം എന്നാണ് കരുതുന്നത്. നീ കൂടി കൂടെ ഉണ്ടെങ്കില്‍ നന്നാവുമായിരുന്നു' ദിലീഷേട്ടന്‍ പറഞ്ഞുതീരും മുമ്പേ ഞാന്‍ ഓക്കെ പറഞ്ഞു.''
''ലൊക്കേഷന്‍ ഹണ്ടിങ്, കാസ്റ്റിങ് അങ്ങനെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ആദ്യാവസാനം ദിലീഷേട്ടന്റെ കൂടെ നില്‍ക്കാം കഴിഞ്ഞതോടെ സിനിമയുടെ പ്രോസസിങ് ഇത്രയും ഓര്‍ഗാനിക് ആയി ചെയ്യാം എന്ന് മനസ്സിലാക്കുകയായിരുന്നു. അത് പിന്നീട് ഓരോ സിനിമയിലും ജോലി ചെയ്യുമ്പോള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിപ്പെടണം എന്നാഗ്രഹിച്ച് കൊച്ചിയില്‍ അലയുമ്പോള്‍ അഭിനേതാവുക എന്നത് എന്റെ ആദ്യ പരിഗണനകളില്‍ ഉണ്ടായിരുന്നില്ല. എഴുത്ത്, സംവിധാനം എന്നിവയൊക്കെ ചെയ്ത ശേഷം കുറച്ച് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ അഭിനയിക്കാം എന്നതായിരുന്നു ചിന്ത. എന്നാല്‍ ആക്‌സ്മികമായി അഭിനയമാണ് മുന്നിലേക്ക് കയറിവന്നത്. അഭിനയിക്കുമ്പോള്‍ ജീവിക്കാനുള്ള കാശ് കിട്ടാന്‍ കുറച്ച് കൂടി എളുപ്പമാണെന്ന് തോന്നാറുണ്ട്. പിന്നണിമാത്രം ചെയ്ത ജീവിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്റെ നാടകത്തോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് കൊണ്ടാണ് ദര്‍ശനയും റോഷനും എ വെരി നോര്‍മല്‍ ഫാമിലി എന്ന നാടകത്തിലേക്ക് എന്നെയും ക്ഷണിച്ചത്. ആ നാടകത്തിന് വേണ്ടിയുള്ള വര്‍ക്ക് ഷോപ്പും മറ്റും കഴിഞ്ഞപ്പോള്‍ റോഷനും ദര്‍ശനയും അഭിനയം കുറച്ച് സീരിയസ് ആയി എടുക്കണം എന്ന് നിര്‍ദ്ദേശിച്ചു. അതിന് ശേഷം എന്നാല്‍ പറ്റുന്ന രീതിയില്‍ കിട്ടുന്ന കഥാപാത്രങ്ങളെ നന്നാക്കാന്‍ ശ്രമിച്ചു. ''
സീന്‍ നാല്
കുറുക്കന്‍മൂല പൊലീസ് സ്റ്റേഷന്‍
സിനിമക്കാരനാകാന്‍ പോയ രാജേഷ് പോയ പോലെ തിരിച്ചുവരുമെന്നാണ് നാട്ടുകാര്‍ വിചാരിച്ചത്, കാരണം അതാണ് പതിവ് രീതി. പക്ഷേ മിന്നല്‍ മുരളി കണ്ട നാട്ടുകാര്‍ ഞെട്ടി, എല്ലാം മാറാലഹ... ' ചെക്കന്‍ ജോറ് ബാറ് ആക്കീന്, മജയായിന് ഓന്റെ ആക്ടിങ്.. നാട്ടുകാര്‍ സന്തോഷത്തോടെ സമ്മതിച്ചു. '' ഞാന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലേക്ക് വിളിക്കുന്നത്. ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നാറുണ്ട്. ആയൊരു എക്‌സൈന്റമെന്റോട് കൂടി തന്നെയാണ് അഭിനയിക്കാന്‍ ചെന്നത്. പൊലീസ് വേഷമിട്ട് കണ്ണാടി നോക്കിയപ്പോള്‍ തന്നെ ഞാന്‍ വേറെരാളായി മാറി കഴിഞ്ഞു എന്ന് തോന്നിയിരുന്നു.
'മാറാലഹ' എന്ന ഡയലോഗ് വരുന്ന സീനാണ് ഈ സിനിമയിലെ എന്റെ അടയാളപ്പെടുത്തല്‍ എന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസ്സിലായി. പക്ഷേ അപ്പോഴും ബൈജു ഏട്ടനടക്കമുള്ള മുതിര്‍ന്ന അഭിനേതാക്കളുടെ കൂടെ അഭിനയിക്കുന്നതിന്റെ ടെന്‍ഷനും കൊണ്ടാണ് സെറ്റില്‍ ചെന്നത്. അതുവരെ റിയലിസ്റ്റിക് സിനിമകളില്‍ മാത്രം അഭിനയിച്ചതിനാല്‍ ഏത് രീതിയില്‍ ചെയ്യണം എന്നൊരാശങ്ക ഉണ്ടായിരുന്നു. കുറച്ച് കൂട്ടി ചെയ്‌തോ എന്ന ബേസില്‍ പറഞ്ഞതും സംഭവം മനസ്സിലായി. അതൊരു പുതിയ അനുഭവമായി. പക്ഷേ വളരെ രസകരമായി തന്നെ ഓരോ സീനും അഭിനയിക്കാന്‍ കഴിഞ്ഞു.
കനകം കാമിനി കലഹത്തിലേക്ക് കാസ്റ്റിങ് ഡയറക്ടറായാണ് എന്നെ വിളിക്കുന്നത്. ആ സമയത്ത് തന്നെ 'മനാഫ് ഖാന്‍' എന്ന കഥാപാത്രം ഞാനാണ് അവതരിപ്പിക്കേണ്ടത് അദ്ദേഹം പറഞ്ഞിരുന്നു. കാസര്‍ഗോട്ടുകാരനായ നോവല്‍ വായിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ മുസ്ലീം കഥാപാത്രം എന്നെ മനസ്സില്‍ കണ്ട് തന്നെയാണ് അദ്ദേഹം എഴുതിയതും. കോവിഡിന്റെ സമയത്ത് അബാദ് പ്ലാസ എന്ന ഹോട്ടലില്‍ താമസിച്ച് അതിനുള്ളില്‍ നിന്ന് തന്നെയാണ് സിനിമ ഷൂട്ട് ചെയ്തതും. അതൊരു മികച്ച അനുഭവമായിരുന്നു. ആദ്യാവസാനം എനിക്ക് നല്ല കുറേ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു. അത് നന്നായി തന്നെ ഉപയോഗിക്കുകയും ചെയ്തു. മഞ്ഞകാല്‍വരിപ്പൂക്കള്‍ എന്ന് തുടങ്ങി വലിയ ഡയലോഗ് മനപ്പാഠം പഠിച്ചാണ് പറഞ്ഞത്. കാരണം എല്ലാവരുടെയും നടുക്ക് നിന്നാണ് ഞാന്‍ ആ സംഭാഷണം പറയേണ്ടത്. ഞാന്‍ കാരണം അധികം റീടേക്കുകള്‍ പോകരുതെന്ന് ഉറപ്പിച്ചിരുന്നു. നല്ല രീതിയില്‍ തന്നെ മനാഫ് ഖാനെയും പ്രേക്ഷകര്‍ സ്വീകരിച്ചു. ''
സീന്‍ അഞ്ച്, കാഞ്ഞങ്ങാട്
സിനിമക്കാരനാകാന്‍ രാജേഷ് കാസര്‍ഗോട് നിന്ന് കൊച്ചിക്ക് പോയപ്പോള്‍ സെന്ന ഹെഗ്‌ഡേ എന്ന സംവിധായകന്‍ എങ്ങും പോവാതെ കാസര്‍ഗോഡ് നിന്ന് തന്നെ സിനിമ ഉണ്ടാക്കി. അത് രാജേഷിനൊരു കൗതുകമായിരുന്നു. വൈകിയില്ല രാജേഷിനെ തേടി സെന്നയുടെ വിളിയെത്തി. ' ഒരുദിവസം സെന്ന എന്നെ വിളിച്ചു. തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ്ങിനെ സഹായിക്കാന്‍ ക്ഷണിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍കോള്‍. കാസ്റ്റിങ് പൂര്‍ത്തിയായപ്പോള്‍ ക്രിയേറ്റീവ് ഡയറക്ടറാകാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ തിങ്കളാഴ്ച നിശ്ചയത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറാകുന്നത്. പുതുമുഖ താരങ്ങളെ വച്ച് കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റര്‍ടെയ്‌നര്‍ ഉണ്ടാക്കാന്‍ ആ സിനിമയിലൂടെ നമുക്ക് സാധിച്ചു. പിന്നാലെ സെന്നയുടെ 1744 വൈറ്റ് ഓള്‍ട്ടോ എന്ന സിനിമയിലും അഭിനയിച്ചു.കനകം കാമിലി കലഹത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ പോയി കേസ് കൊട് എന്ന ചിത്രത്തില്‍ ചെയ്ത സുരേശന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാസ്റ്റിങ് ഡയറക്ടറുടെ റോളുകൂടി ഞാന്‍ ആ സിനിമയില്‍ ചെയ്തിരുന്നു. അതിലെ സുരേശന്‍ എന്ന കഥാപാത്രത്തെ നായകനാക്കി ആണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ സിനിമ ഒരുങ്ങുന്നത്. അതിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരുക്കങ്ങളും നടക്കുന്നുണ്ട്. ''
Content Highlights: Actor Rajesh madhavan interview