ലോകത്തെ എല്ലാ മനുഷ്യരുടെയും തലച്ചോറുകള്‍ ഒരേപോലെ പ്രവര്‍ത്തിക്കുന്ന ഒരു സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?
എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരേ പരിഹാരം, എല്ലാ സംഗീതത്തിനും ഒരേ താളം, എല്ലാ ചിത്രങ്ങള്‍ക്കും ഒരേ രൂപം. എന്തിനേറെ, സംഭാഷണങ്ങള്‍ പോലും യാന്ത്രികമായിപ്പോകുമായിരുന്നില്ലേ... ഓരോ മനുഷ്യരുടെയും വ്യക്തിത്വവും സംസ്‌കാരവും അനുഭവങ്ങളും വ്യത്യസ്തമായിരിക്കുന്നത് പോലെത്തന്നെ, ഓരോരുത്തരുടെയും തലച്ചോറും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഈ ലോകം കൂടുതല്‍ മനോഹരമാകുന്നതും. ഈ ആശയത്തെയാണ് ന്യൂറോഡൈവേഴ്സിറ്റി അഥവാ ബൗദ്ധിക വൈവിധ്യം എന്ന് പറയുന്നത്. ഓട്ടിസം പോലെയുള്ള ന്യൂറോഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളെ രോഗങ്ങള്‍ എന്നതിലുപരി, ഒരു വൈവിധ്യമായി കണക്കാക്കുകയാണ് ഇവിടെ.

ചില വ്യക്തികള്‍ ബൗദ്ധികമായി ഭിന്നസ്വഭാവമുള്ളവരാണ്. അതായത്, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് അവരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം, എ.ഡി.എച്ച്.ഡി, ഡിസ്ലെക്‌സിയ എന്നിവ അതിനുദാഹരണങ്ങളാണ്. ഈ അവസ്ഥകളെ രോഗങ്ങളായി കണക്കാക്കുന്നതിന് പകരം, ആ വ്യക്തികളുടെ സവിശേഷമായ പ്രത്യേകതകളെയും കരുത്തുകളെയും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. എല്ലാ വര്‍ഷവും ഏപ്രില്‍ 2 ഓട്ടിസം ദിനമായി ആഘോഷിക്കുന്നതിന് പിന്നിലെ സാംഗത്യം അതാണ്.

മാനസികമായി ഭിന്നശേഷിയുള്ളവരെ അംഗീകരിക്കാനും സ്വാഗതം ചെയ്യാനും അവരുടെ സംഭാവനകളെ പ്രശംസിക്കാനും സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓട്ടിസം അവബോധ ദിനാചരണം മുന്നോട്ടുവെക്കുന്നത്. ഓട്ടിസമുള്ള വ്യക്തികളുടെ വേറിട്ട കഴിവുകള്‍ തിരിച്ചറിയുന്നതും പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്.

ഓട്ടിസത്തെ കുറിച്ച് കൂടുതലറിയാന്‍ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, അതിനെച്ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മാറ്റിനിര്‍ത്തലുകളും ഇപ്പോഴും തുടരുന്നുണ്ട്. ഓട്ടിസമുള്ള വ്യക്തികളെ സ്വാഭാവികമായ രീതിയില്‍ അംഗീകരിക്കുന്നതിന് പകരം, വിദ്യാഭ്യാസകേന്ദ്രങ്ങളിലും തൊഴിലിടത്തിലും 'മറ്റുള്ളവരെപ്പോലെ ആകാന്‍' നിര്‍ബന്ധിതരാക്കുകയാണ് ചെയ്യുന്നത്. ഓട്ടിസത്തെ കുറിച്ച് അറിവുള്ളവരായതുകൊണ്ടു മാത്രം കാര്യമായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരെ ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്.

ഓട്ടിസം ഒരു രോഗമല്ല
കാഴ്ച, കേള്‍വി, രുചി, ഗന്ധം, സ്പര്‍ശം എന്നിങ്ങനെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്താണ് ഓട്ടിസം എന്ന് ലളിതമായി മനസ്സിലാക്കുന്നതിന് വേണ്ടി സോഷ്യല്‍ സെന്‍സ് എന്ന ആറാമതൊരു ഇന്ദ്രിയം കൂടി ഗവേഷകര്‍ ഉപയോഗിക്കാറുണ്ട്. സാമൂഹിക ചുറ്റുപാടുകളെയും ബന്ധങ്ങളെയും സ്വാഭാവികമായി തിരിച്ചറിയാനും അതില്‍ ലയിച്ചുചേരാനും ഓരോ വ്യക്തിയെയും സഹായിക്കുന്ന ഇന്ദ്രിയമാണത്. 
ഓട്ടിസം ഉള്ള ഒരു വ്യക്തിക്ക് സോഷ്യല്‍ സെന്‍സില്‍ ചില പരിമിതികള്‍ ഉണ്ടാകാം. മറ്റൊരാളുടെ മുഖഭാവവും ബോഡി ലാങ്‌ഗ്വേജും തിരിച്ചറിയാനോ അലിഖിത സാമൂഹിക നിയമങ്ങളും കീഴ്വഴക്കങ്ങളും മനസ്സിലാക്കാനോ മറ്റുള്ളവര്‍ക്കുണ്ടാകുന്ന വികാരങ്ങള്‍ വായിച്ചെടുക്കാനോ അവര്‍ക്ക് കഴിയണമെന്നില്ല. ഉദാഹരണത്തിന്, ഒരു കുഞ്ഞ് കരയുന്നത് കണ്ടാല്‍ അത് എന്തിന് വേണ്ടിയാണെന്ന് ഓട്ടിസം ഉള്ള ഒരാള്‍ക്ക് മനസ്സിലാകണമെന്നില്ല. ഉള്ളിലുള്ളത് മറയില്ലാതെ തുറന്നുപറയാനുള്ള പ്രവണതയും കണ്ടേക്കാം. ഉദാഹരണത്തിന്, ആതിഥേയന്‍ ഉണ്ടാക്കിയ ഭക്ഷണം മോശമാണെങ്കില്‍, ഒരു മടിയും കൂടാതെ നിരുപദ്രവകരമായ രീതിയില്‍ അവര്‍ തുറന്നടിച്ചുപറഞ്ഞേക്കാം. കേള്‍ക്കുന്നയാള്‍ക്ക് അതെങ്ങനെ ഫീല്‍ ചെയ്യും എന്ന് അവര്‍ക്ക് തിരിച്ചറിവുണ്ടാകില്ല. പക്ഷേ, വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമായിരിക്കും.

ഓട്ടിസം അല്ലെങ്കില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഓരോരുത്തരിലും പല രീതികളിലാണ് കണ്ടുവരുന്നത്. വ്യക്തികളുടെ ആശയവിനിമയ രീതികളെയും സമൂഹവുമായുള്ള ഇടപെടലിനേയും ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു. ചിലര്‍ സംസാരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുമ്പോള്‍, മറ്റുചിലര്‍ ഒരുപാട് സംസാരിക്കുന്നവര്‍ ആവാം. ചിലര്‍ക്ക് ശബ്ദത്തോടും വെളിച്ചത്തോടും സെന്‍സിറ്റിവിറ്റി അനുഭവപ്പെടാം, മറ്റു ചിലര്‍ അത്തരം അനുഭവങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നവരാകാം.

ഇത്തരം കുറവുകള്‍ പരിഹരിച്ച് സാധാരണക്കാരെപ്പോലെ പെരുമാറാന്‍ അവരെ നിര്‍ബന്ധിക്കുകയാണ് പലരും ചെയ്യാറുള്ളത്. സുരക്ഷിതമായും ഫലപ്രദമായും ആശയവിനിമയം നടത്താനോ സ്വന്തം കഴിവുകള്‍ പുറത്തെടുക്കാനോ ഓട്ടിസമുള്ളവര്‍ക്ക് അവസരങ്ങള്‍ കിട്ടാറില്ല. അവരുടെ വേറിട്ട കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന്, പ്രൊഫഷണല്‍ ഗൈഡന്‍സ് ആവശ്യമായി വരാം. ഓട്ടിസം സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെ അതേപടി സ്വീകരിക്കാനും വ്യക്തിഗത കരുതല്‍ നല്‍കാനും സമഗ്രമായ സഹായം പ്രദാനം ചെയ്യാനും സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാണ് അതിനായി തെരഞ്ഞെടുക്കേണ്ടത്. 

ഓട്ടിസമുള്ളവരുടെ കരുത്തുകള്‍
ഓട്ടിസമുള്ളവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പൊതുവേ എല്ലാവര്‍ക്കും ധാരണയുണ്ടാകും. എന്നാല്‍ അവരുടെ കരുത്തുകളെക്കുറിച്ച് കാര്യമായ അറിവ് പലര്‍ക്കുമില്ല. സമൂഹത്തിന് ഗുണകരമായേക്കാവുന്ന നിരവധി കഴിവുകള്‍ അവര്‍ക്കുണ്ട്. സത്യസന്ധത, മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത വിവരങ്ങള്‍ പോലും സൂക്ഷ്മതയോടെ കണ്ടെത്താനുള്ള കഴിവ്, മികച്ച ഓര്‍മശക്തി, അതീവശ്രദ്ധയും അഭിനിവേശവും, സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവ്, ജോലിയോടുള്ള കൂറും ആത്മാര്‍ത്ഥതയും, വിശ്വാസ്യത, സര്‍ഗാത്മകമായ കഴിവുകള്‍, കലാപരവും സംഗീതാത്മകവുമായ കഴിവുകള്‍ എന്നിവ അവയില്‍ ചിലതാണ്.

ഓട്ടിസം എന്നാല്‍ കുരുക്കഴിച്ചെടുക്കാനാകാത്ത ഒരു കടങ്കഥയല്ല. അവര്‍ക്ക് പരിഹാരങ്ങളോ ഉത്തരങ്ങളോ അല്ല ആവശ്യം. അവരുടെ കഴിവുകളും മൂല്യവും തിരിച്ചറിയുന്ന ഒരു സമൂഹമാണ് അവര്‍ക്ക് വേണ്ടത്. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും പരിഷ്‌കരിക്കണം. ശാസ്ത്രീയവും ലളിതവുമായ സഹായവും പരിരക്ഷയും നല്‍കുന്ന ഓട്ടിസം ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. അതിനാദ്യം, എല്ലാവരെയും അംഗീകരിക്കുന്നതിനുള്ള ബൗദ്ധിക വൈവിധ്യം സമൂഹത്തിലുടനീളം സ്വീകരിക്കപ്പെടുകയും വേണം. 

പ്രയത്‌ന (ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്‍ കൊച്ചി) യുടെ സ്ഥാപകന്‍ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയാണ് ലേഖകന്‍