
സ്ത്രീകള്‍ ഏറെ ആശങ്കയോടെയും ഭയത്തോടെയും നോക്കിക്കാണുന്ന അവസ്ഥയാണ് ഹിസ്റ്ററക്ടമി അഥവാ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു രോഗാവസ്ഥ സങ്കീര്‍ണ്ണമാവുകയും രോഗിയുടെ ദൈനംദിന ജീവിതത്തിനോ, ജീവന് തന്നെയോ ഭീഷണിയായി മാറുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ ഹിസ്റ്ററക്ടമി നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ വിട്ടുമാറാത്ത നടുവേദനയുണ്ടാകും, മുടികൊഴിച്ചിലുണ്ടാകും, വണ്ണം വര്‍ധിക്കും തുടങ്ങിയ പ്രചാരണങ്ങള്‍ മൂലം വളരെ ആശങ്കയോടെയാണ് ഈ അവസ്ഥയെ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടി വരാറുള്ളത്.
ഏത് സാഹചര്യത്തിലാണ് ഹിസ്റ്ററക്ടമി ചെയ്യേണ്ടി വരാറുള്ളത്?
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ക്ക് ആദ്യത്തെ പ്രതിവിധിയല്ല ഗര്‍ഭപാത്രം നീക്കം ചെയ്യല്‍. മറ്റു ചികിത്സാരീതികള്‍ ഫലപ്രദമാകുന്നില്ല എന്ന അവസ്ഥ വരികയും രോഗിയുടെ ജീവനോ ജീവിതമോ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുള്ളത്. അമിത രക്തസ്രാവം, ഗര്‍ഭാശയ മുഴകള്‍, സിസ്റ്റുകള്‍, അഡിനോമയോസിസ്, എന്‍ഡോമെട്രിയോസിസ്, അര്‍ബുദം മുതലായ രോഗാവസ്ഥകള്‍ മൂലമാണ് പ്രധാനമായും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരുന്നത്. പ്രസവശേഷം രക്തസ്രാവം നിലയ്ക്കാതെ വരുന്ന സാഹചര്യങ്ങളില്‍ പ്രസവത്തോടൊപ്പം തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരാറുണ്ട്. അതായത് അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുള്ളത്.
ഹിസ്റ്ററക്ടമി - വിവിധ രീതികള്‍
പ്രധാനമായും രണ്ട് രീതിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് ആവശ്യമായി വരാറുള്ളത്. ഗര്‍ഭപാത്രം മാത്രമായി നീക്കം ചെയ്യുക എന്നതാണ് ഒന്നാമത്തേത്. ഗര്‍ഭപാത്രത്തോടൊപ്പം അണ്ഡാശയവും നീക്കം ചെയ്യുക എന്നത് രണ്ടാമത്തെ രീതി. വയറില്‍ വലിയ മുറിവ് സൃഷ്ടിച്ച് ചെയ്യുന്ന തുറന്ന ശസ്ത്രക്രിയ രീതിയായിരുന്നു കുറച്ച് കാലം മുമ്പുവരെയുണ്ടായിരുന്നത്. എന്നാല്‍ ലാപ്രോസ്‌കോപ്പിയുടെ വരവോടെ വലിയ മുറിവ് സൃഷ്ടിക്കുന്ന രീതി ഏറെക്കുറെ ഇല്ലാതായി. ലാപ്രോസ്‌കോപ്പി സാധിക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് പ്രധാനമായും ഇപ്പോള്‍ ഓപ്പണ്‍ സര്‍ജറി സ്വീകരിക്കപ്പെടുന്നത്. ചെറിയ മുറിവ്, വേഗത്തില്‍ ഉണങ്ങും, രക്തനഷ്ടക്കുറവ്, വേദന കുറവ്, വേഗത്തിലുള്ള സുഖപ്രാപ്തി തുടങ്ങിയ മറ്റ് നേട്ടങ്ങളും ലാപ്രോസ്‌കോപ്പിക്കുണ്ട്. യോനിയിലൂടെ നടത്തുന്ന സര്‍ജറിയാണ് മറ്റൊരു രീതി. ലാപ്രോസ്‌കോപ്പിപോലെ തന്നെ വയറില്‍ വലിയ മുറിവില്ലാത്തതിനാല്‍ വജൈനല്‍ ഹിസ്റ്ററക്ടമി എന്ന ഈ രീതിയും സൗകര്യപ്രദമാണ്.
പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?
ഹിസ്റ്ററക്ടമിക്ക് വിധേയരായാല്‍ വിട്ടുമാറാത്ത നടുവേദന, ശരീരഭാരം വര്‍ധിക്കല്‍, അമിത വിയര്‍പ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന പ്രചരണം വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയാനന്തരം പിന്‍തുടരുന്ന ചില തെറ്റായ രീതികള്‍ മൂലമാണ് ഇവ പ്രധാനമായും സംഭവിക്കുന്നത്. സര്‍ജറി കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം മുതല്‍ നടന്ന് തുടങ്ങാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ പേരും കിടക്കയില്‍ തന്നെ കിടക്കാനാണ് താല്‍പര്യപ്പെടാറുളളത്. രണ്ടും മൂന്നും മാസമൊക്കെ ഒരേ കിടപ്പില്‍ ബെഡ് റെസ്റ്റ് എടുക്കുന്നവരുണ്ട്. ഇത് ശരീരഭാരം വര്‍ധിക്കാനിടയാക്കുകയും, പേശികളുടെ ശക്തി കുറയാന്‍ കാരണമാവുകയും ചെയ്യും. ചിലര്‍ പ്രസവാനന്തരം കഴിക്കുന്ന മരുന്നുകളും കഴിച്ച് കാണാറുണ്ട്. ഇതെല്ലാം ശരീരം വണ്ണം വെക്കുന്നതിനും സ്വാഭാവികമായും നടുവേദനയുണ്ടാകുന്നതിനും കാരണമാകും. ശസ്ത്രക്രിയക്ക് ശേഷം സജീവമായ ജീവിതം മുന്‍പിലേക്ക് കൊണ്ടുപോകുന്നവരില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ അധികം കാണാറില്ല.
വിയര്‍പ്പ്, അമിതമായ ചൂട്, തണുപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ ചിലരില്‍ കാണാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനമായിരിക്കും ഇതിന് പ്രധാനകാരണം. ഇത്തരം അവസ്ഥയുണ്ടെങ്കില്‍ ഡോക്ടറെ സന്ദര്‍ശിച്ച് ഉചിതമായ മരുന്നുകള്‍ സ്വീകരിക്കണം. മുടികൊഴിച്ചിലാണ് മറ്റൊരു വിഷയം. ന്യൂട്രീഷ്യന്‍ സംബന്ധമായ പ്രശ്നങ്ങളോ, മാനസിക സമ്മര്‍ദ്ദമോ ഒക്കെ മുടികൊഴിച്ചിലിന് കാരണമാകാം.
Content Highlights: Uterus removal: Procedure, recovery and self care
Published: 02 May 2024, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented