ഗായകൻ ഉദിത് നാരായണിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യഭാര്യ രഞ്ജന ഛാ. ബിഹാറിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് അവർ പരാതിയുമായെത്തിയത്. ചികിത്സയുടെ പേരും പറഞ്ഞ് തന്റെ അറിവില്ലാതെ, ഗർഭപാത്രം ശസ്ത്രക്രിയ ചെയ്ത് മാറ്റിയെന്നാണ് അവരുടെ പരാതി. ഈ ഗൂഢാലോചനയിൽ ഉദിത്തിന്റെ സഹോദരൻമാരായ സഞ്ജയ് കുമാർ, ലളിത് നാരായൺ, ഉദിത്തിന്റെ രണ്ടാം ഭാര്യ ദീപ നാരായൺ എന്നിവർ പങ്കാളികളാണെന്നും പരാതിയിൽ പറയുന്നു.
1984 ഡിസംബറിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു തങ്ങളുടെ വിവാഹമെന്നും അവർ ആ പരാതിയിൽ പറയുന്നു. 1985-ൽ ഗായകനാവുക എന്ന സ്വപ്നവുമായി അദ്ദേഹം മുംബൈയിലേക്ക് പോയി. അതിനുശേഷം മാധ്യമങ്ങളിലൂടെയാണ് ദീപയെ വിവാഹം കഴിച്ച കാര്യം താനറിഞ്ഞത്. ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഉദിത് അത് നിഷേധിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. താൻ ഭാര്യയായിരിക്കുന്ന സമയത്ത് തന്നെയാണ് ദീപയുമായി ഉദിത് ബന്ധം സ്ഥാപിച്ചത്.
1996-ൽ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. അതിന്റെ ചികിത്സയ്ക്കെന്ന പേരിൽ ഉദിത്തും സഹോദരങ്ങളും ഡൽഹിയിലെ ഒരു പ്രമുഖ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം എടുത്തുമാറ്റി. അന്നവിടെ ദീപയുമുണ്ടായിരുന്നു. ഗർഭപാത്രം നീക്കി വർഷങ്ങൾക്കുശേഷമാണ് താനിത് അറിയുന്നത്-പരാതിയിൽ പറയുന്നു. 2006-ൽ ഉദിത്തിന്റെ മുംബൈയിലെ വീട്ടിൽ താൻ ചെന്നെങ്കിലും അവിടുന്ന് ഇറക്കിവിട്ടു. പിന്നീട് ഉദിത്തിന്റെ കുടുംബവീട്ടിൽ ചെന്നപ്പോൾ അവിടുന്ന് അപമാനിച്ച് പുറത്താക്കിയതായും അവർ ആരോപിക്കുന്നു.
2006-ലാണ് ഉദിത് നാരായണിന്റെ ആദ്യഭാര്യ താനാണെന്ന് പറഞ്ഞ് രഞ്ജന രംഗത്തെത്തിയത്. എന്നാൽ, ഉദിത് അത് നിഷേധിച്ചു. കുറച്ചുകാലത്തിനുശേഷം ആദ്യഭാര്യയായി അംഗീകരിക്കുകയും അവർക്ക് ജീവനാംശം നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഈ ഉറപ്പുകളൊന്നും ഉദിത് പാലിച്ചില്ലെന്നും നീതി കിട്ടാത്തതുകൊണ്ടാണ് വീണ്ടും പരാതിയുമായി എത്തിയതെന്നും രഞ്ജന പറയുന്നു. ''ഒരിക്കൽ പരാതിയുമായി വനിതാ കമ്മീഷനിലെത്തി. അതിനുശേഷവും ഉദിത് എന്നെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലാണ് ഞാൻ. അതുകൊണ്ട് സാമ്പത്തികസഹായം കൂടിയേ തീരൂ''. 1984-ലാണ് ഉദിത്, രഞ്ജനയെ വിവാഹം കഴിക്കുന്നത്. മാസങ്ങൾക്കുള്ളിലാണ് ദീപ നാരായണനെ വിവാഹം കഴിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Udit Narayan`s first wife, Ranjana, files a police complaint alleging her uterus was removed without consent during treatment, implicating family members
Published: 12 Feb 2026, 03:01 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented