കൈയിലെ തരിപ്പും മരവിപ്പും വേദനയും ഇപ്പോള്‍ ധാരാളം ആളുകളില്‍ കാണപ്പെടാറുണ്ട്. പല തരത്തിലുള്ള രോഗങ്ങളുടെ പൊതുവായ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഇവ. സ്ട്രോക്ക്, വൈറ്റമിന്‍ ബി-12ന്റെ കുറവ്, സെര്‍വിക്കല്‍ ഡിസ്‌കിന്റെ തകരാറുകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലം തുടങ്ങിയ അനേകം കാരണങ്ങള്‍ മൂലം കൈപ്പത്തിയില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണാറുണ്ട്. എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന പ്രധാന രോഗാവസ്ഥകളിലൊന്നാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നത്. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.

എന്താണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം?
കൈയിലെ ചെറുവിരല്‍ ഒഴിച്ച് മറ്റുള്ള നാല് വിരലുകളിലേക്കുമുള്ള സംവേദനങ്ങളും പേശികളുടെ നിയന്ത്രണവും നടത്തുന്നത് മീഡിയന്‍ നാഡിയാണ്. ഈ നാഡി വിരലുകളിലേക്ക് കടന്ന് പോകുന്നത് കൈക്കുഴക്ക് സമീപത്തുള്ള നേര്‍ത്ത ഇടുങ്ങിയ പാതയിലൂടെയാണ്. ഈ ഇടുങ്ങിയ പാതയെയാണ് കാര്‍പ്പല്‍ ടണല്‍ എന്ന് വിളിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ സഞ്ചാരപാത കൂടുതല്‍ ഇടുങ്ങിയതാണ്. ഈ കാര്‍പ്പല്‍ ടണലില്‍ ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിക്കുമ്പോള്‍ അത് വീണ്ടും അമരുകയും മീഡിയന്‍ നാഡിയില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്വാഭാവികമായും കൈപ്പത്തിയില്‍ വേദനയോ തരിപ്പോ മരവിപ്പോ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. അവസ്ഥ കൂടുതല്‍ തീവ്രമാകുമ്പോള്‍ ചിലപ്പോള്‍ പേശികള്‍ക്ക് ബലക്ഷയവും കൈവിരലുകള്‍ക്ക് ചലനശേഷിക്കുറവും സംഭവിക്കാം.

കാരണങ്ങള്‍
വിഭിന്നങ്ങളായ കാരണങ്ങളാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കാര്‍പ്പല്‍ ടണല്‍ കൂടുതല്‍ ഇടുങ്ങിയതായതിനാല്‍ അവരില്‍ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. മറ്റ് കാരണങ്ങള്‍:

  • കമ്പ്യൂട്ടര്‍ കീബോര്‍ഡിന്റെ അമിതമായ ഉപയോഗം
  • റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള വാതരോഗങ്ങള്‍
  • അണുബാധകള്‍
  • കൈത്തണ്ടയിലെ ഒടിവോ സ്ഥാനഭ്രംശമോ
  • കൈത്തണ്ട ചലിപ്പിക്കുന്ന മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്സിന്റെ ഉപയോഗം
  • ചില മുഴകള്‍

ചികിത്സ
രോഗം നേരത്തെ തിരിച്ചറിയുക എന്നത് പരമപ്രധാനമാണ്. ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ മരുന്ന്, സ്റ്റിറോയിഡ് എന്നിവ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാം. രോഗത്തിന്റെ തീവ്രത വര്‍ധിച്ചാല്‍ ചെറിയ സര്‍ജറിയിലൂടെ ഇത് ഭേദമാക്കാനും സാധിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗം വരാന്‍ സാധ്യതയുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടര്‍ച്ചയായി ജോലി ചെയ്യാതെ ഇടയ്ക്ക് വിശ്രമമെടുക്കണം. വിശ്രമവേളകളില്‍ കൈ അമര്‍ത്തിയും തുറന്നുമുള്ള വ്യായാമങ്ങളും ശീലമാക്കണം. കീബോര്‍ഡ് തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ റിസ്റ്റ് റെസ്റ്റ് എര്‍ഗൊണോമിക് ഗ്രൗ, മൗസ് പാഡ് തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്. വ്യായാമ വേളകളില്‍ കൈപ്പത്തിക്കും കൈക്കുഴയ്ക്കും പ്രാധാന്യം ലഭിക്കുന്ന വ്യായാമങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.