നിരന്തരമുള്ള കളിയാക്കലുകളില്‍ നിന്ന് രക്ഷനേടാന്‍ ഭാരംകുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രിട്ടിഷ് വനിതയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്വദേശിയായ 20-കാരി മോര്‍ഗന്‍ മരിയ റിബെയ്റോയാണ് തുര്‍ക്കിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. തന്റെ പങ്കാളി ജാമി ബ്രൂസ്റ്ററിനൊപ്പം ഗ്യാസ്ട്രിക് സ്ലീവ് സര്‍ജറി ചെയ്യുന്നതിനായി ഈ മാസം ആദ്യമാണ് മോര്‍ഗന്‍ തുര്‍ക്കിയിലേക്ക് പോയത്. ഓപ്പറേഷന് ബുക്ക് ചെയ്യുന്നതിന് മുമ്പ് മോര്‍ഗന്‍ വിപുലമായ ഗവേഷണം നടത്തിയിരുന്നുവെന്നും 2500 പൗണ്ട് (2,64,359 രൂപ) ചിലവായിട്ടുണ്ടെന്നും ബ്രൂസ്റ്റര്‍ പറയുന്നു. ജനുവരി 5-നായിരുന്നു ശസ്ത്രക്രിയ. മൂന്ന് ദിവസത്തിനുശേഷം ക്ലിനിക്ക് വിടാനും ലണ്ടനിലേക്ക് തിരിച്ചുപോകാനും ആശുപത്രി അധികൃതര്‍ അനുമതി നല്‍കി. 

തിരികെയുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മോര്‍ഗന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിമാനം സെര്‍ബിയയില്‍ അടിയന്തരമായി ഇറക്കി ഉടന്‍ തന്നെ അവരെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിലുണ്ടായ മുറിവില്‍ അണുബാധയുണ്ടായെന്നും മോര്‍ഗന് സെപ്റ്റിക് ഷോക്ക് സംഭവിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനുവരി 9-ന് ഹൃദയാഘാതം സംഭവിക്കുകയും മോര്‍ഗന്‍ കോമയിലാവുകയും ചെയ്തു. നാല് ദിവസത്തിന് ശേഷം ജനുവരി 13-ന് മരിച്ചു. 

ഗ്യാസ്ട്രിക് സ്ലീവ് സര്‍ജറിക്കു മുന്നോടിയായി മോര്‍ഗന്‍ ടിക് ടോക്കില്‍ വീഡിയോ പങ്കിട്ടിരുന്നു. അതില്‍ 'ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എന്റെ അവസാന പോസ്റ്റ്‌' എന്നാണ് കുറിച്ചത്. ഭാരത്തിന്റെ പേരില്‍ മകള്‍ ചെറുപ്പംതൊട്ടേ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്നും മറ്റൊരു കുട്ടിക്കും ഇത് സംഭവിക്കരുതെന്നും മോര്‍ഗന്റെ അമ്മ എറിന്‍ ഗിബ്സണ്‍ മാധ്യമങ്ങളോടു പറഞ്ഞു. ''ചെറുപ്പം മുതലേ അവള്‍ പരിഹസിക്കപ്പെട്ടിരുന്നു. വളര്‍ന്നപ്പോഴും അവള്‍ വളരെയധികം ഉപദ്രവിക്കപ്പെട്ടു. അവള്‍ അകത്തും പുറത്തും സുന്ദരിയാണെന്ന് ഞാനവളോട് പറയുമായിരുന്നു, അവള്‍ ഒരു സുന്ദരിയായിരുന്നു''-അമ്മ പറഞ്ഞു. 

അമിതവണ്ണമുള്ള രോഗികള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയയാണ് ഗ്യാസ്ട്രിക് സ്ലീവ് ശസ്ത്രക്രിയ. ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത് വയറിന്റെ വലിപ്പം കുറയ്ക്കുകയും വിശപ്പ് പരിമിതപ്പെടുത്തുകയും ചെയ്യുന്ന സര്‍ജറിയാണിത്. 

തുര്‍ക്കിയില്‍ ബ്രസീലിയന്‍ ബം-ലിഫ്റ്റ് ഓപ്പറേഷനു വിധേയയായി മറ്റൊരു ബ്രിട്ടീഷ് വനിത മരിച്ചതിന് പിന്നാലെയാണ് മോര്‍ഗന്റെയും മരണം. നടപടിക്രമങ്ങള്‍ക്കുശേഷം പരിശോധനയ്ക്കായി ഇസ്താംബൂളിലെ ക്ലിനിക്കിലേക്ക് വരുമ്പോള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ ടാക്‌സിയില്‍ ഹൃദയാഘാതം സംഭവിച്ചതായിരുന്നു അവരുടെ മരണകാരണം. 

തുടര്‍ച്ചയായ സംഭവങ്ങളെത്തുടര്‍ന്ന് വിദേശത്ത് ശസ്ത്രക്രിയയ്ക്ക് പോവുന്നവര്‍ കൃത്യമായ ശാസ്ത്രീയ ഉപദേശങ്ങള്‍ തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.