ഏറ്റവും മാരകമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയരോഗം. ഓരോവർഷവും ദശലക്ഷക്കണക്കിന് പേരാണ് ക്ഷയരോഗം കാരണം ദുരിതമനുഭവിക്കുന്നത്. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗമുണ്ടാക്കുന്നത്. ശ്വാസകോശത്തെയാണ് ഈ ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം പൾമണറി ട്യൂബർകുലോസിസ് എന്നും മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം എക്‌സട്രാ പൾമണറി ട്യൂബർകുലോസിസ് എന്നും അറിയപ്പെടുന്നു. ക്ഷയരോഗം ഏത് പ്രായക്കാരെയും ബാധിക്കാം.

To advertise here,

രോഗം ബാധിക്കുന്നത് 
രോഗം ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും ബാക്ടീരിയ വായുവിലൂടെ പടരും. ഇത് രോഗമില്ലാത്തവരിലേക്ക് ശ്വാസോച്ഛ്വാസത്തിലൂടെ എത്തിച്ചേരും. അങ്ങനെ ഇവ ശ്വാസകോശത്തിൽ വളരാൻ തുടങ്ങും. ഈ ബാക്ടീരിയകൾ രക്തത്തിലൂടെ വൃക്ക, തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണ് പൊതുവെ പകരാറുള്ളത്. നട്ടെല്ലിനെയും വൃക്കയെയും ബാധിക്കുന്ന ക്ഷയം മറ്റൊരാളിലേക്ക് പകരാറില്ല.

ബാക്ടീരിയ ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഉടൻ അയാൾ രോഗിയാവണമെന്നില്ല. ഈ രോഗാണുക്കൾക്ക് ശരീരത്തിൽ ദീർഘകാലം നിശബ്ദമായിരിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തിൽ രോഗാണു നിഷ്‌ക്രിയമായവരിൽ രോഗലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. ഇങ്ങനെ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാണുവാഹകരിൽ ചെറിയ ശതമാനം പേർ (5-10 ശതമാനം) പിൽക്കാലത്ത് രോഗലക്ഷണങ്ങൾ കാണിക്കുന്ന ക്ഷയരോഗികൾ ആയി മാറാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ശ്വാസകോശക്ഷയം ബാധിച്ച ഒരാളിൽ നിന്ന് വർഷത്തിൽ 10-15 ആളുകൾക്ക് രോഗം ബാധിക്കാം. എച്ച്.ഐ.വി. അണുബാധ ഉള്ളവർ, പ്രമേഹം, വൃക്കരോഗം, കീമോതെറാപ്പി കഴിഞ്ഞവർ, അവയവങ്ങൾ മാറ്റിവെച്ചവർ, പോഷകാഹാരക്കുറവുള്ളവർ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ക്ഷയരോഗസാധ്യത കൂടുതലാണ്. പ്രമേഹം ഇതിൽ എടുത്തുപറയേണ്ടതാണ്.

ലക്ഷണങ്ങൾ 
രണ്ടാഴ്ചയിൽ കൂടുതൽ തുടരുന്ന ചുമ, രക്തം കലർന്ന കഫം, ശ്വസിക്കുമ്പോൾ നെഞ്ചിനകത്ത് വേദന, ശരീരവേദന, ക്ഷീണം, പനി, പെട്ടെന്ന് ഭാരം കുറയുക, അമിതമായ വിയർപ്പ്, രാത്രി വിറയലോടു കൂടിയ പനിയുണ്ടാവുക, വിശപ്പില്ലായ്മ

രോഗനിർണയം 
കഫപരിശോധന, നെഞ്ചിന്റെ എക്‌സ്-റേ, സി.ടി. സ്‌കാൻ, സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധന എന്നിവ ചെയ്യുന്നതു വഴി രോഗനിർണയം നടത്താം. ചില രോഗികളിൽ ബ്രോങ്കോസ്‌കോപ്പി ടെസ്റ്റുകൾ വേണ്ടി വരാറുണ്ട്. ശ്വാസകോശേതര ക്ഷയരോഗമാണെങ്കിൽ ബയോപ്‌സിയും ചെയ്യേണ്ടി വരും.

ചികിത്സ 
ക്ഷയരോഗം ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. ക്ഷയരോഗാണുവിനെ നശിപ്പിക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ചികിത്സ. രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് പ്രധാനം. സാധാരണയായി ആറുമാസത്തെ ചികിത്സയാണ് വേണ്ടത്. ഗുരുതരമായാൽ ഒരു വർഷത്തിലധികം ചികിത്സ വേണ്ടിവരും. ചികിത്സ ഒരിക്കലും മുടക്കരുത്. റിഫാംപിസിൻ, ഐസോനിയാസിഡ്, പൈറസിനാമൈഡ്, എഥാംബ്യൂട്ടോൾ എന്നീ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി ഭൂരിഭാഗം പേർക്കും രോഗം സുഖപ്പെടും.

എന്താണ് എം.ഡി. ആർ.ടി.ബി. (MDR TB) 
ചില ക്ഷയരോഗികളിൽ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിഫാംപിസിൻ, ഐസോനിയാസിഡ്  എന്നീ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുമ്പോൾ അതിനെ മൾട്ടി ഡ്രഗ് റസിസ്റ്റൻസ് ടി.ബി.(MDR TB) എന്നു പറയുന്നു. ഇതിന്റെ ചികിത്സ വളരെ സങ്കീർണമാണ്. ഇതിന് സെക്കൻഡ് ലൈൻ ഡ്രഗ്‌സ് ഉപയോഗിച്ച് വേണം ചികിത്സിക്കാൻ. ഈ ചികിത്സ ആറുമാസത്തിൽ പൂർത്തിയാവില്ല. 20 മാസം വരെ വേണ്ടിവരും. ഇത് ആരോഗ്യപ്രവർത്തകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വേണം പൂർത്തിയാക്കാൻ. ഇല്ലെങ്കിൽ അത് മാരകമായി മാറാനിടയുണ്ട്.

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ 
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ ഉടനേ തന്നെ ജില്ലാ ആരോഗ്യകേന്ദ്രത്തെ അറിയിക്കേണ്ടതാണ്. പിന്നീട് രോഗം ബാധിച്ചവർക്ക് സർക്കാരിൽനിന്ന് സഹായങ്ങൾ ലഭിക്കുന്നുണ്ട്. ക്ഷയരോഗ നിർമ്മാർജ്ജനത്തിന് വേണ്ടി, ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ബിസിജി വാക്സിൻ എടുക്കേണ്ടതുണ്ട്. ക്ഷയരോഗത്തിന് എതിരേയുള്ള വാക്സിൻ ആണ് ബിസിജി എന്ന് പറയുന്നത്. ഇനി നിങ്ങളിൽ രോഗം ബാധിച്ച് കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചുമക്കുമ്പോൾ തൂവാല കൊണ്ട് മൂക്കും വായയും അടച്ചുപിടിക്കേണ്ടതാണ്. ഇത് കൂടാതെ പൊതുസ്ഥലങ്ങളിലും മറ്റും തുപ്പാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ടിബി ഒരു ഗുരുതരമായ പക്ഷേ പ്രതിരോധിക്കാൻ കഴിയുന്ന രോഗമായതിനാൽ, അതിനെ സമ്പൂർണ്ണമായി ഇല്ലാതാക്കാൻ ആരോഗ്യമേഖലകളിലെ സമന്വയപ്പെട്ട ശ്രമവും സമുദായ ബോധവത്കരണവും അത്യന്താപേക്ഷിതമാണ്. 

ഇന്ത്യയിൽ, നാഷണൽ ട്യൂബർകുലോസിസ് എലിമിനേഷൻ പ്രോഗ്രാം (എൻ.ടി.ഇ.പി) വലിയ പങ്കാണ് വഹിക്കുന്നത്. രോഗനിർണയം, വിദഗ്ദചികിത്സ, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനായി എൻ.ടി.ഇ.പി പ്രവർത്തനം ശക്തമാക്കുന്നുണ്ട്. എല്ലാവർക്കും ടിബി രഹിതമായ ഭാവി ലക്ഷ്യമാക്കി, നമുക്ക് എൻ.ടി.ഇ.പി.യുമായി കൈകോർത്ത് പ്രവർത്തിക്കാനാവട്ടെ.