ഇന്ന് നാം അഭിമുഖീകരിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണം നമ്മുടെ ജീവിതശൈലി തന്നെയാണെന്ന് നിങ്ങൾ ഓർക്കാറുണ്ടോ? ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ജീവിതശൈലി മാറ്റങ്ങൾ വരുത്തിയേ മതിയാവൂ.

ശാരീരികാരോഗ്യത്തിന് നല്ല മാറ്റങ്ങൾ

നിത്യവ്യായാമം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ 150 മിനിറ്റ് (5 ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം) ചെയ്യണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വർഷം തോറും നമ്മുടെ പേശികളുടെ ആരോഗ്യക്കുറവ് പ്രതിരോധിക്കാൻ Resistance Training (ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ) സഹായിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദം, പി.സി.ഒ.എസ് പോലുള്ള അവസ്ഥകൾ നിയന്ത്രിക്കാൻ സാധിക്കുന്നു.

ഭക്ഷണശീലങ്ങളിൽ മാറ്റം-പോഷകസമ്പന്നമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് ഹോർമോണുകൾക്കും ശരീരത്തിലെ ഊർജത്തിന്റെ തോത് കൂട്ടാനും ഗുണം ചെയ്യും. 

  • ഇടവിട്ടുള്ള ചെറിയ തോതിലുള്ള ഭക്ഷണക്രമം- നാരുകളും വിറ്റാമിൻ സി പോലുള്ള പോഷണങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കാം.  
  • ബാക്കി വരുന്ന ഭക്ഷണം കഴിച്ചുതീർക്കാനുള്ള വ്യക്തിയായി നമ്മളെ വിചാരിക്കാതിരിക്കുക.
  • രാവിലെ ആറു മണിക്ക് ഒരു ഓട്‌സ് വിഭവം കഴിക്കുക. അതിൽ തലച്ചോറിന് ഉത്തേജനം നൽകുന്ന നട്‌സ്, ചിയ സീഡ് തുടങ്ങിയവ ഉൾപ്പെടുത്തുക. 
  • പ്രഭാതഭക്ഷണം കഴിഞ്ഞ് 11 മണിയോടടുത്ത് ഒരു മിതമായ ഭക്ഷണം കഴിക്കാം. കക്കിരി, തക്കാളി, ക്യാരറ്റ് ഒക്കെ ഉൾപ്പെടുത്തി സാലഡ് പോലെയോ ആപ്പിൾ, പേരക്ക പോലുള്ള പഴവർഗങ്ങളോ കഴിക്കാം. എണ്ണക്കടികൾ പരമാവധി ഒഴിവാക്കുക.
  • നാലു മണിക്ക് പലതരം കടല, കശുവണ്ടി മുതലായവ കഴിക്കാം.   
  • രാത്രി ഭക്ഷണം എട്ടുമണിയോടെങ്കിലും കഴിക്കുക. ചപ്പാത്തിയും പ്രോട്ടീൻ ഉൾപ്പെടുന്ന കറികളും അല്ലെങ്കിൽ ചിക്കൻ സാലഡ് പോലെയുള്ളവയും ഉൾപ്പെടുത്താം. 

ശരിയായ ഉറക്കം

  • ഉറക്കക്കുറവ് മനസികാരോഗ്യത്തെയും ശരീര ഘടനയെയും പ്രതികൂലമായി ബാധിക്കും. 
  • 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. 
  • ഡിജിറ്റൽ സ്‌ക്രീനുമുന്നിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക.  

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ
നമ്മുടെ ദൈനംദിനജീവിതത്തിലുണ്ടാവുന്ന ചെറിയ ചെറിയ പിരിമുറുക്കങ്ങൾ ഒരു നാൾ പുറത്തുവരുന്നതിന് മുന്നേ അതിനെ ദുരീകരിക്കാനുള്ള മാർഗങ്ങൾ തിരഞ്ഞെടുക്കുക. മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുക.

ഇവ ശ്രദ്ധിക്കാം

  • മെഡിറ്റേഷൻ/ശ്വസന വ്യായാമങ്ങൾ: ഓരോ ദിവസവും 10-15 മിനിറ്റ് പ്രഭാതത്തിൽ ശീലമാക്കുക. 
  • സാമൂഹിക ബന്ധങ്ങൾ: കുടുംബം, സുഹൃത്തുക്കൾ തുടങ്ങിയവരോടുള്ള ബന്ധം പിരിമുറുക്കം കുറയ്ക്കാൻ സഹായകമാവും. 
  • ഹോബികൾ: ആത്മവിശ്വാസം വർദ്ധിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടുക, ഇഷ്ടപ്പെട്ട കലകളിലോ വായനയിലോ മുഴുകിയാൽ നിങ്ങൾക്ക് നിങ്ങളിലേക്ക് തിരികെയെത്താൻ കഴിയും. 

പ്രധാനപ്പെട്ട സപ്ലിമെന്റ് (ഡോക്ടറുടെ നിർദേശപ്രകാരം)

  • മാസമുറ സമയത്ത് അമിത രക്തസ്രാവമുണ്ടെങ്കിൽ അയൺ സപ്ലിമെന്റ് 
  • എല്ലുകളുടെ ബലത്തിനും മുടികൊഴിച്ചിലിനും മാനസിക സമ്മർദങ്ങൾക്കും കാത്സ്യം, വിറ്റാമിൻ ഡി ഗുളികകൾ 
  • ഒമേഗ & ഫാറ്റി ആസിഡ് 

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിസിൻ വിഭാഗത്തിൽ അസോസിയേറ്റ് കൺസൾട്ടന്റാണ് ലേഖിക)