കഫ് സിറപ്പ് കഴിച്ച് വായ കഴുകാതെ കിടക്കുക, ബിയര്‍ ബോട്ടില്‍ കടിച്ച് തുറക്കുക, വെളുക്കാനായി ചെറുനാരങ്ങാനീരും സോഡയുമുപയോഗിച്ച് പല്ല് തേയ്ക്കുക...അങ്ങനെ കുറേ തെറ്റായ ശീലങ്ങളുണ്ട് നമ്മളില്‍ പലര്‍ക്കും. ഇതൊക്കെ പല്ലിന് പ്രശ്‌നങ്ങളുണ്ടാക്കും. കാലക്രമേണ പല്ലിന് പുളിപ്പായും വേദനയായുമൊക്കെ മാറുകയും ചെയ്യും. പല്ലിന്റെ ആരോഗ്യത്തിനുള്ള നല്ല ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
രാവിലെ എഴുന്നേറ്റാലുടന്‍ ഒരു കാപ്പി അല്ലെങ്കില്‍ ചായ കുടിച്ചില്ലെങ്കില്‍, ഒരു ഉണര്‍വില്ലെന്ന് തോന്നും. ഇങ്ങനെ സ്ഥിരമായി ചായയും കാപ്പിയും കുടിക്കുമ്പോള്‍, അതിന്റെ അവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ച് കാലക്രമേണ കറ പിടിക്കാനിടയുണ്ട്. അതില്ലാതാക്കാന്‍ ചായയും കാപ്പിയും കുടിച്ചയുടന്‍ വായ കഴുകണം. 
സോഡ കുടിച്ചാല്‍
സോഡ ഉള്‍പ്പെടെയുള്ള കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് സ്ഥിരമായി കുടിച്ചാല്‍, പല്ലിന്റെ ഇനാമലിന് കേടുവരും. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സില്‍ അടങ്ങിയിട്ടുള്ള ആസിഡ് ആണിവിടെ പ്രശ്‌നക്കാരനായി മാറുന്നത്. ഇനാമലിന്റെ പുറത്തുള്ള സുരക്ഷാവലയത്തെ, ഈ ആസിഡ് നശിപ്പിക്കും. അങ്ങനെ കാലക്രമേണ പല്ലിന് പുളിപ്പ് പോലുള്ളവയുണ്ടാക്കുകയും ചെയ്യും. ചെറുനാരങ്ങാനീരും ബേക്കിങ് സോഡയുമുപയോഗിച്ച് പല്ല് തേയ്ക്കുമ്പോഴും, ഇനാമലിന് കേടുവരാം. 
കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചശേഷം
ആറുമാസത്തിനും എട്ടുമാസത്തിനുമിടയ്ക്കാണ് കുഞ്ഞുങ്ങള്‍ക്ക് മുന്‍വശത്ത് ആദ്യത്തെ പല്ല് വരുന്നത്. ആറുവയസ്സിനു ശേഷമേ ആ പല്ലുകള്‍ പോയി, പുതിയത് വരികയുള്ളൂ. അതുകൊണ്ട് ആദ്യത്തെ പല്ല് വന്നുകഴിഞ്ഞാല്‍, കുഞ്ഞുങ്ങളുടെ പല്ലിന്റെ ആരോഗ്യവും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഓരോ തവണയും കൊടുക്കുന്ന പാല്‍, കുഞ്ഞുങ്ങളുടെ പല്ലില്‍ പറ്റിപ്പിടിക്കും. കാലക്രമേണ ആ പല്ലിന് കേടുവരികയും ചെയ്തു. വളരെ ചെറുപ്രായത്തിലേ ചികിത്സ തേടേണ്ട അവസ്ഥ വരികയും ചെയ്യും. അതുകൊണ്ട് പാല്‍ കൊടുത്തശേഷം, ഒരു നനഞ്ഞതുണി ഉപയോഗിച്ച് അവരുടെ വായയും പല്ലും നന്നായി തുടയ്ക്കണം. രാത്രി മുഴുവന്‍ പാല്‍ക്കുപ്പി വായില്‍വെച്ച് കുഞ്ഞ് ഉറങ്ങുന്നതും പല്ലിന് കേടാണ്. അപ്പോഴും ഈ പ്രശ്‌നം വരാനിടയുണ്ട്.  
ഗര്‍ഭിണിയാകുന്നതിനുമുമ്പ്
പ്ലാന്‍ ചെയ്തുള്ള ഗര്‍ഭധാരണമാണെങ്കില്‍, അതിനുമുമ്പ് തന്നെ ഒരു ഡെന്റിസ്റ്റിനെ കാണുന്നത് നല്ലതാണ്. കാരണം മോണരോഗമുള്ളവരില്‍ ഗര്‍ഭകാലത്ത് അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടും. ആ സമയത്താണെങ്കില്‍ അതിനാവശ്യമായ മരുന്നുകള്‍ കഴിക്കാനും പറ്റില്ല. അതുകൊണ്ട് ആദ്യമേ ഡെന്റിസ്റ്റിനെ കണ്ട് പല്ലിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതിനുമുമ്പ് പല്ലിന്റെ ആരോഗ്യം എങ്ങനെയൊക്കെ ശ്രദ്ധിക്കണമെന്നൊക്കെ ഡെന്റിസ്റ്റിന് പറഞ്ഞുകൊടുക്കാന്‍ പറ്റും. 
പല്ലിന്റെ ആരോഗ്യത്തിന് നല്ല ശീലങ്ങള്‍
എന്ത് കഴിച്ചാലും അത് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോഴാണ് പ്രശ്‌നം വരുന്നത്. അതുകൊണ്ട് പച്ചവെള്ളമൊഴിച്ച് ബാക്കി എന്ത് കുടിച്ചാലും, കഴിച്ചാലും വായ നന്നായി കഴുകണം. പ്രധാനമായും മാവും പാലും പഞ്ചസാരയുമടങ്ങിയ ഏത് ഭക്ഷണം കഴിച്ചാലും പറ്റുമെങ്കില്‍ പല്ല് ബ്രഷ് ചെയ്യണം. അതിനുകഴിയില്ലെങ്കില്‍, മൗത്ത് വാഷ് ഉപയോഗിച്ചാലും മതി. പല്ലിന് കേടുവരുന്നത് ഇതിലൂടെ നിയന്ത്രിക്കാം. രാത്രി ഉറങ്ങുന്നതിനുമുമ്പും പല്ല് നന്നായി തേയ്ക്കണം. രാവിലത്തെ പല്ലുതേപ്പിനേക്കാള്‍ പ്രധാനമാണ് രാത്രിയിലേത്. രാത്രിയില്‍ മരുന്നുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അത് കഴിച്ചശേഷം പല്ല് തേയ്ക്കുന്നതാണ് നല്ലത്. ഇടനേരങ്ങളില്‍ പല്ല് വൃത്തിയാക്കുന്നതിനായി, മാത്ത് വാഷ് ഉപയോഗിക്കാം. സ്ഥിരമായി പുകവലിക്കുന്നതും പാന്‍പരാഗ് ഉപയോഗിക്കുന്നതും പല്ലില്‍ കറ പിടിക്കാനിടയാക്കും. അതുകൊണ്ട് പാന്‍പരാഗ്, സിഗരറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും വേണം. അതുപോലെ ബിയര്‍ബോട്ടില്‍, മെറ്റല്‍ സാധനങ്ങള്‍, ക്ലിപ്പുകള്‍ തുടങ്ങിയവ കടിച്ചുതുറക്കാന്‍ ശ്രമിക്കരുത്. പല്ലിന് പ്രശ്‌നങ്ങള്‍ വരാം.
ബ്രഷ് തിരഞ്ഞെടുക്കുമ്പോള്‍ അല്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. സോഫ്റ്റ് ബ്രസിലുകളുള്ള ബ്രഷാണ് നല്ലത്. ഹാര്‍ഡ്, മീഡിയം എന്നിവ ഒഴിവാക്കാം. 
കുഞ്ഞുങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കാത്സ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് കാത്സ്യമടങ്ങിയ മുട്ട, പാല്‍, ഇലക്കറികള്‍ തുടങ്ങിയവ അവരുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. 

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.അഞ്ജന ജി
എച്ച്.ഒ.ഡി
പീഡിയാട്രിക് ആന്‍ഡ് പ്രവന്റീവ് ഡെന്റിസ്ട്രി 
റോയല്‍ ഡെന്റല്‍ കോളേജ്
പാലക്കാട്‌