പല്ലുകളുടെ ആരോഗ്യം സൗന്ദര്യത്തിന് മാത്രമല്ല, നമ്മുടെ ആത്മവിശ്വാസത്തിനും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രധാനമാണ്. അതിനായി നമ്മുടെ ദൈനംദിന ജീവിതത്തിൽ മാറ്റം വരുത്തേണ്ട ഏഴ് കാര്യങ്ങളെക്കുറിച്ച് പറയുകയാണ് അമേരിക്കൻ ദന്തഡോക്ടറായ മാർക്ക് ബർഹെൻ. തന്റെ ഇൻസ്റ്റഗ്രാമിലൂടെെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

1. ആന്റിബാക്ടീരിയൽ മൗത്ത് വാഷിന്റെ ഉപയോഗം 
ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ വായയിലെ നല്ല ബാക്ടീരിയകളെക്കൂടി നശിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യും. ഇതിന് പകരമായി 'ഓയിൽ പുള്ളിങ്' (Oil Pulling) ചെയ്യാമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു (ഒരു സ്പൂൺ എണ്ണ വായയിൽ ഒഴിച്ച് കുറച്ചുനേരം കവിൾകൊള്ളുന്ന രീതിയാണിത്). വായ നാറ്റം അകറ്റാനും, മോണയുടെ ആരോഗ്യത്തിനും, പല്ലിന് വെൺമ കൂട്ടാനും, വിഷാംശങ്ങളെ വലിച്ചെടുക്കാനും ഇത് സഹായിക്കും.

2. ഭക്ഷണത്തിന് തൊട്ടുപിന്നാലെ പല്ല് തേക്കുന്നത് 
ഭക്ഷണം കഴിച്ച ഉടൻ പല്ല് തേക്കുന്നത് പല്ലിന്റെ പുറംകവചമായ ഇനാമൽ (Enamel) നശിക്കാൻ കാരണമാകും. ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 30-45 മിനിറ്റ് കഴിഞ്ഞു മാത്രം പല്ല് തേക്കുക.

3. കുട്ടികൾ വായ തുറന്ന് ശ്വസിക്കുന്നത് 
കുട്ടികൾ വായയിലൂടെ ശ്വസിക്കുന്നത് അവരുടെ ശ്വസനപാതയിലെ തടസ്സത്തിന്റെ ലക്ഷണമാകാം. ഇത് കുട്ടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ, ഉറക്കത്തിൽ വായ തുറന്നിരിക്കുന്നത് എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

4. ഇടയ്ക്കിടെ പല്ല് വെളുപ്പിക്കുന്നത് 
നഷ്ടപ്പെട്ട ഇനാമൽ വീണ്ടും വളരില്ല. പല്ല് വെളുപ്പിക്കുമ്പോൾ (Whitening) ഉണ്ടാകുന്ന പുളിപ്പ്, പല്ലിന് കേടുപാടുകൾ സംഭവിക്കുന്നു എന്നതിന്റെ മുന്നറിയിപ്പാണ്.

5. കൂർക്കംവലി
കൂർക്കംവലി ശ്വസനതടസ്സത്തിന്റെ ലക്ഷണമാണ്. ഇത് ഹൃദ്രോഗം, ഓർമ്മശക്തി കുറയൽ, ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കൂർക്കംവലി സാധാരണമാണെന്ന് കരുതരുത്.

6. പല്ല് തേച്ച ശേഷം ഉടൻ വായ കഴുകുന്നത്
പല്ല് തേച്ച ശേഷം പേസ്റ്റ് തുപ്പിക്കളയുക, വായ കഴുകരുത്. ടൂത്ത് പേസ്റ്റിലെ ഫ്ലൂറൈഡ് പല്ലിൽ പ്രവർത്തിക്കാൻ സമയം ആവശ്യമാണ്. വെള്ളമൊഴിച്ച് കഴുകുന്നത് ഇതിന്റെ ഗുണം ഇല്ലാതാക്കും. അതിനാൽ കുറച്ചുകഴിഞ്ഞ് വായ കഴുകുന്നതാണ് നല്ലത്.

7. വേദന വരുന്നത് വരെ കാത്തിരിക്കരുത്
പല്ലിന് വേദന അനുഭവപ്പെടുമ്പോഴേക്കും പ്രശ്നം ഗുരുതരമായിട്ടുണ്ടാകും. വായുടെ ആരോഗ്യത്തിൽ പ്രതിരോധത്തിനാണ് മുൻഗണന നൽകേണ്ടത്. കേടുപാടുകൾ തുടങ്ങുന്നതിന് മുൻപേ ഡോക്ടറെ കാണുന്നതാണ് അഭികാമ്യം.

(ശ്രദ്ധിക്കുക: ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്കും ചികിത്സയ്ക്കുമായി ദന്തഡോക്ടറെ കാണുക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi