സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സ്ത്രീയാണ് മുന്‍പിലിരിക്കുന്നത്! മുഖത്ത് ഒരുതരം നിസ്സംഗതാഭാവം. കൂടെ വന്നത് ഭര്‍ത്താവും അമ്മയുമാണ്. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത് നിസ്സഹായനായ ആ മനുഷ്യനായിരുന്നു. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയും അതേ കിണറില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വായിച്ചതോര്‍മ്മിച്ചു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനായിരിക്കും കാരണമെന്ന് അന്നേ മനസ്സില്‍ തോന്നിയിരുന്നു. എന്തായാലും സംഗതി പോലീസ് കേസായി. അതിന്റെ ഭാഗമായാണ് അവര്‍ വന്നിരിക്കുന്നത്.
വിശദമായി തന്നെ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂ. ഭര്‍ത്താവുമായി നല്ല രീതിയിലുള്ള ബന്ധം തന്നെയാണ്. പ്രസവസമയത്ത് സങ്കീര്‍ണ്ണതകളൊന്നുമുണ്ടായിരുന്നില്ല. സുഖപ്രസവം. ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ചെറിയ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വാശിയും ദേഷ്യവും. പിന്നീട് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുക, കുട്ടിയെ നോക്കാന്‍ മടി, കുട്ടിയെ കൊല്ലുമെന്ന് ഇടയ്ക്കിടെ പറയുക തുടങ്ങിയ അവസ്ഥകളിലേക്ക് ക്രമേണ കാര്യങ്ങള്‍ പുരോഗമിച്ചു. കുട്ടിയെ ഭാവിയില്‍ സംരക്ഷിക്കാനുള്ള സാമ്പത്തികശേഷിയില്ല, കുട്ടിയെ സ്നേഹിക്കാന്‍ സാധിക്കുന്നില്ല എന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു.
താല്‍ക്കാലികമായ ആശങ്കകള്‍കൊണ്ടായിരിക്കും ഈ പെരുമാറ്റമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നിരുന്നാലും അവര്‍ അടുത്തുള്ള ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. അവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ വിഷാദത്തിനുള്ള മരുന്ന് താല്‍ക്കാലികമായി നല്‍കുകയും മാനസികരോഗവിദഗ്ധനെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മാനസികരോഗവിദഗ്ധനെ കാണാനുള്ള മടികൊണ്ടായിരിക്കാം അവര്‍ മരുന്ന് കഴിക്കുകയോ ഡോക്ടറെ കാണുകയോ ചെയ്തില്ല. അന്ന് പുലര്‍ത്തിയ ആ അലസതയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. പ്രസവം കഴിഞ്ഞശേഷം കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു, അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നൊക്കെ കേള്‍ക്കുന്ന വാര്‍ത്തകളില്‍ മഹാഭൂരിപക്ഷവും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ഭാഗമായുള്ളതായിരിക്കും. യഥാസമയത്ത് തിരിച്ചറിയാനും ശരിയായ ചികിത്സ നല്‍കാനും പങ്കാളിക്കും, കുടുംബാംഗങ്ങള്‍ക്കും സാധിച്ചാല്‍ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ സാധിക്കുന്ന അവസ്ഥയാണിത്.
എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍?
പ്രസവാനന്തരം ഏതാണ്ട് 75% സ്ത്രീകള്‍ക്കും ബേബി ബ്ലൂസ് അല്ലെങ്കില്‍ പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് എന്നറിയപ്പെടുന്ന അവസ്ഥയുണ്ടാകും. ഉള്‍വലിവ്, അകാരണമായ ഭീതി, സങ്കടം, വിഷമം, ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യം വരിക, കുഞ്ഞുമായി മാനസികമായ അടുപ്പം സ്ഥാപിക്കാന്‍ സാധിക്കാതെ വരിക, കുഞ്ഞിനെ സ്നേഹിക്കാന്‍ കഴിയുന്നില്ല എന്ന് തോന്നുക, തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. സാധാരണഗതിയില്‍ ഇത് രണ്ടോ മൂന്നോ ആഴ്ചക്കകം സ്വാഭാവികമായി തന്നെ മാറിപ്പോകാറുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ്ട് 15% ആളുകള്‍ക്ക് കുറച്ചുകൂടി നീണ്ടുനില്‍ക്കുന്ന ശക്തിയായ ലക്ഷണങ്ങളുള്ള അവസ്ഥയുണ്ടാകും. ഇതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍.
ബേബി ബ്ലൂസിന്റെ തന്നെ ലക്ഷണങ്ങള്‍ അല്പംകൂടി തീവ്രമായാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനില്‍ കാണപ്പെടുന്നത്. ഈ അവസ്ഥ തീവ്രമായി മാറുമ്പോള്‍ കുഞ്ഞിന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല, അതുകൊണ്ട് കുഞ്ഞിനെ ഇല്ലാതാക്കണം എന്ന തോന്നലും, ആത്മഹത്യ ചെയ്യണമെന്നും, മറ്റുള്ളവര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടോ എന്ന സംശയവുമൊക്കെ ശക്തമാകും. ഈ സാഹചര്യമാണ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനിടയാക്കുന്നത്.
പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്
യഥാര്‍ത്ഥത്തില്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ആഴ്ചകള്‍ക്കകം തന്നെ ഭേദമാക്കാന്‍ സാധിക്കുന്ന രോഗാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. മറ്റേതൊരു ഡിപ്രഷന്‍ ഡിസീസും ചികിത്സിക്കുന്നത് പോലെ തന്നെ ഈ അവസ്ഥയും ചികിത്സിച്ച് ഭേദമാക്കാം. എന്നാല്‍ ചികിത്സിക്കാതെ വീണ്ടും കാത്തിരുന്നാല്‍ ഈ അവസ്ഥ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ അവസ്ഥയില്‍ സംശയരോഗം രോഗിയില്‍ തീവ്രമായി കാണപ്പെടും. മറ്റുള്ളവര്‍ തനിക്കെതിരെ ഗൂഢമായ നീക്കങ്ങള്‍ നടത്തുന്നു, തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു, കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഉണ്ടോ തുടങ്ങിയ സംശയങ്ങള്‍ ഈ ഘട്ടത്തിലുണ്ടാകും. കുടുംബത്തില്‍ മാനസികരോഗമുള്ള ആളുകള്‍ ഉള്ളവരിലും, പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളലുള്ളവരിലും പ്രസവം സങ്കീര്‍ണ്ണമായിരുന്നവരിലുമൊക്കെയാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പങ്കാളിയെ കുറ്റപ്പെടുത്തുക, ബന്ധുക്കളെ കുറ്റപ്പെടുത്തുക തുടങ്ങിയ പെരുമാറ്റങ്ങള്‍ ഈ അവസ്ഥയില്‍ സ്വാഭാവികമാണ്. അത് രോഗാവസ്ഥയുടെ ഭാഗമാണെന്ന് മനസ്സിലാക്കി രോഗിയോട് സ്നേഹത്തോടെ പെരുമാറണം.
* ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് മാനസികരോഗ ചികിത്സാവിദഗ്ധന്റെ അരികില്‍ ചികിത്സ തേടണം.
* ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ നിര്‍ബന്ധമായും കൃത്യമായി തന്നെ ഉപയോഗിക്കണം.
* അവസ്ഥ പൂര്‍ണ്ണമായി മാറുന്നതിന് മുന്‍പ് മരുന്നിന്റെ ഉപയോഗം ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം നിര്‍ത്തുകയോ ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യരുത്.
* ഇത്തരം രോഗാവസ്ഥയെക്കുറിച്ച് ഗര്‍ഭിണികളായവരെയും അവരുടെ പങ്കാളികളെയും കുടുംബാംഗങ്ങളെയും നേരത്തെ ബോധവാന്മാരാക്കണം.
(കോഴിക്കോട് വിവേക ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റും സൈക്യാട്രി വിഭാഗം മേധാവിയുമാണ് ലേഖകന്‍)
Content Highlights: Support and Solutions for Postpartum Depression
Published: 03 Oct 2024, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented