പുതുവത്സരകാലം എന്നത് പ്രതിജ്ഞകളുടെ കൂടി കാലമാണല്ലോ. അത്തരം പ്രതിജ്ഞകളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഒന്ന് ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ഈ വർഷം മുതൽ കൂടുതൽ ശ്രദ്ധപതിപ്പിക്കും എന്നതാണ്. ഇന്നുമുതൽ ജിമ്മിൽ പോയി തുടങ്ങും, പ്രഭാത നടത്തം വിരാമമില്ലാതെ തുടരും, ഓട്ടം ശീലമാക്കും, യോഗ ആരംഭിക്കും...തീരുമാനങ്ങൾ പലതാണ്. സംഗതി നല്ലത് തന്നെയാണ്. പക്ഷെ ആവേശത്തിൽ എടുക്കുന്ന തീരുമാനം വർഷം മുഴുവനും മുടക്കമില്ലാതെ തുടരാൻ എല്ലാവർക്കും സാധിച്ചു എന്ന് വരില്ല. അതിന് പ്രധാനകാരണം അശാസ്ത്രീയമായ രീതിയിൽ വ്യായാമങ്ങൾ ആരംഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ വർഷത്തെ പുതുവത്സര പ്രതിജ്ഞയ്‌ക്കൊപ്പം തന്നെ ഇനി പറയുന്ന കാര്യങ്ങളിൽ കൂടി ശ്രദ്ധപുലർത്തണം.

കൂടുതൽ പേരും സ്ഥിരമായി വ്യായാമം ചെയ്യാത്തവരായിരിക്കും. ഇത്തരക്കാർ പെട്ടെന്ന് വ്യായാമത്തിലേക്ക് കടക്കുന്നതിന് മുൻപ് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് 35 വയസ്സ് പിന്നിട്ടവരും, ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നിലവിലുള്ളവരുമാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

ബേസിക് ഹെൽത്ത് ചെക്കപ്പ് നിർബന്ധമായും ചെയ്യുക
രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ തകരാറുകൾ, സന്ധികൾക്കും നട്ടെല്ലിനും തകരാറുകൾ തുടങ്ങിയവ ഉണ്ടോ എന്നറിയുവാനുള്ള പ്രാഥമികമായ ഹെൽത്ത് ചെക്കപ്പ് നിർബന്ധമായും ചെയ്തിരിക്കണം. അമിതവണ്ണമുള്ളവർ, പുകവലിക്കുന്നർ, ഹൃദയസംബന്ധമായ അസുഖങ്ങളുടെ പാരമ്പര്യമുള്ളവർ എന്നിവർ പ്രത്യേകിച്ച് ഈ കാര്യത്തിൽ ശ്രദ്ധപുലർത്തണം.

സാവധാനത്തിൽ ആരംഭിക്കുക
'കുറഞ്ഞ സമയംകൊണ്ട് കുറച്ചധികം വ്യായാമം ചെയ്യുക' എന്ന രീതിയാണ് കൂടുതൽ പേരും അനുവർത്തിച്ച് വരുന്നത്. ഇത് ശരീരത്തിന് അമിതമായ സ്ട്രെസ്സ് ഉണ്ടാകുന്നതിനും എളുപ്പത്തിൽ പരിക്കുകൾ സംഭവിക്കുന്നതിനും കാരണമാകും. അതിനാൽ നടത്തം, സ്‌ട്രെച്ചിങ്, ചെറിയ വ്യായാമങ്ങൾ എന്നിവയാണ് തുടക്കത്തിൽ ഉത്തമം. ആഴ്ചകൾ സമയമെടുത്ത് ക്രമേണ കൂടുതൽ വ്യായാമത്തിലേക്ക് നീങ്ങാം.

ശരീരത്തിന് അനുയോജ്യമായ വ്യായാമം തെരഞ്ഞെടുക്കുക
എല്ലാ വ്യക്തികൾക്കും ഒരുപോലെയുള്ള വ്യായാമരീതി ഫലപ്രദമായി എന്ന് വരില്ല. കാൽമുട്ട് വേദനയും മറ്റുമുള്ളവർ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യായാമങ്ങൾ ചെയ്യരുത്. നടുവേദനയുള്ളവർക്കായി അനുവദനീയമായ വ്യായാമമുറകൾ പ്രത്യേകമുണ്ട്. മുതിർന്ന പൗരന്മാർ പ്രധാനമായും ബാലൻസ്, വഴക്കം, ശക്തി എന്നിവയിൽ കേന്ദ്രീകരിച്ചുള്ള വ്യായാമമാണ് പിൻതുടരേണ്ടത്. ഇതിന് ഒരു ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദ്ദേശം സ്വീകരിക്കുന്നതാണ് നല്ലത്.

വാം അപ്പ് വ്യായാമങ്ങൾ ഒരിക്കലും ഒഴിവാക്കരുത്
വാം അപ്പ് ചെയ്യുന്നതിലൂടെയാണ് പേശികളും സന്ധികളും വ്യായാമത്തിന് സ്വയം പരിണിതപ്പെടുന്നത്. ഇത് പരിക്കുകൾക്കുള്ള സാധ്യതകൾ കുറയ്ക്കുന്നു.

ശരീരത്തെ പ്രത്യേകം ശ്രദ്ധിക്കുക
വ്യായാമം ആരംഭിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധയുള്ളതുകൊണ്ടാണ് എന്നത് അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിന്റെ പ്രതികരണത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം. വേദന, തലകറക്കം, ശ്വാസതടസ്സം, നെഞ്ച് വേദന, ഛർദ്ദി, അമിതമായ ക്ഷീണം തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ ഒരു തരത്തിലും അവഗണിക്കാൻ പാടില്ല. ഉടൻ തന്നെ വ്യായാമം നിർത്തുകയും ആവശ്യമാണെങ്കിൽ ചികിത്സ തേടുകയും വേണം.

ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക
വ്യായാമം പോലെതന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണവും. ശരീരത്തിന് കൂടുതൽ അളവിൽ ഊർജ്ജം ആവശ്യമായി വരും എന്നതുകൊണ്ട് തന്നെ സമീകൃതാഹാരമാണ് കഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. വ്യായാമം ആരംഭിക്കുവാൻ ചിലരെ പ്രേരിപ്പിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരിക്കും. ഇതിനായി ഭക്ഷണം ഒഴിവാക്കി വ്യായാമം ചെയ്യുന്നവരുണ്ട്. ഇത് തെറ്റായ ശീലമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ശരീരം ഊർജ്ജം ലഭിക്കാനായി പ്രോട്ടീനേയും ആശ്രയിക്കേണ്ടി വരും. ഇത് പേശികൾക്ക് മതിയായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നതിന് വിഘാതമാകും. അതുകൊണ്ട് തന്നെ വ്യായാമത്തിന് മുൻപ് ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

വ്യായാമത്തെ ഒരു ദീർഘകാല കരാറായി നിലനിർത്തുക
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ആവേശമായി പുതുവത്സര പ്രതിജ്ഞയെ ഒതുക്കി നിർത്തരുത്. ഒരു തുടർജീവിതം മുഴുവനായി നിലനിർത്തേണ്ട കരാറായി കണക്കിലെടുക്കുക. ദിവസവും വ്യായാമം ചെയ്യുന്നതോടൊപ്പം പോഷകാഹാരം ഉറപ്പ് വരുത്തുക. ആവശ്യത്തിന് ഉറങ്ങുക, മാനസിക സംഘർഷം നിയന്ത്രിക്കുക, കൃത്യമായി മെഡിക്കൽ ചെക്കപ്പുകൾ പിൻതുടരുക എന്നിവ കൂടി നിർവ്വഹിച്ചാൽ അടുത്ത പുതുവത്സരമാകുമ്പോഴേക്കും നമ്മൾ ഒരു പുതിയ മനുഷ്യനായി മാറിയിട്ടുണ്ടാകും, ആരോഗ്യമുള്ള പുതിയ മനുഷ്യൻ.

(കണ്ണൂർ ആസ്റ്റർ മിംസിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ തലവനാണ് ലേഖകൻ)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi