
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നം ചൂടേറിയ വെയിലാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ചര്‍മത്തെയാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മത്തിന് ഹാനികരമാകുന്നതെന്ന് നോക്കാം. പ്രധാനമായും അഞ്ചുതരം സൂര്യരശ്മികളാണുള്ളത്. തരംഗ ദൈര്‍ഘ്യമനുസരിച്ചാണിവയെ തരംതിരിക്കുന്നത്.
സൂര്യരശ്മിയുടെ 95 ശതമാനം അള്‍ട്രാ വയലറ്റ് എ (UVA) രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. അഞ്ചുശതമാനം അള്‍ട്രാ വയലറ്റ് ബി (UVB) രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. അള്‍ട്രാ വയലറ്റ് സി രശ്മികള്‍ (UVC) ആവട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
ഫലത്തില്‍ അള്‍ട്രാ വയലറ്റ് എ-യും ബി-യുമാണ് തൊലിപ്പുറത്ത് രോഗങ്ങളുണ്ടാക്കുന്ന രശ്മികള്‍. യു.വി.എ ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മത്തിന് നിറഭേദമുണ്ടാക്കുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാലജരയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ യു.വി.ബി ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകളുണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസ്സിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്. സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളുമുണ്ടാകുന്നു. കൈകളുടെ പുറംഭാഗങ്ങളിലും കഴുത്തിന് പുറകുവശത്തും പാദങ്ങളിലുമൊ ക്കെയാണ് സാധാരണ പാടുകളും ചൊറിച്ചിലുമുണ്ടാവുക. മുഖത്ത് വരുന്നത് കുറവാണ്. അതിനുകാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്‍മത്തിനാവുന്നു എന്നതാണ്. പുറമെ പുരട്ടാന്‍ സണ്‍സ്‌ക്രീനും സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളും നല്‍കാം. രൂക്ഷമാണെങ്കില്‍ വേറെ മരുന്നുകളും കൊടുത്ത് അസുഖം മാറ്റാന്‍ പറ്റും.
ക്രോണിക് ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ്
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ചര്‍മഭാഗങ്ങളില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് ഇത് കൂടുതലായും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റിറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം. ഒപ്പം സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും.
സോളാര്‍ അര്‍ട്ടിക്കേരിയ
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. സൂര്യരശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലുമുണ്ടാവും. പക്ഷെ ചിലര്‍ക്ക് പ്രശ്‌നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പ്പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേനാള്‍ ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്തനിറമാകുന്നതും സാധാരണമാണ്. ചൂടുസമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
ഫോട്ടോ ടോക്‌സിസിറ്റി
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകളുമുണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്‌സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ എന്നിവയാണ് പൊതുവെ ഈ ചര്‍മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റിറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്‌ക്രീനുകളും ആവശ്യമാണ്.
ഫോട്ടോ അലര്‍ജി
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍, ചിലതരം സോപ്പുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്‌ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മരോഗം ഉണ്ടാകുന്നത്. ഫോട്ടോ പാച്ച് ടെസ്റ്റ് നടത്തിയാല്‍ ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റിറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ കൊടുക്കുകയും വേണ്ടിവരും.
ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
പത്തുമണി മുതല്‍ നാലുമണി വരെയുള്ള സമയമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ എന്നിവ ഉപയോഗിക്കുക. സ്ഥിരമായി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുക. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്.
Content Highlights: skin diseases during summer season
Published: 04 Mar 2024, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented